കേന്ദ്രസഹകരണ വകുപ്പ് : കേരളത്തിന് പ്രതീക്ഷയും ആശങ്കയും

Deepthi Vipin lal

കേന്ദ്രസര്‍ക്കാരില്‍ പുതിയ സഹകരണ വകുപ്പ് രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വകുപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടാകാം പ്രതികരണമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ മറുപടി നല്‍കിയത്. സഹകരണ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ കേരളം കേന്ദ്രത്തിന് മുമ്പില്‍ അവതരിപ്പിച്ച് പരിഹാരം കാത്തിരിക്കുമ്പോഴാണ് പുതിയ വകുപ്പ് വരുന്നതെന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിധി, മള്‍ട്ടി സ്റ്റേറ്റ് സഹകരണ വായ്പ സംഘങ്ങള്‍ എന്നിവ നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കുന്നതാണ് കേരളത്തിലെ സഹകാരികള്‍ ഉയര്‍ത്തുന്ന ഒരു പ്രശ്നം. ഇത് രണ്ടും കേന്ദ്ര സഹകരണ വകുപ്പിന് കീഴില്‍ വരുന്നതാണ്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷം പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കാന്‍ വിലക്കുള്ളതാണ് രണ്ടാമത്തെ പ്രശ്നം. ഇതില്‍ ഇളവ് വേണമെന്ന് കാണിച്ച് കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അതിലും തീരുമാനമുണ്ടായിട്ടില്ല.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ കാര്യത്തില്‍ കേന്ദ്രധനകാര്യ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെങ്കിലും, സഹകരണ മന്ത്രാലയത്തിന്റെ നിലപാട് നിര്‍ണായകമാകും. പക്ഷേ, കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് കാര്യമായി ഉപയോഗിക്കുന്നില്ല. അതിനാല്‍, ഈ പ്രശ്നം കേരളത്തിന്റെ മാത്രം പ്രശ്നമായാണ് നിലനില്‍ക്കുന്നത്. അതിനാല്‍, ഇതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന വലിയ പ്രതീക്ഷ കേരളത്തിനില്ല. ഒരു സര്‍വകക്ഷി യോഗം നടത്തി സമ്മര്‍ദ്ദം ചെലുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ ആലോചനക്കിടയിലാണ് കേന്ദ്രത്തില്‍ പുതിയ സഹകരണ വകുപ്പും മന്ത്രിയും വരുന്നത്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ കേന്ദ്ര രജിസ്ട്രാര്‍ക്ക് കാര്യമായ നിയന്ത്രണമില്ലാത്ത സ്ഥിതിയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഓഡിറ്റും പരിശോധനയുമൊന്നും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍ സംവിധാനമുണ്ടായിരുന്നില്ല. റിസര്‍വ് ബാങ്ക് തീരുമാനത്തിന് അനുസരിച്ച് സഹകരണ ബാങ്കുകളില്‍ നിക്ഷേപ-വായപ പലിശ നിരക്ക് നിശ്ചയിക്കേണ്ടത് സഹകരണ സംഘം രജിസ്ട്രാര്‍മാരാണ്. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയായുള്ള സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്ര രജിസ്ട്രാറും നിശ്ചയിക്കണം. എന്നാല്‍, കേന്ദ്ര രജിസ്ട്രാര്‍ അത്തരമൊരു ഇടപെടല്‍ നടത്താറില്ല. അതിനാല്‍, മള്‍ട്ടി സംഘങ്ങളിലെ നിക്ഷേപ-വായ്പകളുടെ പലിശ നിരക്ക് അവര്‍തന്നെയാണ് നിശ്ചയിക്കുന്നത്. പുതിയ വകുപ്പ് വരുന്നതോടെ ഈ രീതിക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘നിധി’ ബാങ്കുകളും സഹകരണ വകുപ്പിന് കീഴിലാകുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപത്തിന് 13 ശതമാനം പലിശ നല്‍കാമെന്ന് നിധിയുടെ നിയമത്തില്‍തന്നെ പറയുന്നുണ്ട്. നിധികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. സംസ്ഥാനം ഇതിന് അത്ര അനുകൂലമല്ല. കേന്ദ്രസര്‍ക്കാരിലെ ഏറ്റവും കരുത്തനായ അമിത്ഷാ ആണ് സഹകരണ വകുപ്പിന്റെയും മന്ത്രി. അതിനാല്‍, നിധിയുടെ കാര്യത്തില്‍ കേരളത്തിലെ സഹകാരികള്‍ക്ക് ആശങ്ക ഏറെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News