യു. എൽ. സി. സി.എസിന്റെ ഇന്റർ ലോക് ടൈൽസ് യൂണിറ്റിന് പുരസ്ക്കാരം
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്കാരം ലഭിച്ചു. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2024-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാർഡ്’ സഹകരണമന്ത്രി വി. എൻ. വാസവൻ സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുർവ്വേദൗഷധം, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററിവിഭാഗത്തിലാണ് അവാർഡ്. യു. എൽ. സി. സി. എസ്. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. പി. ജിനേഷ്, സൈറ്റ് ലീഡർ പി. ടി. പ്രദീപ്, യൂണിറ്റ് മാനേജർ ശരത് ലാൽ , എൻവയൺ മെന്റ് മാനേജർ ബി. രാജേഷ്, അസിസ്റ്റന്റ് മാനേജർ ആർ. ജി. രാഹുൽ, സീനിയർ അക്കൗണ്ടന്റ് ബിജുകുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്ത്, തൊഴിൽ വകുപ്പു സെക്രട്ടറി ഡോ. കെ. വാസുകി, ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്, മലിനീകരണനിയന്ത്രണ ബോർഡംഗസെക്രട്ടറി ഡോ. എ. എം. ഷീല എന്നിവർ സംബന്ധിച്ചു.
ഒറ്റ മേൽക്കൂരയ്ക്കുകീഴെ പൂർണ്ണമായും കവചിതമായാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഗ്നിരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങളും ജലസംഭരണിയും അഗ്നിസുരക്ഷാവകുപ്പുമായി ചേർന്നും അല്ലാതെയും നടത്തുന്ന മോക് ഡ്രില്ലുകളും തൊഴിലാളികൾക്കു നല്കുന്ന കൃത്യമായ സുരക്ഷാപരിശീലനവും പരിഗണിച്ചാണ് അവാർഡ്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്ന സംഘം തൊഴിലാളികളെ റൊട്ടേഷൻ രീതിയിൽ നിരന്തരം മാറ്റുകയും യഥാസമയം ആരോഗ്യപരിശോധനകൾ നടത്തുകയും ചെയ്യുന്നു.