കാര്‍ഷിക വിപ്ലവംസഹകരണ സംഘങ്ങളിലൂടെ

[mbzauthor]

ഭക്ഷ്യ സ്വയംപര്യാപ്തത അനിവാര്യമാണെന്ന തിരിച്ചറിവിലുള്ള
പദ്ധതി ആസൂത്രണമാണു രാജ്യത്തു നടക്കുന്നത്. ഓരോ കര്‍ഷകനും
മികച്ച വരുമാനം ഉറപ്പാക്കാനും ഇടനിലക്കാരുടെ ചൂഷണം
ഇല്ലാതാക്കാനുമാണു ശ്രമം. സാമ്പത്തികരംഗം ചലനാത്മകമാക്കാനുള്ള
ഈ പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ക്കു വലിയൊരു പങ്കുണ്ട്.

 

ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും അനിവാര്യമാണെന്ന തിരിച്ചറിവിലുള്ള പദ്ധതി ആസൂത്രണമാണ് ഇപ്പോള്‍ സംസ്ഥാനത്തു മാത്രമല്ല രാജ്യത്താകെയുള്ളത്. ഈ ലക്ഷ്യം നേടാനുള്ള നായകസ്ഥാനം സഹകരണ മേഖലയ്ക്കാണെന്ന ബോധ്യവും സര്‍ക്കാരുകള്‍ക്കുണ്ട്. സര്‍ക്കാരിന്റെ സഹായവും സഹകരണ സംഘങ്ങളുടെ ഏകോപനവുമാണു കാര്‍ഷിക മേഖലയില്‍ വേണ്ടതെന്നാണു കണക്കാക്കുന്നത്. ഓരോ പ്രദേശത്തിന്റെയും കാര്‍ഷിക സാധ്യതകള്‍ തിരിച്ചറിഞ്ഞ് പദ്ധതി തയാറാക്കുക, ആ വിളകള്‍ക്കു വിപണി ഉറപ്പാക്കുക, അതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി സംരംഭം തുടങ്ങുക, ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വഴിയൊരുക്കുക – ഇതാണു മൊത്തം പദ്ധതിയുടെ രീതി. ഇതിലൂടെ ഓരോ കര്‍ഷകനും മികച്ച വരുമാനം ഉറപ്പാക്കാനാവും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകുന്നതോടെ നിലവില്‍ ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതല്‍ ലഭിക്കും. കര്‍ഷകനും തൊഴിലാളികള്‍ക്കും വരുമാനം ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പണം വിപണിയിലേക്കെത്തും. അതുവഴി സാമ്പത്തിക രംഗം ചലനാത്മകമാകും. ഇതാണ് ഈ പദ്ധതിയുടെ അനന്തരഫലമായി സര്‍ക്കാര്‍ കണക്കാക്കുന്നത്. 2022 ഓടെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്കായി കൊണ്ടുവന്നിരുന്നു. അതു പൂര്‍ണ അര്‍ഥത്തിലേക്ക് എത്തുന്നതിനു മുമ്പാണു കോവിഡ് വ്യാപനമുണ്ടാകുന്നത്. ഇതോടെ, ഭക്ഷ്യ സ്വയംപര്യാപ്തത എന്നത് അനിവാര്യമാണെന്ന തിരിച്ചറിവ്കൂടി സര്‍ക്കാരുകള്‍ക്കുണ്ടായി. ഇതാണു സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തില്‍ കൃഷിയും അനുബന്ധ സംരംഭങ്ങളും എന്ന നിലയിലേക്കു പദ്ധതി ആസൂത്രണം മാറാന്‍ കാരണമാക്കിയത്.

സഹകരണ സംഘങ്ങള്‍ക്കു മാത്രമായി പദ്ധതിആസൂത്രണം എന്നതല്ല സര്‍ക്കാര്‍ കാഴ്ചപ്പാട്. സഹകരണ സംഘങ്ങള്‍ക്കുകൂടി ഇടപെടാന്‍ പാകത്തിലുള്ള പദ്ധതികള്‍ എന്നതാണു രീതി. കര്‍ഷക കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയെയെല്ലാം ഒറ്റ ഗണത്തിലാണ് ഈ പദ്ധതികളിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ സഹകരണ സംഘങ്ങള്‍ക്കു സാധ്യത ഏറെയുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ സംഘങ്ങള്‍ക്ക്. നിക്ഷേപത്തിന്റെ തോത് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു സംരംഭകത്വത്തിനു സാമ്പത്തിക പ്രശ്‌നം അലട്ടാനിടയില്ല എന്നതാണു കാരണം. പക്ഷേ, ഈ സാധ്യത സംസ്ഥാനത്തു വേണ്ടരീതിയില്‍ സഹകരണ സംഘങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം. കാര്‍ഷിക വായ്പ നല്‍കുന്നതില്‍ മാത്രം പരിമിതപ്പെട്ടുപോവുകയാണു കേരളത്തിലെ സംഘങ്ങളുടെ ഇടപെടല്‍ എന്നതാണു വിമര്‍ശനം. പള്ളിയാക്കല്‍ സഹകരണ ബാങ്ക്, മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം എന്നിവയെല്ലാം കാര്‍ഷികമേഖലയുടെ കാര്യശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍, കര്‍ഷകന്റെയും തൊഴിലാളികളുടെയും വരുമാനം വര്‍ധിച്ചില്ലെങ്കില്‍ സഹകരണ സംഘങ്ങളുടെ നിലനില്‍പ്പും അപകടത്തിലാണെന്ന ബോധ്യത്തിലേക്ക് ഇപ്പോള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി സഹകരണ ബാങ്കുകളില്‍ വായ്പാ തിരിച്ചടവ് കാര്യമായി വരുന്നില്ല. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പലിശരഹിത വായ്പയടക്കം കൂടുതല്‍ തുക ലാഭരഹിതമായി സംഘങ്ങള്‍ക്കു ചെലവഴിക്കേണ്ടിവരുന്നുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളാണു സഹകരണ സംഘങ്ങളുടെ ഇടപാടുകാരിലേറെയും. ഇപ്പോള്‍ 2021 ഡിസംബര്‍ 31 വരെ വായ്പകള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയവും പ്രഖ്യാപിച്ചു. കാര്‍ഷിക – അനുബന്ധ വായ്പകള്‍ക്കാണ് ഇതു ബാധകമാവുക എന്നതിനാല്‍ അതിന്റെ ആഘാതവും സഹകരണ സംഘങ്ങള്‍ക്കായിരിക്കും. ഇതിനെയെല്ലാം മറികടക്കാനുള്ള വഴിയാണു സംരംഭകത്വവും കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കലും.

വരുമാനം
ഉറപ്പാക്കാന്‍ വായ്പ

സഹകരണ സംഘങ്ങളുടെ വായ്പകള്‍ വരുമാനമുറപ്പാക്കുന്ന പദ്ധതികളിലേക്കു മാറ്റുകയെന്നതാണു സര്‍ക്കാര്‍ കാര്‍ഷിക പദ്ധതികളുടെ രീതി. ഇതു സഹകരണ സംഘങ്ങള്‍ക്കും ഗുണകരമായ മാറ്റമാണ്. ഒരു കാര്‍ഷിക അനുബന്ധ സംരംഭത്തിനു സഹകരണ സംഘം വായ്പ നല്‍കുക, അതില്‍നിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുക – ഇതാണു കാഴ്ചപ്പാട്. സംഘങ്ങള്‍ക്കു നേരിട്ട് സംരംഭങ്ങളിലേക്ക് ഇറങ്ങാം. അല്ലെങ്കില്‍ കര്‍ഷക കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാം. കാര്‍ഷികോല്‍പ്പാദനത്തിന്റെ കാര്യത്തിലാണെങ്കില്‍ കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് വായ്പ നല്‍കുക. ഈ ക്ലസ്റ്ററുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കുക. അതായത്, വിളകള്‍ വിപണിയിലെത്തിക്കുന്നതിനു ഗതാഗത സൗകര്യമൊരുക്കല്‍, കാര്‍ഷികച്ചന്ത നടത്തല്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനു സഹകരണ സംഘങ്ങള്‍ക്കു നബാര്‍ഡ് നേരിട്ട് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കും. ഒരു സഹകരണ സംഘം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തില്‍ വരുമാനവര്‍ധന ഉറപ്പാക്കാനാകുന്ന സംയുക്ത പദ്ധതി എന്ന കാഴ്ചപ്പാടാണു ഇതിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

സഹകരണ സംഘങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്തു കൃഷിവകുപ്പ് നടപ്പാക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കു നഗര സംസ്‌കരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തല്‍, കണ്ടെയ്നര്‍ മാതൃകയിലുള്ള സംസ്‌കരണ – വിപണന കേന്ദ്രം ഒരുക്കല്‍, സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കല്‍, സെക്കന്‍ഡറി നഗര സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കല്‍, ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കൃഷിവകുപ്പിന്റെ പദ്ധതികളാണ്. ഇതു ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്കു കൃഷിവകുപ്പിലൂടെ സബ്സിഡി ലഭിക്കും. ഇതിനൊപ്പം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങള്‍ തുടങ്ങാനും ഒട്ടേറെ പദ്ധതികളുണ്ട്. സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം എന്ന നിലയിലാണ് ഇതു നടപ്പാക്കുന്നത്. ഈ കണ്‍സോര്‍ഷ്യം മുഖേന കാര്‍ഷിക മേഖലയിലെ സൂക്ഷ്മ – ചെറുകിട – ഇടത്തരം മൂല്യവര്‍ധിത സംരംഭങ്ങള്‍ക്കും ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ രൂപവത്കരിക്കാനും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഇതു കൂടാതെ മാര്‍ക്കറ്റിങ് മേഖലയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ നേരിട്ടു നിര്‍വഹിച്ചാല്‍ അതിനും സര്‍ക്കാര്‍ സഹായം ലഭിക്കും.

സഹകരണ
എഫ്.പി.ഒ.

സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) രൂപവത്കരിക്കുകയെന്നതാണു എന്‍.സി.ഡി.സി., നബാര്‍ഡ് എന്നിവ മുന്നോട്ടുവെക്കുന്ന ആശയം. ചെറുകിട സംരംഭങ്ങള്‍ക്കാണെങ്കില്‍ സ്വയം സഹായ സംഘങ്ങളും സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ രൂപവത്കരിക്കാം. സംഘങ്ങളെ പദ്ധതികളുടെ രക്ഷാകര്‍തൃ റോളിലേക്കു മാറ്റുകയെന്നതാണ് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നതു വിജയകരമായ ഒരു പദ്ധതി നിര്‍വഹണ മാതൃകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നബാര്‍ഡാണ് ഈ രീതി കാര്‍ഷികമേഖലയില്‍ പരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍.സി.ഡി.സി. യോടും സമാന മാതൃകയില്‍ സഹകരണ പദ്ധതി ആസൂത്രണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

രാജ്യത്താകെ 10,000 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 44 എണ്ണം കേരളത്തിലാണു രൂപവത്കരിക്കേണ്ടത്. 28 എണ്ണം ഇതിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ, വി.എഫ്.പി.സി.കെ. മുഖേന 20 എഫ്.പി.ഒ. കളുടെ രജിസ്ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്. നെല്ല്, തെങ്ങ്, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുവിളകള്‍, പൈനാപ്പിള്‍, ചക്ക, വാഴ, തേന്‍, സുഗന്ധവിളകള്‍, കൊക്കോ, കശുവണ്ടി, കൂവ, റബ്ബര്‍, വെറ്റില, മുളക്, ചെറുധാന്യങ്ങള്‍ എന്നീ വിളകള്‍ അടിസ്ഥാനമാക്കിയാണു കേരളത്തില്‍ എഫ്.പി.ഒ. കള്‍ രൂപവത്കരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന വര്‍ധനവിലും ഉല്‍പ്പാദന – നിര്‍മാണ – വിപണത്തിനുമായി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 50 എഫ്.പി.ഒ.കള്‍ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം വഴി പുതുതായി രൂപവത്കരിച്ചിട്ടുണ്ട്. നിലവിലുള്ള 50 കര്‍ഷക ഉല്‍പ്പാദക സംഘടനകളെ ശാക്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 13 എഫ്.പി.ഒ.കളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.

ഇതിനൊപ്പം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ക്കു സഹായ പദ്ധതികളുമുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ സംരംഭങ്ങള്‍ തുടങ്ങാന്‍ 400 ലക്ഷം രൂപയാണു കൃഷിവകുപ്പ് വകയിരുത്തിയിട്ടുള്ളത്. പരമാവധി 50 ലക്ഷം രൂപ വരെ ഇത്തരം സംരംഭങ്ങള്‍ക്കു സബ്‌സിഡി ലഭിക്കും. സഹകരണ സംഘങ്ങള്‍ നേരിട്ടു തുടങ്ങിയാലും സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകും. 25 ലക്ഷം രൂപ വരെയുള്ള സൂക്ഷ്മതല സംരംഭത്തിനു 50 ശതമാനമാണു സബ്സിഡി. സബ്‌സിഡിത്തുക പരമാവധി 10 ലക്ഷമായിരിക്കും. 25 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള ചെറുകിട സംരംഭത്തിനു 40 ശതമാനം സബ്സിഡി ലഭിക്കും പരമാവധി 25 ലക്ഷം രൂപ. ഒരു കോടി രൂപ മുതല്‍ അഞ്ചു കോടി വരെയുള്ളവ ഇടത്തരം സംരംഭമായാണു കണക്കാക്കുന്നത്. ഇതിനു 30 ശതമാനം സബ്സിഡി നല്‍കും. സബ്‌സിഡിത്തുക പരമാവധി 50 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു തുടങ്ങുന്ന അഗ്രോ പാര്‍ക്കുകളും കാര്‍ഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഓരോ വിളയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിധത്തിലാകും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുക. നാളികേരം, വാഴ, തേന്‍, മാങ്ങ, പച്ചക്കറികള്‍ എന്നിവയുടെ സംഭരണം, സംസ്‌കരണം, മൂല്യവര്‍ധന എന്നിവ ലക്ഷ്യമാക്കിയാണു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100.13 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

പയറുവര്‍ഗ കൃഷിയും
കയറ്റുമതി സാധ്യതയും

പഴം – പയറു വര്‍ഗങ്ങള്‍ക്കു പ്രോത്സാഹനം നല്‍കിയുള്ള പദ്ധതികളാണു കൃഷി വകുപ്പിനു കീഴിലുള്ളത്. ഇതില്‍ ഏറെയും കേന്ദ്ര പദ്ധതികളാണ്. കേരളത്തില്‍നിന്ന് ഈ രണ്ടു വിഭാഗം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഏറെ കയറ്റുമതി സാധ്യതയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. വി.എഫ്.പി.സി.കെ. പഴങ്ങളുടെ കയറ്റുമതിസാധ്യത പരിശോധിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നേന്ത്രപ്പഴം കയറ്റി അയച്ചപ്പോള്‍ അതിനു വിദേശ വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായി. ഇതിനു പിന്നാലെ പൈനാപ്പിളും കയറ്റുമതി ചെയ്യുന്നുണ്ട്. സഹകരണ സംഘങ്ങള്‍ക്കു കണ്‍സോര്‍ഷ്യം അടിസ്ഥാനമാക്കി ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും നടത്താനുള്ള സാധ്യതയാണു തെളിയുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ പച്ചക്കറി കയറ്റുമതിക്കുള്ള അവസരം ഒരുങ്ങിയിട്ടുണ്ട്. മലബാര്‍ ജില്ലകളില്‍ പയറുവര്‍ഗങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉല്‍പ്പാദനം കൂട്ടുകയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത സഹകരണ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ അതു വലിയ നേട്ടമാകും.

തരിശുരഹിത
വയലുകള്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ആവിഷ്‌കരിച്ച പയര്‍ , എണ്ണക്കുരു കൃഷി വികസന പദ്ധതിയില്‍പ്പെടുത്തിയാണു വയലുകളെ തരിശുരഹിതമാക്കാനുള്ള ആസൂത്രണം മലബാറില്‍ നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളെയാണു പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കാന്‍ കേന്ദ്രം തിരഞ്ഞെടുത്തത്. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ക്കാണ് ഇതിന്റെ നിര്‍വഹണച്ചുമതല. കണ്ണൂര്‍ ജില്ലയിലെ 1000 ഹെക്ടര്‍ സ്ഥലത്തു പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യാനുള്ള പദ്ധതി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം ആവിഷ്‌കരിച്ചു. ഒന്നും രണ്ടും വിള മാത്രമെടുക്കുന്ന തീരദേശ പഞ്ചായത്തുകളിലെ വയലുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ 6522 ഹെക്ടര്‍ വയലുണ്ട്. 5498 ഹെക്ടറില്‍ മാത്രമേ കൃഷിചെയ്യുന്നുള്ളു. 3450 ഹെക്ടറില്‍ ഒരു വിളമാത്രം. 2498 ഹെക്ടറില്‍ രണ്ടു വിളവെടുക്കുന്നു. ബാക്കിവരുന്ന വയലുകളും പയര്‍കൃഷിക്ക് അനുയോജ്യമാണ്. ഇതിനു പുറമേ, ഒന്നും രണ്ടും തവണ വിളവെടുക്കുന്ന വയലുകളില്‍ കൊയ്ത്തിനുശേഷം പയര്‍വര്‍ഗങ്ങള്‍ കൃഷി ചെയ്യാം. രണ്ടു മാസംകൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ഉഴുന്ന്, ചെറുപയര്‍, എള്ള്, മുതിര, തുവര എന്നിവ കൃഷിചെയ്യും. നിലക്കടലയും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യാം. ഇതിനായി അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ വിതരണം ചെയ്യും.

വി.ബി.എന്‍.8 (ഉഴുന്ന്) സി.ഒ. 7, സി.ഒ. 8, ബി.ജി.എസ.് 9 (ചെറുപയര്‍), ടി.എം.വി. 7 (എള്ള്) എന്നീ വിത്തിനങ്ങളാണു വിതരണം ചെയ്യുന്നത്. പയര്‍വര്‍ഗങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണു ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിന്റെ വിള വിത്തായി അടുത്ത കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യും. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും അന്തരീക്ഷത്തില്‍നിന്നു നൈട്രജന്‍ ആഗിരണം ചെയ്യാനും പയര്‍വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ സാധിക്കും. നെല്‍ക്കൃഷിയുടെ ഇടവേളയില്‍ മുമ്പു പയര്‍വര്‍ഗങ്ങള്‍ കൃഷി ചെയ്തിരുന്നു. ഈ രീതി പലയിടത്തും ഉപേക്ഷിച്ചു. കൃഷിക്കാര്‍ക്കു കൂടുതല്‍ ആദായമുണ്ടാക്കാനും പയര്‍കൃഷി ഉപകരിക്കും. ഒരു ഹെക്ടറില്‍ പയര്‍ക്കൃഷി ചെയ്യാന്‍ 15,000 രൂപ ചെലവ് കണക്കാക്കുന്നു. ഒരേക്കറില്‍ കൃഷിചെയ്യാന്‍ എട്ടുകിലോ പയര്‍മാത്രമേ വേണ്ടൂ. ഇത്രയും സ്ഥലത്തുനിന്ന് ഇതിന്റെ ഇരട്ടി വരുമാനം കിട്ടും. പയര്‍ക്കൃഷി ചെയ്യാന്‍ പ്രത്യേകം വളപ്രയോഗവും ആവശ്യമില്ല. കരിവെള്ളൂര്‍ പെരളം, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളാണു പ്രധാനമായും പയര്‍ക്കൃഷിക്കായി കണ്ടെത്തിയത്.

തൃശ്ശൂര്‍ ജില്ലയില്‍നിന്നാണു കയറ്റുമതി ചെയ്യാനുള്ള നേന്ത്രപ്പഴം ശേഖരിക്കുന്നത്. ഇതു മറ്റു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാവുന്നതാണ്. എറണാകുളം ജില്ലയില്‍നിന്നാണു പൈനാപ്പിള്‍ ശേഖരിക്കുന്നത്. ഇതിനൊപ്പം മലബാറിലെ മറ്റു ജില്ലകളില്‍നിന്നു പയര്‍ വര്‍ഗങ്ങള്‍ കൂടി എത്തുന്നതോടെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കൂടും. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഇതു ശേഖരിക്കുകയും ഗുണനിലവാരം ഉറപ്പാക്കി നേരിട്ട് കയറ്റുമതി ചെയ്യുകയും ചെയ്താല്‍ അതു കാര്‍ഷിക മേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും. കണ്ണൂരിലെ കൈപ്പാട് അരി, വയനാട്ടിലെ ഗന്ധകശാല അരി എന്നിവയും വിദേശ വിപണിയില്‍ സാധ്യത ഏറെയുള്ളവയാണ്. അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മാറാനുള്ള സാധ്യതയാണു സഹകരണ സംഘങ്ങള്‍ക്കു മുമ്പില്‍ ഇപ്പോഴുള്ളത്. അത് ഏതു രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചിരിക്കും സഹകരണ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്ന കാര്‍ഷിക വിപ്ലവത്തിന്റെ ഭാവി.

[mbzshare]

Leave a Reply

Your email address will not be published.