സഹകരണസ്ഥാപനങ്ങള്‍ കോര്‍പറേറ്റുകളെക്കാള്‍ ഉയര്‍ന്ന നികുതി നല്‍കേണ്ട സ്ഥിതി ഒഴിവാക്കും;ദേശീയസഹകരണനയമായി

Moonamvazhi
  • ത്രിതലസഹകരണസംവിധാനം പ്രോല്‍സാഹിപ്പി്‌ക്കും
  • ദേശീയസഹകരണബാങ്ക്‌ വരും
  • സഹകരണബാങ്കുകള്‍ക്കു സര്‍ക്കാര്‍ ബിസിനസ്‌ ലഭ്യമാക്കണം
  • ക്ലൗഡ്‌ കമ്പ്യൂട്ടിങ്‌ അടക്കം പങ്കിട്ടുപയോഗിക്കണം
  • പ്രാഥമികസംഘങ്ങളെ ബാങ്കുമിത്രകളാക്കും
  • മാതൃകാസഹകരണഗ്രാമങ്ങള്‍ വരും

സഹകരണസ്ഥാപനങ്ങളില്‍നിന്നു കോര്‍പറേറ്റുകളുടെതിനെക്കാള്‍ നികുതി ഈടാക്കുന്ന കാര്യങ്ങളിലെല്ലാം സഹകരണസ്ഥാപനങ്ങളുടെ നികുതി കുറയ്‌ക്കണമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ ഷാ പ്രകാശനം ചെയ്‌ത പുതിയ ദേശീയ സഹകരണനയം വിഭാവന ചെയ്യുന്നു. ജൂലൈ 24നു വൈകിട്ട്‌ അതല്‍ അക്ഷയ്‌ ഊര്‍ജഭവനിലാണു നയം പ്രകാശനം ചെയ്‌തത്‌. കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്ന സെക്ടര്‍ സ്‌പെസിഫിക്‌ ആയ സാമ്പത്തികഇന്‍സെന്റീവുകളും ഇളവുകളും സഹകരണസ്ഥാപനങ്ങള്‍ക്കും ലഭിക്കേണ്ടതാണെന്നു നയത്തില്‍ പറയുന്നു.കേന്ദ്രസര്‍ക്കാരിന്റെ വിവിധവകുപ്പുകളും മന്ത്രാലയങ്ങളും സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന വിവിധ പദ്ധതികളും സ്‌കീമുകളും സമഗ്രസമീപനത്തോടെ ഏകോപിപ്പിച്ചു നടപ്പാക്കണം.താഴെത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സ്‌കീമുകളുടെ നടത്തിപ്പ്‌ ഏജന്‍സികളായി പ്രാഥമികസഹകരണസംഘങ്ങളെ മാറ്റിക്കൊണ്ട്‌ അവയെ കൂടുതല്‍ ശക്തമാക്കണം. നന്നായി പ്രവര്‍ത്തിക്കുന്ന പ്രാഥമികസംഘങ്ങള്‍ക്ക്‌ ഇന്‍സന്റീവുകള്‍ നല്‍കണം.

മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തിലും സെക്ടര്‍തലത്തിലും റേറ്റിങ്‌ സൂചികകള്‍ ഏര്‍പ്പെടുത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കണം. ഇതു തുടര്‍ച്ചയായി നിര്‍വഹിക്കണം. ഇതിനായി ഒരു വെബ്‌പോര്‍ട്ടലിലൂടെ ആരോഗ്യകരമായ മല്‍സരത്തെ പ്രോല്‍സാഹിപ്പിക്കുകയും സഹകരണാധിഷ്‌ഠിതമല്‍സരസ്‌പിരിറ്റോടെ ഏറ്റവും മികച്ച പ്രവര്‍ത്തനമാതൃകകളില്‍നിന്നു മറ്റുള്ള സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ പഠിക്കുന്ന സ്ഥിതിയുണ്ടാകണം.മറ്റു സാമ്പത്തികസ്ഥാപനങ്ങള്‍ക്കു തുല്യമായ വിധത്തില്‍ സഹകരണസ്ഥാപനങ്ങള്‍ക്കു സാമ്പത്തികപ്രാപ്യത ചുരുങ്ങിയ ചെലവില്‍ ലഭ്യമാകുകയും ബിസിനസില്‍ തുല്യാവസരം ഉണ്ടാകുകയും വേണം.പ്രാഥമികസഹകരണസംഘങ്ങള്‍, ജില്ലാസഹകരണബാങ്കുകള്‍, സംസ്ഥാനസഹകരണബാങ്കുകള്‍ എന്ന ക്രമത്തിലുള്ള ത്രിതലസഹകരണസംവിധാനം നിലനിര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യണം.എല്ലാ പഞ്ചായത്തിലും ഒരു പ്രാഥമികസംഘമെങ്കിലും ഉണ്ടാക്കുന്നതിനും എല്ലാ ജില്ലയിലും ഒരു ജില്ലാസഹകരണബാങ്ക്‌ സാധ്യമാക്കുന്നതിനും എല്ലാ നഗരകേന്ദ്രത്തിലും ഒരു അര്‍ബന്‍ സഹകരണബാങ്ക്‌ സ്ഥാപിക്കുന്നതിനും സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും യോജിച്ചു പ്രവര്‍ത്തിക്കണം. ഇവയില്ലാത്ത മേഖലകളിലായിരിക്കണം ഇവ പുതുതായി സ്ഥാപിക്കേണ്ടത്‌. ഇതു നടപ്പാക്കുമ്പോള്‍ ലാഭക്ഷമതയും നോക്കേണ്ടതുണ്ട്‌.

പുതിയശാഖകള്‍ തുടങ്ങാന്‍ സഹകരണബാങ്കുകള്‍ക്കു പ്രോല്‍സാഹനം നല്‍കണം. സാമ്പത്തികഉല്‍പന്നങ്ങളും സേവനങ്ങളും വൈവിധ്യവല്‍കരിക്കാനും ഈ പ്രോല്‍സാഹനം ഉണ്ടാകണം. ഇവിടെയും ലാഭക്ഷമത പരിഗണിക്കണം.വിവിധതലത്തിലുള്ള സഹകരണബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ദേശീയതലത്തില്‍ ഒരു അപ്പെക്‌സ്‌ സഹകരണബാങ്ക്‌ സ്ഥാപിക്കുന്നതിനു പ്രോല്‍സാഹനം നല്‍കണം. ഇതു ബാങ്കുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ശേഷി വര്‍ധിപ്പിക്കാനും പ്രൊഫഷണലിസം കൊണ്ടുവരാനും ബിസിനസ്‌ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാകാനും സഹായകമാകും.വിവിധതലത്തിലുള്ള സഹകരണബാങ്കുകള്‍ക്കായി പൊതുബാങ്കിങ്‌ സോഫ്‌റ്റുവെയര്‍ വേണം.ഗ്രാമീണസഹകരണബാങ്കുകള്‍ക്കായി വിവിരസാങ്കേതികവിദ്യാഅടിസ്ഥാനസൗകര്യങ്ങള്‍ പങ്കുവച്ച്‌ ഉപയോഗിക്കാന്‍ പാകത്തില്‍ ശക്തമായ സ്ഥാപനക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

അടുത്തിടെ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കായി സ്ഥാപിതമായി സമഗ്രസംവിധാനമായി എന്‍യുസിഎഫ്‌ഡിസിയെ അര്‍ബന്‍ ബാങ്കുകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നതിനു ശക്തമാക്കണം.അര്‍ബന്‍ സഹകരണബാങ്കുകല്‍ക്ക്‌ ആധുനികബാങ്കിങ്‌ സേവനം പ്രദാനം ചെയ്യാനായി പ്രൊഫഷണലായി മാനേജ്‌ ചെയ്യപ്പെടുന്ന പൊതുസാങ്കേതികവിദ്യാപ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കണം.ഉപഭോക്താക്കള്‍ക്കു ധാര്‍മികതയിലൂന്നിയ സേവനം നല്‍കുന്നതിനായി റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ എസ്‌ആര്‍ഒ പദവി നേടുകയും നിയമങ്ങളും ചട്ടങ്ങളും രൂപവല്‍കരിക്കുകയും നടപ്പാക്കുകയും ചെയ്യാന്‍ കഴിയണം.സര്‍ക്കാര്‍ ബിസിനസ്‌ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ഥാപനങ്ങളാക്കി സഹകരണബാങ്കുകളെ ശക്തിപ്പെടുത്തണം.എആര്‍ഡിബികള്‍ക്കു പുറമെ ദീര്‍ഘകാലവായ്‌പ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സഹകരണവായ്‌പാഘടന ശക്തമാക്കണം.

പ്രാഥമികവായ്‌പാസഹകരണസംഘങ്ങളും എആര്‍ഡിബികളും ജില്ലാസഹകരണബാങ്കുകളും അടക്കമുള്ള സഹകരണവായ്‌പാസംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സമഗ്രമായി വിലയിരുത്താന്‍ ഒരു ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപവല്‍കരിക്കണം.ദീര്‍ഘകാലവായ്‌പകളുടെതടക്കമുള്ള കാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാന്‍ ഈ ടാസ്‌ക്‌ഫോഴ്‌സിനു കഴിയണം. നിക്ഷേപം വര്‍ധി്‌പ്പിക്കാനുള്ള റോഡ്‌ മാപ്പ്‌ തയ്യാറാക്കാനും ടാസ്‌ക്‌ ഫോഴ്‌സിനു ചുമതലയുണ്ട്‌.ദേശീയസഹകരണവികസനകോര്‍പറേഷന്റെ (എന്‍സിഡിസി)യുടെ പ്രവര്‍ത്തനമേഖല വിപുലമാക്കണം. സഹകരണസ്ഥാപനങ്ങള്‍ക്കു കുറഞ്ഞ പലിശയ്‌ക്കു വായ്‌പ നല്‍കാന്‍ കഴിയുംവിധം അതിനു കൂടുതല്‍ പണം ലഭ്യമാക്കണം.സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണ വര്‍ധിപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ നയത്തില്‍ വിഭാവന ചെയ്യുന്നുണ്ട്‌.സഹകരണസ്ഥാപനങ്ങളെ പുതിയ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും നിലവിലുള്ള സൗകര്യങ്ങള്‍ പരസ്‌പരം ഉപകാരപ്പെടുന്ന്‌ വ്യവസ്ഥകളോടെ പങ്കിട്ടുപയോഗിക്കാനും പ്രോല്‍സാഹിപ്പിക്കും. പഞ്ചായത്ത്‌-ജില്ലാതലങ്ങളില്‍ ഭൗതികഅടിസ്ഥാനസൗകര്യങ്ങള്‍ പങ്കുവയ്‌ക്കല്‍ ഇതില്‍ പെടുന്നു. ഭക്ഷണം, വിത്തുഗുണനിലവാരനിയന്ത്രണപരിശോധനാലാബുകള്‍, ജൈവഉല്‍പന്നസര്‍ട്ടിഫിക്കേഷന്‍, ഭക്ഷ്യേതരവസ്‌തുക്കളുടെ ഗുണനിലവാരപരിശോധന, മണ്ണുപരിശോധന, വെറ്ററിനറി സേവനങ്ങള്‍ തുടങ്ങിയവ ഇങ്ങനെ പങ്കുവച്ച്‌ ഉപയോഗിക്കാനാവും.ക്ലൗഡ്‌ കമ്പ്യൂട്ടിങ്‌, ഡാറ്റാസെന്റര്‍ സപ്പോര്‍ട്ട്‌, സൈബര്‍സുരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനെയും പങ്കുവച്ചുപയോഗിക്കുന്നതിനെയും പ്രോല്‍സാഹിപ്പിക്കല്‍ സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളില്‍ പെടുന്നു. ഇതുവഴി സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ചെലവു ഗണ്യമായി കുറക്കാം.

സഹകരണമേഖലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനരീതികളുടെതായ വിജയകഥകളുടെ ഒരു ശേഖരം വികസിപ്പിച്ചെടുക്കാന്‍ സെക്ടറല്‍ ഫെഡറേഷനുകളെയും ദേശീയഫെഡറേഷനുകളെയും പ്രോല്‍സാഹിപ്പിക്കും.പരസ്‌പരസഹകരണവും മികച്ചമാതൃകകളെ അനുകരിക്കാനുള്ള പ്രവണതയും പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണിത്‌.സഹകരണസ്ഥാപനങ്ങളെയും അംഗങ്ങളെയും സഹകരണബാങ്കുകളുടെ സാമ്പത്തികസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അവിടങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ പ്രോല്‍സാഹിപ്പിക്കും.പ്രാഥമികസഹകരണസംഘങ്ങളെ ജില്ലാബാങ്കുകളുടെ ബാങ്കുമിത്രകളായി പ്രവര്‍ത്തിക്കാന്‍ പര്യാപ്‌തമാക്കും. ഇതുവഴി അവയ്‌ക്കു ബാങ്കിങ്‌ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ കഴിയും. അംഗങ്ങള്‍ക്കു രുപേകിസാന്‍ക്രെഡിറ്റുകാര്‍ഡുകളും മറ്റും വീട്ടിലെത്തിച്ചുകൊടുക്കലടക്കമുള്ള സേവനങ്ങള്‍ ഇതുവഴി അവയ്‌ക്കു നിര്‍വഹിക്കാനാവും.വിവിധോദ്ദേശ്യപ്രാഥമികസഹകരണസംഘങ്ങള്‍, പ്രാഥമികഡയറി സഹകരണസ്ഥാപനങ്ങള്‍, പ്രാഥമികഫിഷറീസ്‌ സഹകരണസംഘങ്ങള്‍, മറ്റു വിവിധ സെക്ടറല്‍ പ്രാഥമികസഹകരണസംഘങ്ങള്‍ എന്നിവയെ കൂടുതലായി സൃഷ്ടിച്ച്‌ അഞ്ചുകൊല്ലത്തിനകം സംഘങ്ങളില്ലാത്തിടത്തൊക്കെ സംഘങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യവും പുതിയ നയത്തിലുണ്ട്‌.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഹകരണമേഖലയെ ശക്തിപ്പെടുത്തും.സഹകരണസ്ഥാപനങ്ങളുടെ മേല്‍ഘടകങ്ങളെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ മല്‍സരക്ഷമമാക്കാനും പ്രോല്‍സാഹിപ്പിക്കും.ഇഫ്‌കോ, ക്രിബ്‌കോ, നാഫെഡ്‌ തുടങ്ങിയ ദേശീയസഹകരണസ്ഥാപനങ്ങളുടെ ഭാഗമാകാന്‍ പ്രാഥമികസംഘങ്ങളയും ജില്ലാ-സംസ്ഥാനതലസഹകരണഫെഡറേഷനുകളെയും പ്രോല്‍സാഹിപ്പിക്കും.പുതുതായി രൂപവല്‍കരിച്ചു ദേശീയതലമള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസ്ഥാപനങ്ങലായി എന്‍സിഒഎല്‍, എന്‍സിഇഎല്‍, ബിബിഎസ്‌എസ്‌എല്‍ എന്നിവയില്‍ ചേരാനും ഇവയെ പ്രേരിപ്പിക്കും.ഗ്രാമതലത്തിലും ജില്ലാതലത്തിലും മാതൃകാസഹകരണഗ്രാമങ്ങള്‍ കെട്ടിപ്പടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകളെയും കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകളെയും പ്രേരിപ്പിക്കും.വിവിധോദ്ദേശ്യപ്രാഥമികസംഘങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഈ ഗ്രാമങ്ങള്‍. സഹകരണസാമ്പത്തികക്ലസ്റ്ററുകളുണ്ടാക്കാനും സംസ്ഥാനസര്‍ക്കാരുകളെ പ്രേരിപ്പിക്കും. കാപ്പി, തേന്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന്റെ കാര്യത്തിലായിരി്‌ക്കും ഇത്‌.

ഭൗമസൂചികയും ബൗദ്ധികസ്വത്തവകാശവും നേടി ഉല്‍പന്നങ്ങളുടെ വിപണം ശക്തമാക്കാന്‍ സഹകരണസ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കും.എല്ലാ ജൈവ,കാര്‍ഷിക,ഡയറി ഉല്‍പന്നങ്ങളും ഭാരത്‌ ബ്രാന്‍ഡില്‍ കൊണ്ടുവരുന്നതിനു പ്രോല്‍സാഹനം നല്‍കും.സംസ്ഥാന,ദേശീയ,ആഗോലമേളകളില്‍ ഉല്‍പന്നങ്ങളുമായി പങ്കെടുക്കാന്‍ സഹകരണസ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കും.കയറ്റുമതിഅധിഷ്‌ഠിതഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പ്രോല്‍സാഹനം നല്‍കും. കയറ്റുമതി ഹബ്‌ ിനീഷ്യേറ്റീവന്റെ ഭാഗമായി ഒരു ജില്ല ഒരു ഉല്‍പന്നം എന്ന നയം പ്രോല്‍സാഹിപ്പിക്കും.ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ സഹകരണസ്ഥാപനങ്ങളെ പ്രേരിപ്പിക്കും.സ്‌ത്രീകളുടെയും യുവാക്കളുടെയും ചെറുകിട-ഇടത്തരം കര്‍ഷകരുടെയും പട്ടികജാതി-പട്ടികവര്‍ഗക്കാരുടെയും മറ്റുദുര്‍ബലവിഭാഗങ്ങളുടെയും സഹകരണപങ്കാളിത്തം പ്രോല്‍സാഹിപ്പിക്കും.ഇവയൊക്കെ നടപ്പാക്കുന്നതിനു വിശദമായ കര്‍മപദ്ധതി തയ്യാറാക്കുന്നതാണ്‌. മേല്‍നോട്ടത്തിനു സംവിധാനമേര്‍പ്പെടുത്തും.കേന്ദ്രസഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ സഹകരണനയം നടപ്പാക്കുന്നതിനായി ഒരു ദേശീയസ്‌റ്റിയറിങ്‌ കമ്മറ്റി രൂപവല്‍കരിക്കും. കേന്ദ്രസഹകരണസെക്രട്ടറി അധ്യക്ഷനായി ദേശീയതലനയംനടപ്പാക്കല്‍ -മേല്‍നോട്ട സമിതിയും ഉണ്ടായിരിക്കുമെന്നും നയത്തില്‍ പറയുന്നു.നയരൂപവല്‍കരണസമിതി അധ്യക്ഷനായ മുന്‍കേന്ദ്രമന്ത്രി, സുരേഷ്‌പ്രഭവും ചടങ്ങില്‍ സംസാരിച്ചു. കേന്ദ്രസഹകരണവകുപ്പുസഹമന്ത്രിമാരായ മുരളീധര്‍ മോഹോല്‍, കൃഷന്‍പാല്‍ ഗുജാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 513 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!