ആഗോള സഹകരണ നിര്‍മിതബുദ്ധി സമ്മേളനം ഇസ്‌താംബൂളില്‍; പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ ഏഴുവരെ അവസരം

[mbzauthor]
ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ  പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളെയും നിര്‍മിതബുദ്ധിയെയും (എഐ) സംയോജിപ്പിക്കാനുള്ള സംരംഭമായ കോഓപ്പറേറ്റീവ്‌ എഐ നവംബറില്‍ ഇസ്‌താംബൂളില്‍ നടത്തുന്ന നസഹകരണനിര്‍മിതബുദ്ധി സമ്മേളനത്തില്‍ പരിഗണിക്കാനായി സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവരിലും ഗവേഷകരിലും നിന്നു പ്രബന്ധങ്ങളും അവതരണസമര്‍പ്പണങ്ങളും ക്ഷണിച്ചു. മെയ്‌ ഏഴിനകം ഇവ സംബന്ധിച്ചു സംഗ്രഹം സമര്‍പ്പിക്കണം. സമര്‍പ്പിച്ചവ സ്വീകരിക്കപ്പെട്ടോ എന്ന്‌ മെയ്‌ 31ഓടെ അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പൂര്‍ണപ്രബന്ധങ്ങള്‍/മെറ്റീരിയലുകള്‍ ഒക്ടോബര്‍ 17നകം സമര്‍പ്പിക്കണം. ആദ്യം പ്രബന്ധം സമര്‍പ്പിക്കുന്ന, 35വയസ്സില്‍ താഴെ പ്രായമുളള ഒരാള്‍ക്ക്‌ 500 ഡോളറിന്റെ ഡബ്ലിയുഇബി ഡൂബോയിസ്‌ പ്രൈസ്‌ ലഭിക്കും. ഗവേഷണരീതിയിലെ കൃത്യത, നൂതനകണ്ടെത്തലുകള്‍, നിര്‍ണായകമായ ഇടപെടലുകള്‍ (പ്രത്യേകിച്ച്‌ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ സഹായിച്ച ഡിജിറ്റല്‍, എഐ സഹകരണസംരംഭങ്ങളെപ്പറ്റിയുള്ളത്‌) എന്നിവ പരിഗണിച്ചാണു സമ്മാനത്തിന്‌ അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുക.
പരമ്പരാഗതരീതികളില്‍നിന്നു വ്യത്യസ്‌തമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെയും പ്രായോഗകകതയോടെയുളള ആഴമേറിയ വിശകലനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പ്രബന്ധളും മെറ്റീരിയലുകളുമാണ്‌ ഉദ്ദേശിക്കുന്നത്‌. ഓട്ടോമേഷനും നിരീക്ഷണവും പുതിയരൂപത്തിലുള്ള മല്‍സരങ്ങളും വഴി തങ്ങളുടെ തൊഴിലിടത്തെ എഐ എങ്ങനെ ബാധിക്കുന്നു, സഹകരണഭരണനിര്‍വഹണത്തെയും ഉല്‍പാദനക്ഷമതയെയും അംഗങ്ങളുടെ പങ്കാളിത്തത്തെയും ശക്തിപ്പെടുത്താന്‍ എഐ ഉപയോഗിക്കാനാവുമോ, സഹകരണവിദ്യാഭ്യാസത്തിലും പരിശീലനത്തിലും സംഘാടനത്തിലും എഐക്ക്‌ എന്തു പങ്കു വഹിക്കാനാവും, ഭരണനിര്‍വഹണവും വിപണനതന്ത്രങ്ങളും നിയമസംവിധാനങ്ങളും സഹകരണവിദ്യാഭ്യാസവുംവഴി മാറുന്നസാമ്പത്തിക-സാങ്കേതികവിദ്യാവെല്ലുവിളികളോടു പിടിച്ചുനില്‍ക്കാനും ചെറുത്തുനില്‍ക്കാനുള്ള ശേഷി വളര്‍ത്തിയെടുക്കാന്‍ പ്ലാറ്റ്‌ഫോം സഹകരണസംരംഭങ്ങള്‍ക്ക്‌ എങ്ങനെ കഴിയും എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രബന്ധളും അവതരണങ്ങളും മറ്റുമാണു സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍നിന്നു പ്രതീക്ഷിക്കുന്നത്‌.
നയങ്ങളും തൊഴിലാളികളുടെ ശക്തിയും അന്താരാഷ്ട്ര സഹകരണവും വഴി ഐക്യദാര്‍ഢ്യസാങ്കേതികവിദ്യകള്‍ക്ക്‌ സൈനികവല്‍കരണം അടക്കമുള്ള പ്ലാറ്റ്‌ഫോം മേധാവിത്വത്തെയും എഐയുടെ ദ്രോഹകരമായപ്രയോഗങ്ങളെയും എങ്ങനെ ചെറുക്കാനാവും, ഡാറ്റാകളക്ടീവുകളിലൂടെയും പങ്കാളിത്തപരവും സഹകരണാത്മകവുമായ ഡിസൈനുകളിലൂടെയും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലൂടെയും എഐക്ക്‌ സഹകരണസ്ഥാപനങ്ങളെയും സാമൂഹികസംരംഭങ്ങളെയും വന്‍കിടഡാറ്റയെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാന്‍ എത്രത്തോളം സഹായിക്കാനാവും, സ്വകാര്യഉടമസ്ഥതയിലധിഷ്‌ഠിതമായ സാങ്കേതികവിദ്യാസമ്പ്രദായങ്ങള്‍ക്കു സുസ്ഥിരവും ജനാധിപത്യപരവുമായ ബദല്‍ പ്രദാനം ചെയ്യാന്‍ വികേന്ദ്രീകൃതഭരണസംവിധാനങ്ങള്‍ക്കും ഡിജിറ്റല്‍ കോമണുകള്‍ക്കും സഹകരണസാങ്കേതികവിദ്യാകൂട്ടുകെട്ടുകള്‍ക്കും എങ്ങനെ കഴിയും, കുടിയേറ്റക്കാരെയും സ്‌ത്രീകളെയും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ഇരകളായവരെയും എഐപ്ലാറ്റ്‌ഫോമുകള്‍ എങ്ങനെ ബാധിക്കുന്നു, ഡിജിറ്റല്‍ അല്‍ഗോരിതത്തിലെ അനീതികളെ ചെറുത്ത്‌ സാമൂഹികതുല്യത ഉറപ്പാക്കാന്‍ എന്തൊക്കെ സഹകരണതന്ത്രങ്ങള്‍ നടപ്പാക്കാനാവും, ഏതൊക്കെ രൂപത്തിലുള്ള അദൃശ്യതൊഴിലുകളാണ്‌ എഐയെ ശക്തിപ്പെടുത്തുന്നത്‌, ഡിജിറ്റല്‍ ജോലികളില്‍ സുതാര്യതയും നീതിയും ജനാധിപത്യവും ഉറപ്പാക്കാന്‍ സഹകരണമാതൃകകള്‍ക്ക്‌ എങ്ങനെ കഴിയും, വന്‍കിടസാങ്കേതികവിദ്യാസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയെയും വിപണിയിലെ സമ്മര്‍ദങ്ങളെയും ചെറുത്തുകൊണ്ടു പ്ലാറ്റുഫോംസഹകരണസംരംഭങ്ങള്‍ക്ക്‌ എങ്ങനെ സുസ്ഥിരത കൈവരിക്കാനാവും, ഇക്കാര്യങ്ങളിലുണ്ടായ പരാജയങ്ങളുടെയും വിജയങ്ങളുടെയും കേസ്‌ സ്റ്റഡികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രബന്ധങ്ങളും അവതരണങ്ങളുമാണു ഗവേഷകരില്‍നിന്നു പ്രതീക്ഷിക്കുന്നത്‌.
അക്കാദമിക്‌ പ്രബന്ധങ്ങളായും ശില്‍പശാലകളായും കേസ്‌ സ്റ്റഡികളായും ഫീല്‍ഡ്‌ റിപ്പോര്‍ട്ടുകളായും ഇന്റര്‍ ആക്ടീവും സൃഷ്ടിപരവുമായ അവതരണങ്ങളായും ആവിഷ്‌കാരങ്ങളായും കാര്യങ്ങള്‍ സമര്‍പ്പിക്കാം.
വിവരങ്ങള്‍ക്ക്‌ [email protected] വിലോ [email protected] യിലോ ബന്ധപ്പെടാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ https://platform.coop ല്‍ ലഭിക്കും.
പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപകനായി വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ട്രെബര്‍ ഷോള്‍സ്‌ ഈയിടെ തിരുവനന്തപുരത്തു നടന്ന സഹകരണഎക്‌സ്‌പോയില്‍ ഡിജിറ്റല്‍ യുഗത്തില്‍ സഹകരണമേഖലയ്‌ക്കുമുന്നിലെ പുതിയപാതകളെപ്പറ്റിയുള്ള സെമിനാറില്‍ സംസാരിച്ചിരുന്നു. പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട സഹകരണഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥാഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഡിഇ) റിസര്‍ച്ച്‌ ഫെല്ലോ ആയ ഗണേഷ്‌ ഗോപാലും സഹകരണഎക്‌സ്‌പോയില്‍ സഹകരണനിയമങ്ങളുമായി ബന്ധപ്പെട്ട സെനിനാറില്‍ സംസാരിച്ചിരുന്നു.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!