കരുവന്നൂരിന് കേരള ബാങ്ക് പുനർവായ്പ നൽകും; പാക്കേജ് ഉത്തരവിറങ്ങി
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജില്‍ കേരളബാങ്ക് 25 കോടി നല്‍കില്ല. അര്‍ഹതപ്പെട്ട പുനര്‍വായ്പ സൗകര്യം നല്‍കാമെന്നാണ് കേരളബാങ്ക് സര്‍ക്കാരിനെ അറിയിച്ചത്. ഇത് പരമാവധി 15 കോടിരൂപയാണ് ലഭിക്കുകയെന്നാണ് കണക്കാക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേല് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുമെന്നായിരുന്നു മന്ത്രി വി.എന്‍.വാസവന് അറിയിച്ചിരുന്നത്. ഇതാണ് പുനര്‍വായ്പ മാത്രമായി പരിമിതപ്പെട്ടത്.
കേരളബാങ്കില്‍നിന്ന് ലഭിക്കുന്ന പണത്തിന്റെ കുറവ് പരിഹരിക്കാന്‍ തൃശൂരിലെ മറ്റ് സംഘങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം. 20 കോടി രൂപ ഇങ്ങനെ ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി വിശദീകരിച്ചുകൊണ്ടാണ് കരുവന്നൂര്‍ ‘റിവൈവല്‍ പാക്കേജ്’ ഉത്തരവ് സഹകരണ വകുപ്പ് ഇറക്കിയിട്ടുള്ളത്. ഇതുപ്രകാരം 50 കോടിരൂപയാണ് കരുവന്നൂരിന് അടിയന്തരമായി ലഭ്യമാക്കാനായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍തന്നെ അഞ്ചുകോടി രൂപ കരുവന്നൂര്‍ ബാങ്കിന്റെ തന്നെ പണമാണ്. കരുവന്നൂര്‍ ബാങ്ക് നേരത്തെ ലാഭത്തില്‍നിന്ന് റിസര്‍വായി മാറ്റിവെച്ച് കേരളബാങ്കില്‍ നിക്ഷേപിച്ച രണ്ടുകോടിയും കുടിശ്ശിക വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പിരിഞ്ഞുകിട്ടാനിടയുള്ള മൂന്നുകോടിയുമാണ് പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരള സംസ്ഥാന സഹകരണ വികസന ബോര്‍ഡില്‍നിന്ന് പത്തുകോടി, തൃശൂര്‍ ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ കരുവന്നൂരില്‍ നിക്ഷേപിക്കാമെന്ന് സമ്മതം അറിയിച്ചുപ്രകാരം ലഭിക്കാന്‍ സാധ്യയുള്ള 20 കോടി, അര്‍ഹതപ്പെട്ട റീ ഫിനാന്‍സ് സൗകര്യം പ്രയോജനപ്പെടുത്തി കേരളബാങ്കില്‍നിന്ന് ലഭ്യമാക്കാമെന്ന് അറിയിച്ച തുക. ഇവയെല്ലാം ചേര്‍ത്താണ് ബാക്കി 45 കോടിവരികയെന്നാണ് ഉത്തരവില്‍ കണക്കാക്കുന്നത്. ഈ 50 കോടിയില്‍നിന്ന് 19.5 കോടിരൂപ ബാധ്യതകള്‍ തീര്‍ക്കുന്നതിനും അവശേഷിക്കുന്ന 30.5 കോടി ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുന്നതിനും വേണ്ടി വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് നിരീക്ഷിക്കുന്നതിന് കേരളബാങ്ക് പ്രതിനിധി, തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍, ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഇങ്ങനെയായിന്നില്ല. പാക്കേജിനെപറ്റി മന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. -കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപ തുക തിരികെ നല്‍കുന്നതിനും ഇപ്പോള്‍ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ ബാക്കി നില്ക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നല്‍കാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിനായി 35 കോടി രൂപ അടിയന്തിരമായി കരുവന്നൂര്‍ ബാങ്കിന് നല്‍കും. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കില്‍ ആകെ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. ഈ പ്രതിസന്ധി നേരിടാനാണ് 19.5 കോടിരൂപ ബാധ്യത തീര്‍ക്കണമെന്ന ഉപാധിവെച്ച് കരുവന്നൂരിന് 50 കോടിയുടെ പാക്കേജ് തയ്യാറാക്കിയത്.