റിപ്പോനിരക്കില്‍ മാറ്റമില്ല; 5.5%ആയി തുടരും

Moonamvazhi
  • കെവൈസി പുതുക്കല്‍ ക്യാമ്പുകളില്‍ മൈക്രോഇന്‍ഷുറന്‍സും പെന്‍ഷന്‍സ്‌കീമും 
  • അന്തരിച്ചവരുടെ അക്കൗണ്ടിലെ ക്ലെയിം തീര്‍പ്പാക്കാന്‍ പൊതുനടപടിക്രമം
  • ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട്‌ വിപുലമാക്കുന്നു
റിപ്പോനിരക്ക്‌ 5.5 ശതമാനമായി തുടരാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു. ഗവര്‍ണര്‍ ആര്‍.എന്‍. മല്‍ഹോത്ര പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌. ഓഗസ്റ്റ്‌ നാലുമുതല്‍ മൂന്നുദിവസം നടന്ന പണനയസമിതിയോഗമാണു തീരുമാനമെടുത്തത്‌. ഏകകണ്‌ഠമായിരുന്നു തീരുമാനം. ബാങ്കുകള്‍ക്ക്‌ അടിയന്തരഘട്ടങ്ങളില്‍ റിസര്‍വ്‌ബാങ്ക്‌ നല്‍കുന്ന ഏകദിനവായ്‌പയുടെ പലിശയാണു റിപ്പോ നിരക്ക്‌. പണക്ഷമതാക്രമീകരണസൗകര്യവും (എല്‍എഎഫ്‌) അഞ്ചരശതമാനമായി തുടരും. സ്റ്റാന്റിങ്‌ നിക്ഷേപഫെസിലിറ്റി, (5.25%), മാര്‍ജിനല്‍ സ്റ്റാന്റിങ്‌ ഫെസിലിറ്റി (5.75%) ബാങ്ക്‌ നിരക്ക്‌ (5.75%) എന്നിവയിലും മാറ്റമില്ല.

സാമ്പത്തികപങ്കാളിത്തം വര്‍ധിപ്പിക്കാനായി റീ-കെവൈസി ക്യാമ്പുകള്‍ മൈക്രോഇന്‍ഷുറന്‍സിലും പെന്‍ഷന്‍പദ്ധതികളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. അന്തരിച്ച ഉപഭോക്താക്കളുടെതായി ബാങ്ക്‌ അക്കൗണ്ടിലുള്ള തുകകളുടെയും ബാങ്കുകളുടെ സേഫ്‌കസ്റ്റഡിയിലും സേഫ്‌ ഡിപ്പോസിറ്റ്‌ ലോക്കറിലുമുള്ള സാധനങ്ങളുടെയും ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ലളിതമായ പൊതുനടപടിക്രമങ്ങള്‍ കൊണ്ടുവരും. ചില്ലറനിക്ഷേപകര്‍ക്കു നല്ല നിക്ഷേപപ്ലാനുകളിലൂടെ ട്രഷറിബില്ലികളില്‍ നിക്ഷേപം നടത്താനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട്‌ പ്ലാറ്റ്‌ഫോം വിപുലമാക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.ജന്‍ധന്‍ സ്‌കീം 10വര്‍ഷമാകുന്നു. നിരവധി അക്കൗണ്ടുകള്‍ കെവൈസി പുതുക്കിയിട്ടില്ല. പുതുക്കാന്‍ ബാങ്കുകള്‍ പഞ്ചായത്തുതോറും ക്യാമ്പുകള്‍ നടത്തിവരികയാണ്‌. ഇതു സെപ്‌റ്റംബര്‍ 30വരെയുണ്ടാകും. ഉപഭോക്താക്കള്‍ക്കു സേവനം വീട്ടിലെത്തിക്കലാണ്‌ ഉദ്ദേശ്യം. ഈ ക്യാമ്പുകളാണു പുതിയ അക്കൗണ്ടുകള്‍ തുറക്കാനും കെവൈസി പുതുക്കാനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം മൈക്രോഇന്‍ഷുറന്‍സിലും പെന്‍ഷന്‍സ്‌കീമുകളിലുംകൂടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. ഒപ്പം ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യും.അന്തരിച്ച ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ തുകയും സേഫ്‌ഡെപ്പോസിറ്റ്‌ ലോക്കറിലും സേഫ്‌ കസ്റ്റഡിയിലുമുള്ള സാധനങ്ങളും അവകാശികള്‍ക്കും നോമിനികള്‍ക്കും നിയമപരമായി അവകാശപ്പെട്ടവര്‍ക്കും നല്‍കുന്നതിനു വിവിധ ബാങ്കുകള്‍ക്കു വ്യത്യസ്‌തനടപടിക്രമങ്ങളാണുള്ളത്‌. ലളിതമായും വേഗത്തിലും തടസ്സംകൂടാതെയും ബന്ധപ്പെട്ടവര്‍ക്ക്‌ ഇതു തിരിച്ചുകൊടുക്കാനാണ്‌ ലളിതമായ ഏകീകൃതനടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക. നടപടിക്രമങ്ങള്‍ ഒരുപോലെയാക്കുകയും ബാങ്കില്‍ നല്‍കേണ്ട രേഖകള്‍ക്കു പൊതുമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ഇതിന്റെ കരട്‌ ജനങ്ങളുടെ അഭിപ്രായം അറിയാനായി വൈകാതെ പ്രസിദ്ധീകരിക്കും.
ട്രഷറിബില്ലുകളില്‍ നിക്ഷേപിക്കാനും പുനര്‍നിക്ഷേപിക്കാനും ആര്‍ബിഐറീട്ടെയില്‍ ഡയറക്ട്‌ പ്ലാറ്റ്‌ഫോമില്‍ ഓട്ടോബിഡ്ഡിങ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. റിട്ടെയില്‍ നിക്ഷേപകര്‍ക്കു റിസര്‍വ്‌ ബാങ്കുമായി ബന്ധപ്പെട്ടു ഗില്‍റ്റ്‌ അക്കൗണ്ടുകള്‍ തുടങ്ങാനായി 2021 നവംബറിലാണു റീട്ടെയില്‍ ഡയറക്ട്‌ പോര്‍ട്ടല്‍ ആരംഭിച്ചത്‌. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പ്രാഥമികലേലത്തില്‍ വാങ്ങാനും രണ്ടാംവിപണിയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാനും ഇതുമൂലം കഴിയും. പിന്നീട്‌ ഇതില്‍ മൊബൈല്‍ ആപ്പ്‌ അടക്കം വിവിധ പേമെന്റ്‌ ഓപ്‌ഷനുകള്‍ വന്നു. നിക്ഷേപകര്‍ക്കു കൂടുതല്‍ സിസ്റ്റമാറ്റിക്‌ ആയി നിക്ഷേപം ആസൂത്രണം ചെയ്യാനായി ട്രഷറിബില്ലുകളില്‍ നിക്ഷേപത്തിനും പുനര്‍നിക്ഷേപത്തിനുമുള്ള ഓപ്‌ഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഓട്ടോബിഡ്ഡിങ്‌ സൗകര്യം റീട്ടെയില്‍ ഡയറക്ടില്‍ ഏര്‍പ്പെടുത്തി ഇതുവഴി നിക്ഷേപകര്‍ക്കു ട്രഷറി ബില്ലുകളുടെ പ്രാഥമിക ലേലങ്ങളില്‍ ബിഡ്ഡുകള്‍ ഓട്ടോമാറ്റിക്കായി സമര്‍പ്പിക്കാന്‍ കഴിയും.
സൂക്ഷ്‌മസാമ്പത്തികസാഹചര്യങ്ങളും അനിശ്ചിതത്വങ്ങളുമാണു തല്‍കാലം റിപ്പോനിരക്കു മാറ്റേണ്ടെന്നു തീരുമാനിക്കാന്‍ കാരണം. നേരത്തേ നടത്തിയ നിരക്കു കുറയ്‌ക്കലുകള്‍ സാമ്പത്തികരംഗത്തു പൊതുവെയും വായ്‌പാവിപണികളില്‍ പ്രത്യേകിച്ചും എന്തുമാറ്റമുണ്ടാക്കുന്നുവെന്നു നോക്കിയിട്ടാവാം അടുത്തനീക്കം എന്നാണു തീരുമാനം. വിലക്കയറ്റം കരുതിയതിലും കുറവുണ്ട്‌. ഭക്ഷ്യവിലകളിലെ, പ്രത്യേകിച്ചു പച്ചക്കറിവിലയിലെ, മാറ്റമാണു കാരണം. അടിസ്ഥാനവിലക്കയറ്റം പ്രതീക്ഷിച്ചതുപോലെ നാലശതമാനത്തില്‍ തുടരുന്നു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനമൂന്നമാസം വിലക്കയറ്റം കൂടും. അഭിലഷിക്കുന്നതിലും താഴെയാണെങ്കിലും വളര്‍്‌ച ശക്തമാണ്‌. താരിഫ്‌കാര്യത്തിലുള്ള അനിശ്ചിതത്വങ്ങള്‍ പരിണിച്ചുവരുന്നതേയുള്ളൂ. 2025 ഫെബ്രുവരിമുതല്‍ ഇതുവരെ 100 പോയിന്റിന്റെ കുറവാണു റിപ്പോ നിരക്കില്‍ വരുത്തിയിട്ടുള്ളത്‌. അതിന്റെ ഫലങ്ങള്‍ ഉളവായിവരുന്നതേയുള്ളൂ. ഇതൊക്കെമൂലമാണു നിരക്കു മാറ്റേണ്ടെന്നു വച്ചത്‌.
ഗ്രാമീണഉപഭോഗം നന്നായുണ്ട്‌. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമൂന്നുമാസം ട്രാക്ടര്‍ വില്‍പന 9.2% കൂടി. ഇരുചക്രവാഹനവില്‍പന 4.2 ശതമാനവും. നഗരങ്ങളില്‍ ഉപഭോഗം മെച്ചപ്പെടുന്നില്ല. സ്ഥിരനിക്ഷേപവും സര്‍ക്കാരിന്റെ പണമൊഴുക്കും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാണ്‌.
താരിഫ്‌ പ്രഖ്യാപനങ്ങളും വാണിജ്യകരാര്‍ ചര്‍ച്ചകളുംമൂലം വിദേശഡിമാന്റ്‌ില്‍ അനിശ്ചിതത്വമുണ്ട്‌. ഭൗമരാഷ്ട്രീയസംഘര്‍ഷങ്ങളും ആഗോളവിപണികളിലെ അനിശ്ചിതത്വങ്ങളും ലോകവിപണികളിലെ ഏറ്റക്കുറച്ചിലുകളും തടസ്സങ്ങളാണ്‌. അതുകൊണ്ടു മൊത്തആഭ്യന്തരോല്‍പാദനം 6.5% ആയിരിക്കും.വിദേശനാണ്യനിക്ഷേപം 688.9 മില്യണ്‍ ഡോളറാണ്‌. 11മാസത്തെ ഇറക്കുമതിക്ക്‌ ഇതു ധാരാളമാണ്‌. ബാങ്കുവായ്‌പാനിരക്കുവര്‍ധന 2023-24ലെക്കാള്‍ കുറവാണ്‌. 12.1%ആണിത്‌. 2023-24ല്‍ 16.3%ഉണ്ടായിരുന്നു. എങ്കിലും ഇക്കൊല്ലത്തെ വര്‍ധന 2023-24നുമുമ്പുള്ള 10വര്‍ഷത്തെ ശരാശരിയെക്കാള്‍ കൂടുതലാണ്‌. 10.3 ശതമാനമാണു ശരാശരി. വാണിജ്യമേഖലയിലേക്കു സമ്പത്തിന്റെ ഒഴുക്കു വര്‍ധിച്ചിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം 33.9ലക്ഷം കോടിരൂപയായിരുന്നത്‌ ഇക്കൊല്ലം 34.8ലക്ഷം കോടിയായി. വന്‍കിടകോര്‍പറേറ്റുകള്‍ ബാങ്കുവായ്‌പകളെക്കാള്‍ വാണിജ്യപത്രങ്ങളെയും കോര്‍പറേറ്റ്‌ ബോണ്ടുകളെയും കൂടുതല്‍ ആശ്രയിച്ചതും ബാങ്കുവായ്‌പ കുറയാന്‍ കാരണമാണ്‌. വന്‍കോര്‍പറേറ്റുകളുടെ ലാഭക്ഷമത കൂടുകയും ചെയ്‌തുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 536 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!