സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം:ചട്ടങ്ങള്‍ നിലവില്‍വന്നു
വിമര്‍ശനങ്ങളുണ്ടായെങ്കിലും, സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും അവിശ്വാസപ്രമേയനടപടികള്‍ സംബന്ധിച്ച ചട്ടങ്ങള്‍ നിലവില്‍വന്നു. ഇതുസംബന്ധിച്ച് ഏപ്രില്‍ മൂന്നിനു ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉടന്‍ പ്രാബല്യത്തില്‍ വരുംവിധമാണു വിജ്ഞാപനം. ഫെബ്രുവരി 21നു കരടുവിജ്ഞാപനം വന്നിരുന്നു. അതിലെ കാര്യങ്ങള്‍തന്നെയാണ് ഇതിലുമുള്ളത്. ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചു മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു ചട്ടങ്ങളെന്നു വിശദീകരണത്തില്‍ പറയുന്നു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണു ചട്ടങ്ങളെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭരണസമിതിയെ പുറത്താക്കാന്‍ പൊതുയോഗത്തിന് അധികാരമുണ്ടെന്നു സഹകരണസംഘം നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അമ്പതോളംവര്‍ഷമായിട്ടും ഇതുസംബന്ധിച്ചു ചട്ടങ്ങള്‍ രൂപവല്‍കരിച്ചിട്ടില്ലെന്നു 2022 മാര്‍ച്ച് 14ലെ ഒരു റിട്ട്‌അപ്പീല്‍വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു ചട്ടങ്ങള്‍ രൂപവല്‍കരിക്കേണ്ട അടിയന്തരആവശ്യകതയുണ്ട്. കേരളത്തിലെ സഹകരണസംഘങ്ങളില്‍ ഭൂരിപക്ഷവും നിയന്ത്രിക്കുന്ന വ്യത്യസ്‌തരാഷ്ട്രീയകക്ഷികളില്‍പെട്ടവരിലെ കൂറുമാറ്റം സഹകരണസംഘങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണു ചട്ടങ്ങളെന്നും പറയുന്നു. ചട്ടങ്ങളില്‍ 43 ബി ക്കുശേഷം 43 സി ചേര്‍ക്കുകയാണുണ്ടായിട്ടുള്ളത്. ഇതനുസരിച്ച് അവിശ്വാസംകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്യം അറിയിക്കുന്ന രേഖാമൂലമുള്ള നോട്ടീസില്‍ ആകെ അംഗങ്ങളുടെ മൂന്നിലൊന്നുപേരെങ്കിലും ഒപ്പിട്ടിരിക്കണം. ഇതുംപ്രമേയവും സഹകരണസംഘം രജിസ്‌ട്രാര്‍ക്കു നേരിട്ടു കൊടുക്കണം. ഒപ്പിട്ടവരില്‍ ആരെങ്കിലും രണ്ടുപേരാണിതു കൊടുക്കേണ്ടത്. രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ സംഘം ഓഫീസില്‍ പൊതുയോഗം വിളിക്കണം. പൊതുയോഗത്തിയതിയും സമയവും രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ ആണു തീരുമാനിക്കേണ്ടത്. രജിസ്‌ട്രാര്‍ക്കു നോട്ടീസ് നല്‍കി 30ദിവസത്തിനകമുള്ള തിയതിയാണു നിശ്ചയിക്കേണ്ടത്. പൊതുയോഗത്തിന്റെ തിയതിയും സമയവും കാര്യപരിപാടിയും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ പൊതുയോഗത്തിയതിക്കു 15ദിവസംമുമ്പെങ്കിലും പ്രസിദ്ധീകരിക്കാനോ സംഘത്തിന്റെ /ബാങ്കിന്റെ ഹെഡ്‌ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കാനോ ഏര്‍പ്പാടു ചെയ്യണം.
യോഗത്തില്‍ രജിസ്‌ട്രാറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ ആണ് അധ്യക്ഷത വഹിക്കേണ്ടത്. മനുഷ്യനിയന്ത്രണത്തിന് അതീതമായ കാരണങ്ങളാല്‍മാത്രമേ യോഗം നിര്‍ത്തിവയ്‌ക്കാവൂ. സംഘത്തിന്റെ നിയമാവലിയില്‍ പറയുന്ന ക്വാറം യോഗസമയംമുതല്‍ അരമണിക്കൂറിനകം തികയുന്നില്ലെങ്കില്‍ യോഗം നടത്താനാവില്ല. യോഗം തുടങ്ങിയാലുടന്‍ അധ്യക്ഷത വഹിക്കുന്നയാള്‍ പ്രമേയം വായിക്കുകയും ചര്‍ച്ച ആരംഭിക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്യണം. മനുഷ്യനിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലല്ലാതെ ചര്‍ച്ച നിര്‍ത്തിവയ്‌ക്കരുത്. യോഗം തുടങ്ങാന്‍ തീരുമാനിച്ചസമയംമുതല്‍ മൂന്നുമണിക്കൂര്‍ പൂര്‍ത്തിയാകുന്നതോടെ യോഗം സ്വാഭാവികമായി അവസാനിക്കും. നേരത്തേ തന്നെ ചര്‍ച്ച പൂര്‍ത്തിയായി യോഗം തീരുകയോ മൂന്നുമണിക്കൂര്‍ തികയുകയോ ചെയ്യുമ്പോള്‍ പ്രമേയം വോട്ടിനിടണം. അധ്യക്ഷത വഹിക്കുന്ന ഓഫീസര്‍ക്കു പ്രമേയത്തിന്റെ ഗുണത്തെയോ ദോഷത്തെയോ കുറിച്ചു സംസാരിക്കാന്‍ അവകാശമില്ല. വോട്ടുചെയ്യാനും അവകാശമില്ല. യോഗത്തിന്റെ മിനിറ്റ്‌സിന്റെ കോപ്പിയും പ്രമേയത്തിന്റെ കോപ്പിയും വോട്ടെടുപ്പിന്റെ ഫലവും അധ്യക്ഷതവഹിച്ച ഓഫീസര്‍ യോഗം കഴിഞ്ഞാല്‍ രജിസ്‌ട്രാര്‍ക്ക് അയക്കണം. പ്രമേയം ഭൂരിപക്ഷത്തോടെ പാസ്സായാല്‍ വിശ്വാസം നഷ്ടപ്പെട്ട ഭരണസമിതി അധികാരത്തില്‍ ഇല്ലാതായതായും ഭരണസമിതി ഒഴിവുവന്നതായും കണക്കാക്കി അഡ്‌മിനിസ്‌ട്രേറ്ററെയൊ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെയോ നിയമിച്ചുകൊണ്ടു രജിസ്‌ട്രാര്‍ ഉത്തരവു പുറപ്പെടുവിക്കണം. പ്രമേയത്തിനു ഭൂരിപക്ഷമില്ലാതെ വരികയോ ക്വാറം തികയാതെ യോഗം നടക്കാതെ വരികയോ ചെയ്‌താല്‍ ആ തിയതിമുതല്‍ ആറുമാസത്തേക്ക് ആ ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസപ്രമേയനോട്ടീസ് കൊണ്ടുവരരുത്. ഇത്രയുമാണു സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണാ എന്‍. മാധവന്‍ ഒപ്പിട്ട, കരടുവിജ്ഞാപനത്തിനുശേഷം പ്രസിദ്ധീകരിച്ച, അസാധാരണ ഗസറ്റ്‌വിജ്ഞാപനത്തിലുമുള്ളത്.
ആയിരക്കണക്കിനംഗങ്ങളുള്ള സംഘങ്ങളില്‍ ഓഫീസില്‍ അവിശ്വാസം ചര്‍ച്ച ചെയ്യുന്നത് സ്ഥലപരിമിതമൂലം അപ്രായോഗികമാകും, ക്രമസമാധാനപ്രശ്‌നംപോലും ഇതു മൂലമുണ്ടായേക്കാം, അംഗങ്ങള്‍ കുറവുള്ള അപ്പെക്‌സ് സംഘങ്ങളെ സര്‍ക്കാരിന്റെ ഇംഗിതത്തിനു വഴങ്ങുന്നവരുടെ നിയന്ത്രണത്തിലാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ കരടുവിജ്ഞാപനം വന്നപ്പോള്‍ ഉയര്‍ന്നിരുന്നു.