കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്കിന് 3.10കോടി ലാഭം
കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ടുപ്രകാരം 2024-25ല്‍ 3,10,33,260.39 രൂപ അറ്റലാഭം നേടി. ചെയര്‍പേഴ്‌സണ്‍ പ്രീമാമാനോജ്, വൈസ്‌ചെയര്‍മാന്‍ ശ്രീനിവാസന്‍, ഡയറക്ടര്‍മാരായ സി.എന്‍. വിജയകൃഷ്‌ണന്‍., ജി. നാരായണന്‍കുട്ടി, അഡ്വ. ടി.എം. വേലായുധന്‍, അഡ്വ. എ. ശിവദാസ്, പി.എ. ജയപ്രകാശ്, എന്‍.പി. അബ്ദുള്‍ഹമീദ്, ബലരാമന്‍ വി, കെ.ടി. ബീരാന്‍കോയ, ഷിംന പി.എസ്, അബ്ദുള്‍ അസീസ് എ, ജനറല്‍മാനേജര്‍ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാഗേഷ് കെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞവര്‍ഷം 3,05,77,067.12 രൂപയായിരുന്നു അറ്റലാഭം. ബാങ്കിന്റെ വാര്‍ഷികപൊതുയോഗം ഒക്ടോബര്‍ 20നു വൈകിട്ടു നാലിനു ചാലപ്പുറത്തു ഹെഡ്‌ഓഫീസിലെ സജന്‍ ഓഡിറ്റോറിയത്തില്‍ ചേരും. അതില്‍ അംഗങ്ങള്‍ക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കും.
റിസര്‍വ് ആന്റ് പ്രൊവിഷന്‍സായി 20കോടി നീക്കിവച്ചശേഷമുള്ള അറ്റലാഭമാണു 3.10 കോടി. റിസര്‍വ് ആന്റ് പ്രൊവിഷന്‍സ് ഇനത്തില്‍ 229.75 കോടി നീക്കിയിരിപ്പുണ്ട്. 2003ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ബാങ്ക് ലാഭത്തിലാണ്. വിവിധ ജനോപകാരപ്രവര്‍ത്തനങ്ങളും വൈവിധ്യമാര്‍ന്ന പദ്ധതികളും മികച്ച സേവനവും ബാങ്കിനെ വ്യത്യസ്‌തമാക്കുന്നു.2025 സെപ്‌റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ ബാങ്ക് 1600 കോടി നിക്ഷേപബാക്കിനില്‍പ് എന്ന ലക്ഷ്യം കൈവരിച്ചു. ആ ദിവസത്തെ താല്‍കാലിക കടധനപ്പട്ടിക പ്രകാരം 5.64 കോടി ലാഭത്തിലാണു പ്രവര്‍ത്തിക്കുന്ത്.
ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാന്‍സര്‍-അനുബന്ധരോഗഗവേഷണ (കെയര്‍) ഫൗണ്ടേഷന്റെ എം.വി.ആര്‍. കാന്‍സര്‍സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച 10 കാന്‍സര്‍ ആശുപത്രികളിലൊന്ന് എന്ന നിലയില്‍ ലോകശ്രദ്ധ നേടി. ഇവിടെ സൗജന്യകാന്‍സര്‍ ചികില്‍സക്കുള്ള മാസ് കെയര്‍ നിക്ഷേപപദ്ധതിയില്‍ 142 പേര്‍ക്കു സൗജന്യചികില്‍സ നല്‍കി. 15000 രൂപ സ്ഥിരനിക്ഷേപം നടത്തി പദ്ധതിയില്‍ ചര്‍ന്നാല്‍ ഒരുവര്‍ഷത്തിനുശേഷം 70വയസ്സുവരെ അഞ്ചുലക്ഷംരൂപയുടെവരെ കാന്‍സര്‍ ചികില്‍സ സൗജന്യമാണ്.
ചാലപ്പുറത്തു ബാങ്കിന്റെ ഡയാലിസിസ് സെന്ററില്‍ 12 മെഷീനില്‍ മൂന്നു ഷിഫ്‌റ്റിലായി 72 രോഗികള്‍ക്കു ദിവസവും പൂര്‍ണമായി സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ട്. ഇവിടെ ഒരുലക്ഷത്തിലധികം സൗജന്യഡയാലിസിസ് പൂര്‍ത്തിയായി. ഹെഡ് ഓഫീസും ഡയാലിസിസ് സെന്റര്‍ കെട്ടിടവും കൂടാതെ അപ്‌സര തിയറ്ററിനു സമീപമുള്ള കല്ലായി റോഡ് ശാഖയും സ്വന്തം കെട്ടിടത്തിലാണ്. വേനലില്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇക്കൊല്ലവും ബാങ്ക്‌് സൗജന്യസംഭാരവിതരണം നടത്തി.
ബാങ്കിനുമുന്നിലെ ആലിന് ഒക്ടോബര്‍ 14ന് ആറു വയസ്സാകും. സാധാരണക്കാര്‍ക്ക് ആശ്രയമായ സിറ്റി ബാങ്കിന്റെ ലോഗോ രൂപകല്‍പനയ്‌ക്കുപിന്നിലെ സങ്കല്‍പം ഈ ആല്‍മരത്തിന്റെതാണ്. 14നു വൈകിട്ട് 5.30ന് ആല്‍ത്തറയില്‍ പാട്ടുംപറച്ചിലും എന്ന സൗഹൃദസദസ്സ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. ഷബി സമന്ദര്‍ നയിക്കുന്ന ഗാനസന്ധ്യയുമുണ്ടാകും. സൗഹൃദസദസ്സിലേക്ക് ഏവരെയും ബാങ്ക് അധികൃതര്‍ ക്ഷണിച്ചു. ഇടപാടുകാരും മാധ്യമങ്ങളും അടക്കം ബാങ്കിന്റെ വളര്‍ച്ചയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു.