പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ ഏറ്റവും ഉചിതം സഹകരണപ്രസ്ഥാനം:മന്ത്രി ചിഞ്ചുറാണി

[mbzauthor]

തൊഴിലാളികള്‍ക്കു വായ്‌പയും സാങ്കേതികവിദ്യയും വിപണിയും പ്രദാനം ചെയ്യുന്ന സഹകരണമേഖലയാണു പരമ്പരാഗതവ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന്‌ ഏറ്റവും ഉതകുക എന്നു മൃഗസംരക്ഷണവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്ത്‌ സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായി പരമ്പരാഗതവ്യവസായമേഖലയും സഹകരണപ്രസ്ഥാനവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യ ലോകത്തെ ഏറ്റവും പാലുല്‍പാദിപ്പിക്കുന്ന രാജ്യമായി മാറിയതു സഹകരണ പ്രസ്ഥാനത്തിലൂടെയാണ്‌. കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളെ സംരക്ഷിക്കുകയും ശക്തമാക്കുകയും ചെയ്യണം. അതിന്‌ ഏറ്റവും ഉതകുക സഹകരണപ്രസ്ഥാനമാണ്‌. മാറുന്ന ലോകസാഹചര്യത്തില്‍ പരമ്പരാഗതവ്യവസായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കഴിയുക സഹകരണപ്രസ്ഥാനത്തിലൂടെയാണ്‌. പരമ്പരാഗതവ്യവസായങ്ങള്‍ കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ പങ്കു വഹിക്കുന്നു. അസംസ്‌കൃതവസ്‌തുക്കളുടെ കുറവും, കൂടിയ ഉല്‍പാദനച്ചെലവും വിപണികളുടെ പരിമിതിയും തൊഴിലാളികളുടെ കുറവും പരമ്പരാഗതതൊഴില്‍മേഖലയിലെ വെല്ലുവിളികളാണ്‌. ഉല്‍പാദനപ്രക്രിയയില്‍ ശാസ്‌ത്രീയസമീപനം സ്വീകരിക്കേണ്ടതും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കേണ്ടതും മികച്ച വിപണനസാധ്യതകള്‍ കണ്ടത്തേണ്ടതും പ്രധാനമാണ്‌. ഇത്തരം ആധുനികീകരണവും പുതിയ ശാസ്‌ത്രീയകണ്ടുപിടിത്തങ്ങളുടെ ഉപയോഗവുമാണു കേരളത്തിലെ ക്ഷീരമേഖലയെ വന്‍മുന്നേറ്റത്തിനു സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.

കയര്‍ത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ കയര്‍ഫെഡ്‌ പോലുള്ള സഹകരണപ്രസ്ഥാനങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നു കയര്‍ഫെഡ്‌ ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍ പറഞ്ഞു. യന്ത്രവല്‍കരണവും പുതിയഉല്‍പന്നങ്ങളുടെ കടന്നുവരവും കയര്‍വ്യവസായത്തില്‍ പുതിയസാധ്യതകള്‍ തുറന്നുതരുന്നുണ്ട്‌. സഹകരണസംഘങ്ങളിലൂടെ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൈത്തറികരകൗശലമേഖലകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നു കേരളസംസ്ഥാനകരകൗശലഅപ്പെക്‌സ്‌ സഹകരണസംഘം (സുരഭി) ചെയര്‍മാന്‍ വി.എസ്‌. സുലോചനന്‍ പറഞ്ഞു. അസംസ്‌കൃതവസ്‌തുക്കളുടെ കുറവും വിപണിയിലെ മല്‍സരവും തൊഴിലാളികളുടെ കുറവും ഈ മേഖലയിലും പ്രശ്‌നങ്ങളാണ്‌. ആധുനികഡിസൈനുകളും മറ്റും വികസിപ്പിക്കാനും പുതിയ വിപണികള്‍ കണ്ടെത്താനും സുരഭി ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധിയിലായ കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സഹകരണമേഖലയുടെ പങ്കു വളരെ വലുതാണെന്നു ഹാന്റ്‌ക്‌സ്‌ വിപണനവിഭാഗം മാനേജര്‍ അജിത്ത്‌ പറഞ്ഞു. സഹകരണസംഘങ്ങളിലൂടെ തൊഴിലാളികള്‍ക്കു സ്ഥിരവരുമാനം ഉറപ്പാക്കാനും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും വിപണനശൃംഖലകള്‍ ശക്തമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, അബ്‌കാരി ക്ഷേമനിധിബോര്‍ഡ്‌ ചെയര്‍മാന്‍ കെ.എസ്‌. സുനില്‍കുമാര്‍, ആര്‍ട്‌കോ പ്രസിഡന്റ്‌ വി.എസ്‌. അനൂപ്‌ തുടങ്ങിയവരും സംസാരിച്ചു.

 

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!