ഭര്‍ത്താവിനു ഫ്‌ളാറ്റുള്ള ഭവനസംഘത്തില്‍ ഭാര്യക്കു ഫ്‌ളാറ്റ്‌ വാങ്ങാമോ:നിയമപ്രശ്‌നം ഓംബുഡ്‌സ്‌മാനില്‍

Moonamvazhi

ഭര്‍ത്താവിനു ഫ്‌ളാറ്റുള്ള ഭവനസഹകരണസംഘത്തില്‍ ഭാര്യ വാങ്ങിയ ഫ്‌ളാറ്റിന്റെ കൈമാറ്റം അനുവദിക്കാത്ത പ്രശ്‌നം സമഗ്രമായി പരിശോധിച്ചു 45ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഓംബുഡ്‌സ്‌മാന്‍ ഉത്തരവ്‌. സുപ്രീംകോര്‍ട്ട്‌ ബാര്‍ അസോസിയേഷന്‍ മള്‍ട്ടിസ്‌റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ഗ്രൂപ്പ്‌ ഹൗസിങ്‌ സൊസൈറ്റിക്കെതിരെ നൂപുര്‍ സിന്‍ഹ നല്‍കിയ പരാതിയില്‍ കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ അലോക്‌ അഗര്‍വാളിന്റെതാണ്‌ ഉത്തരവ്‌. നൂപുര്‍ സിന്‍ഹയുടെ നിവേദനത്തില്‍ കൈമാറ്റഅപേക്ഷാസമിതി പ്രശ്‌നം സമഗ്രമായി പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നും 2025 ഒക്ടോബര്‍ 28നു സംഘം ഡയറക്ടര്‍ബോര്‍ഡ്‌ എടുത്ത തീരുമാനം നടപ്പാക്കാനാണു നിര്‍ദേശം.

നൂപുര്‍ സിന്‍ഹ 2024ല്‍ നരേന്ദ്രജെയിനില്‍നിന്നു സംഘത്തിന്റെ നോയിഡ സെക്ടര്‍-99 സുപ്രീംടവേഴ്‌സിലെ 601-ാം നമ്പര്‍ ഫ്‌ളാറ്റ്‌ വാങ്ങി. ജെയിനിന്റെ ഓഹരിയും ഫ്‌ളാറ്റും തന്റെ പേരിലാക്കിത്തരണമെന്ന്‌ ഓഹരികൈമാറ്റഫീസായ ഒരുലക്ഷംരൂപയുടെ ചെക്ക്‌ സഹിതം സംഘത്തിന്‌ അപേക്ഷയും നല്‍കി. നൂപുര്‍ സിന്‍ഹയുടെ ഭര്‍ത്താവിന്‌ സംഘത്തില്‍ ഫ്‌ളാറ്റുള്ളതിനാല്‍ അപേക്ഷ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘം നിയമത്തിന്റെ ലംഘനമാണെന്നു പറഞ്ഞ്‌ തള്ളി. ഭര്‍ത്താവ്‌ ഒറിജിനല്‍ അലോട്ടിയല്ലെന്നും, മറ്റൊരാളില്‍നിന്നു വാങ്ങിയതാണെന്നും, 2015ല്‍തന്നെ എല്ലാ ഫ്‌ളാറ്റിന്റെയും അലോട്ടുമെന്റ്‌ കഴിഞ്ഞിരുന്നുവെന്നും പറഞ്ഞുകൊണ്ട്‌ തീരുമാനം പുന:പരിശോധിക്കണമെന്നു നൂപുര്‍സിന്‍ഹ അപേക്ഷിച്ചു. മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘംനിയമത്തിലെ ഏതു വ്യവസ്ഥയും വകുപ്പും പ്രകാരമാണ്‌ അപേക്ഷ നിരസിച്ചതെന്നു പറഞ്ഞിട്ടില്ലെന്നും അതിലുണ്ട്‌. സംഘം പ്രതികരിച്ചില്ല. തുടര്‍ന്നാണ്‌ ഓംബുഡ്‌സമാനു പരാതി നല്‍കിയത്‌. ഓംബുഡ്‌സ്‌മാന്‍ പ്രതികരണം ആരാഞ്ഞു. ഒാര്‍മപ്പെടുത്തുകയും ചെയ്‌തു. അപ്പോള്‍, പരാതി വസ്‌തുതാവിരുദ്ധവും നിയമപരമായി നിലനില്‍പില്ലാത്തതുമാണെന്നു സംഘം മറുപടി നല്‍കി. അംഗത്വമോ കൈമാറ്റമോ ആവശ്യപ്പെടുന്നവരെല്ലാം തനിക്കോ പങ്കാളിക്കോ ഒരു സംഘത്തിലും റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റോ വീടോ ഇല്ലെന്നു സത്യവാങ്‌മൂലം നല്‍കേണ്ടതുണ്ടെന്നും അറിയിച്ചു. താനോ പങ്കാളിയോ ഒരു ഭവനസഹകരണസംഘത്തിലും അംഗമല്ലെന്നു നൂപുര്‍ സിന്‍ഹ 2022ല്‍ നല്‍കിയ സത്യവാങ്‌മൂലവും വച്ചിരുന്നു. കൂടാതെ, ഡല്‍ഹിയിലോ നോയിഡയിലോ ഗുര്‍ഗാവോണിലോ ഘാസിയാബാദിലോ ഫരീദാബാദിലോ രാജസ്ഥാനിലോ തനിക്കോ പങ്കാളിക്കോ ഭൂമിയോ വീടോ ഫ്‌ളാറ്റോ ഇല്ലെന്നു നൂപുര്‍സിന്‍ഹ വ്യക്തമാക്കിയ അംഗത്വാപേക്ഷയും രജിസ്‌ട്രേഷന്‍ ഫോമുകളും. ഭര്‍ത്താവിനു നേരത്തേതന്നെ ഫ്‌ളാറ്റ്‌ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം റ്റി-04/0602 ഫ്‌ളാറ്റിന്റെ ഉടമയാണെന്നു കണ്ടതായും അറിയിച്ചു. പങ്കാളിക്കു ഫ്‌ളാറ്റുള്ളതിനാലും, വസ്‌തുതകള്‍ക്കും യോഗ്യതാമാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ സത്യവാങ്‌മൂലം നല്‍കിയതിനാലും കൈമാറ്റം അനുവദിക്കേണ്ടെന്നു സംഘംഭരണസമിതി ഏകകണ്‌ഠം തീരുമാനിച്ചു. തീരുമാനം നൂപുര്‍സിന്‍ഹയെ അറിയിച്ചു. തുടര്‍ന്നു നൂപുര്‍സിന്‍ഹ നല്‍കിയ നിവേദനം 2024 ഡിസംബര്‍ 24നു സംഘംഡയറക്ടര്‍ബോര്‍ഡില്‍ വച്ചപ്പോള്‍ സീനിയര്‍ അഭിഭാഷകനായ അജിത്‌ പ്രസാദില്‍നിന്നു സ്വതന്ത്രനിയമോപദേശം തേടാന്‍ തീരുമാനിച്ചു. നൂപുര്‍സിന്‍ഹയുടെ ശ്രമങ്ങള്‍ക്കു ഫലമുണ്ടാകാത്ത സ്ഥിതിക്ക്‌ ഈ അധ്യായം അടക്കണമെന്നു ഫ്‌ളാറ്റ്‌ കൈമാറിയയാള്‍ 2025 സെപ്‌റ്റംബര്‍ 26നു സംഘത്തോട്‌ അപേക്ഷിച്ച കാര്യവും സംഘം അറിയിച്ചു. നൂപുര്‍സിന്‍ഹ 2025 ഒക്ടോബര്‍ 24നു പുതിയ നിവേദനം നല്‍കി. ഇതു പരിശോധിച്ച ഡയറക്ടര്‍ബോര്‍ഡ്‌ കൈമാറ്റഅപേക്ഷാസമിതി മുന്‍തീരുമാനങ്ങളും കൈമാറ്റക്കാരന്റെ പിന്‍മാറലും അടക്കം എല്ലാ കാര്യങ്ങളും പരിശോധിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സംഘം മറുപടിയില്‍ വ്യക്തമാക്കി. യോഗ്യതാമാനദണ്ഡങ്ങളും, സത്യവാങ്‌മൂലങ്ങളുടെ നിജസ്ഥിതിയും ഒരേകുടുംബത്തിന്‌ ഒന്നിലേറെ അലോട്ടുമെന്റ്‌ വരുന്നതും, കൈമാറ്റക്കാരന്‍ കൈമാറ്റം പിന്‍വലിക്കാന്‍ അപേക്ഷിച്ചതുമൊക്കെ ചൂണ്ടിക്കാട്ടി പരാതി തള്ളണമെന്നു സംഘം ആവശ്യപ്പെട്ടു. ഓംബുഡ്‌സ്‌മാന്‍ ആരാഞ്ഞ മറ്റൊരു വിശദീകരണത്തിനു മറുപടിയായി നൂപുര്‍സിന്‍ഹയുടെ ഭര്‍ത്താവിന്‌ 2021 ഫെബ്രുവരി എട്ടിനുതന്നെ 4/602 ഫ്‌ളാറ്റ്‌ കൈമാറിയിരുന്നെന്നും സംഘം ബോധിപ്പിച്ചു.

താന്‍ സമാനമായ മറ്റൊരു സംഘത്തിലും അംഗമല്ലെന്ന പ്രസ്‌താവന നല്‍കണമെന്നല്ലാതെ, പങ്കാളിയെപ്പറ്റിയെപ്പറ്റി നിയമാവലിയില്‍ പറയുന്നില്ലെന്ന്‌ ഓംബുഡ്‌സ്‌മാന്‍ ചൂണ്ടിക്കാട്ടി. ഡയറക്ടര്‍ബോര്‍ഡ്‌ പല യോഗത്തിലും അപേക്ഷ പരിഗണിച്ചെങ്കിലും അന്തിമതീരുമാനമെടുത്തതായി കാണുന്നില്ല. സ്വതന്ത്രനിയമോപദേശം തേടണമെന്നും കൈമാറ്റഅപേക്ഷാസമിതി കേസ്‌ഫയല്‍ മുഴുവന്‍ പഠിക്കണമെന്നും തീരുമാനങ്ങളുണ്ടെങ്കിലും, ഈ തീരുമാനങ്ങളിലെ തുടര്‍നടപടികളെപ്പറ്റി ഒന്നും സംഘത്തിന്റെ മറുപടിയിലില്ല. ഈ സാഹചര്യത്തില്‍ കൈമാറ്റഅപേക്ഷാസമിതി പ്രശ്‌നം പൂര്‍ണമായി വിലയിരുത്തണമെന്ന 2025ലെ ഒക്ടോബര്‍ 28ലെ ഡയറക്ടര്‍ബോര്‍ഡ്‌ തീരുമാനപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്‌ത്‌ നൂപുര്‍സിന്‍ഹയുടെ അപേക്ഷയില്‍ 45ദിവസത്തിനകം കാര്യകാരണസഹിതമുള്ള തീരുമാമമെടുക്കണമെന്നു ഓംബുഡ്‌സ്‌മാന്‍ നിര്‍ദേശിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 1006 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!