ആദായനികുതി സെക്ഷൻ 80(പി) – ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്ഷൻ 80(പി) – ശിവദാസ് ചേറ്റൂരിന്റെ ലേഖനം ഭാഗം ആറ്.

31. കഴിഞ്ഞ ലക്കത്തിൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്‌ഷൻ 5(cciv) പ്രകാരമുള്ള പാക്‌സിന്റെ നിർവചനം എന്താണെന്നു നമ്മൾ മനസ്സിലാക്കിയിരുന്നുവല്ലോ. രണ്ടു കണ്ടീഷനുകളെ കുറിച്ചും ഞാൻ പറഞ്ഞിരുന്നു. അതിലെ condition number 1 ആദ്യം പരിശോധിക്കാം.

32. condition number 1.
നമ്മുടെ ബൈലാ പ്രകാരം “primary object ” കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി വായ്പ അല്ലെങ്കിൽ ധനസഹായം കൊടുക്കലോ ആയിരിക്കണം.

നമ്മുടെ ബൈലാ പരിശോധിച്ചാൽ “primary object ” അല്ലെങ്കിൽ “പ്രഥമ ലക്‌ഷ്യം” കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി വായ്പ അല്ലെങ്കിൽ ധനസഹായം കൊടുക്കലോ ആണെന്ന് തീർച്ചയായും നമ്മൾക്ക് തെളിയിക്കാൻ കഴിയും. അമ്പതിലധികം പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ ബൈലാ ഞാൻ പരിശോധിച്ചിരുന്നു. അതിലെല്ലാം “primary object ” കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി വായ്പ അല്ലെങ്കിൽ ധനസഹായം കൊടുക്കലോ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആദായനികുതി വകുപ്പിനെ തൃപ്‌തിപെടുത്താൻ നമ്മൾക്ക് തീർച്ചയായും വലിയ വിഷമം ഉണ്ടാവില്ല. അതുകൊണ്ട് condition number 1 പാലിക്കപ്പെട്ടിരിക്കുന്നു എന്ന് വളരെ ഉറപ്പിച്ചു തന്നെ നമ്മൾക്ക് പറയാൻ സാധിക്കും.

33. condition number 2
ഇനി condition number 2 നമ്മൾക്ക് പരിശോധിക്കാം. condition number 2 ഞാൻ താഴെ കൊടുക്കുന്നു.

നമ്മുടെ ബൈലാ പ്രകാരം “principal business ” കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി വായ്പ അല്ലെങ്കിൽ ധനസഹായം കൊടുക്കലോ ആയിരിക്കണം.

34. എന്താണ് ഈ “principal business ” ? അതിന്റെ മലയാള പരിഭാഷ “പ്രധാന ബിസിനസ്സ്” എന്നാണ്. എന്താണ് അപ്പോൾ “പ്രധാന ബിസിനസ്സ് “?

“principal business ” അല്ലെങ്കിൽ “പ്രധാന ബിസിനസ്സ്” എന്ന് പറഞ്ഞാൽ വേറെയും ബിസിനസ്സുകൾ ഉണ്ടെന്നല്ലേ അർഥം. നമ്മൾ പല തരത്തിലുള്ള ഒന്നിൽ കൂടുതൽ ബിസിനസ് ചെയ്യുന്നു എന്നാൽ അതിൽ ഏറ്റവും പ്രധാനമായ ബിസിനസ് ഏതാണെന്ന് ചോദിച്ചാൽ നമ്മൾ ഏതെങ്കിലും ഒരു ബിസിനസ് ചൂണ്ടികാണിക്കേണ്ടി വരും.

35. പാക്സിന്റെ കാര്യത്തിൽ നമ്മളുടെ പ്രധാന ബിസിനസ് “കാർഷികവായ്പ ” കൊടുക്കൽ ആണെന്ന് പറയാൻ കഴിയുമോ? ആദായനികുതി വകുപ്പിന്റെ തുറുപ്പ് ശീട്ട് ഇതാണ്. ആദായനികുതി വകുപ്പ് പറയുന്നത് നിങ്ങളുടെ പ്രധാന ബിസിനസ് “കാർഷിക വായ്‌പ ” കൊടുക്കൽ അല്ല. മൊത്തം വായ്പാ കൊടുത്തതിൽ പത്തു ശതമാനത്തിനു താഴെ മാത്രമേ കാർഷിക വായ്‌പകൾ ഉള്ളു എന്ന് അവർ സമർത്ഥിക്കുന്നു. ഇതിനായി അവർ കോഓപ്പറേറ്റീവ് ഓഡിറ്റർ തയ്യാറാക്കിയ നമ്മുടെ ബാലൻസ് ഷീറ്റ് തന്നെ തെളിവായി എടുക്കുന്നു. നമ്മുടെ ബാലസ് ഷീറ്റിൽ കാർഷിക വായ്പകളും കാർഷികേതര വായ്പ്പകളും വേറെ വേറെ തരം തിരിച്ചു കാണിച്ചിട്ടുണ്ട്. അതിനാൽ ബാലൻസ് ഷീറ്റിൽ നിന്നും ആദായ നികുതി വകുപ്പിന് കാർഷിക വായ്പയുടെ അനുപാതം വളരെ എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയും. മിക്കവാറും എല്ലാ പാക്സിന്റെയും ഈ അനുപാതം പത്തു ശതമാനത്തിലും കുറവാണ്. അപ്പോൾ കാർഷിക വായ്പ കൊടുക്കലാണ് നമ്മുടെ പ്രധാന ബിസിനസ് എന്ന് നമ്മൾ എങ്ങനെ പറയും?

36. പക്ഷെ, “principal business” എന്താണെന്നു എവിടെയും നിർവ്വചിച്ചു കാണുന്നില്ല. “principal business” എന്താണെന്നു നിശ്ചയിക്കാൻ വല്ല മാനദണ്ഡങ്ങളും ഉണ്ടോ?

നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിച്ച് പറയുകയാണെങ്കിൽ മൊത്തം ബിസിനസ് വരവ് അല്ലെങ്കിൽ ടേൺഓവർന്റെ അമ്പത് ശതമാനത്തിനു മേലെ കാർഷിക വായ്പയിൽ നിന്നോ അല്ലെങ്കിൽ അനുബന്ധമായ കാർഷിക ഇടപാടുകളിൽ നിന്നോ ആണെങ്കിൽ നമ്മുടെ “principal business” കാർഷികമായി ബന്ധപെട്ടതാണെന്നു പറയാൻ ന്യായമുണ്ട്. അതുമല്ലെങ്കിൽ മൊത്തം ആദായത്തിന്റെ അമ്പതു ശതമാനത്തിൽ കൂടുതൽ ആദായം കാർഷികമായി ബന്ധപ്പെട്ട ഇടപാടുകളിൽ നിന്നാണെങ്കിൽ നമുക്ക് പറയാം “principal business ” കാർഷികമായി ബന്ധപെട്ടതാണെന്നു.

37. ഉദാഹരണത്തിനു പാക്സിന് രണ്ടു ബിസിനെസ്സുകൾ ഉണ്ടെന്നു സങ്കല്പിയ്ക്കു – കാർഷിക വായ്പ കൊടുക്കുന്ന ബിസിനസ്സും കീടനാശിനികളുടെ വില്പനയും. കാർഷികവായ്പകളിൽ നിന്നും കിട്ടിയ മൊത്തം ആദായം 51 രൂപയും കീടനാശിനികളുടെ വില്പനയിൽ നിന്നും 49 രൂപയും ആദായം ലഭിച്ചാൽ നമ്മൾക്ക് പറയാം “principal business ” കാർഷിക വായ്പ കൊടുക്കൽ തന്നെയാണെന്ന്.

38. എന്നാൽ ഈ അനുപാതത്തിന്റെ ചുവടു പിടിച്ചു പാക്‌സ് ആണോ അല്ലയോ എന്ന് നിർണയിക്കുന്നത് അപകടത്തിൽ ചെന്ന് കലാശിക്കും. ഈ ലേഖകൻ കൈകാര്യം ചെയ്ത ഒരു പാക്‌സ് കേസ് തന്നെ ഉദാഹരണത്തിനു എടുക്കാം. എന്റെ കേസിൽ 2012-13 വർഷത്തിൽ പാക്സിന്റെ മൊത്തം വരുമാനത്തിന്റെ 43 ശതമാനം കാർഷിക വായ്പയിൽ നിന്നും ആയിരുന്നു എന്ന് ഒരു കത്തിലൂടെ ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ 2013 -14 വർഷത്തിൽ ഈ അനുപാതം 52 ശതമാനമായിരുന്നു എന്നും ആദായനികുതി ആഫീസർക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഈ കത്തുകളിൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആദായനികുതി ആഫീസർ പാക്‌സ് ആയി അംഗീകരിക്കുകയും 80P യുടെ ആനുകൂല്യം 2013 -14 വർഷത്തേക്ക് നൽകുകയും ചെയ്തു!!!……2012 -13 വർഷത്തിൽ ഈ അനുപാതം അമ്പതു ശതമാനത്തിനു താഴെയാണെന്നു കാണിച്ചു 80P യുടെ ആനുകൂല്യം നിഷേധിച്ച അതെ ആഫീസർ തന്നെയാണ് 2013 -14 വർഷത്തിൽ 50 ശതമാനത്തിനു മേലെ ഉണ്ടെന്നു കാണിച്ചു 80P യുടെ ആനുകൂല്യം നൽകിയതും. ഭാഗ്യത്തിന് ആ നികുതി ആഫീസർ എന്റെ കക്ഷിയുടെ ( പാക്സിന്റെ ) ബാലൻസ് ഷീറ്റ് വിശദമായി പരിശോധിച്ചില്ല എന്ന് ആ പാക്സിന്റെ സെക്രട്ടറി പിന്നീട് എന്നോട് പറയുകയും ചെയ്തു. അപ്പോൾ മേലേപ്പറഞ്ഞതാണ് ആദായനികുതി വകുപ്പിന്റെ പൊതുവെ ഉള്ള നിലപാട് എന്ന് മനസിലാക്കാം.
തുടരും

Leave a Reply

Your email address will not be published. Required fields are marked *

Latest News