കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് സാന്ത്വനം സഹകാരി പദ്ധതി തുടങ്ങി
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ സാന്ത്വനം സഹകാരി പദ്ധതി ഉത്ഘാടനം ചെയ്തു. കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് മുൻ ചെയർമാനും പാറത്തോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ജോർജ്കുട്ടി ആഗസ്തി ആണ് ഉത്ഘാടനം നിർവഹിച്ചത്. കാഞ്ഞിരപ്പള്ളി പ്രാഥമിക കാർഷിക വികസനബാങ്കിന്റെ പന്ത്രണ്ടാം വാർഷിക പൊതുയോഗതീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ബാങ്കിൽ നിന്നു വായ്പയെടുത്തവരെ കുടിശ്ശിക തീർക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. കുടുംബ സംഗമത്തിലൂടെയും സഹകാരികൾക്ക് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുന്ന കൗൺസിലിങ്ങിലൂടെയും നിലവിലുള്ള കുടിശ്ശിക വായ്പ തവണ തുകയുടെ പുന:ക്രമീകരണത്തിലൂടെയും കളക്ഷൻ ബോക്സ് സ്ഥാപിക്കുന്നതിലൂടെയും ആശ്വാസകരമായ രീതിയിൽ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിലാക്കുവാൻ സാന്ത്വനം സഹകാരി പദ്ധതിയിലൂടെ സാധിക്കുമെന്ന് ജോർജ്കുട്ടി അഗസ്തി പറഞ്ഞു. വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്,ബാങ്ക് ഭരണസമിതി അംഗങ്ങളായ സണ്ണികുട്ടി അഴകമ്പ്രയിൽ, പി.സി ജേക്കബ് പനയ്ക്കൽ,ബിജോയ് ജോസ്,അജി എബ്രഹാം, പി.പി സുകുമാരൻ, കെ.എൻ ദാമോദരൻ,സെലിൻ സിജോ,ലിസ്സി പോൾ, ഗ്രേസി ജോണി,,ബാങ്ക് സെക്രട്ടറി അജേഷ്കുമാർ.കെ,എന്നിവർ സംസാരിച്ചു.