കോ-ഓപ് മാര്‍ട്ട് പാളി; നല്ല ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ‘ഓണ്‍ലൈന്‍’ ശൃംഖല വരുന്നു

Deepthi Vipin lal

സഹകരണ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് വിപണി ഉറപ്പാക്കാനും സഹകരണ വകുപ്പ് തയ്യാറാക്കിയ കോ-ഓപ് മാര്‍ട്ട് പദ്ധതി പാളുന്നു. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ആസൂത്രണത്തിലെ പാളിച്ചകൊണ്ട് ഒരു വര്‍ഷമായി നിശ്ചലാവസ്ഥയിലാണ്. ചെറുകിട-സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങളും കോ-ഓപ് മാര്‍ട്ട് സഹകരണ വിപണന സംവിധാനത്തിന്റെ ഭാഗമാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പദ്ധതിതന്നെ അവതാളത്തിലായപ്പോള്‍ ബദല്‍ ഓണ്‍ലൈന്‍ വിപണ ശൃംഖല തീര്‍ക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് ‘ഓപ്പണ്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്ക്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ നിര്‍വഹണ ഏജന്‍സി. ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ വന്‍കിട ഓണ്‍ലൈന്‍ വ്യാപാര മാതൃകയിലാണ് പുതിയ പദ്ധതി. സൂക്ഷ്മ, ഗാര്‍ഹിക വ്യവസായ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ ജനങ്ങളിലെത്തിക്കുക എന്നതാണ് പുതിയ വ്യാപാര ശൃംഖലയുടെ ലക്ഷ്യം.

കോ-ഓപ് മാര്‍ട്ടും അതിന് പിന്നാലെ ഓണ്‍ലൈന്‍ വിപണന ശൃംഖലയും തീര്‍ക്കുകയെന്നതായിരുന്നു സഹകരണ വകുപ്പും ലക്ഷ്യമിട്ടത്. എല്ലാ പഞ്ചായത്തുകളിലും കോ-ഓപ് മാര്‍ട്ട് തുറക്കാനുള്ള പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍പ്പെടുത്തി. ഇത് സഹകരണ വകുപ്പിന്റെ ആസൂത്രണമില്ലാത്ത നിര്‍വഹണ രീതികൊണ്ട് അമ്പേ പാളി. പേരിന് 14 കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങി മുഖം രക്ഷിച്ചുവെന്നതല്ലാതെ പദ്ധതി മുന്നോട്ടുപോയില്ല. ഇതോടെയാണ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അവരുടേതായ രീതിയില്‍ ഓണ്‍ലൈന്‍ വിപണന ശൃംഖല ആസൂത്രണം ചെയ്തത്.

ഒരു കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ള വ്യവസായ യൂണിറ്റുകളെയാകും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുക. ശൃംഖലയുടെ ഭാഗമാകുന്ന സംരംഭകര്‍ നിശ്ചിത തുക രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. വര്‍ഷം തോറും രജിസ്ട്രേഷന്‍ പുതുക്കാന്‍ നിശ്ചിത തുക നല്‍കേണ്ടി വരും. വിവരസാങ്കേതിക വകുപ്പ് സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം സ്റ്റാര്‍ട്ട് അപ്പുകളുടെ സഹായത്തോടെ പദ്ധതിക്കാവശ്യമായ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ശൃംഖലയിലൂടെ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും.

സര്‍ക്കാരിന്റെ പുതിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതു കുടുംബശ്രീക്കാര്‍ക്ക് വരുമാനം കൂട്ടും. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ അതത് ജില്ലക്കാര്‍ക്ക് മാത്രം വാങ്ങാം. പിന്നീട് മറ്റ് ജില്ലകളിലുള്ളവര്‍ക്കും വാങ്ങാന്‍ സൗകര്യമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News