മുണ്ടക്കൈ പുനരധിവാസം: അടുത്താഴ്‌ച വാര്‍പ്പ് പൂര്‍ത്തിയാക്കും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതപ്രദേശങ്ങളുടെ പുനരധിവാസടൗണ്‍ഷിപ്പ് നിര്‍മാണക്കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം അടുത്താഴ്‌ച എല്ലാ വീടിന്റെയും വാര്‍പ്പ് പൂര്‍ത്തിയാക്കും. കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണു പുനരധിവാസനിര്‍മാണപ്രവര്‍ത്തനങ്ങള്‍. 260 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. 39വീടിനു പില്ലര്‍ നിര്‍മിച്ചു. ഇവ വൈകാതെ വാര്‍ക്കും. 332 വീടുകള്‍ക്കാണ് അടിത്തറ പണിതിട്ടുള്ളത്. വാര്‍പ്പു തീര്‍ന്ന 260 വീടും പില്ലര്‍ സ്ഥാപിച്ച 39 വീടും ഇതില്‍ പെടും. 1600 തൊഴിലാളികളുണ്ട്. ദിവസം ശരാശരി 5-10 വീട് വാര്‍ക്കുന്നുണ്ട്. വാര്‍പ്പു കഴിഞ്ഞവയില്‍ പ്ലമ്പിങ്ങും തേപ്പും ഫ്‌ളോറിങ്ങും നടക്കുന്നു. 11.42 മീറ്റര്‍ റോഡിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. അഞ്ചു സോണിലായി 35 ക്ലസ്‌റ്ററിലേക്കു റോഡു വെട്ടി. ഉപറോഡുകള്‍ക്കു ഒമ്പതരമീറ്ററും ക്ലസ്റ്റര്‍ റോഡുകള്‍ക്ക് 5.8മീറ്ററും വീതിയുണ്ടാകും. കുടിവെള്ള സംഭരണി, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഭൂഗര്‍ഭവൈദ്യതശൃംഖല, ഓവുചാല്‍ തുടങ്ങിയവും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. കുടിവെള്ളസംഭരണിയില്‍ ഒമ്പതുലക്ഷംലിറ്റര്‍ വെള്ളം കൊള്ളും. ഫെബ്രുവരിയില്‍ മൊത്തം ടൗണ്‍ഷിപ്പും പൂര്‍ത്തിയാക്കും.


