യു.എല്‍.സി.സി.എസിനെ കെട്ടിടവാല്യുവേഷന്‍ ഏജന്‍സിയാക്കി ഉത്തരവ്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെ (യു.എല്‍.സി.സിഎസ്) അവരുടേതൊഴികെയുള്ള സഹകരണസ്ഥാപനങ്ങളുടെ പണി പൂര്‍ത്തിയായ കെട്ടിടങ്ങളുടെയും മറ്റു നിര്‍മാണപ്രവൃത്തികളുടെയും വാല്യുവേഷന്‍ നടത്താനുള്ള അംഗീകൃതഏജന്‍സിയായി സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. കേരള സ്റ്റേറ്റ് എഞ്ചിനിയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് കോഓപ്പറേറ്റീവ് ലിമിറ്റഡ് നമ്പര്‍ 4448 (കെയിസ്‌കോ), ദി ബില്‍ഡിങ് കണ്‍സള്‍ട്ടന്റ് ആന്റ് ടെക്‌നോളജിക്കല്‍ സര്‍വീസസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 1054 (ബീക്കോണ്‍സ്), തൃശ്ശൂര്‍ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം എന്നിവയ്ക്കു പുറമെയാണിത്. ബന്ധപ്പെട്ട വകുപ്പുകളിലെ എഞ്ചിനിയര്‍മാരില്‍നിന്നു വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതിനാലാണ് ഇവയെ വാല്യുവേഷന്‍ ഏജന്‍സികളായി അംഗീകരിച്ചത്.
യു.എല്‍.സി.സി.എസിനു വാല്യുവേഷന്‍ നടത്താന്‍ കഴിയുമെന്നു ഭരണസമിതി ബോധിപ്പിച്ചതിന്റെയും കേരളസര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെ നിര്‍മാണപ്രവൃത്തികള്‍ ടെണ്ടര്‍കൂടാതെ നേരിട്ടു നടപ്പാക്കാനുള്ള അക്രഡിറ്റഡ് ഏജന്‍സിസായി അംഗീകരിച്ചിട്ടുള്ളതിന്റെയും 900പേരുടെ എഞ്ചിനിയറിങ് ടീം ഉണ്ടെന്ന കോഴിക്കോട് സഹകരണജോയിന്റ് രജിസ്ട്രാറുടെ (ജനറല്‍) റിപ്പോര്‍ട്ടിന്റെയും കേരളത്തിനകത്തും പുറത്തും ധാരാളം നിര്‍മാണപ്രവൃത്തികള്‍ നടത്തി വൈദഗ്ധ്യം തെളിയിച്ചതിന്റെയും അടിസ്ഥാനത്തിലാണു യു.എല്‍.സി.സി.എസിനെയും വാല്യുവേഷന്‍ ഏജന്‍സിയാക്കാന്‍ നിശ്ചയിച്ചത്. പൊതുമരാമത്തുവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണു വാല്യുവേഷന്‍ നടത്തേണ്ടത്.