അന്നു ഹസ്സന്‍ ചോദിച്ചു, എന്നാലും എന്റെ കമലേടത്തീ….

[mbzauthor]

സഹകരണത്തിന്റെ സഭാരേഖകള്‍

സഹകരണ മേഖലയിലെ അനുഭവ സമ്പത്തുമായി നിയമസഭയില്‍
എത്തിയ എം.എം. ഹസ്സന്‍ 1985 ല്‍ അവതരിപ്പിച്ച ഒരു സ്വകാര്യ
ബില്ലിനോട് അന്നത്തെ സഹകരണമന്ത്രി എം. കമലം കൈക്കൊണ്ട
പ്രതികൂല നിലപാടാണ് സഭാരേഖകളിലെ ഇത്തവണത്തെ വിഷയം.
ഭവനനിര്‍മാണ സഹകരണ സംഘങ്ങളെ ശാക്തീകരിക്കുക എന്ന
ലക്ഷ്യവുമായി കൊണ്ടുവന്ന സ്വകാര്യബില്‍ കമലത്തിന്റെ ഉറച്ച
നിലപാടിനു മുന്നില്‍ പിന്‍വലിക്കേണ്ടിവന്നു ഹസ്സന്.

 

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1982-87 കാലം. ആ സര്‍ക്കാരില്‍ സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യമന്ത്രിയും എം. കമലം സഹകരണ മന്ത്രിയുമായിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ് അന്നു എം.എം. ഹസ്സന്‍. സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണു ഹസ്സന്‍ നിയമസഭയിലെത്തിയത്. കരുണാകരന്റെ കാലത്തു രണ്ടാമത്തെ തവണയാണു ഹസ്സന്‍ നിയമസഭാംഗമായത്. 1980 ല്‍ പതിനെട്ടു മാസം മാത്രം നിലനിന്ന ഇ.കെ. നായനാര്‍സര്‍ക്കാരിന്റെ കാലത്തും ഹസ്സന്‍ കഴക്കൂട്ടത്തെ പ്രതിനിധാനം ചെയ്തു നിയമസഭയിലുണ്ടായിരുന്നു. കരുണാകരന്റെ കാലത്ത് ഒരു അനൗദ്യോഗിക ബില്ല് അദ്ദേഹം സഭയില്‍ കൊണ്ടുവന്നു. ഭവനനിര്‍മാണ സഹകരണസംഘങ്ങളെ ശാക്തീകരിക്കുന്നതിനുവേണ്ടിയുള്ള പുതിയ നിയമമാണു ഹസ്സന്‍ കൊണ്ടുവന്നത്.

സര്‍ക്കാരിനുവേണ്ടി മന്ത്രിമാര്‍ കൊണ്ടുവരുന്ന ബില്ലുകളാണ് ഔദ്യോഗിക ബില്ലുകളായി അറിയപ്പെടുന്നത്. സര്‍ക്കാരിനല്ലാതെ ഏത് അംഗത്തിനും നിയമനിര്‍മാണം ആവശ്യപ്പെട്ട് സഭയില്‍ ബില്ല് കൊണ്ടുവരാം. ഇതാണ് അനൗദ്യോഗിക ബില്‍ അല്ലെങ്കില്‍ സ്വകാര്യബില്‍. ഇത്തരം ബില്ലുകള്‍ പരിഗണിക്കുന്നതിനു സഭാസമ്മേളനത്തില്‍ പ്രത്യേകദിവസം നിശ്ചയിക്കാറുണ്ട്. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനു മുമ്പ് അതു പരിശോധിക്കാന്‍ പ്രത്യേകം സമിതിയുണ്ട്. ഏഴംഗങ്ങള്‍ അടങ്ങുന്നതാണു സമിതി. എല്ലാ അനൗദ്യോഗിക ബില്ലുകളും സഭ പരിഗണനയ്ക്ക് എടുക്കുന്നതിനു മുമ്പ് അവ പരിശോധിക്കുകയും അവയുടെ സ്വഭാവം, അത്യാവശ്യം, പ്രാധാന്യം എന്നിവയനുസരിച്ചു തരംതിരിക്കുകയും ചെയ്യുന്നത് ഈ സമിതിയാണ്. ഈ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുമ്പ് സമയം അനുവദിക്കുക, സ്വകാര്യബില്ലുകള്‍ സഭയുടെ നിയമനിര്‍മാണ അധികാരത്തിനു പുറത്തുള്ളതാണോയെന്നു പരിശോധിക്കുക എന്നിവയെല്ലാം ഈ സമിതി ചെയ്യും. ഈ കടമ്പയെല്ലാം കടന്നു ഹസ്സന്റെ സഹകരണബില്‍ 1985 ജൂലായ് 31 നു നിയമസഭയിലെത്തി.

സഹകരണമന്ത്രി
എതിര്‍ക്കുന്നു

1985 ലെ കേരള ഭവനനിര്‍മാണ സഹകരണസംഘം ബില്‍ എന്നാണ് ഇതിന്റെ പേര്. ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന പ്രമേയം എം.എം. ഹസ്സന്‍ അവതരിപ്പിച്ചു. സഹകരണമന്ത്രിയായിരുന്ന എം. കമലം ഉടനെ എഴുന്നേറ്റു പറഞ്ഞു: ‘സര്‍, ഈ ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു’. ഭരണകക്ഷിയിലെ അംഗമാണു ഹസ്സന്‍. പൊടുന്നനെ ബില്ലിനെ എതിര്‍ത്തു കമലം രംഗത്തുവന്നതോടെ ഹസ്സനും ഷോക്കായി. സ്വകാര്യബില്ലുകള്‍ സാധാരണഗതിയില്‍ നിയമമായി മാറാറില്ല. കാരണം, അതു സഭ തള്ളുകയാണ് പതിവ്. ഇനി അത്തരമൊരു നിയമനിര്‍മാണം അനിവാര്യമാണെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ അത് ഔദ്യോഗികബില്ലായി സര്‍ക്കാര്‍ കൊണ്ടുവരികയാണു ചെയ്യാറുള്ളത്. അതിനാല്‍, തന്റെ ബില്ല് തള്ളുമെന്ന കാര്യത്തില്‍ ഹസ്സനുപോലും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ബില്ല് അവതരിപ്പിക്കുന്നതിനു മുമ്പേ അതിനെ എതിര്‍ത്തു കമലം നിലപാട് വ്യക്തമാക്കിയതു ഹസ്സനെ ധര്‍മസങ്കടത്തിലാക്കി.

‘എന്നാലും എന്റെ കമലേടത്തീ, ഒറ്റവാചകത്തില്‍ ഇതിനെയും എതിര്‍ക്കുന്നുവെന്നു പറഞ്ഞതില്‍ സത്യത്തില്‍ വേദനയുണ്ട്’ – ഇതായിരുന്നു ഹസ്സന്റെ പ്രതികരണം. ‘ഇത് എന്നോട് വേണമോ’ എന്ന ചോദ്യവും കമലത്തോട് ചോദിച്ചാണു ഹസ്സന്‍ സംസാരിച്ചുതുടങ്ങിയത്. ‘ എം.വി. രാഘവനെപ്പോലെയും കാനം രാജേന്ദ്രനെപ്പോലെയും അപകടകാരിയൊന്നുമല്ല ഞാന്‍. ഈ സര്‍ക്കാരിന് ഒരു കുഴപ്പവും ഉണ്ടാക്കുന്ന ആളുമല്ല. താങ്ങുന്നവരെ തലോടുകയല്ലാതെ തഴയാമോ? കേരളത്തിലെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കാന്‍വേണ്ടി കഴിഞ്ഞ 15 വര്‍ഷമായി ശ്രമിച്ചുവരുന്ന കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷന്റെയും ഇരുനൂറോളം പ്രാഥമിക ഭവന നിര്‍മാണസംഘങ്ങളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും വേണ്ടിയുള്ള ഒരു ഒറിജിനല്‍ ബില്ലാണു ഞാന്‍ അവതരിപ്പിക്കുന്നത്. ഇതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നു മനസ്സിലാകുന്നില്ല’ – ഹസ്സന്‍ പറഞ്ഞു.

പ്രതിപക്ഷനിരയിലെ അക്കാലത്തെ നേതാക്കളായിരുന്നു സി.പി.എം. നേതാവായ എം.വി. രാഘവനും സി.പി.ഐ. നേതാവായ കാനം രാജേന്ദ്രനും. പ്രതിപക്ഷം സര്‍ക്കാരിനെ കുഴിയില്‍ ചാടിക്കാനുള്ള എല്ലാ വഴികളും തേടും. എന്നാല്‍, ഹസ്സന്‍ ഭരണപക്ഷത്താണ്. രാഘവനേയും കാനത്തെയുംപോലെ തന്നെയും പേടിക്കേണ്ടതുണ്ടോയെന്നു ഹസ്സന്‍ ചോദിച്ചതിന്റെ കാര്യം ഇതാണ്. താങ്ങുന്നവരെ തലോടുകയല്ലാതെ തഴയാമോയെന്നതു ഭരണപക്ഷമെന്ന പരിഗണന മന്ത്രിയില്‍നിന്നുണ്ടായില്ലെന്നതിന്റെ പരിഭവവുമായിരുന്നു.

ടി.കെ. ഹംസയുടെ
ഒളിയമ്പ്

ഹസ്സന്റെ വാക്കുകള്‍ കേട്ടയുടനെ ടി.കെ.ഹംസ എഴുന്നേറ്റു. നിലമ്പൂര്‍ എം.എല്‍.എ.യായിരുന്നു അക്കാലത്തു ഹംസ. ‘അങ്ങ് ഈ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നു പറഞ്ഞു. അങ്ങ് എവിടെ പോയാലും കമഴ്‌ന്നേ വീഴുകയുള്ളൂ. തഞ്ചത്തിനനുസരിച്ച് നില്‍ക്കും എന്നല്ലേ അതിനര്‍ഥം’- ഹംസയുടെ ചോദ്യം ഹസ്സനെ രാഷ്ട്രീയമായി കുത്താനുള്ളതായിരുന്നു. 1980 ല്‍ കോണ്‍ഗ്രസ്സിലെ എ വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പി.സി. ചാക്കോ, വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരെല്ലാം അന്നു നായനാര്‍ മന്ത്രിസഭയില്‍ അംഗങ്ങളുമായിരുന്നു. അന്നു ഹസ്സനും ഇടതുപക്ഷത്തേക്കു മാറിയ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഒന്നാവുകയും കരുണാകരന്‍മന്ത്രിസഭയില്‍ അവരെല്ലാം ഒരുമിച്ചു ഭരണപക്ഷത്തെത്തുകയും ചെയ്തു. ഈ മാറ്റത്തെയും തിരിച്ചെത്തലിനെയും സൂചിപ്പിച്ചാണു ഹസ്സനുനേരെ ഹംസയുടെ ഒളിയമ്പ്.

‘ ഞാന്‍ നിങ്ങളെപ്പോലെയല്ല. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഞാന്‍ രണ്ടു തവണയും ഭരണപക്ഷത്തായിരുന്നു. ഗവണ്‍മെന്റിനെ തലോടലാണ് എന്റെ ജോലി. എം.വി. രാഘവന്റെയോ കാനം രാജേന്ദ്രന്റെയോ ബില്ലിനെ എതിര്‍ക്കുന്നതുപോലെ കമലേട്ടത്തി ഒറ്റവാചകത്തില്‍ ഇതിനെയും എതിര്‍ക്കുന്നുവെന്നു പറഞ്ഞതില്‍ സത്യത്തില്‍ വേദനയുണ്ട്. ഞങ്ങളെയൊക്കെ അല്‍പ്പംകൂടി പരിഗണിക്കണം’ – ഹസ്സന്‍ പറഞ്ഞു.

വി.എം. സുധീരനായിരുന്നു സ്പീക്കര്‍. സ്പീക്കറോടും ഹസ്സന്‍ ഒരു അഭ്യര്‍ഥന നടത്തി. ‘ അങ്ങ് സ്പീക്കറാകുന്നതിനു മുമ്പ് അംഗങ്ങളുടെ അനൗദ്യോഗിക പ്രമേയങ്ങളും ബില്ലുകളും സംബന്ധിച്ച സമിതിയുടെ ചെയര്‍മാനായിരുന്നു. ഇപ്പോള്‍ ഞാനാണ് ആ സമിതിയുടെ ചെയര്‍മാന്‍. ഒറിജിനല്‍ ബില്ലുകളും ഗവണ്‍മെന്റിനു ബുദ്ധിമുട്ടില്ലാത്ത ബില്ലുകളും ഗവണ്‍മെന്റ് അംഗീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണ് ആ സമിതിയുടെ അധ്യക്ഷന്‍ എന്നുള്ള നിലയില്‍ അപേക്ഷിക്കാനുള്ളത്. ബഹുമാനപ്പെട്ട സ്പീക്കര്‍കൂടി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്ന് എനിക്കപേക്ഷയുണ്ട്’- ഹസ്സന്‍ പറഞ്ഞു. ‘ഇതുസംബന്ധിച്ച് ശില്‍പ്പശാലയുടെ റെക്കമെന്റേഷനുണ്ട്. അതിന്റെ ഇംപ്ലിമെന്റേഷന്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ് ‘ – സ്പീക്കര്‍ മറുപടി പറഞ്ഞു.

ബില്ലിന്റെ
ആവശ്യകത

എം. കമലത്തിന്റെ എതിര്‍പ്പും പ്രതിപക്ഷാംഗങ്ങളുടെ ഒളിയമ്പും എല്ലാം നേരിട്ട് സ്പീക്കറോട് അഭ്യര്‍ഥനയും നടത്തിയ ഹസ്സന്‍ ബില്ലിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ചു. അതിങ്ങനെയായിരുന്നു: ‘ ഈ ബില്ലുകൊണ്ട് യാതൊരു ദൂഷ്യവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വളരെയധികം മെച്ചം ഉണ്ടാവുകയും ചെയ്യും. 15 വര്‍ഷമായി സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നു. ഇരുനൂറിലധികം പ്രാഥമികകേന്ദ്രങ്ങള്‍ ഇതിന്റെ കീഴിലുണ്ട്. 500 കോടി രൂപയിലേറെ സംഘങ്ങളിലൂടെ 15 കൊല്ലമായി പാര്‍പ്പിടപ്രശ്‌നം പരിഹരിക്കാന്‍ വായ്പ കൊടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാധാരണക്കാരും ഇടത്തരക്കാരും പാവപ്പെട്ടവരുമായ ആളുകള്‍ക്ക് ഈ തുക ദീര്‍ഘകാല വായ്പയായി കൊടുക്കുന്നു. ഏതാണ്ട് 18,000 വീടുകള്‍ ഞങ്ങള്‍ ഇതിനകം കെട്ടിക്കഴിഞ്ഞു. ഈ സഭയിലെ ബഹുമാനപ്പെട്ട അംഗങ്ങളായ വി.സി. കബീറിനെയും കെ.ഇ. ഇസ്മയിലിനെയും പി.കെ. വേലായുധനേയുംകൊണ്ടെല്ലാം ഞാന്‍ വീടുകെട്ടിക്കുകയാണ്. ഇവര്‍ക്കെല്ലാം ഈ സംഘത്തിന്റെ പ്രവര്‍ത്തനംകൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ട്. ഈ സംഘം ദീര്‍ഘകാല വായ്പ കൊടുക്കുന്നതുകൊണ്ട് സംഘത്തിന്റെ കുടിശ്ശിക പിരിക്കുന്നതിനും ആര്‍ബിട്രേഷന്‍ കേസിലും എക്‌സിക്യുഷന്‍ കേസിലും അകപ്പെട്ടിട്ടുള്ള തുക പിരിച്ചെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. 1969 ലെ സഹകരണനിയമത്തില്‍ ഇതിനു പ്രത്യേകമായ ഒരു നിയമം ആവശ്യമാണ്. ബഹുമാനപ്പെട്ട മന്ത്രിയുടെ മുമ്പില്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിനു വളരെ ബുദ്ധിമുട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്’- ഹസ്സന്‍ പറഞ്ഞു.

സഭയിലെ അംഗങ്ങളായ വി.സി.കബീറും കെ.ഇ. ഇസ്മയിലും പി.കെ.വേലായുധനും ഭവനനിര്‍മാണ സഹകരണസംഘങ്ങളില്‍നിന്നു വായ്പയെടുത്തവരാണെന്നാണു ഹസ്സന്‍ ചൂണ്ടിക്കാട്ടിയത്. കബീര്‍ ഒറ്റപ്പാലത്തുനിന്നുള്ള എം.എല്‍.എ.യായിരുന്നു. പട്ടാമ്പിയില്‍നിന്നാണു കെ.ഇ. ഇസ്മയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി സംവരണ മണ്ഡലമായ ഞാറയ്ക്കലിനെ പ്രതിനിധാനം ചെയ്താണു പി.കെ. വേലായുധന്‍ സഭയിലെത്തിയത്. ഹൗസിങ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവൈപുല്യം എടുത്തുകാണിക്കാനാണു ഹസ്സന്‍ ഇക്കാര്യം വിശദീകരിച്ചത്.

ഹസ്സന്‍ വീണ്ടും തുടര്‍ന്നു – ‘സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ക്കു ഹൗസ് കണ്‍സ്ട്രക്ഷനുവേണ്ടി വായ്പ കൊടുക്കാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞങ്ങളുടെ സംഘങ്ങളിലൂടെ കൊടുക്കുന്ന ഈ വായ്പയ്ക്കു മൂന്നു ശതമാനം പലിശസബ്‌സിഡി നല്‍കാമെന്നു സമ്മതിച്ചു. അതു നല്‍കിക്കൊണ്ടിരുന്നതാണ്. അത് ഈ സംഘങ്ങള്‍ക്കാണു കൊടുക്കുന്നത്. ഇങ്ങനെ 202 സംഘങ്ങള്‍ക്കു പലിശസബ്‌സിഡിയിനത്തില്‍ 54 ലക്ഷം രൂപ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്കു തരാനുണ്ട്. ഈ വര്‍ഷത്തെ ബജറ്റില്‍ ഒന്നര ലക്ഷം രൂപയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എങ്ങനെ ഈ സംഘങ്ങള്‍ കുടിശ്ശിക നല്‍കാതെ രക്ഷപ്പെട്ടുപോകും ?. സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു ഭവനവായ്പ കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സഹകരണ ഭവന നിര്‍മാണസംഘങ്ങളിലൂടെ കൊടുക്കുന്നുണ്ട്. അതിനുള്ള പണം കണ്ടെത്തേണ്ടയോ ?. അതു സര്‍ക്കാരിന്റെ ബാധ്യതയല്ലേ ?. സര്‍ക്കാര്‍ജീവനക്കാര്‍ അവരുടെ അവകാശം എന്ന നിലയിലാണു വായ്പയെടുക്കുന്നത്. ഞങ്ങളുടെ സംഘങ്ങളെല്ലാം കുടിശ്ശികയാണ്. 15 ശതമാനത്തിനുമേല്‍ കുടിശ്ശിക വന്നാല്‍ സഹകരണ ഭവന നിര്‍മാണസംഘത്തിനു ഞങ്ങള്‍ വായ്പ പാസാക്കിക്കൊടുക്കാറില്ല. പുതിയ വായ്പക്കാര്‍ക്കു വരാന്‍ നിര്‍വാഹമില്ല. വീടുവെക്കാന്‍ പണം കിട്ടുകയുമില്ല. അവര്‍ക്കു സഹകരണ ഭവനസംഘങ്ങളെക്കൊണ്ട് ഗുണം ഉണ്ടാവില്ല. 202 സംഘങ്ങളും ഈ 54 ലക്ഷം രൂപ കിട്ടാതെ വിഷമിക്കുകയാണ്. പല തവണ ഞാന്‍ ബഹുമാനപ്പെട്ട സഹകരണമന്ത്രിയുടെ മുമ്പില്‍ നിവേദനം നടത്തിയതാണ്. ധനമന്ത്രി ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്. അദ്ദേഹത്തിന്റെയും ബഹുമാനപ്പെട്ട കമലേട്ടത്തിയുടെയും ശ്രദ്ധയ്ക്കുവേണ്ടി ഞാന്‍ പറയുകയാണ് ഈ 54 ലക്ഷം രൂപ ഞങ്ങള്‍ക്കു തന്നില്ലെങ്കില്‍ നിങ്ങള്‍ രണ്ടു പേരെയും ഞങ്ങള്‍ വിടില്ല. ഈ സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ ഞങ്ങള്‍ സത്യാഗ്രഹം ചെയ്യുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്….’

ഇത്രയും പറഞ്ഞതോടെ സഭയില്‍ ബഹളമായി. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും അംഗങ്ങള്‍ വാദപ്രതിവാദങ്ങളുമായി എഴുന്നേറ്റു. ഇതിനിടയില്‍ ഇത്രയുംകൂടി ഹസ്സന്‍ പറഞ്ഞു -‘ നിങ്ങളുടെ സഹകരണം ഞങ്ങള്‍ക്കു വളരെയധികം ആവശ്യമാണ്. അതുകൊണ്ട് പലിശ സബ്‌സിഡിയിനത്തിലുള്ള 54 ലക്ഷം രൂപ ഉടനടി കൊടുത്ത് ഈ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ രക്ഷിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു’.

ഇതോടെ കാനം രാജേന്ദ്രന്‍ എഴുന്നേറ്റു. : ‘ സഹകരണമന്ത്രി ഫയല്‍ നീക്കിയിട്ടും പണം കിട്ടിയില്ല. ധനകാര്യവകുപ്പാണു തരേണ്ടത് എന്നു ഹസ്സന്‍ പറഞ്ഞു. എന്നാല്‍, സെക്രട്ടറിയേറ്റിലേക്കു സമരം നടത്തുന്നതിനു പകരം വകുപ്പുമന്ത്രിയും കൂടി ധനകാര്യമന്ത്രിയുടെ വീട്ടുപടിക്കലേക്കു സമരത്തിനു പോകാന്‍ തയ്യാറുണ്ടോ.’- ഇതായിരുന്നു കാനത്തിന്റെ ചോദ്യം. ‘ എനിക്ക് ആരുടെ മുമ്പിലും സമരം ചെയ്യാന്‍ ഒരു മടിയുമില്ല. പണം കിട്ടണമെന്നേയുള്ളൂ. സംഘങ്ങള്‍ക്കു പണം വാങ്ങിക്കൊടുക്കണം. അതുകൊണ്ട്, സഹകരണ ഭവനനിര്‍മാണ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉദാരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം എന്നേ പറയാനുള്ളൂ’ – ഹസ്സന്‍ ഇതിനു മറുപടി നല്‍കി.

കമലത്തിന്റെ
മറുപടി

ബില്ല് അവതരിപ്പിക്കാനുള്ള കാര്യകാരണങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ സര്‍ക്കാരിന്റെ നിലപാട് കമലം വിശദീകരിച്ചു. അത് ഇങ്ങനെയാണ്-‘ ‘ ഹസന്‍ അവതരിപ്പിച്ച ബില്ല് പൂര്‍ണമായും അംഗീകരിക്കാന്‍ സര്‍ക്കാരിനു സാധ്യമല്ല. അത് അവതരിപ്പിച്ച സന്ദര്‍ഭത്തില്‍ത്തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ ഭവനനിര്‍മാണ ഫെഡറേഷന്‍ 1970 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതിന്റെ കീഴില്‍ 205 പ്രൈമറി സംഘങ്ങളുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു ദീര്‍ഘകാല വായ്പകള്‍ കൊടുക്കുക എന്നുള്ളതാണ്. അതിനു സമഗ്രമായ നിയമപരിരക്ഷ ആവശ്യമാണ് എന്നതാണു ഹസ്സന്‍ ഉന്നയിച്ചത്. ഇതു സര്‍ക്കാര്‍ വളരെ കൂലങ്കഷമായി പരിശോധിച്ചു. അതില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം, ചില കാര്യങ്ങള്‍ക്കു ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട് എന്നതാണ്. അതായത്, ഹൗസിങ് ഫെഡറേഷന് ഓഹരിയിനത്തില്‍ സര്‍ക്കാര്‍ 51 ശതമാനം നല്‍കണമെന്നു പറയുന്നുണ്ട്. ഈ നിബന്ധന ഒരു സ്റ്റാറ്റിയൂട്ട് പ്രകാരം സര്‍ക്കാരിനോട് അനുശാസിക്കാവുന്നതല്ല. ഈ ബില്ലിലെ പല വകുപ്പുകളും ഇന്ത്യന്‍ രജിസ്ട്രേഷന്‍ ആക്ട്, ലാന്‍ഡ് അക്വിസിഷന്‍ ആക്ട്, ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട് തുടങ്ങിയ നിയമങ്ങളിലെ ചില വകുപ്പുകള്‍ക്കു വിരുദ്ധമായിട്ടുള്ളതാണ്. അതുകൊണ്ട് ഭവനനിര്‍മാണ സംഘങ്ങള്‍ക്കു പ്രത്യേക ബില്ല് ആവശ്യമില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. അതേ സന്ദര്‍ഭത്തില്‍ എനിക്കു ബഹുമാനപ്പെട്ട ഹസ്സനോടു പറയാനുള്ളത്, ഷെല്‍ട്ടര്‍ ആന്റ് ബില്‍ഡിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപവത്കരിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ്.. അതോടുകൂടി ഭവനനിര്‍മാണരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും പരിഹരിക്കാനാകുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്’. മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് ബില്ല് പിന്‍വലിക്കുന്നതായി ഹസ്സന്‍ സഭയെ അറിയിച്ചു.

 

                                                                           (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം – 2023)

[mbzshare]

Leave a Reply

Your email address will not be published.