പ്രവര്‍ത്തനപരിധിക്കു പുറത്തെ വായ്‌പ സാമ്പത്തികത്തിരിമറിയല്ല: ഹൈക്കോടതി

Moonamvazhi

പ്രവര്‍ത്തനപരിധിക്കുപുറത്തു വായ്‌പ കൊടുത്തതുകൊണ്ടുമാത്രം സാമ്പത്തികത്തിരിമറിയാവുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി തെക്ക്‌ വട്ടകത്തറ ഭാഗം കണ്ടത്തില്‍ ലൂസികുര്യാക്കോസിന്റെയും ഇടുക്കി കട്ടപ്പന മേട്ടുകുഴി ചെരിപുരം വീട്ടില്‍ താമസിക്കുന്ന ചെങ്ങളം പന്താമാക്കല്‍ ഭാഗം ചെരിപുരം വീട്ടില്‍ ടോണി സി മാത്യുവിന്റെയും ഹര്‍ജി അനുവദിച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ എ ബദറുദ്ദീന്റെതാണ്‌ ഉത്തരവ്‌.

കോട്ടയം കൂരാലി 3576-ാംനമ്പര്‍ ഇളങ്ങുളം സര്‍വീസ്‌ സഹകരണബാങ്കില്‍ നടന്നതായി ആരോപിക്കപ്പെടുന്ന 2329370 രൂപയുടെ തിരിമറിയുമായി ചേര്‍ത്ത്‌ ഇവര്‍ക്കെതിരെയുള്ള വിജിലന്‍സ്‌-അഴിമതിവിരുദ്ധബ്യൂറോയുടെ അന്തിമറിപ്പോര്‍ട്ടും ഇവര്‍ക്കെതിരെ കോട്ടയം അന്വേഷണക്കമ്മീഷണര്‍ ആന്റ്‌ സ്‌പെഷ്യല്‍ ജഡ്‌ജ്‌ മുമ്പാകെയുള്ള കേസും റദ്ദാക്കിയിട്ടുമുണ്ട്‌.

ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കു പുറത്തു താമസിക്കുന്ന ഹര്‍ജിക്കാര്‍ക്ക്‌ അംഗത്വം നല്‍കിയതും വായ്‌പ അംഗീകരിച്ചതും നിയമവിരുദ്ധമാണെന്നും ഗൂഢാലോചനയുടെയും തിരിമറിയുടെയും ഭാഗമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍വാദം.

ബാങ്ക്‌ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ മൂന്നാംവാര്‍ഡിലെ താമസക്കാരനും മുന്‍പഞ്ചായത്തുപ്രസിഡന്റുമായ പി.എ. സെബാസ്റ്റ്യനും മറ്റ്‌ 26 അംഗങ്ങളും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണു വിജിലന്‍സ്‌ അന്വേഷണവും റിപ്പോര്‍ട്ടും വന്നത്‌. പഞ്ചായത്തിന്റെ ഒന്നും രണ്ടും ഒമ്പതും പത്തും വാര്‍ഡുകള്‍ മാത്രമാണു ബാങ്കിന്റെ പ്രവര്‍ത്തനപരിധിയെന്നും, ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കു പകരം 40% വായ്‌പയും ഈ വാര്‍ഡുകള്‍ക്കു പുറത്തു താമസിക്കുന്നവര്‍ക്കും, 20% വായ്‌പ പഞ്ചായത്തിനുപുറത്തു താമസിക്കുന്നവര്‍ക്കുമാണു നല്‍കിയതെന്നും, അവരില്‍ ജില്ലക്കുപുറത്തുള്ളവര്‍പോലും ഉണ്ടെന്നും പരാതിയിലുണ്ടായിരുന്നു.

പ്രവര്‍ത്തനപരിധിക്കു പുറത്തുതാമസിക്കുന്ന ഹര്‍ജിക്കാര്‍ വായ്‌പയുടെ ബലത്തില്‍ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ അവരുടെ വക്കീല്‍ വാദിച്ചു. ബാങ്കിനു നഷ്ടമോ ഹര്‍ജിക്കാര്‍ക്കു നിയമവിരുദ്ധമായ സാമ്പത്തികനേട്ടമോ ഉണ്ടായിട്ടില്ല. ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം രേഖകളുടെ പിന്‍ബലമില്ലാത്തതാണെന്നും വാദിക്കപ്പെട്ടു.

ലൂസി കുര്യാക്കോസിനു നാലുലക്ഷംരൂപയും ടോണി സി മാത്യുവിന്‌ അഞ്ചുലക്ഷംരൂപയുമാണു വായ്‌പ അനുവദിച്ചത്‌. മതിയായ ഈടോടെയാണു വായ്‌പകള്‍ കൊടുത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. വായ്‌പ മുഴുവന്‍ പലിശസഹിതം യഥാസമയം തിരിച്ചടച്ചിട്ടുമുണ്ട്‌. അതിനുശേഷമാണ്‌ ഈടുരേഖകള്‍ മടക്കിക്കൊടുത്തത്‌. ഹര്‍ജിക്കാര്‍ക്കു പണം നല്‍കാന്‍വേണ്ടി അര്‍ഹരായ ഒരംഗത്തിനും വായ്‌പ നിഷേധിച്ചതായി പരാതിയുമില്ല. സഹകരണചട്ടപ്രകാരം പ്രവര്‍ത്തനപരിധിക്കുപുറത്തു വായ്‌പ കൊടുക്കുന്നത്‌്‌ ഉചിതമായി കണക്കാക്കാനാവില്ലായിരിക്കാമെങ്കിലും, അതു സ്വമേധയാ ഒരു കുറ്റമായി മാറുന്നില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ശരിവച്ചെങ്കിലും ഹര്‍ജിക്കാരോ ആരോപിതരായ മറ്റുള്ളവരോ പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലുള്ള നിയമവിരുദ്ധസാമ്പത്തികനേട്ടമുണ്ടാക്കിയെന്നു സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരായ ഒരു ആരോപണവും പ്രഥമദൃഷ്ട്യാ കുറ്റമല്ല. അഴിമതിനിരോധനനിയമപ്രകാരവും ഐപിസി പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഹര്‍ജിക്കാര്‍ ചെയ്‌തിട്ടുണ്ടെന്ന കണ്ടെത്തലിനും വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ന്യായീകരണമില്ല. അവര്‍ക്കെതിരായ പ്രോസിക്യൂഷന്‍നടപടി കോടതിനടപടികളുടെ ദുരുപയോഗമാണെന്നും ഉത്തരവില്‍ പറയുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 953 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!