അരിയുടെ റിസര്‍വ് വില കുറച്ചു
അരിയുടെ റിസര്‍വ് വില ക്വിന്റലിന് 2250രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനസര്‍ക്കാരുകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍കോര്‍പറേഷനുകള്‍ക്കും സമൂഹഅടുക്കളകള്‍ക്കും ഇ-ലേലത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലാതെതന്നെ നല്‍കുന്ന അരിയുടെ വിലയാണിത്. കേന്ദ്ര ഉപഭോക്തൃകാര്യഭക്ഷ്യപൊതുവിതരണകാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണു പുതിയ വില പ്രഖ്യാപിച്ചത്. പുതിയ ആഭ്യന്തരപൊതുവിപണീവിലനയത്തിന്റെ ഭാഗമായാണിത്. എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ എഥനോള്‍ ഡിസ്‌റ്റലറികള്‍ക്കു നല്‍കുന്ന അരിയുടെ റിസര്‍വ് വിലയും 2250 രൂപയായിരിക്കും. സംസ്ഥാനസര്‍ക്കാരുകള്‍ക്കു സംസ്ഥാനഭക്ഷ്യപദ്ധതികള്‍ കൂടുതല്‍ സുഗമമായി നടത്താന്‍ ഇതു പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.
ക്വിന്റലിന് 550 രൂപയാണു കുറച്ചിരിക്കുന്നത്. എഫ്‌സിഐ ഗോഡൗണുകളില്‍ ആവശ്യമുള്ളതിന്റെ നാലിരട്ടിയിലേറെ അരിയുടെ കരുതല്‍ശേഖരമുണ്ടെന്നും ഉയര്‍ന്ന വില കാരണം ഡിസ്റ്റിലറികല്‍ ഇതു വാങ്ങാന്‍ മടിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണു റിസര്‍വ് വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം. നേരത്തേ 2800 രൂപയായിുന്നു റിസര്‍വ് വില.
സംസ്ഥാനസര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും പുതിയ കുറഞ്ഞവിലയ്‌ക്ക് 12ലക്ഷം ടണ്‍ അരി വരെ വാങ്ങാം. ഇതിന് ജൂണ്‍ 30വരെ സമയമുണ്ട്. എഥനോള്‍ ഡിസറ്റിിലറികള്‍ക്ക് 24ലക്ഷം ടണ്‍ വരെ വാങ്ങാം. എന്നാല്‍ സ്വകാര്യവ്യാപാരികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും 2800രൂപതന്നെ തുടര്‍ന്നു നല്‍കേണ്ടിവരും. കേന്ദ്രീയഭണ്ഡാറിനും കേന്ദ്രസഹകരണസ്ഥാപനങ്ങളായ നാഫെഡിനും എന്‍സിസിഎഫിനും ഭാരത് ബ്രാന്റില്‍ അരി വില്‍ക്കുന്നതിന് ക്വിന്റലിന് 2400 രൂപനിരക്കില്‍ അരി ലഭിക്കും.