അര്‍ബന്‍ബാങ്കുകളുടെ ഓഹരിവില്‍പന: ഡി.പി. പ്രസിദ്ധീകരിച്ചു
അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു മൂലധനം സമാഹരിക്കാന്‍ പബ്ലിക് ഇഷ്യൂ അടക്കമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും അടങ്ങിയ സംവാദരേഖ (ഡിസ്‌കഷന്‍ പേപ്പര്‍ – ഡി.പി) റിസര്‍വ് ബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രത്യേകഓഹരിപത്രങ്ങള്‍ (സ്‌പെഷ്യല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍) ഇറക്കാനാവുമെന്ന് ഇതില്‍ പറയുന്നു. പുതിയ ധനസമാര്‍ജനമാര്‍ഗങ്ങളും വിപണനസംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണു ഡിപി ഇറക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആര്‍ബിഐയുടെ Connect 2 Regulate പോര്‍ട്ടലിലൂടെ ജൂലൈ 15വരെ അറിയിക്കാവുന്നതാണ്. വര്‍ക്കിങ് ഗ്രൂപ്പ് ആണ് ഡി.പി തയ്യാറാക്കിയത്.
യുസിബികളെ സ്‌പെഷ്യല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നറിയപ്പെടുന്ന പ്രത്യേകഓഹരികള്‍ ഇറക്കാന്‍ അനുവദിക്കണമെന്നു രേഖയിലുണ്ട്. ഫ്രാന്‍സ്, ചൈന, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ സഹകരണമേഖലയില്‍ ഇത്തരം രണ്ടുതരം ഓഹരികളുണ്ട്. തുടക്കത്തില്‍ ടയര്‍4 യുസിബികളെമാത്രമായിരിക്കും എസ്‌എസ്‌സികള്‍ ഇറക്കാന്‍ അനുവദിക്കുക. എസ്‌എസ്‌സി എടുക്കുന്നവര്‍ക്കു വോട്ടവകാശമോ അംഗത്വാവകാശമോ ഉണ്ടായിരിക്കില്ല. എത്ര തുക എസ്‌എസ്‌സികളിലൂടെ സമാഹരിക്കാമെന്നു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനു തീരുമാനിക്കാം. ഇതിനായി എസ്‌എസ്‌സികളുടെ വില്‍പനയ്‌ക്ക് ഒരുമാസംമുമ്പ് എല്ലാ വിവരവുമടങ്ങിയ ഓഫര്‍ ഡോക്യുമെന്റ് റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കണം. അംഗഓഹരികളിലെ നിക്ഷേപകര്‍ക്കു തുല്യമായ പരിഗണന എസ്‌എസ്‌സികളിലെ നിക്ഷേപകരുടെ ക്ലെയിമുകള്‍ക്കും കിട്ടും. പുസ്‌തകമൂല്യത്തിലായിരിക്കും എസ്‌എസ്‌സികള്‍ നല്‍കുക. എസ്‌എസ്‌സികളിലെ ബാക്കിനില്‍പു തുകയും (പ്രീമിയം ഒഴിച്ച്) പിഎന്‍സിപികളിലെയും പിഡിഐകളിലെയും ബാക്കിനില്‍പുതുകയും ടയര്‍ 1 മൂലധനത്തിന്റെ 35 ശതമാനത്തില്‍ കുടരുത്. അംഗഓഹരികളുടെ മുഖവിലതന്നെയായിരിക്കും എസ്‌എസ്‌സികള്‍ക്കും. ലാഭവീതവും അംഗഓഹരികളുടെതുതന്നെ. മൂന്നുകൊല്ലമെങ്കിലും കഴിഞ്ഞേ തുക തിരികെ ലഭിക്കൂ. ഒരു യുസിബിക്കും മറ്റു യുസിബികളുടെ എസ്‌എസ്‌സി വാങ്ങാന്‍ അവകാശമുണ്ടായിരിക്കില്ല. എസ്‌എസ്‌സികള്‍ ഈടു നല്‍കി വായ്‌പയെടുക്കാനുമാവില്ല. ബാങ്കിലെ മറ്റൊരംഗത്തിനോ ബാങ്കുപരിധിയില്‍ താമസിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ എസ്‌എസ്‌സി കൈമാറാവുന്നതാണ്.
ടയര്‍4യുസിബികളെ അംഗഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കാമെന്നും ഡി.പി.യിലുണ്ട്. യുസിബികളുടെ വെബ്‌സൈറ്റിലൂടെയായിരിക്കും ഇത് അനുവദിക്കുക. അതാതുസംസ്ഥാനത്തെ സംസ്ഥാനസഹകരണബാങ്കുകളുടെ അംഗഓഹരികൈമാറ്റ വ്യവസ്ഥകളാണ് ഇതിനു ബാധകമാക്കുക. ഇത് ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്യാനും സഹായകമാകും.തങ്ങളുടെ വെബ്‌സൈറ്റിലൂടെ മറ്റു റെഗുലേറ്ററി മൂലധനസമാഹരണസംവിധാനങ്ങളുടെ വിപണനം അനുവദിക്കുന്ന കാര്യവും ഡി.പി വിഭാവന ചെയ്യുന്നുണ്ട്. അംഗങ്ങള്‍ക്കോ ബാങ്കുപരിധിയില്‍ താമസിക്കുന്നവര്‍ക്കോ വില്‍ക്കാനായിരിക്കും അനുമതി.
പെര്‍പച്വല്‍ നോണ്‍ക്യുമുലേറ്റീവ് പ്രിഫറന്‍സ് ഷെയറുകള്‍ (പിഎന്‍സിപിഎസ്) സംബന്ധിച്ചും വിദഗ്‌ധസമിതി ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.പിഎന്‍സിപിഎസ് എടുത്തവര്‍ക്ക് ഒരു നിശ്ചിതപരിധിവരെ അഡ്വാന്‍സ് അനുവദിക്കാമെന്നാണു ശുപാര്‍ശ.ബാങ്കിങ് നിയന്ത്രണനിയമത്തില്‍ 2020ല്‍ വരുത്തിയ ഭേദഗതിപ്രാകരം ഓഹരിവില്‍പനയിലൂടെ സഹകരണബാങ്കുകള്‍ക്കു മൂലധനം സമാഹരിക്കാമെന്നു വ്യക്തമാക്കിയിരുന്നു. ഇതിനായി മുന്‍ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസമിതി മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും തയ്യാറാക്കി. തുടര്‍ന്ന് ഈ ശുപാര്‍ശകള്‍ എങ്ങനെ നടപ്പാക്കാമെന്നു പഠിക്കാന്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ വച്ചു. ആ വര്‍ക്കിങ് ഗ്രൂപ്പിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡി.പി പ്രസിദ്ധീകരിച്ചിട്ടുള്ളത്.