കാര്‍ഷികോല്‍പ്പന്ന ശാലയുമായി കുന്നുകര ബാങ്ക് സെഞ്ച്വറിയിലേക്ക്
കാര്‍ഷിക മേഖലയായ കുന്നുകരയില്‍ 1925 ല്‍ തുടക്കമിട്ട സഹകരണബാങ്കില്‍ ഇപ്പോള്‍ 11,906 അംഗങ്ങളാണുള്ളത്. 101 കോടി രൂപയാണു നിക്ഷേപം. ചിപ്‌കോപ് ബ്രാന്റില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കാര്‍ഷികോല്‍പ്പന്ന, വിപണനശാലയാണു നൂറാം വര്‍ഷത്തില്‍ ബാങ്ക് തുടങ്ങുന്ന പുതുസംരംഭം. കെയര്‍ഹോം പദ്ധതിയില്‍ 13 വീടു നിര്‍മിച്ചു. ഏറ്റവും കൂടുതല്‍ വീടു പണിതു നല്‍കിയ സഹകരണസംഘങ്ങളില്‍ സംസ്ഥാനത്തു മൂന്നാംസ്ഥാനം കുന്നുകര ബാങ്കിനാണ്. ലാഭവിഹിതത്തുകയായ അഞ്ചര ലക്ഷം രൂപയും കെയര്‍ഹോം പദ്ധതിക്കു നല്‍കി.
സ്വന്തം ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ശാലയുടെ ഉദ്ഘാടനത്തോടെ ശതാബ്ദിയാഘോഷങ്ങളിലേക്കു കടക്കാനൊരുങ്ങുകയാണ് എറണാകുളം ജില്ലയിലെ 827-ാം നമ്പര്‍ കുന്നുകര സര്‍വീസ് സഹകരണബാങ്ക്. 1924 ഡിസംബര്‍ പത്തിനു രജിസ്റ്റര്‍ ചെയ്ത് 1925 ഫെബ്രുവരി രണ്ടിനു പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ നൂറാം പിറന്നാള്‍ 2024 ഡിസംബര്‍ പത്തിനാണ്. തൊണ്ണൂറ്റൊമ്പതാം വര്‍ഷത്തില്‍ തുടങ്ങി നൂറാം വര്‍ഷത്തിലേക്കു നീളുന്ന ആഘോഷങ്ങളുടെ തുടക്കം ബാങ്കിന്റെ ‘ചിപ്‌കോപ്’ ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അഗ്രോ പ്രോഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് പ്ലാന്റിന്റെ ഉദ്ഘാടനത്തോടെയാവും.
വാക്വംഫ്രൈഡ് ആയ ഏത്തക്കയുടെയും കിഴങ്ങിന്റെയും വിവിധ രുചികളിലുള്ള ചിപ്‌സാണ് ഉല്‍പ്പന്നം. കയറ്റുമതിക്കുള്ള ഗുണനിലവാരം ഇവയ്ക്കുണ്ടാവും. നിലവില്‍ വിപണികളിലുള്ള വാക്വംഫ്രൈഡ് ചിപ്‌സിനെക്കാള്‍ എണ്ണയുടെ അംശം കുറവായിരിക്കും. 2023 ഏപ്രിലില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ സഹകരണ എക്‌സ്‌പോയില്‍ വ്യവസായമന്ത്രി പി. രാജീവ് സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷിന് ഉല്‍പ്പന്നപാക്കറ്റുകള്‍ കൈമാറി ഇവ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ബനാന സാള്‍ട്ടി, ബനാന പെരി പെരി, ടപ്പിയോക്ക പെരി പെരി, ടപ്പിയോക്ക ചീസ്, ടപ്പിയോക്ക ചില്ലി എന്നിവയാണു പുറത്തിറക്കിയത്.
നബാര്‍ഡ് രണ്ടു കോടി
വായ്പ നല്‍കും
രണ്ടേമുക്കാല്‍ കോടി രൂപയുടെ കാര്‍ഷികാടിസ്ഥാന സൗകര്യവികസനനിധി ( അഴൃശരൗഹൗേൃമഹ കിളൃമേെൃൗരൗേൃല എൗിറ – അകഎ )പദ്ധതിയാണിത്. ആലുവയിലെ ‘അഗ്രോനേച്ചര്‍’ ആണു പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത്. നബാര്‍ഡില്‍നിന്നു കേരള ബാങ്കുവഴി രണ്ടു കോടി രൂപ വായ്പ ലഭിക്കും. ബാക്കി 80 ലക്ഷം രൂപ ബാങ്കിന്റെതാണ്. നബാര്‍ഡിന്റെയും കേരള ബാങ്കിന്റെയും സാങ്കേതികപരിശോധനകള്‍ കഴിഞ്ഞു. വായ്പ കൈമാറിക്കിട്ടാന്‍ നടപടികള്‍ നടന്നുവരുന്നു. തുക കൈമാറിക്കിട്ടുംമുമ്പേ ബാങ്ക് സ്വന്തം തുകയെടുത്തു കുന്നുകരയില്‍ ബാങ്ക് ആസ്ഥാനത്തിനടുത്തു പതിനഞ്ചര സെന്റ് പാട്ടത്തിനെടുത്തു നിര്‍മാണശാല പണിതു. യന്ത്രങ്ങളും മിക്കതും സ്ഥാപിച്ചു. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2023 ജൂണ്‍ 13 നു രാവിലെ ബാങ്ക് പ്രസിഡന്റ് വി.എസ്. വേണുവിന്റെ അധ്യക്ഷതയില്‍ മന്ത്രി പി. രാജീവാണു ശാലക്കു തറക്കല്ലിട്ടത്.
കുന്നുകര ഗ്രാമപ്പഞ്ചായത്തിന്റെ ആറു മുതല്‍ 12 വരെ വാര്‍ഡുകളും അഞ്ച്, 13 വാര്‍ഡുകളുടെ കുറച്ചു ഭാഗവുമാണു ബാങ്കിന്റെ പരിധി. ശുദ്ധ കാര്‍ഷികമേഖലയാണിത്. ബാങ്കിനു പഴം-പച്ചക്കറി-മരച്ചീനിക്കൃഷിക്കാരുടെ പത്തു കാര്‍ഷികഗ്രൂപ്പുണ്ട്. ഓരോ ഗ്രൂപ്പിലും മുന്നൂറ്റമ്പതോളം കര്‍ഷകരും. അവര്‍ക്കു മറ്റു വായ്പകളുണ്ടെങ്കിലും, ആ ബാധ്യത നോക്കാതെ, കൃഷി പരിശോധിച്ച് രണ്ടു ലക്ഷം രൂപ വരെ ബാങ്ക് വായ്പ നല്‍കുന്നു. അതുകൊണ്ടു വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവര്‍ക്ക് ഉടമയില്‍നിന്നു കരംതീര്‍ത്ത രശീതു കിട്ടാത്തതുപോലുള്ള സാങ്കേതികതടസ്സംമൂലം വായ്പ ലഭിക്കാത്ത പ്രശ്‌നവും ഈ വായ്പക്കില്ല. നാലു ശതമാനമേ പലിശയുള്ളൂ. ഒരു കോടി രൂപ ഇങ്ങനെ നല്‍കി. കുറച്ചു തുകയേ പണമായി നല്‍കൂ. ബാക്കി വിത്തും വളവുമൊക്കെയായാണു കൊടുക്കുക. കൃഷിപരിശോധനയ്ക്കും മറ്റും ഓരോ ഗ്രൂപ്പിനും കണ്‍വീനറും ജോയിന്റ് കണ്‍വീനറും മാസ്റ്റര്‍ കര്‍ഷകനുമുണ്ട്.
കെയര്‍ഹോമില്‍
13 വീട് പണിതു
2018 ലെ പ്രളയത്തിനുശേഷമാണു ബാങ്ക് കാര്‍ഷികസ്‌കീമുമായി സജീവമായി ഇറങ്ങിയത്. ബാങ്ക് ആസ്ഥാനം ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രളയം കനത്ത നാശമുണ്ടാക്കി. അക്കാലത്തു വിദ്യാര്‍ഥികള്‍ക്കു പഠനോപകരണ വിതരണം അടക്കമുള്ള ദുരിതാശ്വാസത്തിനു രണ്ടു ലക്ഷം രൂപ ചെലവഴിച്ചു. കോവിഡ് കാലത്തു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ കടം നല്‍കി. 5000 രൂപ പലിശരഹിതവായ്പ നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ 13 വീടു നിര്‍മിച്ചു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടു പണിതു നല്‍കിയ സഹകരണസംഘങ്ങളില്‍ രണ്ടാംസ്ഥാനം കുന്നുകര ബാങ്കിനാണ്; സംസ്ഥാനത്തു മൂന്നാംസ്ഥാനവും. ലാഭവിഹിതത്തുകയായ അഞ്ചര ലക്ഷം രൂപ കെയര്‍ഹോംപദ്ധതിക്കു നല്‍കി. പ്രളയകാലത്ത് ഉപയോഗശൂന്യമായ കിണറുകള്‍ ബാങ്കാണു നന്നാക്കിക്കൊടുത്തത്. 2018 ലെയും 2019 ലെയും പ്രളയകാലത്തും കോവിഡ്കാലത്തുമായി ഒരു കോടിയിലേറെ രൂപ പലിശയില്ലാവായ്പ കൊടുത്തു. 2019 ല്‍ വയനാട്ടില്‍ വെള്ളപ്പൊക്കബാധിതര്‍ക്കു ബാങ്ക് സഹായം എത്തിച്ചു. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി.
പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും ഇടയ്ക്കുള്ള പ്രദേശമാണു കുന്നുകര. രണ്ടു നദിയിലെ വെള്ളപ്പൊക്കവും ഇവിടെ കൃഷി നശിപ്പിക്കും. നദികള്‍ കരകവിയുംമുമ്പേ വിളവെടുക്കണമെന്ന പരിമിതി പണ്ടേയുണ്ട്. അതുകൊണ്ട് വിളവു വേഗം വിറ്റുതീര്‍ക്കേണ്ടിവന്നിരുന്നു. സ്വാഭാവികമായും നല്ല വില കിട്ടിയിരുന്നില്ല. ബാങ്കിന്റെ കാര്‍ഷികപദ്ധതിവഴി അതുമാറി. വിളവു വളരെക്കൂടി. കളമശ്ശേരി മണ്ഡലത്തിലെ സഹകരണബാങ്കുകളില്‍ കാര്‍ഷികരംഗത്തു ഏറ്റവും മികച്ച ഇടപെടല്‍ നടത്തുന്നതിനുള്ള പുരസ്‌കാരം ഈയിടെ ബാങ്കിനു കിട്ടി. മന്ത്രി പി. രാജീവ് മുന്‍കൈയെടുത്തു നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഓണക്കാലത്തു നടന്ന മേളയില്‍ കൃഷിമന്ത്രി പി. പ്രസാദാണു പുരസ്‌കാരം നല്‍കിയത്. കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച കാര്‍ഷികഗ്രൂപ്പായി ബാങ്കിന്റെ സ്വയംസഹായ ഗ്രൂപ്പായ വയല്‍ക്കര പഴംപച്ചക്കറി ഗ്രൂപ്പിനെ തിരഞ്ഞെടുത്തു. ഈ ഗ്രൂപ്പിലെ ബിനോജിനെ ഏറ്റവും മികച്ച പച്ചക്കറിക്കര്‍ഷകനായും അടുവാശ്ശേരി ഗ്രൂപ്പിലെ സുഗതന്‍ മാലേടത്തിനെ മികച്ച സമ്മിശ്രകര്‍ഷകനായും കുന്നുകര ഗ്രൂപ്പിലെ ടി.ജെ. ജോഷിയെ മികച്ച നേന്ത്രവാഴക്കര്‍ഷകനായും പാറാശ്ശേരി ഗ്രൂപ്പിലെ രഞ്ജിത്തിനെ മികച്ച യുവകര്‍ഷകനായും തിരഞ്ഞെടുക്കുകയും ചെയ്തു.
ചാലാക്കയിലെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ വിപണിയിലാണ് ഇവിടത്തെ കര്‍ഷകര്‍ വിളകള്‍ ഏറെയും വില്‍ക്കുന്നത്. ബാങ്കിന്റെ സ്‌കീം നടപ്പാക്കിയതോടെ അവര്‍ക്കു വാങ്ങാവുന്നതിലേറെ വിളവുണ്ടായി. മുമ്പു മുന്നൂറ്റമ്പതോളം കര്‍ഷകര്‍ വര്‍ഷം ശരാശരി 700-750 ടണ്‍ വിളകളാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍, സ്‌കീം നടപ്പാക്കിയശേഷം അതു 1100 ടണ്ണായി. ഇതിനുപുറമെ സ്‌കീമില്‍ വരാത്ത കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുമുണ്ട്. കൂടുതലായുണ്ടായ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനു ബാങ്ക് ആഴ്ചയില്‍ രണ്ടു തവണ കായവിപണി നടത്തി. എങ്കിലും, 100-150 ടണ്ണോളം ഉല്‍പ്പന്നങ്ങള്‍ക്കു വിപണനപ്രശ്‌നം നേരിട്ടു. അതിനു പരിഹാരം ആരാഞ്ഞു. അങ്ങനെയാണു ചിപ്‌കോപ്പ് ബ്രാന്റില്‍ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഉല്‍പ്പന്നങ്ങള്‍ക്ക്
ഉന്നത നിലവാരം
നിര്‍മാണം പൂര്‍ത്തിയായ ഉല്‍പ്പാദനശാല ദിവസം ഒരു ഷിഫ്റ്റ് പ്രവര്‍ത്തിച്ചാല്‍പോലും വര്‍ഷം 300 ടണ്‍ പച്ചക്കായ വേണ്ടിവരും. പരീക്ഷണോല്‍പ്പാദനത്തില്‍ എണ്ണയുടെ അംശം പ്രതീക്ഷിച്ചത്ര കുറയ്ക്കാനായിരുന്നില്ല. അത് എട്ടു ശതമാനത്തില്‍ കൂടരുതെന്നു നിശ്ചയിച്ചിട്ടുണ്ട്. ഇതിനുതകുന്ന കനേഡിയന്‍സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ബംഗളൂരുവില്‍നിന്നു വാങ്ങി. ഇവിടത്തെ ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമുള്ള ചില പ്രത്യേകതകള്‍ ഉള്‍പ്പെടുത്താന്‍ അധികക്രമീകരണങ്ങളും വരുത്തി. സംസ്‌കരണരീതികളിലും വ്യത്യാസമുണ്ട്. നിലവില്‍ കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഉല്‍പ്പാദനപ്രത്യേകതകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നു ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്കു കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഉന്നതഗുണനിലവാരം പാലിക്കും. അതു പാലിച്ചാല്‍ കയറ്റുമതിക്ക് അഞ്ചു കയറ്റുമതിസ്ഥാപനങ്ങള്‍ തയാറായിട്ടുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അധികം അകലെയല്ലതാനും. നിലവില്‍ മാളുകളില്‍പോലും ലഭ്യമല്ലാത്തതരം ഉല്‍പ്പന്നങ്ങളായിരിക്കും തങ്ങളുടെതെന്നു ഷിയാസ് പറഞ്ഞു. കോ-ഓപ് മാര്‍ട്ട് വില്‍പ്പനശാലകളിലൂടെയും ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും ഭക്ഷ്യോല്‍പ്പന്നക്കമ്പനികളുടെ മൊത്തവില്‍പ്പനശാലകളിലൂടെയും വിമാനത്താവളത്തിലെ വില്‍പ്പനശാലകളിലൂടെയും മറ്റു വില്‍പ്പനശാലകളിലൂടെയും വില്‍ക്കാനും പരിപാടിയുണ്ട്.
ആദ്യം ഏത്തക്കയും കപ്പയും സംഭരണകേന്ദ്രത്തിലെത്തിക്കും. എന്നിട്ടു ശുദ്ധീകരിക്കും. വെജിറ്റബിള്‍ വാഷിങ് മെഷീനിലൂടെ വന്‍തോതില്‍ ശുദ്ധീകരിക്കാം. തുടര്‍ന്നു തൊലി കളഞ്ഞു സ്ലൈസര്‍കൊണ്ടു മുറിക്കും. തീരെക്കുറച്ചു സമയംകൊണ്ടു വറുക്കാവുന്നത്ര വണ്ണത്തിലാണു മുറിക്കുക. അതിനുശേഷം വാക്വം സംസ്‌കരണമാണ്. മര്‍ദമില്ലാതാക്കല്‍, മുക്കിവറുക്കല്‍, എണ്ണനീക്കല്‍, മര്‍ദീകരണം, ചൂടാറ്റല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. തുടര്‍ന്നു സെന്‍ട്രിഫ്യൂജറിലെത്തിക്കും. സെന്‍ട്രിഫ്യൂജര്‍ പ്രക്രിയയില്‍ ചിപ്‌സിലെ എണ്ണയുടെ അംശം സാധാരണചിപ്‌സിലെക്കാള്‍ 70 ശതമാനം കുറയും. വിവിധ രുചിക്കൂട്ടുകളും ചേര്‍ക്കും. ഏത്തക്ക ചിപ്‌സ് ഉപ്പു ചേര്‍ത്തത്, ഉപ്പും കുരുമുളകും ചേര്‍ത്തത്, നാടന്‍ മസാല ചേര്‍ത്തത്, മുളകിട്ടത്, ഉപ്പും മുളകും ചേര്‍ത്തത് തുടങ്ങി ആറു രുചിഭേദങ്ങളിലാണു തയാറാക്കുക. വാക്വംഫ്രൈ രീതിയില്‍ കിഴങ്ങു വറുക്കുമ്പോള്‍ വിറ്റാമിന്‍ സിയുടെ അളവ് 95 ശതമാനവും നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വറുക്കുന്നതു താഴ്ന്ന ഊഷ്മാവിലായതിനാല്‍ പോഷകാംശം കുറയില്ല. അതിനുശേഷം അബ്‌സോര്‍ബന്റ് പേപ്പറില്‍ വച്ചു ചൂടാറ്റി അലുമിനിയം ലാമിനേറ്റ് ബാഗില്‍ പാക്കു ചെയ്യും.
കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക, സംയുക്തബാധ്യതാഗ്രൂപ്പുകളുടെയും സ്വയംസഹായസംഘങ്ങളുടെയും കുടുംബശ്രീകളുടെയും വരുമാനം കൂട്ടുക, ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരവും രുചികരവുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുക, കര്‍ഷകരുമായി സഹകരിച്ച് ഉല്‍പ്പന്നഗുണനിലവാരം വര്‍ധിപ്പിക്കുക, ഉല്‍പ്പന്നഗുണനിലവാരം നിരന്തരം ഉയര്‍ത്തുക, ബ്രാന്റിന്റെ ഗുണനിലവാരവും പ്രതിച്ഛായയും മെച്ചപ്പെടുത്തുക, പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു ന്യായമായ വേതനം ഉറപ്പാക്കുക എന്നിവയാണു ലക്ഷ്യങ്ങള്‍.
തുടക്കം
1925 ല്‍
1925 ല്‍ കുറ്റിപ്പുഴ ജെ.ബി.എസ്സിനടുത്താണു സംഘം ആരംഭിച്ചത്. കുന്നുകര ആലുക്കല്‍ കേശവപിള്ളയായിരുന്നു ഓണററി സെക്രട്ടറി. കുറച്ചുനാള്‍ കഴിഞ്ഞ് അക്കരപ്പറമ്പ് പി.സി. ഔസേഫിന്റെ പീടികമുറിയിലേക്കു മാറി. പിന്നീട് വയലുകര ചേന്നാട്ട് പുത്തന്‍വീട്ടില്‍ എ. ചന്ദ്രശേഖരന്‍നായരുടെ കുന്നുകരയിലെ കെട്ടിടത്തിലേക്കു നീങ്ങി. 1960 ല്‍ കുന്നുകര മാങ്കുഴിവീട്ടില്‍ രാഘവന്‍നായര്‍ ഓണററി സെക്രട്ടറിയായിരിക്കെ നിയമാവലി ഭേദഗതി ചെയ്തു പേര് കുറ്റിപ്പുഴ വിവിധോദ്ദേശ്യ സഹകരണസംഘം എന്നാക്കി. 1966 മുതലാണു പെയ്ഡ് സെക്രട്ടറിമാര്‍ വന്നത്. തെക്കേഅടുവാശ്ശേരി ആട്ടിമുറ്റത്ത് എം.എം. ബാലകൃഷ്ണ പടനായര്‍ ആയിരുന്നു ആദ്യത്തെ പെയ്ഡ് സെക്രട്ടറി. 1966 സെപ്റ്റംബര്‍ 28 നു സഹകരണവകുപ്പിന്റെ നിര്‍ദേശാനുസരണം സംഘത്തിന്റെ പേര് കുന്നുകര സര്‍വീസ് സഹകരണസംഘം എന്നാക്കി. കുറച്ചുനാള്‍ കഴിഞ്ഞ് ബാങ്ക് കുന്നുകര പഞ്ചായത്തുവളപ്പില്‍ ഇപ്പോഴത്തെ ബാങ്കുമന്ദിരത്തിനു താഴെയുണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിലേക്കു മാറ്റി. പ്രസിഡന്റ് എ. പ്രഭാകരന്‍നായരാണു കല്ലിട്ടത്. 1976 സെപ്റ്റംബറില്‍ ആദ്യമായി നിക്ഷേപസമാഹരണയജ്ഞം തുടങ്ങി. അന്നുമുതല്‍ ബാങ്ക് സാമ്പത്തികമായി വളര്‍ന്നു. വിവിധ കാലങ്ങളില്‍ എ. പ്രഭാകരന്‍നായര്‍, പി.സി. ഔസേഫ്, കെ.എ. ഗോപാലമേനോന്‍, വി. പൗലോസ്, പി.എല്‍. പൗലോസ്, കെ.പി. ജേക്കബ്, കെ. മാധവന്‍, കെ.ജി. ഗോപാലകൃഷ്ണന്‍നായര്‍, പി.കെ. ജോസഫ്, എം.കെ. ഷംസുദ്ദീന്‍, എ.വി. രാജഗോപാല്‍, പി.ജെ. വര്‍ഗീസ്, വി.എന്‍. സത്യനാഥന്‍ തുടങ്ങിയവര്‍ ബാങ്ക് പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. 2004 ല്‍ ബാങ്ക് നവതി ആഘോഷിച്ചപ്പോള്‍ 42 കോടി രൂപ നിക്ഷേപവും 34 കോടി രൂപ വായ്പയുമായി 76 കോടി രൂപയുടെ ബിസിനസ്സുണ്ടായിരുന്നു. 2014 ഏപ്രില്‍ ഒന്നിനു ക്ലാസ് വണ്‍ സ്‌പെഷ്യല്‍ഗ്രേഡ് ബാങ്കായി. ഇപ്പോള്‍ 101 കോടി രൂപ നിക്ഷേപമുണ്ട്. 11,906 അംഗങ്ങളും.
1990 ല്‍ എം.പി.യായിരുന്ന പ്രൊഫ. സാവിത്രി ലക്ഷ്മണന്റെ അധ്യക്ഷതയില്‍ അന്നത്തെ സഹകരണമന്ത്രി ടി.കെ. രാമകൃഷ്ണനാണു ബാങ്കിന്റെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തത്. എം.കെ. ഷംസുദ്ദീനായിരുന്നു ബാങ്ക് പ്രസിഡന്റ്. 2021 ല്‍ കെട്ടിടം നവീകരിച്ചു. ജൂലായ് 24 നു മന്ത്രി പി. രാജീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരയ്ക്കാര്‍ അധ്യക്ഷനായിരുന്നു. എട്ടര സെന്റിലാണ് ഈ രണ്ടുനിലമന്ദിരം. ഇവിടെ പ്രധാനശാഖ പ്രവര്‍ത്തിക്കുന്നു. രാവിലെ എട്ടു മുതല്‍ രണ്ടു വരെയാണു പ്രവര്‍ത്തനം. ഇവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും മെഡിക്കല്‍ഷോപ്പും ബാങ്കിനുണ്ട്. നാലു മുറികള്‍ വാടകയ്ക്കു നല്‍കിയിട്ടുമുണ്ട്. അടുത്തുതന്നെ മൂന്നേമുക്കാല്‍ സെന്റില്‍ മറ്റൊരു കെട്ടിടത്തില്‍ സായാഹ്നശാഖയുണ്ട്. ഉച്ചക്കു രണ്ടു മുതല്‍ രാത്രി എട്ടു വരെയാണു പ്രവര്‍ത്തനം. 2021 നവംബര്‍ 29 നു മന്ത്രി പി. രാജീവാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇവിടെ മുകളില്‍ 50 പേര്‍ക്കിരിക്കാവുന്ന എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളുണ്ട്. സമീപം മറ്റൊരു കെട്ടിടത്തില്‍ ബാങ്കിന്റെ വളംഡിപ്പോയുമുണ്ട്. ഇതു വാടകക്കെട്ടിടമാണ്. കൂടാതെ, അടുവാശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ ബാങ്ക്ശാഖയും സൂപ്പര്‍മാര്‍ക്കറ്റുമുണ്ട്.
പി.എസ്.സി.ക്ക്
സൗജന്യ കോച്ചിങ്
സായാഹ്നശാഖയുടെ മുകളിലുള്ള എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ബാങ്ക് 2021 മുതല്‍ സൗജന്യമായി പി.എസ്.സി. പരിശീലനം നടത്തുന്നുണ്ട്. ഇതു നാലാം ബാച്ചിലേക്കു കടന്നു. ഒന്നാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കെ.എസ്. രാജേഷിന് സര്‍ക്കാര്‍ജോലി ലഭിച്ചു. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജോലിയുടെ ലിസ്റ്റില്‍ ഒന്നാംറാങ്ക് കിട്ടുകയും ചെയ്തു.
അടുവാശ്ശേരിക്കടുത്തു കുടില്‍പ്പീടികയില്‍ ബാങ്ക് ലൈവ് ഫിഷ് മാര്‍ക്കറ്റ് നടത്തുന്നുണ്ട്. 17 മത്സ്യക്കൃഷിക്കാരുടെ ഒരു ഗ്രൂപ്പ് ബാങ്കിനുണ്ട്. ഇവര്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ, വിറ്റുപോകുന്ന തോതനുസരിച്ച്, ഇവിടത്തെ ടാങ്കില്‍ നിക്ഷേപിക്കുകയും ആവശ്യക്കാര്‍ക്കു തത്സമയം പിടിച്ചുകൊടുക്കുകയുമാണു ചെയ്യുന്നത്. തിലാപ്പിയ, ബ്രാല്‍, കാളാഞ്ചി തുടങ്ങിയ മീനുകളെയാണു വളര്‍ത്തുന്നത്. തത്സമയം പിടിച്ചുനല്‍കുന്നതു കൂടാതെയുളള മീന്‍വില്‍പ്പനയുമുണ്ട്. നടത്തിപ്പ് ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ബാങ്കിന്റെ മത്സ്യക്കര്‍ഷകഗ്രൂപ്പിലെ കര്‍ഷകര്‍ കൊണ്ടുവരുന്ന മത്സ്യത്തിനു ബാങ്ക് നിശ്ചയിക്കുന്ന വില നല്‍കണമെന്ന വ്യവസ്ഥയോടെയാണിത്.
പത്തു ലക്ഷം, അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം, അര ലക്ഷം എന്നീ സലകളുള്ള 36 ചിട്ടിയിലായി രണ്ടു കോടി രൂപയ്ക്കു മുകളില്‍ സലയുള്ള ചിട്ടികള്‍ ബാങ്ക് നടത്തുന്നുണ്ട്. മാസം പത്തു ലക്ഷം രൂപയിലേറെ ബാങ്കിനു ചിട്ടിക്കമ്മീഷന്‍ കിട്ടുന്നുണ്ട്.
23 കോടി രൂപ
തരളധനം
ഏതു സാഹചര്യത്തിലും നിക്ഷേപകര്‍ക്കു തുക തിരികെ നല്‍കാനുള്ള പണക്ഷമത നിലനിര്‍ത്താന്‍ ബാങ്ക് 23 കോടി രൂപ തരളധനം സൂക്ഷിക്കുന്നുണ്ട്. ബാങ്ക് സംസ്ഥാനസര്‍ക്കാരിന്റെ നിക്ഷേപഗ്യാരണ്ടി സ്‌കീമിലുണ്ട്. അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പരിരക്ഷ കിട്ടും. വായ്പ എടുത്തശേഷം ഗുരുതരരോഗം ബാധിക്കുകയോ മരിക്കുകയോ ചെയ്ത അംഗങ്ങളില്‍ ആറു മാസത്തിലേറെ കുടിശ്ശികയില്ലാത്ത 49 വായ്പക്കാര്‍ക്കു 43,74,658 രൂപ റിസ്‌ക് ഫണ്ട് ഇനത്തില്‍ സര്‍ക്കാരില്‍നിന്ന് അനുവദിപ്പിച്ചു. എല്ലാ അംഗത്തിനും സൗജന്യ ഇന്‍ഷുറന്‍സുണ്ട്. അപകടത്തില്‍ മരിച്ച മൂന്ന് അംഗങ്ങളുടെ കുടംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കി. അംഗങ്ങള്‍ക്കു 3000 രൂപവരെ ചികിത്സാസഹായം നല്‍കാറുണ്ട്. 70 കഴിഞ്ഞ അംഗങ്ങള്‍ക്കു സാന്ത്വനം പെന്‍ഷന്‍ നല്‍കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ അര്‍ഹര്‍ക്ക് ബാങ്ക് എത്തിക്കുന്നുണ്ട്. വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭൂമിയും വീടും വാങ്ങല്‍, വാഹനം വാങ്ങല്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വായ്പ കിട്ടും. വിദ്യാര്‍ഥികള്‍ക്കു കാഷവാര്‍ഡും നല്‍കുന്നു. ആംബുലന്‍സ് – ഫ്രീസര്‍ സര്‍വീസുണ്ട്. എ.ടി.എമ്മും ആയി. ഓണത്തിനും ക്രിസ്മസിനും റംസാനും കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് ഉത്സവച്ചന്തകള്‍ നടത്തുന്നു; അധ്യയനവര്‍ഷാരംഭം സ്‌കൂള്‍മാര്‍ക്കറ്റും. വര്‍ഷാരംഭം എല്ലാ വീട്ടിലും ബാങ്കിന്റെ സൗജന്യകലണ്ടര്‍ എത്തിക്കുന്നു. വരള്‍ച്ചപ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
ഇടതുമുന്നണിയാണു ബാങ്ക് ഭരിക്കുന്നത്. സി.പി.എം. ലോക്കല്‍ കമ്മറ്റിയംഗം വേണു വി.എസ് ആണു പ്രസിഡന്റ്. പി.ടി. ജോസ്, എം.എ. അബു, പി.ജെ. പോള്‍, എസ്. ബിജു, എം.ആര്‍. ഹരിപ്രസാദ്, എം.എസ്. സുധീര്‍, ടി.എന്‍. റിഷാദ്, കെ.വി. ഹരിദാസ്, ശ്രീദേവി എന്‍, പി.കെ. ഷക്കീല, മിബി ജിനീഷ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. കെ.എസ്. ഷിയാസാണു സെക്രട്ടറി. വിപുലവും വ്യത്യസ്തവുമായ ടൂറിസം പദ്ധതിയാണു ബാങ്കിന്റെ ഭാവിപരിപാടികളില്‍ പ്രധാനം.
(മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)