ടിഡിഎസ്‌: ആദായനികുതിവകുപ്പ്‌ അറിയിപ്പ്‌ അയക്കുന്നു

Moonamvazhi
50കോടിയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ഒക്ടോബര്‍ 25മുതല്‍ ടിഡിഎസ്‌ പിടിക്കണമെന്ന ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ആദായനികുതിവകുപ്പ്‌ അത്തരം സംഘങ്ങള്‍ക്ക്‌ അറിയിപ്പു നല്‍കിത്തുടങ്ങി. 2020ല്‍ ഫിനാന്‍സ്‌ നിയമത്തില്‍ ഉള്‍പ്പെടുത്തിയ പ്രൊവിസോ പ്രകാരം നിക്ഷേപപ്പലിശക്കു നികുതി പിടിക്കാന്‍ ബാധ്യസ്ഥമാണെന്ന്‌ ഇതില്‍ പറയുന്നു. ആദായനികുതിനിയമം 194എയിലെ മൂന്നാംഉപവകുപ്പുപ്രകാരമാണിത്‌. ഇങ്ങനെ പിടിക്കേണ്ടതു രണ്ടുസാഹചര്യം കണക്കിലെടുത്താണ്‌്‌: (1)തൊട്ടുമുന്നിലെ സാമ്പത്തികവര്‍ഷം പലിശ കൊടുത്തതോ ക്രെഡിറ്റായതോ ആയ ആകെ വില്‍പന – മൊത്തവരുമാനം അഥവാ വിറ്റുവരവ്‌ 50 കോടിയില്‍ കൂടുതലായിരിക്കല്‍. (2) സാമ്പത്തികവര്‍ഷം അക്കൗണ്ടുടമക്കു നല്‍കിയതോ ക്രെഡിറ്റുചെയ്‌തതോ ക്രെഡിറ്റുചെയ്യാന്‍ സാധ്യതയുള്ളതോ ആയ പലിശ അരലക്ഷംരൂപയില്‍ (മുതിര്‍ന്നപൗരരാണെങ്കില്‍ ഒരുലക്ഷംരൂപ) കുടുതലായിരിക്കല്‍.
ടിഡിഎസ്‌ പിടിക്കുന്നതിനെതിരായ അപ്പീലുകള്‍ ഹൈക്കോടതി തള്ളിയകാര്യം അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പറഞ്ഞ വിഭാഗതെ ആദായനികുതിനിയമം 194എ(3)(III) പ്രകാരം ഇളവുള്ള (എക്‌സംപ്‌ഷന്‍) സ്ഥാപനങ്ങളായി കണക്കാക്കാനാവില്ലെന്നു 2025 ഒക്ടോബര്‍ 25ലെ വിധിയില്‍ കോടതി വ്യക്തമാക്കിയതായി അതില്‍ പറയുന്നു. ആദായനികുതിനിയമം 194എ (3) യില്‍ കോടതി ഇടപെടാന്‍ മതിയായ കാരണം ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞിട്ടി്‌ല്ല എന്നു കോടതി പറഞ്ഞകാര്യവും അറിയിപ്പിലുണ്ട്‌. അതായത്‌്‌ ആദാനികുതിനിയമം 194എ(3)യോടു ചേര്‍ത്ത പ്രോവിസോയുടെ ഭരണഘടനാസാധുത കോടതി ശരിവച്ചിരിക്കയാണ്‌. തൊട്ടുപിന്നിലെ സാമ്പത്തികവര്‍ഷം വിറ്റുവരവ്‌ 50കോടി കവിഞ്ഞ സഹകരണസംഘങ്ങള്‍ മുതിര്‍ന്ന പൗരര്‍ക്ക്‌ ഒരുലക്ഷംരൂപയ്‌ക്കുമുകളില്‍ നല്‍കിയ പലിശക്കും അല്ലാത്തവര്‍ക്ക്‌ അരലക്ഷംരൂപക്കുമുകളില്‍ നല്‍കിയ പലിശക്കും ടിഡിഎസ്‌ പിടിക്കാന്‍ ബാധ്യസ്ഥമാണ്‌. ഹര്‍ജിക്കാരുടെ അഭ്യര്‍ഥന മാനിച്ചു വിധിത്തിയതിയായ ഒക്‌ടോബര്‍ 25വരെ നടന്ന എല്ലാ ഇടപാടുകളുടെ കാര്യത്തിലും പ്രതികൂലപ്രത്യാഘാതങ്ങള്‍ ഒഴിവാക്കണമെന്നും കോടതിവിധിയിലുണ്ട്‌. അതുകൊണ്ട്‌ 2025 ഒക്ടോബര്‍ 26മുതല്‍ കൊടുത്തതോ കൊടുക്കാവുന്നതോ ആയ പലിശകള്‍ക്കു ടിഡിഎസ്‌ പിടിക്കണമെന്നാണു അറിയിപ്പിലുള്ളത്‌.
മുതിര്‍ന്നപൗരര്‍ക്കു നല്‍കുന്ന നിക്ഷേപപ്പലിശ ഒരുലക്ഷം കഴിഞ്ഞാല്‍ ഇങ്ങനെ ടിഡിഎസ്‌ പിടിക്കണം. അല്ലാത്തവരുടെ കാര്യത്തില്‍ നിക്ഷേപപ്പലിശ അരലക്ഷം കഴിഞ്ഞാല്‍തന്നെ ടിഡിഎസ്‌ പിടിക്കണം. പത്തുശതമാനമാണു പിടിക്കേണ്ടത്‌. പാന്‍കാര്‍ഡ്‌ഇല്ലാത്തതോ അസാധുവായതോ പ്രവര്‍ത്തനരഹിതമായതോ ആയവരുടെ കാര്യത്തില്‍ 20 ശതമാനം പിടിക്കണം. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലല്ല പിടിക്കേണ്ടത്‌. നിക്ഷേപകന്റെ/നിക്ഷേപകയുടെ അടിസ്ഥാനത്തിലാണു പിടിക്കേണ്ടത്‌. നിക്ഷേപകന്‌/ നിക്ഷേപകയ്‌ക്ക്‌ ഒന്നിലേറെ അക്കൗണ്ടുണ്ടെങ്കില്‍ അതിലെയെല്ലാം നിക്ഷേപങ്ങളുടെ പലിശകള്‍ ഒരുമിച്ചുകൂട്ടി ആ തുക ഒരുലക്ഷമെന്നും അരലക്ഷമെന്നുമുള്ള പരിധിയില്‍ കൂടുതലാണെങ്കിലാണു ടിഡിഎസ്‌ പിടിക്കേണ്ടത്‌. ഒരുലക്ഷമെന്നും അരലക്ഷമെന്നുമുള്ള പരിധി അടിസ്ഥാനഇളവ്‌ (എക്‌സംപ്‌ഷന്‍) അല്ല. പരിധി കഴിഞ്ഞാല്‍ മൊത്തം പലിശക്കും ടിഡിഎസ്‌ പിടിക്കണം. ഒരു സംഘത്തിനു പല ശാഖയുണ്ടെങ്കില്‍ നിക്ഷേപകന്‌/നിക്ഷേപകയ്‌ക്ക്‌ അത്തരം എല്ലാ ശാഖയിലുമുള്ള എല്ലാ നിക്ഷേപങ്ങളിലെയും പലിശ ഒന്നിച്ചുകൂട്ടിയാണ്‌ ഒന്നരലക്ഷമെന്നും അരലക്ഷമെന്നുമുള്ള പരിധി കഴിഞ്ഞോ എന്നു നോക്കേണ്ടത്‌.
പിടിക്കുന്ന നികുതി ആദായനികുതിനിയമത്തിന്റെ 200(1) വകുപ്പില്‍ പറയുന്ന സമയത്തിനകം സര്‍ക്കാരില്‍ അടക്കണം. ടിഡിഎസ്‌ പിടിച്ചതിന്റെ റിട്ടേണ്‍്‌ ഓരോ മൂന്നുമാസവും സമര്‍പ്പിക്കണം. വാര്‍ഷികടിഡിഎസ്‌ റിട്ടേണും സമര്‍പ്പിക്കണം. ആദായനികുതിനിയമത്തിന്റെ 206-ാംവകുപ്പിലുള്ള രീതിയിലാണു സമര്‍പ്പിക്കേണ്ടത്‌. നികുതിപിടിച്ചതിനു തെളിവായി നിക്ഷേപകന്‌/നിക്ഷേപകയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും കൊടുക്കണം.
ഇതൊക്കെ ചെയ്‌തില്ലെങ്കില്‍ പിഴ ഈടാക്കും. ടിഡിഎസ്‌ പിടിച്ചില്ലെങ്കിലും പിടിക്കാന്‍ വൈകിയാലും മാസം 1% പലിശത്തുക, പിടിച്ചതുക അടക്കാന്‍ വൈകിയാല്‍ 1.5% പലിശത്തുക, ടിഡിസ്‌ സ്റ്റേറ്റ്‌മെന്റുകള്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ ദിവസംപ്രതി 200രൂപ എന്നിങ്ങനെ നല്‍കേണ്ടിവരും. ടിഡിഎസ്‌ റിട്ടേണ്‍ നല്‍കാന്‍ വൈകിയാല്‍ പതിനായിരം രൂപമുതല്‍ ഒരുലക്ഷംരൂപവരെ പിഴ ചുമത്താം. ടിഡിഎസ്‌ പിടിച്ചില്ലെങ്കില്‍ പിടിക്കാന്‍ ബാധ്യസ്ഥമായിരുന്നത്രതന്നെ തുക പിഴ വരുമെന്നും അറിയിപ്പിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 820 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!