പ്രവാസിവികസന സഹകരണസംഘവും നോര്‍ക്ക റൂട്‌സും പ്രവാസിസംരംഭകര്‍ക്ക് 71ലക്ഷം വായ്‌പ നല്‍കി
ട്രാവന്‍കൂര്‍ പ്രവാസി വികസനസഹകരണസംഘവും (ടി.പി.ഡി.സി.എസ്) നോര്‍ക്കറൂട്‌സും ചേര്‍ന്നു 11 പ്രവാസിസംരംഭകര്‍ക്ക് 71ലക്ഷംരൂപയുടെ വായ്‌പകള്‍ നല്‍കി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക റൂട്‌സ് സെന്ററില്‍ സംരംഭകത്വവായ്‌പാനിര്‍ണയക്യാമ്പില്‍ നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചയര്‍മാന്‍ പി. ശ്രീരാമകൃഷ്‌ണന്‍ ചെക്കുകള്‍ കൈമാറി. ട്രാവല്‍ ഏജന്‍സി, ട്രേഡിങ്, ഹോട്ടല്‍, പലചരക്കുകട എന്നിവ ഉള്‍പ്പെടുന്ന സേവന-വ്യാപാരമേഖലയില്‍ നാലുപേര്‍ക്കായി 32.5ലക്ഷംരൂപയും ഫാംമേഖലയില്‍ നാലുപേര്‍ക്കായി 22 ലക്ഷംരൂപയും ബേക്കറി, ഓയില്‍മില്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യോല്‍പന്നമേഖലയില്‍ രണ്ടുപേര്‍ക്കായി 11.5ലക്ഷംരൂപയും കാര്‍ഷികമേഖലയില്‍ ഒരാള്‍ക്ക് അുലക്ഷംരൂപയുമാണ് അനുവദിച്ചത്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനു സംസ്ഥാനസര്‍ക്കാര്‍ നോര്‍ട്ട റൂട്‌സിലൂടെ നടപ്പാക്കുന്ന എന്‍ഡിപിആര്‍ഇഎം പദ്ധതിപ്രകാരമാണു ക്യാമ്പ്. രണ്ടുവര്‍ഷമെങ്കിലും വിദേശത്തു ജോലിചെയ്‌ത പ്രവാസികള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനും ഉള്ളവ വലുതാക്കാനും ഇതില്‍ സഹായം ലഭിക്കും.
ചടങ്ങില്‍ കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ചെയര്‌മാന്‍ അഡ്വ. ഗഫൂര്‍ പി ലില്ലീസ് അധ്യക്ഷനായി. നോര്‍ക്ക് റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പദ്ധതി വിശദീകരിച്ചു. പ്രവാസിക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ടി.പി.ഡി.സി.എസ്. പ്രസിഡന്റ്‌ുമായ കെ.സി. സദീവ് തൈക്കാട്, സെക്രട്ടറി രേണിവിജയന്‍ എന്നിവര്‍ സംസാരിച്ചു.