ലാഡര്‍ സഹകരണമാതൃകയില്‍ താല്‍പര്യവുമായി തെലങ്കാന; വിദഗ്‌ധസംഘം സന്ദര്‍ശനം നടത്തും

Moonamvazhi

സഹകരണമേഖലയില്‍ പഞ്ചനക്ഷത്രഹോട്ടലും പാര്‍പ്പിടസമുച്ചയങ്ങളും മള്‍ട്ടിപ്ലക്‌സുകളും നിര്‍മിച്ചു ശ്രദ്ധ നേടിയ കേരള ലാന്റ്‌റിഫോംസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ (ലാഡര്‍) സഹകരണപ്രവര്‍ത്തനമാതൃക പഠനവിധേയമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ തെലങ്കാന. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്ക ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി ലാഡര്‍ സഹകരണമാതൃകയുടെ വിശദവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഇത്തരം കാര്യങ്ങള്‍ തെലങ്കാനയിലും നടപ്പിലാക്കാന്‍ താല്‍പര്യമുണ്ടെന്നു മല്ലു ബട്ടി വിക്രമാര്‍ക്ക പറഞ്ഞു. അതിന്റെ ഭാഗമായി തെലങ്കാനയില്‍നിന്ന്‌ ഒരു വിദഗ്‌ധസംഘത്തെ സഹകരണമേഖലയില്‍ ചെയ്യാന്‍ സാധിക്കുന്ന വിപുലമായ കാര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ അയക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

കോഴിക്കോട്‌ ജില്ലാകോണ്‍ഗ്രസ്‌ കമ്മറ്റിയുടെ ത്രിവര്‍ണോല്‍സവത്തിന്റെ ഭാഗമായി കര്‍ഷകസംഗമത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു തെലങ്കാന ഉപമുഖ്യമന്ത്രി. പഞ്ചനക്ഷത്രഹോട്ടല്‍ അടക്കമുള്ള സംരംഭങ്ങള്‍ ലാഡര്‍ സഹകരണമേഖലയില്‍ വിജയകരമായി നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീണ്‍കുമാറാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. രണ്ടുമാസംമുമ്പു മല്ലു ബട്ടി വിക്രമാര്‍ക്ക ലാഡറിന്റെ കീഴില്‍ ബത്തേരിയിലുള്ള സപ്‌ത റിസോര്‍ട്ടില്‍ താമസിച്ചിരുന്നു. ഒരു സഹകരണസ്ഥാപനത്തിന്റെ ഹോട്ടലാണ്‌ അതെന്ന കാര്യം പ്രവീണ്‍കുമാറില്‍നിന്നാണ്‌ അദ്ദേഹം മനസ്സിലാക്കിയത്‌. പിന്നീടു ത്രിവര്‍ണോല്‍വത്തിന്റെ ഭാഗമായി കര്‍ഷകസംഗമത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്‌ണനെ കാണാന്‍ താല്‍പര്യം പ്രകടിപ്പക്കുകയും ചെയ്‌തു. തുടര്‍ന്നു പ്രവീണ്‍കുമാര്‍ മുന്‍കൈയെടുത്തു കൂടിക്കാഴ്‌ച ഒരുക്കുകയായിരുന്നു.

 

സഹകരണമേഖലയില്‍ സപ്‌ത റിസോര്‍ട്ട്‌ പോലൊരു സ്ഥാപനമുള്ളത്‌ അത്ഭുതകരമാണെന്ന്‌ അദ്ദേഹം കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. വിജയകൃഷ്‌ണന്‍ ചെയര്‍മാനായ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണബാങ്കിന്റെ വിശദവിവരങ്ങളും ആരാഞ്ഞു. തെലങ്കാനയില്‍ വിപുലമായ ഒരു സഹകരണശൃംഖല ഉണ്ടാകണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റ തെലങ്കാനയിലെ പ്രമുഖനേതാവായ മല്ലു ബട്ടി വിക്രമാര്‍ക്ക നിയമസഭയില്‍ മധിര മണ്ഡലത്തെയാണു പ്രതിനിധാനം ചെയ്യുന്നത്‌. 2009മുതല്‍ 11വരെ ആന്ധ്രാനിയമസഭയിലെ ചീഫ്‌ വിപ്പായിരുന്നു. പിന്നീട്‌ തെലങ്കാനനിയമസഭയിലെ പ്രതിപക്ഷനേതാവുമായി.വയനാട്ടിലെ പഞ്ചനക്ഷത്രഹോട്ടലായ സപ്‌ത റിസോര്‍ട്ട്‌ ആന്റ്‌ സ്‌പാക്കു പുറമെ, തിരുവനന്തപുരത്തും കോഴിക്കോട്ടും മഞ്ചേരിയിലും ഒറ്റപ്പാലത്തും വിവിധ പാര്‍പ്പിടസമുച്ചയങ്ങളും തിയേറ്റര്‍സമുച്ചയങ്ങളും മാളുകളുമുള്ള ലാഡര്‍ കായംകുളം പത്തിയൂരില്‍ തിയറ്റര്‍ശൃംഖയും പാലക്കാട്‌ മുതലമടയില്‍ സീനിയര്‍ സിറ്റിസണ്‍ വില്ലയും നിര്‍മിച്ചുവരികയാണ്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 360 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!