ഐ.സി.എ. റിപ്പോര്‍ട്ടില്‍ ഇഫ്‌കോയും അമൂലും മുന്നില്‍
ഇന്റര്‍ നാഷണല്‍ കോ- ഓപ്പറേറ്റീവ് അലയന്‍സും ( ICA ) യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോ-ഓപ്പറേറ്റീവും സമര്‍പ്പിച്ച ഏഴാം വാര്‍ഷിക വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള ഇഫ്‌കോയ്ക്കും ( IFFCO ) യ്ക്കും അമൂലിനും മികച്ച റാങ്ക് . ആഗോള തലത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ലോകത്തെ മികച്ച 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇഫ്‌ക്കോയ്ക്ക് ഒന്നാം സ്ഥാനവും അമൂലിന് രണ്ടാം സ്ഥാനവും ലഭിച്ചത്. ദേശീയ വരുമാനത്തില്‍ ഒരു കമ്പനിയുടെ വിറ്റുവരവുമായി ബന്ധപ്പെടുത്തിയുള്ള സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സഹകരണ സ്ഥാപനമായ ക്രിബ്‌കോയ്ക്ക് ആറാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
1967 ല്‍ 57 സഹകരണ സംഘങ്ങള്‍ അംഗങ്ങളായി ആരംഭിച്ച രാസവള ഉല്‍പ്പാദനക്കമ്പനിയായ ഇഫ്‌കോയില്‍ ഇപ്പോള്‍ 36,000 സഹകരണ സ്ഥാപനങ്ങള്‍ അംഗങ്ങളാണ്. 22,597 കോടിരൂപയുടെ വിറ്റുവരവുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക-ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇഫ്‌കോ. ആഗോളതലത്തില്‍ ഇഫ്‌കോയുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും സമര്‍പ്പിത പ്രവര്‍ത്തനവും ജീവനക്കാരുടെ പ്രതിബദ്ധതയുമാണ് ഇഫ്‌കോയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയതെന്നും ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി പറഞ്ഞു.
രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ പാല്‍പ്പെരുമയായ അമൂലിന് ഇത് വലിയ നേട്ടമാണെന്നും ഈ സ്ഥാനം അമൂല്‍ അര്‍ഹിക്കുന്നുണ്ടെന്നും ജി.സി.എം.എം.എഫ്. മാനേജിങ് ഡയരക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു.
1946 ല്‍ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തിലാണ് അമൂല്‍ രൂപവത്കരിച്ചത്. 29,220 കോടിയാണ് അമൂലിന്റെ വിറ്റുവരവ്.
ഐ.സി.എ. പ്രസിദ്ധീകരിച്ച ലോക സഹകരണ നിരീക്ഷണ റിപ്പോര്‍ട്ടില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ രാസവള ഉല്‍പ്പാദന സഹകരണ സ്ഥാപനമായ ക്രിഷക് ഭാരതി കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്‌കോ – KRIBHCO ) ആറാം സ്ഥാനം നേടി എന്നതും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. നോങ്ഹ്യുപ്പ് ( തെക്കന്‍ കൊറിയ ), സെന്‍-നോ ( ജപ്പാന്‍ ) , കോപര്‍സുകാര്‍ ( ബ്രസീല്‍ ) എന്നിവ യഥാക്രമം മൂന്ന്, നാല് ,അഞ്ച് സ്ഥാനങ്ങള്‍ നേടി.