ക്ഷീരമേഖല ചുവടു മാറ്റി നടക്കണം

[mbzauthor]
അനില്‍ വള്ളിക്കാട്

(2021 ജൂലായ് ലക്കം)

ലോക്ഡൗണ്‍ കാലം ക്ഷീര മേഖലയ്ക്കു നല്‍കിയതു വലിയൊരു പാഠമാണ്. പാലുല്‍പ്പാദനം കൂട്ടുന്നതിനനുസരിച്ച് അതു വിറ്റഴിക്കാനും മാര്‍ഗം കാണണം. പാലുല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയാലേ ഇനിയുള്ള കാലത്തു രക്ഷപ്പെടാനാവൂ.

കറന്നെടുക്കുന്നതുമാത്രം വില്‍പ്പന നടത്തുന്ന ക്ഷീരമേഖല ഒന്നു ചുവടുമാറ്റി നടക്കേണ്ടിയിരിക്കുന്നു. ഉല്‍പ്പാദിപ്പിച്ച പാല്‍ വില്‍പ്പന നടത്താനാകാതെ മഹാമാരിക്കാലത്ത് ഒഴുക്കിക്കളയേണ്ടിവന്ന ക്ഷീരകര്‍ഷകരുടെ ദീനതയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. അടച്ചിടലില്‍ ( ലോക്ഡൗണ്‍ ) പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞപ്പോള്‍ മില്‍മ പാല്‍സംഭരണം വെട്ടിക്കുറച്ചു. ഇതോടെയാണു പാല്‍ പാഴാക്കേണ്ടിവന്നത്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും മറ്റും അധികമായി പാല്‍ എത്തിച്ചുകൊടുത്തു പ്രശ്‌നപരിഹാരമുണ്ടാക്കി. വെട്ടിക്കുറച്ച പാല്‍ സംഭരണം മില്‍മ പുന:സ്ഥാപിക്കുകയും ചെയ്തു.

അതേസമയം, ഈ ആശ്വാസം ക്ഷീരമേഖലക്കു ശാശ്വതമായ ഒന്നല്ല. സര്‍ക്കാറിന്റെയും മില്‍മയുടെയും മറ്റ് ഏജന്‍സികളുടെയും പിന്തുണയും സഹായവും ലഭ്യമാകുന്ന ക്ഷീരമേഖല കേരളത്തില്‍ സമീപവര്‍ഷങ്ങളില്‍ അഭിവൃദ്ധിപ്പെടുകയാണ്. അടച്ചിടല്‍ കാലത്തു തൊഴില്‍ നഷ്ടപ്പെട്ട പലരും കൂട്ടത്തോടെ ക്ഷീര മേഖലയില്‍ എത്തുകയുണ്ടായി. ഇതിന്റെയെല്ലാം ഫലമായി സംസ്ഥാനത്തു പാലുല്‍പ്പാദനം വര്‍ധിച്ചു. പ്രതിദിനം ഇരുപതു ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നു പാല്‍ കേരളത്തിലേക്കു വരുന്നുമുണ്ട്.

സംസ്ഥാനത്തു പാലുല്‍പ്പാദനത്തിന്റെ 15 ശതമാനവും നിറവേറ്റുന്നതു പാലക്കാടാണ്. സംഭരണം വെട്ടിക്കുറച്ച ദിവസങ്ങളില്‍ ജില്ലയിലെ ചില ക്ഷീരകര്‍ഷകരും അധികം വന്ന പാല്‍ വെറുതെ കൊടുത്തു. ചിലര്‍ ഒഴുക്കിക്കളഞ്ഞു. 65 ലക്ഷം രൂപയുടെ പ്രതിദിന നഷ്ടമാണ് ഇതിലൂടെ ജില്ലയില്‍ ഉണ്ടായതെന്നാണു കണക്ക്.

തനിമ നെയ്യ്

ബജറ്റില്‍ ആശ്വാസം

കേരളത്തില്‍ പാലുല്‍പ്പാദനം വര്‍ധിക്കുന്നതിനനുസരിച്ചു വിപണന രംഗം ശക്തിപ്പെടാത്തതില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രയാസം കേരള സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാലില്‍ മലബാര്‍ മേഖലാ യൂണിയന്‍ എട്ടു ലക്ഷം ലിറ്ററും എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ നാലു ലക്ഷം ലിറ്റര്‍ വീതവുമാണു പ്രതിദിനം സംഭരിക്കുന്നത്. വില്‍പ്പന നടത്തിയ ശേഷം ബാക്കി വരുന്ന മൂന്നു ലക്ഷം ലിറ്ററിലധികം പാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി മാറ്റുകയാണു മില്‍മ ചെയ്യുന്നത്. പാല്‍പ്പൊടിയുടെ വില കണക്കാക്കുമ്പോള്‍ മില്‍മക്ക് ഈ പ്രവൃത്തി നഷ്ടക്കച്ചവടവുമാണ്.

മലപ്പുറത്ത് 54 കോടി രൂപയോളം ചെലവില്‍ നിര്‍മാണം തുടങ്ങിയ പാല്‍പ്പൊടി ഫാക്ടറി ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കന്നി ബജറ്റില്‍ പറയുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തു പാല്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി ആരംഭിക്കുന്നതിനു പത്തു ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പുതുവഴി തേടണം സംഘങ്ങള്‍

സംസ്ഥാനത്തു 3330 ക്ഷീര സംഘങ്ങളാണു പാലുല്‍പ്പാദന രംഗത്തെ നിര്‍ണായക ശക്തി. കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പാല്‍ പ്രാദേശിക വില്‍പ്പന കഴിഞ്ഞ് മില്‍മക്കു നല്‍കും. പാലിനു പുറമെ നെയ്യ്, തൈര് തുടങ്ങിയവ കൂടി നിര്‍മിച്ചു പ്രാദേശിക വിപണി ഉറപ്പാക്കിയ സംഘങ്ങള്‍ക്കു കോവിഡ് കാലത്തു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. പാല്‍വില്‍പ്പനക്കു പുറമെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണി കണ്ടെത്തിയാല്‍ മാത്രമേ സംഘങ്ങള്‍ക്ക് ഇനി നിലനില്‍പ്പുള്ളൂ എന്നതിലേക്കാണു കാര്യങ്ങളെത്തിയിരിക്കുന്നത്.

പാലൊഴികെ, പാലുല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിറകിലാണ്. അതേസമയം, ഒട്ടേറെ സ്വകാര്യ കമ്പനികളുടെ പാലുല്‍പ്പന്നങ്ങള്‍ ഇവിടെ വലിയ തോതില്‍ വില്‍പ്പന നടക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മികച്ച പ്രചാരണവും അവബോധവും കൊണ്ട് പാലുല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്താന്‍ പ്രാദേശികമായി കഴിയണം. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മില്‍മയും പുതിയ വിപണന തന്ത്രങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ അധികവും ഹോട്ടലുകളിലാണു വില്‍പ്പന നടത്തുന്നത്. വില കുറവാണ് എന്നതാണു പ്രധാന ആകര്‍ഷണം. ഇതിനെ മറികടക്കാന്‍ ശുദ്ധമായ പാല്‍ എന്ന അവബോധവും പ്രചാരവും നടത്തി മില്‍മക്കും ക്ഷീര സംഘങ്ങള്‍ക്കും കൂടുതല്‍ പാല്‍ വില്‍ക്കാന്‍ കഴിയണം.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് സംഘങ്ങള്‍ പ്രാദേശിക തലത്തില്‍ വിപണി സൃഷ്ടിക്കണമെന്നു ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജെ.എസ്. ജയസുജീഷ് പറയുന്നു. ചെറിയ മുതല്‍മുടക്കോടെ ഇവ നിര്‍മിക്കാവുന്നതേയുള്ളു. പാലില്‍ നിന്നു പനീര്‍ നിര്‍മിച്ച് പെയിന്റ് കമ്പനിക്കു നല്‍കുന്ന ക്ഷീര കര്‍ഷകരുണ്ട്. ഇത്തരം സംരംഭങ്ങള്‍ ഏകോപിപ്പിച്ച് ക്ഷീര സംഘങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പദ്ധതികള്‍ തുടങ്ങണം. പാല്‍ പുളിപ്പിച്ചുണ്ടാക്കുന്ന യോഗര്‍ട്ട് എന്ന ഉല്‍പ്പന്നത്തിനു മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. തൈരും നെയ്യുമൊക്കെ നിര്‍മിച്ച് പ്രാദേശികമായി വില്‍ക്കുന്ന സംഘങ്ങളുണ്ട്. അവര്‍ക്കു സ്ഥിരം വിപണിയുമുണ്ട്. ഉപോല്‍പ്പന്നങ്ങള്‍ ധാരാളം നിര്‍മിക്കുന്നതുകൊണ്ട്് പ്രതിസന്ധിഘട്ടങ്ങള്‍ മറികടക്കാം. മാത്രവുമല്ല, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാം എന്നൊരു ഗുണവശം കൂടി ഇതിനുണ്ട്. അതോടോപ്പം തന്നെ പുതിയ വിപണികള്‍ കണ്ടെത്തുകകൂടി ചെയ്താല്‍ ക്ഷീരസംഘങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെടുമെന്നും ജയസുജീഷ് പറഞ്ഞു.

തനിമ തൈര്

‘തനിമ’ യുള്ള സന്തോഷം

പാലക്കാട് അകത്തേത്തറ ക്ഷീരവ്യവസായ സഹകരണ സംഘത്തിനു കീഴിലെ നാനൂറോളം ക്ഷീര കര്‍ഷകര്‍ രണ്ടാം അടച്ചിടല്‍ കാലത്തും സന്തോഷത്തിലായിരുന്നു. 4600 ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്നതില്‍ സംഘം ഒരു കുറവും വരുത്തിയിട്ടില്ല. മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിലായാണു സംഘത്തിനു കീഴിലെ ക്ഷീരകര്‍ഷകരുള്ളത്. സംഘത്തിനു സ്വന്തമായി ഡെയറി പ്ലാന്റുണ്ട്. ഇവിടെ നിന്നു കവറുകളിലാക്കി ‘തനിമ’ എന്ന പേരില്‍ പാല്‍ വിപണിയിലിറക്കുന്നു. തൈര്, നെയ്യ് എന്നിവയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വീടുകളിലും സ്്കൂള്‍, ഹോസ്റ്റല്‍, ഹോട്ടല്‍ എന്നിവിടങ്ങളിലും നേരത്തെത്തന്നെ ‘തനിമ’ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രാദേശിക വിപണി നേരത്തെത്തന്നെ സംഘം ഉറപ്പാക്കിയത് അടച്ചിടല്‍ കാലത്തു വലിയ രക്ഷയായി. ഇവിടെ ക്ഷീരകഷകര്‍ക്കു കണ്ണീരില്ല.

 

[mbzshare]

Leave a Reply

Your email address will not be published.