ഓഹരി മടക്കി നല്‍കില്ല; കേരളബാങ്കിന്റെ നിലപാടില്‍ കടം കയറി പൂവാര്‍ ബാങ്ക്

Deepthi Vipin lal

കേരളബാങ്കിലെ കടംവീട്ടാന്‍ അവിടുത്തെ ഓഹരി പിന്‍വലിക്കാന്‍ നോക്കിയ തിരുവനന്തപുരം പൂവാര്‍ സര്‍വീസ് സഹകരണ ബാങ്കിന് തിരിച്ചടി. കടം പലിശ സഹിതം തിരിച്ചുനല്‍കണമെന്നും അതിന് ഓഹരി പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള കേരളബാങ്കിന്റെ നിലപാടിനോട് സര്‍ക്കാരിനും അനുകൂല സമീപനം.

ഓഹരി തിരിച്ചുനല്‍കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. അതിനെതിരെ കേരളബാങ്ക് സര്‍ക്കാരിനെ സമീപിച്ചു. ഇതേതുടര്‍ന്ന് രജിസ്ട്രാറുടെ ഉത്തരവ് നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിറക്കി.

2013ലാണ് പൂവാര്‍ സഹകരണ ബാങ്ക് തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കില്‍നിന്ന് രണ്ടുകോടി രൂപ വായ്പയെടുക്കുന്നത്. ജില്ലാബാങ്കിന് മൂലധന പര്യാപ്തത നിലനിര്‍ത്താന്‍ വേണ്ടിയുള്ള പ്രത്യേക വായ്പ ആയിരുന്നു ഇത്. അതിനാല്‍, വായ്പതുകയായ രണ്ടുകോടിയില്‍ ഒരുകോടിരൂപയും ജില്ലാബാങ്കിന്റെ ഓഹരിയാക്കി മാറ്റി. ആറുശതമാനമായിരുന്നു തുടക്കത്തില്‍ പലിശ. ഇത് പിന്നീട് പത്തുശതമാനമായി ഉയര്‍ന്നു. ഒരുകോടിരൂപയും അതിന്റെ പലിശയും പൂവാര്‍ ബാങ്ക് ജില്ലാബാങ്കില്‍ തിരിച്ചടച്ചു. ബാക്കി കടം തീര്‍ക്കാന്‍ ഓഹരി തുക തിരിച്ചുനല്‍കണമെന്ന് അപേക്ഷ നല്‍കി. എന്നാല്‍, ജില്ലബാങ്കില്‍ നിന്ന് അനുകൂല സമീപനമുണ്ടായില്ല. പിന്നീട് സര്‍ക്കാരിനെ സമീപിച്ചു. പരാതിയില്‍ തീര്‍പ്പാക്കാന്‍ സഹകരണ സംഘം രജിസ്ട്രാറോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. പക്ഷേ, തീര്‍പ്പുണ്ടായില്ല.

ഇതോടെ പൂവാര്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. കോടതിയും സഹകരണ സംഘം രജിസ്ട്രാറോട് തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. വായ്പയില്‍ ബാക്കിനില്‍ക്കുന്ന ഒരുകോടിക്ക് പലിശ നല്‍കണമെന്നും ഓഹരിയായി ഒരുകോടിരൂപ പിന്‍വലിക്കാമെന്നും രജിസ്ട്രാര്‍ ഉത്തരവിട്ടു. ആറുമാസത്തെ ഇടവേളയില്‍ രണ്ടുതവണയായി ഓഹരിത്തുക തിരിച്ചുനല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിനിടയില്‍ കേരളബാങ്ക് രൂപവത്കരിച്ചതിനാല്‍, ജില്ലാബാങ്ക് ഇല്ലാതായി. രജിസ്ട്രാറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ പൂവാര്‍ ബാങ്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുത്ത് തീര്‍പ്പാക്കാന്‍ കോടതി രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചു. ഓഹരിത്തുക തിരിച്ചുനല്‍കാന്‍ കേരളബാങ്കിനോട് രജിസ്ട്രാര്‍ ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. വായ്പയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥ അനുസരിച്ച് പലിശ ഇളവും നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

ഇതിനെതിരെയാണ് കേരളബാങ്ക് സര്‍ക്കാരിനെ സമീപിച്ചത്. രജിസ്ട്രാറുടെ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച സഹകരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പൂവാര്‍ ബാങ്ക്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ തീര്‍പ്പാക്കിയ കേസില്‍ സര്‍ക്കാരിലേക്ക് അപ്പീല്‍ പോകാന്‍ കഴിയില്ലെന്നതാണ് പൂവാര്‍ ബാങ്കിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Latest News