മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു സഹകരണമേഖല കൂടുതലായി കടന്നുവരണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കനകക്കുന്ന്‌് കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ25ന്റെ ഭാഗമായി ആരോഗ്യപരിചരണരംഗത്തു സഹകരണമേഖലയ്‌ക്കുള്ള പങ്കിനെപ്പറ്റിയുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളംവിവിധആരോഗ്യസൂചകങ്ങളില്‍ യൂറോപ്യന്‍രാജ്യങ്ങള്‍ക്കുതുല്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും ജീവിതദൈര്‍ഘ്യംകൂടിയതിന്റെ സ്വാഭാവികഫലമായ രോഗാതുരത എന്ന പ്രശ്‌നം വര്‍ധിച്ചുവരികയാണ്. ഇൗരംഗത്തും സഹകരണ ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ ആവശ്യമാണ്. പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നുണ്ട്. വയോജനപരിചരണരംഗത്തും സഹകരണമേഖലിയലെ ാരോഗ്യപരിചരണകേന്ദ്രങ്ങള്‍ കൂടുതലായി ശ്രദ്ധിക്കണം. ഏകാരോഗ്യം എന്ന പരികല്‍പനലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സഹകരണമേഖലയ്‌ക്കു കാര്യമായ പങ്കുവഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

ആയുര്‍ദൈര്‍ഘ്യംവര്‍ധിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന രോഗാതുരതയെക്കാള്‍ കൂടുതലാണു കേരളത്തിലെ രോഗാതുരതയുടെ തോതെന്നു മുഖ്യപ്രഭാഷണത്തില്‍ കേരളസര്‍വകലാശാല മുന്‍വൈസ്‌ചാന്‍സലര്‍ ഡോ. ബി. ഇഖ്‌ബാല്‍ പറഞ്ഞു. ആശുപത്രിച്ചെലവും വര്‍ധിച്ചുവരുന്നു. വിദേശക്കുത്തകകള്‍ കേരളത്തിലെ പല വന്‍കിടആശുപത്രികളെയും ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍ ആശുപത്രിച്ചെലവ് ഇനിയും കൂടും. കേരളത്തിലെ ആരോഗ്യരംഗത്ത് ഏറ്റവും പ്രശ്‌നം പ്രമേഹവും രക്താതിമര്‍ദവുമാണ്. ഇതുരണ്ടും കാര്യമായി കുറച്ചാല്‍തന്നെ രോഗാതുരത പാതിയായി കുറക്കാം. രോഗാതുരത കുറച്ചാല്‍ വന്‍കിടആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയും കുറയ്‌ക്കാം. അതിനുതകുന്ന വിധം ചെറുകിട-ഇടത്തരം ആശുപത്രികള്‍ സ്ഥാപിക്കാനാണു സഹകരണമേഖല കൂടുതലായി ശ്രദ്ധിക്കേണ്ടത്. അല്ലാതെ വന്‍കിടക്കാരുമായി മല്‍സരിക്കാനല്ല. വിദേശക്കുത്തകകള്‍ കേരളത്തിലെ ആരോഗ്യപരിചരണരംഗത്തേക്കു കൂടുതലായി കടന്നുവരുമ്പോള്‍ അവരുമായി മല്‍സരിക്കാന്‍ സഹകരണമമേഖലയ്‌ക്കു സാമ്പത്തികമായി കഴിയില്ല. രോഗാതുരത കുറയ്‌ക്കാനുതകുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കി വന്‍കിട ആശുപത്രികള്‍ക്കു ചൂഷണം ചെയ്യാന്‍ രോഗികളെ കിട്ടാത്ത അവസ്ഥയുണ്ടാക്കുകയാണു വേണ്ടത്. അക്കാര്യത്തില്‍ സഹകരണമേഖലയ്‌ക്കു കാര്യമായ പങ്കു വഹിക്കാനാവും. ഫാമിലി മെഡിസിന്‍ കേന്ദ്രങ്ങളും നഗരആരോഗ്യപരിചരണകേന്ദ്രങ്ങളും കൂടുതലായി തുടങ്ങാനും സഹകരണമേഖല ശ്രദ്ധിക്കണം. സ്വകാര്യമേഖലയുമായി മല്‍സരിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍മേഖലയുമായി സഹകരിച്ചും കൈകോര്‍ത്തുംവേണം സഹകരണആരോഗ്യപരിചരണകേന്ദ്രങ്ങള്‍ മുന്നോട്ടുപോകാന്‍. ഇത്തരം പരിചരണകേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ മാനേജീരിയല്‍ വൈദഗ്‌ധ്യവും കാര്യക്ഷമതയും നേടേണ്ടതു പ്രധാനമാണ്. 95 ശതമാനം കോവിഡ് രോഗികള്‍്‌ക്കും സൗജന്യചികിത്സ നല്‍കിയ നല്‍കിയ സംസ്ഥാനമാണു കേരളമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയഓഹരിപങ്കാളിത്തംമാത്രമുള്ള പല സഹകരണആശുപത്രികള്‍ക്കും പ്രതിസന്ധിയുണ്ടെന്നു കേരള സഹകരണആശുപത്രിഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. ലതിക പറഞ്ഞു. സഹകരണആശുപത്രികളും സ്ഥാപനങ്ങളും ജോലി നല്‍കി മികച്ച കാര്യക്ഷമതയുള്ളവരായി വളര്‍ത്തിയെടുക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വന്‍പ്രതിഫലം വാഗ്‌ദാനം ചെയ്‌തു സ്വകാര്യആശുപത്രികള്‍ റാഞ്ചിക്കൊണ്ടുപോകുന്ന പ്രശ്‌നം ഗൗരവമുള്ളതാണ്. സഹകരണആശുപത്രികളില്‍നിന്നു സ്വകാര്യആശുപത്രികളില്‍നിന്ന് ഈടാക്കുന്ന അതേനിരക്കിലാണു വൈദ്യുതിനിരക്കു ഈടാക്കുന്നത്. ഇതു വലിയ ബാധ്യതയാണ്. അതുകൊണ്ടു സഹകരണആശുപത്രികളുടെ വൈദ്യുതിനിരക്ക് കുറക്കണം. ഭൂമിരജിസ്‌ട്രേഷന്‍, ക്ലാസിഫിക്കേഷന്‍, തുടങ്ങിയ കാര്യങ്ങളിലൊക്കെ സഹകരണബാങ്കുകളെപ്പോലെതന്നെയാണു സഹകരണആശുപത്രികളും വിലയിരുത്തപ്പെടുന്നത്. ഇതു വളരെ ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തനത്തില്‍ സൃഷ്ടിക്കുന്നുണ്ടെന്നും ലതിക പറഞ്ഞു.

ഡിജിറ്റലൈസേഷന്‍ ഇത്രയേറെ പുരോഗമിച്ചകാലത്തും സഹകരണആശുപത്രികള്‍ക്ക് ഓഡിറ്റിനു കെട്ടുകണക്കിനു രേഖകള്‍ ഫോട്ടോസ്‌റ്റാറ്റെടുത്ത് ഓഡിറ്റര്‍മാര്‍ക്കു നല്‍കേണ്ട സ്ഥിതിയാണെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നും തിരൂര്‍ ശിഹാബ്‌തങ്ങള്‍ സഹകരണആശുപത്രി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി പറഞ്ഞു. നഷ്ടമല്ലെങ്കിലും രേഖയില്‍ നഷ്ടമായി കണക്കാക്കപ്പെടുന്നവിധത്തിലാണ് ഓഡിറ്റ് വ്യവസ്ഥകള്‍. ഒരു സ്ഥാപനത്തില്‍ വലിയൊരു ആരോഗ്യചികില്‍സാഉപകരണത്തിനു പണം ചെലവാക്കിയാല്‍ അതിന്റെ മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ അഞ്ചോ അതിലേറെയോ വര്‍ഷമെടുക്കും. പക്ഷേ, ഇതിന്റെ ഓഡിറ്റ് വര്‍ഷാവര്‍ഷക്കണക്കിലെടുക്കുമ്പോള്‍ നഷ്ടമെന്നു രേഖപ്പെടുത്തേണ്ടിവരും. അതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ചോദ്യത്തരവേളയില്‍ ചില സഹകരണസ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു മറുപടി പറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. നിയമസഭയില്‍ ഒരു സ്ഥാപനം നഷ്ടത്തിലാണെന്നു പ്രഖ്യാപിക്കപ്പെടുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ചു മോശം പ്രതിച്ചായ സൃഷ്ടിക്കപ്പെടും. ആ സ്ഥാപനത്തെ വളര്‍ത്താന്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം വഹിക്കുന്നതില്‍നിന്ന് ഇത് ആളുകളെ തടയും. ഇതിനു മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയും ഡോ. ബി. ഇഖ്‌ബാലും ആവശ്യകതയായി പ്രാധാന്യത്തോടെ ഉന്നയിച്ച വയോജനപരിചരണകേന്ദ്രം കൊല്ലം എന്‍.എസ്. സഹകരണആശുപത്രി പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞുവെന്ന് അതിന്റെ വൈസ്‌പ്രസിഡന്റ് മാധവന്‍പിള്ള പറഞ്ഞു. അതിവിപുലവും അത്യാധുനികവും എല്ലാ സൗകര്യങ്ങളുമുള്ള ജീറിയാട്രിക് കേന്ദ്രം അടുത്തകാലത്ത് എന്‍.എസ്. ആശുപത്രിയോടനുബന്ധിച്ചു നിലവില്‍വന്നതായി അദ്ദേഹം അറിയിച്ചു.

സഹകരണവകുപ്പിന്റെ രീതികള്‍ പഴഞ്ചനായതു പ്രശ്‌നമാണെന്നു കൊല്ലം കടയ്‌ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചെയര്‍മാന്‍ എസ്. വിക്രമന്‍ പറഞ്ഞു. സഹകരണആശുപത്രികളുടെ പരസ്‌പരസഹകരണത്തോടെയുള്ള പുരോഗതിക്കു സഹകരണഫണ്ട് കണ്‍സോര്‍ഷ്യം ഉണ്ടാക്കണം. കുടിവെള്ളക്കിണറുകളില്‍വരെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ഇക്കാലത്തു സഹകരണആശുപത്രികളില്‍ കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉല്‍പാദനരംഗത്തു സഹകരണസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാവണ്ടതുണ്ടെന്നു കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എം. സലിം പറഞ്ഞു. പാലിയേറ്റീവ്–ജീറിയാട്രിക് പരിചരണസംവിധാനങ്ങള്‍ ഒരുമിപ്പിച്ചു നടപ്പാക്കണം. ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് കണ്‍സോര്‍ഷ്യവും സഹകരണമേഖലയില്‍ ഉണ്ടാകണം. കഴിഞ്ഞവര്‍ഷം 15മുതല്‍ 80ശതമാനംവരെ വിലക്കുറവില്‍ 245.85 കോടിയുടെ മരുന്നുകളാണു കണ്‍സ്യൂമര്‍ഫെഡ് വിറ്റത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയില്‍ ഇതുവരെ 100 ശതമാനം പ്ലേസ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപരിചരണരംഗത്തു സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിനു കൂടുതല്‍ പ്രസക്തിയുണ്ടെന്നു പ്രൊഫഷണല്‍വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമി (കേപ്പ്) ഡയറക്ടര്‍ വി.ഐ. താജുദ്ദീന്‍ അഹമ്മദ് പറഞ്ഞു. സഹകരണആരോഗ്യപരിചരണകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരമാവധി ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണരംഗത്തേക്കും സഹകരണസ്ഥാപനങ്ങള്‍ കടന്നുവരണം. കേപ്പിന് ആലപ്പുഴയിലുള്ള സാഗര്‍ ആശുപത്രിയോടനുബന്ധിച്ചു നഴ്‌സിങ് കോളേ് തുടങ്ങിയിട്ടുണ്ടെന്നും മൂന്നുനാലു നഴ്‌സിങ് കോളേജുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.സെമിനാര്‍കമ്മറ്റി ചെയര്‍മാന്‍ ആര്‍.വി. സതീന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു.