ഒരുവര്‍ഷം നഷ്ടമാകാതിരിക്കാന്‍ സഹകരണ കേഴ്‌സിന് ‘സേ’ പരീക്ഷ വേണമെന്നാവശ്യം
ജോലിസാധ്യത മുന്‍നിര്‍ത്തിയാണ് സഹകരണ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തുന്നത്. എച്ച്.ഡി.സി.- ജെ.ഡി.സി. കോഴ്‌സുകള്‍ക്കായി 13 കോളേജുകളാണ് സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്നത്. ‘സഹകരണം’ യോഗ്യതയായില്ലാത്ത സഹകരണ ജീവനക്കാര്‍ക്ക് കോഴ്‌സില്‍ സംവരണമുണ്ട്. പക്ഷേ, കോഴ്‌സ് പരാജയപ്പെട്ടാല്‍ പുനപ്പരീക്ഷ ഇല്ലെന്ന പോരായ്മയാണ് ഇപ്പോള്‍ ഈ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികളും സഹകരണ ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.
‘സേ പരീക്ഷ’ മാതൃകയില്‍ സഹകരണ കോഴ്‌സുകള്‍ക്കും പരീക്ഷവേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇക്കാര്യം നിയമസഭയില്‍തന്നെ ഒരുഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സഹകരണ യൂണിയന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സേ പരീക്ഷ മാതൃകയില്‍ ജെ.ഡി.സി. കോഴ്‌സിന് പുനപ്പരീക്ഷ നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുകയില്ല എന്ന മറുപടിയാണ് അന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നല്‍കിയത്.
ഒരുവര്‍ഷമാണ് എച്ച്.ഡി.സി.-ജെ.ഡി.സി. കോഴ്‌സുകളുടെ ദൗര്‍ഘ്യം. ഇതില്‍ ആരോഗ്യകാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും കോഴ്‌സിന്റെ കാലാവധിയായ ഒരുവര്‍ഷം നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. ഒരുവര്‍ഷത്തെ നഷ്ടമൊഴിവാക്കാന്‍ സേ പരീക്ഷ വേണമെന്നാണ് ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ സഹകരണവകുപ്പിനും സംസ്ഥാന സഹകരണ യൂണിയനും അനുകൂല നിലപാടല്ല ഉള്ളത്. ജീവനക്കാരുടെ സംഘടനകള്‍ ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം ഉന്നയിച്ചിട്ടില്ല. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം ചുരുക്കി സേ പരീക്ഷയ്ക്ക് അവരമൊരുക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
[mbzshare]