കരുവന്നൂരിന് കേരളബാങ്ക് പണം നല്‍കില്ല; പകരം വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂരിനെ സഹായിക്കാന്‍ കഴിയില്ലെന്ന് കേരളബാങ്ക് സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചു. 25 കോടിരൂപ കേരളബാങ്ക് വായ്പയായി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ കേരളബാങ്കില്‍നിന്ന് എടുത്തിട്ടുള്ള വായ്പ കുടിശ്ശിക തീര്‍ക്കാതെ പുതിയ വായ്പ അനുവദിക്കാനാകില്ലെന്നാണ് കേരളബാങ്ക് അറിയിച്ചതോടെ. ഇതോടെ, ഒമ്പത് ശതമാനം പലിശയ്ക്ക് സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
കരുവന്നൂരിന് രക്ഷാപാക്കേജ് ഉണ്ടാക്കുന്ന ഘട്ടത്തില്‍തന്നെ പുതിയ വായ്പ അനുവദിക്കാനാകില്ലെന്ന് കേരളബാങ്ക് സി.ഇ.ഒ. സഹകരണ മന്ത്രിയെ അറിയിച്ചിരുന്നു. അത് പറ്റില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കരുവന്നൂരിലെ കാലാവധി തീര്‍ന്ന നിക്ഷേപങ്ങള്‍ തിരുച്ചുനല്‍കുന്നതിന് 35 കോടിരൂപ അടിയന്തരമായി ലഭ്യമാക്കുമെന്ന് ഇതിന് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തു. 25 കോടി രൂപ കേരളബാങ്കും 10 കോടി സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്നും അനുവദിക്കാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഈ തുകയില്‍ മാറ്റം വരുത്തിയാണ് ഇതിനുള്ള ഉത്തരവ് ഇറങ്ങിയത്.
കേരള സംസ്ഥാന സഹകരണ വികസന ബോര്‍ഡില്‍നിന്നും 10 കോടിയും കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ റിസര്‍വ് ഫണ്ടായി കേരളബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടിയും തൃശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളില്‍നിന്ന് നിക്ഷേപമായി 20കോടിയും കരുവന്നൂര്‍ ബാങ്ക് കുടിശ്ശിക തിരിച്ചുപിടിച്ച് മൂന്ന് കോടിയും കേരളബാങ്ക് റീഫിനാന്‍സ് സൗകര്യവും ഉപയോഗിച്ച് 50 കോടിരൂപ സമാഹരിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതായത്, 15 കോടിരൂപ കേരളബാങ്ക് റീഫിനാന്‍സായി അനുവദിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദ്ദേശം.
ഈ തുകയും നല്‍കാനാകില്ലെന്നാണ് കേരളബാങ്ക് രജിസ്ട്രാറെ അറിയിച്ചത്. അക്കാര്യം ആഗസ്റ്റ് 28ന് രജിസ്ട്രാര്‍ കത്തിലൂടെ അറിയിക്കുകയും ചെയ്തു. നിലവിലെ വായ്പയും അതിന്റെ 10.5 ശതമാനം പലിശയും ചേര്‍ത്ത് പ്രതിമാസം 75 ലക്ഷം രൂപ കേരളബാങ്കിന് നല്‍കേണ്ടതുണ്ട്. ഇത് തീര്‍ക്കാതെ പുതിയ വായ്പ അനുവദിക്കാനാകില്ലെന്നാണ് കേരളബാങ്ക് പ്രതിനിധികള്‍ അറിയിച്ചതെന്ന് രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളബാങ്കിനെ കരുവന്നൂരിന് പണം അനുവദിക്കണമെന്ന ചുമതലയില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 9 ശതമാനം നിരക്കില്‍ തൃശൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നും പണം കണ്ടെത്തുന്നതിന് കരുവന്നൂരിന് അനുമതി നല്‍കിയിട്ടുണ്ട്.
[mbzshare]