ഉണ്ടെന്നും ഇല്ലെന്നും പറയുന്ന നിക്ഷേപം: അന്വേഷണഏജന്‍സികള്‍ വരട്ടേ എന്ന്‌ ഓംബുഡ്‌സ്‌മാന്‍

Moonamvazhi

തന്റേതെന്നു പരാതിക്കാരനും മറ്റൊരാളുടേതെന്നു സംഘവും പറയുന്ന സ്ഥിരനിക്ഷേപത്തിന്റെ നിജസ്ഥിതി അന്വേഷണഏജന്‍സികള്‍ക്കുമാത്രമേ ഉറപ്പാക്കാനാവൂ എന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍. ചെന്നൈയിലെ ഭാരത്‌ ലജ്‌ന മള്‍ട്ടിസ്റ്റേറ്റ്‌ ഭവനസഹകരണസംഘത്തിനെതിരെ അരുണ്‍ കശ്യപ്‌ പി.ബി. നല്‍കിയ പരാതിയിലാണിത്‌. സംഘാംഗവും സംഘത്തിലെ ജീവനക്കാരനുമായിരിക്കെ താന്‍ 2017ല്‍ കല്‍പവൃക്ഷ സ്വര്‍ണപദ്ധതിയില്‍ മൂന്നുലക്ഷം നിക്ഷേപിച്ചിരുന്നെന്ന്‌ അരുണ്‍ കശ്യപ്‌ പറയുന്നു. 2025ല്‍ തിരികെ ചോദിച്ചു. ക്ലോസ്‌ ചെയ്യാന്‍ ലഭിച്ചു എന്ന്‌ സംഘത്തിന്റെ സീലുവച്ച അറിയിപ്പല്ലാതെ നിക്ഷേപം കിട്ടിയില്ല. ഓംബുഡ്‌സ്‌മാനു പരാതി കൊടുത്തു. ഓംബുഡ്‌സ്‌മാന്‍ നോട്ടീസയച്ചു. അരുണ്‍കശ്യപിനു നിക്ഷേപമില്ലെന്നും നിക്ഷേപരശീതോ ബാങ്കുട്രാന്‍സ്‌ഫര്‍രേഖയോ അക്കൗണ്ട്‌ സ്‌റ്റേറ്റ്‌മെന്റോ വച്ചിട്ടില്ലെന്നുമാണു സംഘത്തിന്റെ മറുപടി. തുടര്‍ന്നു വാദം കേട്ടു. ഒറിജിനല്‍ രശീത്‌ ശാഖയില്‍ കൊടുത്തതാണെന്നും 14ദിവസത്തിനകം പണംതരാമെന്നു പറഞ്ഞതാണെന്നും അരുണ്‍ കശ്യപ്‌. അരുണ്‍ ഹാജരാക്കിയ ബോണ്ട്‌ വ്യാജമാണെന്നും ഒറിജിനല്‍ ബോണ്ട്‌ വേറൊരാളുടെ പേരിലാണെന്നും സംഘം. നിക്ഷേപം സംബന്ധിച്ചു മറ്റുരേഖയൊന്നും ഹാജരാക്കിയിട്ടുമില്ലെന്നും സംഘം വാദിച്ചു.

അംഗങ്ങളാക്കിയപ്പോള്‍ എല്ലാജീവനക്കാരില്‍നിന്നും സംഘം ഇത്തരം നിക്ഷേപങ്ങള്‍ കോഷന്‍ ഡിപ്പോസിറ്റായി വാങ്ങിയിരുന്നെന്നും, താന്‍മൂന്നുലക്ഷംരൂപ പണമായാണു കോഷന്‍ ഡിപ്പോസിറ്റു കൊടുത്തതെന്നും, മറ്റുപലര്‍ക്കു തിരിച്ചുകൊടുത്തിട്ടും തനിക്കു തരുന്നില്ലെന്നും അരുണ്‍ പറഞ്ഞപ്പോള്‍, രേഖയില്‍ എന്‍ട്രിയില്ലാത്തതിനാല്‍ ഇതു ശരിയാണെന്നു പറയാനാവില്ലെന്നു സംഘം വ്യക്തമാക്കി.

വാദങ്ങള്‍ എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോഴും ഇരുകൂട്ടരും നിലപാട്‌ ആവര്‍ത്തിച്ചു. സര്‍ടിഫിക്കറ്റുകള്‍ ഹാള്‍മാര്‍ക്ക്‌ ഉള്ളതാണെന്നും അതു സംഘംതന്നെ തന്നതാണെന്നും അരുണ്‍ കശ്യപ്‌. രേഖ വ്യാജമെങ്കില്‍ സംഘം പൊലീസില്‍ പരാതിപ്പെടുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. താനിപ്പോള്‍ മറ്റൊരു മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിലുള്ള വൈരാഗ്യംകൊണ്ടാണു പണം തരാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോണ്ടു വ്യാജമാണെന്നും ഓംബുഡ്‌സ്‌മാന്റെ ആശയവിനിമയസംവിധാനം തെറ്റായഅവകാശവാദത്തിനു നിയമസാധുത നല്‍കാനും സംഘത്തെ മോശമാക്കാനും ദുരുപയോഗിക്കയാണെന്നും സംഘം ആരോപിച്ചു.ആരുടെപേരിലാണു ബോണ്ടെന്നു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സര്‍ടിഫൈ ചെയ്‌ത രേഖ ഹാജരാക്കാന്‍ സംഘത്തോടും, നിക്ഷേപം തിരികെച്ചോദിക്കാന്‍ നാലുകൊല്ലം വൈകിയതെന്തെന്ന്‌ അറിയിക്കാന്‍ അരുണ്‍ കശ്യപിനോടും ഓംബുഡ്‌സ്‌മാന്‍ നിര്‍ദേശിച്ചു.

അമ്മാവനോടു കടംമേടിച്ചാണു കോഷന്‍ഡിപ്പോസിറ്റിട്ടതെന്നും കടംവീട്ടാനാണു നിക്ഷേപം തിരിച്ചുചോദിച്ചതെന്നും അരുണ്‍ കശ്യപ്‌. എന്നാല്‍ വിനോദ്‌കുമാര്‍ എന്ന പേരിലാണ്‌ നിക്ഷേപമെന്നു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സര്‍ടിഫൈ ചെയ്‌ത രേഖ സംഘം ഹാജരാക്കി.

രണ്ടുകൂട്ടരോടും സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ പറഞ്ഞപ്പോഴും തന്റെ സര്‍ടിഫിക്കറ്റ്‌ ഒറിജിനലാണെന്നു അരുണ്‍കശ്യപും, അരുണ്‍കശ്യപിന്റെ പേരില്‍ ബോണ്ടില്ലെന്നു സംഘവും ആവര്‍ത്തിച്ചു.

അരുണ്‍കശ്യപ്‌ അവകാശപ്പെടുന്ന നിക്ഷേപത്തിന്റെ നമ്പരും വിനോദ്‌കുമാറിന്റെ പേരിലാണെന്നു സംഘം പറയുന്ന നമ്പരും ഒന്നുതന്നെയാണെന്ന്‌ ഓംബുഡ്‌സ്‌മാന്‍ ചൂണ്ടിക്കാട്ടി. ഒന്നുകില്‍ അരുണ്‍ അല്ലെങ്കില്‍ സംഘം കുറ്റം ചെയ്‌തിട്ടുണ്ട്‌. അതു കണ്ടുപിടിക്കാന്‍ നിയമസംസ്ഥാപനഏജന്‍സികള്‍ക്കേ കഴിയൂ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളാണ്‌ എന്തുവേണമെന്നു തീരുമാനിക്കേണ്ടതെന്ന്‌ ഓബുഡ്‌സ്‌മാന്‍ അലോക്‌ അഗര്‍വാള്‍ ഉത്തരവില്‍ വ്യക്തമാക്കി.

Moonamvazhi

Authorize Writer

Moonamvazhi has 1040 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!