ഏകീകൃതസോഫ്‌റ്റുവെയര്‍: ആര്‍എഫ്‌പിക്കു സ്റ്റേയില്ല; കരാറിനുമുമ്പു വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം
പ്രാഥമിക കാര്‍ഷിക വായ്‌പാസഹകരണസംഘങ്ങളില്‍ (പാക്‌സ്) ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലി (ആര്‍എഫ്‌പി) നെതിരായ റിട്ടുഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എന്നാല്‍, കരാര്‍ ഒപ്പിടുംമുമ്പു ടെണ്ടറിന്റെ വിശദവിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം. കല്ലേറ്റുങ്കര സര്‍വീസ് സഹകരണബാങ്കും മറ്റും നല്‍കിയ റിട്ടുഹര്‍ജിയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെതാണു നിര്‍ദേശം. ഹര്‍ജിക്കാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും അഭിഭാഷകര്‍, അഡ്വക്കേറ്റ് ജനറല്‍, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിവരുടെ വാദങ്ങള്‍ കേള്‍ക്കുകയും, മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിക്കുകയും ചെയ്‌തശേഷമാണ്, ചോദ്യം ചെയ്യപ്പെട്ട ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാന്‍ പ്രഥമദൃഷ്യാ അടിസ്ഥാനമില്ലെന്നും, ടെണ്ടര്‍ നടപടികളുമായി അധികൃതര്‍ക്കു മുന്നോട്ടുപോകുകയും വിജയിക്കു കരാര്‍ നല്‍കുകയും ചെയ്യാമെന്നും, എന്നാല്‍ കരാറില്‍ ഏര്‍പ്പെടുംമുമ്പ് വിശദവിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവായത്.

2025 നവംബര്‍ മൂന്നിന്, പാക്‌സുകള്‍ക്കായി ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കുന്നതിനായി കണ്‍സോര്‍ഷ്യത്തെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണരജിസ്‌ട്രാര്‍ ഇറക്കിയ ആര്‍എഫ്‌പി റദ്ദാക്കുകയും സഹകരണനിയമത്തിനു വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണുഹര്‍ജി. ഇടക്കാലനടപടിയെന്ന നിലയില്‍ സ്റ്റേയും അഭ്യര്‍ഥിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
സ്വയംസ്വയംസന്നദ്ധമായി രൂപവല്‍കരിക്കുകയും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുകയും പ്രൊഫഷണല്‍ മാനേജ്‌മെന്റോടെ നടത്തുകയും ചെയ്യാന്‍ ഭരണഘടനയുടെ 43 ബി വകുപ്പു സഹകരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ് ആര്‍എഫ്‌പി എന്നാണു ഹര്‍ജിയിലെ പരാതി. സോഫ്‌റ്റുവെയര്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചില വന്‍സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനു താല്‍പര്യമുളള സ്ഥാപനത്തിനും അനുകൂലമായ വിധത്തിലാണതിലെ വ്യവസ്ഥകള്‍ എന്നാണു മറ്റൊരു പരാതി. ആര്‍എഫ്‌പിയുടെ ഘടനപ്രകാരം ചെലവിന്റെ ഗണ്യമായ ഭാഗവും പാക്‌സുകള്‍ വഹിക്കേണ്ടി വരുമെന്നും, അതേസമയം, നബാര്‍ഡ് വഴി കേന്ദ്രസര്‍ക്കാരിന്റെ സോഫ്‌റ്റുവെയര്‍ സൗജന്യമായി ലഭ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പാക്‌സുകളുടെ കാര്യങ്ങള്‍ നേരിട്ടു സര്‍ക്കാരിനു പ്രാപ്യമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്.
സ്വയംഭരണം ഇല്ലാതാക്കലല്ല, ആധുനികീകരണത്തിന്റെ നേട്ടങ്ങള്‍ സംഘങ്ങള്‍ക്കു ലഭ്യമാക്കലാണു ലക്ഷ്യമെന്നും, തടയപ്പെടേണ്ടവിധം നിയമവിരുദ്ധമായി ഇതില്‍ ഒന്നുമില്ലെന്നും, ടെണ്ടര്‍ തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു.

