ഹ്രസ്വകാലവായ്‌പാപലിശക്കുംമറ്റും ഡിഡക്ഷന്‍: സഹകരണ വികസന കോര്‍പറേഷന്റെ അപ്പീല്‍ തള്ളി
ദീര്‍ഘകാലസാമ്പത്തികസഹായത്തില്‍നിന്നുള്ള വരുമാനത്തിനുമാത്രമേ ആദായനികുതിനിയമത്തിലെ 36(1)(viii) പ്രകാരമുള്ള ഡിഡക്ഷന്‍ ബാധകമാകൂവെന്നും ലാഭവിഹിതവരുമാനത്തിനും ഹ്രസ്വകാലവായ്‌പലിശക്കും നോഡല്‍ഏജന്‍സിയെന്ന നിലയ്‌ക്കുള്ള ികിട്ടുന്ന സര്‍വീസ് ചാര്‍ജിനും ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദേശീയസഹകരണവികസനകോര്‍പറേഷന്റെ (എന്‍സിഡിസി) അപ്പീലിലാണിത്. ജസ്റ്റിസുമാരായ പാമിഡിഘണ്ടം ശ്രീനരസിംഹയുടെയും അതുല്‍ എസ് ചന്ദുര്‍കറുടെതുമാണു വിധി.ആദായനികുതിനിയമത്തിലെ 36(1)(viii) പ്രാകരം ഡിഡക്ഷന്‍ കിട്ടുക ദീര്‍ഘകാലധനസഹായം നല്‍കുന്ന ബിസിനസിലൂടെ കിട്ടുന്ന വരുമാത്തിനുമാത്രമാണ്. സ്റ്റാറ്റിയൂട്ടറി ധനസഹായകോര്‍പറേഷന്റെ എല്ലാവരുമാനത്തിനുമുള്ള പൊതുവായ ഇളവല്ല (എക്‌സംപ്‌ഷന്‍) അത്.

ലാഭവിഹിതവരുമാനം, ഹ്രക്വകാലബാങ്ക്‌നിക്ഷേപത്തിന്റെ പലിശ, പഞ്ചസാരവികസനനിധി വായ്‌പകള്‍ക്കു കിട്ടിയ സര്‍വീസ് ചാര്‍ജുകള്‍ എന്നിവയ്‌ക്കു 36(1)(viii) പ്രകാരമുള്ള ഡിഡക്ഷന്‍ അസസിങ് ഓഫീസര്‍ നിഷേധിച്ചതോടെയാണു തുടക്കം. ഇവ ദീര്‍ഘകാലവായ്‌പബിസിനസില്‍നിന്നുള്ള വരുമാനമല്ലെന്നതാണു കാരണം പറഞ്ഞത്. 36(1)(viii) വകുപ്പിലേത് സ്‌റ്റാറ്റിയൂട്ടറി കോര്‍പറേഷന്റെ എല്ലാ ബിസിനസിനും ബാധകമായ പൊതുഇളവല്ലെന്നും സുപ്രീംകോടതിയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കയാണ്. ദീര്‍ഘകാലധനസഹായം എന്ന പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവര്‍ത്തനത്തിനുമാത്രം ബാധകമായ ഇന്‍സന്റീവാണത്.
കാര്‍ഷികമേഖലയിലുംമറ്റും സാമ്പത്തികസഹായം നല്‍കി സഹകരണവികസനത്തെ പ്രോല്‍സാഹിപ്പിക്കലാണ് എന്‍സിഡിസിയുടെ ചുമതല. കൈപ്പറ്റാവുന്ന മുന്‍ഗണനാഓഹരികള്‍, ഹ്രസ്വകാലബാങ്കുനിക്ഷേപങ്ങളുടെ പലിശകള്‍, പഞ്ചസാരവികസനനിധി വായ്‌പകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത സര്‍വീസ് ചാര്‍ജുകള്‍ എന്നിവയ്‌ക്കു 36(1)(viii) പ്രകാരം എന്‍സിഡിസി ഡിഡക്ഷന്‍ അവകാശപ്പട്ടിരുന്നു. അസസിങ് ഓഫീസര്‍ അത് അനുവദിച്ചില്ല. ദീര്‍ഘകാലവായ്‌പ കൊടുത്തു കിട്ടിയ വരുമാനമല്ല ഇതൊന്നും എന്നാണു കാരണം പറഞ്ഞത്. ഇതിനെതിരെ അപ്പീല്‍ കൊടുത്തെങ്കിലും ആദായനികുതി അപ്പീല്‍ കമ്മീഷണറും തുടര്‍ന്ന് അപ്പലേറ്റ് ട്രൈബ്യൂണലും പിന്നെ ഹൈക്കോടതിയും അസസിങ് ഓഫീസര്‍ ചെയതതാണു ശരിയെന്നാണു പറഞ്ഞത്.തങ്ങളെ നിയമപ്രകാരം നിയോഗിച്ചിട്ടുള്ള കാര്യവുമായി (സ്‌റ്റാറ്റിയൂട്ടറി മാന്‍ഡേറ്റ്) വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പട്ടതാണു തങ്ങളുടെ എല്ലാവരുമാനവുമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ എന്‍സിഡിസി വാദിച്ചു.
എന്നാല്‍ 1995ലെ ഭേദഗതിക്കുശേഷം ദീര്‍ഘകാലധനസഹായമെന്ന പ്രത്യേകപ്രവര്‍ത്തനത്തില്‍നിന്നു ലഭിക്കുന്ന വായ്‌പക്കുമാത്രമായി ഈ ഇന്‍സന്റീവ് പരിമിതപ്പെട്ടിരിക്കയാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരത്തേ മൊത്തം വരുമാനത്തിനും ഇന്‍സന്റീവ് ബാധകമായിരുന്നു. പാര്‍ലമെന്റ് ബോധപൂര്‍വം കൊണ്ടുവന്ന മാറ്റമാണിത്. ദീര്‍ഘകാലധനസഹായവുമായി ബന്ധമില്ലാത്ത വരുമാനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ മുമ്പു ഡിഡക്ഷന്‍ അവകാശപ്പെട്ടുകൊണ്ടിരുന്നതിനാലാണ് ഈ ഭേദഗതിയെന്നു ഫിനാന്‍സ് ബില്ലിലുണ്ട്. മറ്റു ബിസിനസുകളില്‍നിന്നോ ബിസിനസിതരകാര്യങ്ങളില്‍നിന്നോ ഉള്ള വരുമാനത്തെ ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടി വ്യവസ്ഥ മാറ്റിയെഴുതിയതാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. അതിനു വിരുദ്ധമായ വ്യാഖ്യാനം ഇക്കാര്യത്തില്‍ നല്‍കുന്നതു നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ പരാജയപ്പെടുത്തും. ദീര്‍ഘകാലവായ്‌പയില്‍ നിന്നുള്ള വരുമാനം എന്നാണ് നിയമത്തിലുള്ളത്. നിശ്ചിതപ്രവൃത്തിയില്‍നിന്നു നേരിട്ടു കിട്ടുന്ന വരുമാനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. മേഘാലയ സ്റ്റീല്‍സിന്റെ കേസിലെ കാര്യം എന്‍സിഡിസി ഉന്നയിച്ചെങ്കിലും മേഘാലയസ്റ്റീല്‍സിന്റെ എല്ലാ വരുമാനവും അവിഭാജ്യമായ ഒറ്റപ്രവര്‍ത്തനത്തില്‍നിന്നുള്ളതാണെന്നു കോടതി ചൂണ്ടിക്കാട്ടി. യാദൃച്ഛികമോ വിദൂരമോ രണ്ടാതലപ്രവര്‍ത്തനങ്ങളില്‍നിന്നോ ഉള്ള വരുമാനം 36(1)(viii) ല്‍ വരില്ല.
കൈപ്പറ്റാവുന്ന മുന്‍ഗണനാഓഹരികള്‍ ദീര്‍ഘകാലവായ്‌പകള്‍ക്കു സമാനമാണെന്നും അത്തരം ഓഹരികളില്‍നിന്നുള്ള ലാഭവിഹിതങ്ങള്‍ ദീര്‍ഘകാലധനസഹായത്തിനുള്ള വായ്‌പയായാണു കണക്കാക്കേണ്ടതെന്നായിരുന്നു എന്‍സിഡിസിയുടെ മറ്റൊരുവാദം. എന്നാല്‍ മുന്‍ഗണനാഓഹരികള്‍ കമ്പനിനിയമപ്രകാരമുള്ള ഓഹരിമൂലധനമാണെന്നും വായ്‌പകളോ അഡ്വാന്‍സുകളോ അല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലാഭവിഹിതത്തിന്റെ തൊട്ടടുത്തസ്രോതസ്സ് ഓഹരികളിലുള്ള നിക്ഷേപമാണ്. അല്ലാതെ വായ്‌പനല്‍കലല്ല. 36(1)(viii) വകുപ്പില്‍ അഞ്ചുകൊല്ലത്തില്‍കുറയാത്ത വായ്‌പകളും അഡ്വാന്‍സുകളുമാണു ദീര്‍ഘകാലധനസഹായമെന്നു കൃത്യമായി പറയുന്നുണ്ട്.
ഹ്രസ്വകാലനിക്ഷേപത്തിന്റെ പലിശ തങ്ങളുടെ വായ്‌പാപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമാണെന്നും അവയെ ദീര്‍ഘകാലധനസഹായത്തില്‍നിന്നു കിട്ടുന്ന ബിസിനസ് വരുമാനമായാണു കണക്കാക്കേണ്ടതെന്നും എന്‍സിഡിസി വാദിച്ചു. 28-ാംവകുപ്പുപ്രകാരം ആ പലിശ ബിസിനസ് വരുമാനമാണെങ്കിലും അതു 36(1)(viii) പ്രകാരമുള്ള ഡിഡക്ഷനു സ്വാഭാവികമായി അര്‍ഹമാകുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. എന്‍സിഡിസിയും ആദായനികുതികമ്മീഷണറുംതമ്മിലുള്ള ഒരു കേസിലെ വിധി എന്‍സിഡിസി ഉന്നയിച്ചെങ്കിലും, ആ കേസിലെ സഹാചര്യം 1976-84 കാലത്തെതാണെന്നും അതിലെ തീരുമാനം വരുമാനത്തിന്റെ ക്ലാസിഫിക്കേഷനെമാത്രം അടിസ്ഥാനമാക്കിയായിരുന്നുവെന്നും അത് 1995ലെ ഭേദഗതിക്കുമുമ്പായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ബാങ്കുനിക്ഷേപങ്ങളില്‍നിന്നുള്ള പലിശ മിച്ചംതുകകളുടെ നിക്ഷേപങ്ങളില്‍നിന്നുണ്ടാകുന്നതാണ്. അല്ലാതെ വായ്‌പകൊടുക്കുന്നതില്‍നിന്നുണ്ടാകുന്നതല്ല. അതുകൊണ്ടു ദീര്‍ഘകാലധനസഹായവുമായി നേരിട്ട്‌ഒന്നാംതലബന്ധമുണ്ടായിരിക്കണമെന്ന നിയമപരമായ നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല.
എസ്‌ഡിഎഫ് വായ്‌പകള്‍ നിരീക്ഷിക്കുന്നതിനു കിട്ടിയ സര്‍വീസ് ചാര്‍ജുകള്‍ ദീര്‍ഘകാലവായ്‌പകള്‍ സുഗമമാക്കാനുള്ള തങ്ങളുടെ നിയമപരമായ ചുമതലാനിര്‍വഹണത്തിന്റെ ഭാഗമായി കിട്ടിയതാണെന്ന് എന്‍സിഡിസി വാദിച്ചു. എന്നാല്‍ എന്‍സിഡിസി നേരിട്ടു തങ്ങളുടെ പണം വിന്യസിക്കുകയല്ല ചെയതതെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഒരു കോര്‍പസ് നിധിയുടെ ഭരണനിര്‍വഹണത്തിനുള്ള നോഡല്‍ഏജന്‍സിയായി പ്രവര്‍ത്തിക്കുകമാത്രമാണു ചെയ്‌തത്. അത് ഏജന്‍സി എന്ന നിലയില്‍ കിട്ടിയ വരുമാനമാണ്. സാമ്പത്തികപ്രവര്‍ത്തനമെന്ന നിലയില്‍ കിട്ടിയ വരുമാനമല്ല. ഭരണനിര്‍വഹണസേവനങ്ങള്‍ക്കുള്ള പ്രതിഫലമാണു സര്‍വീസ് ചാര്‍ജുകള്‍. അവയെ ദീര്‍ഘകാലവായ്‌പ കൊടുക്കുക എന്ന ബിസിനസ് പ്രവര്‍ത്തനത്തിനു തുല്യമായി കണക്കാക്കാനാവില്ല. ഈ വരുമാനത്തിന്റെ നേരിട്ടുള്ള സ്രോതസ്സ് സര്‍ക്കാരിന്റെ ചുമതലപ്പെടുത്തലാണ്. അല്ലാതെ കോര്‍പറേഷന്റെ വായ്‌പാപ്രവര്‍ത്തനങ്ങളല്ല. അതുകൊണ്ടത് 36(1)(viii) പ്രകാരം ഡിഡക്ഷന് അര്‍ഹമല്ല. ഈ സാഹചര്യത്തില്‍ എന്‍സിഡിസിയുടെ അവകാശവാദം നിയമപരമായി ശരിയല്ലെന്നു പറഞ്ഞു കേസ് തള്ളി.

