കരുവന്നൂര്‍ ബാങ്ക് നമ്മളെ പഠിപ്പിക്കുന്നത്
– കിരണ്‍ വാസു
കരുവന്നൂര്‍ സഹകരണ ബാങ്കിലെ സംഭവങ്ങള്‍ സഹകരണ മേഖലയെ പലതും
പഠിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരും ഇതില്‍ നിന്നു പാഠങ്ങള്‍ പഠിക്കുകയാണ്.
നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നു. ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തുന്നു.
സഹകരണ വിജിലന്‍സിനെ ശക്തിപ്പെടുത്തുന്നു.
സഹകരണ മേഖല അടിമുടി മാറ്റത്തിന്റെ ഘട്ടത്തിലാണിപ്പോള്‍. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍, സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം മാറ്റത്തിനു വഴിതുറക്കുന്നവയാണ്. ഒപ്പം, കോവിഡ് വ്യാപനമുണ്ടാക്കിയ ആഘാതം, ബാങ്കിങ് മേഖലയിലെ നിശ്ചലാവസ്ഥ, തിരിച്ചടവില്ലാത്ത വായ്പകള്‍, വരുമാനം നിലച്ച ഇടപാടുകാര്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ മാറ്റം അനിവാര്യമാക്കുന്നുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ സംഭവങ്ങള്‍ സഹകരണ മേഖലയ്ക്കു ശരിക്കും ഒരു പാഠമാണ്. തട്ടിപ്പിലൂടെ പണം കണ്ടെത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നത് ഒരു ക്രിമിനല്‍ കുറ്റമാണ്. അതിനപ്പുറം, സഹകരണ വായ്പാ മേഖല ഉള്‍ക്കൊള്ളേണ്ട ചില വസ്തുതകള്‍ കൂടി കരുവന്നൂര്‍ നല്‍കുന്നുണ്ട്. എന്തുകൊണ്ട് കരുവന്നൂരിലെ തട്ടിപ്പുകള്‍ ഒറ്റയടിക്കു പുറത്തുവരികയും വലിയ പ്രശ്‌നമായി മാറുകയും ചെയ്തുവെന്നതു പരിശോധിക്കുമ്പോഴാണു സഹകരണ ബാങ്കുകളിലെ പ്രതിസന്ധി എത്ര രൂക്ഷമാണെന്നു തിരിച്ചറിയുക.
2018 ലെ പ്രളയത്തിനു ശേഷം സംസ്ഥാന സഹകരണ ബാങ്കുകളിലെ വായ്പകളില്‍ കാര്യമായ തിരിച്ചടവ് ഉണ്ടാകുന്നില്ല. നിക്ഷേപത്തില്‍ വലിയ ശോഷണവും സംഭവിച്ചിട്ടില്ല. വരുമാനമുള്ള ഒരു സംരംഭത്തിലേക്കു പണം നിക്ഷേപിക്കാന്‍ പറ്റിയ ഒരു സാഹചര്യമല്ല ഇപ്പോഴത്തേതെന്നു ജനങ്ങള്‍ തിരിച്ചറിയുന്നതാണു ബാങ്ക് നിക്ഷേപം അതേരീതിയില്‍ നിലനില്‍ക്കാനുള്ള ഒരു കാരണം. നിക്ഷേപത്തിന്റെ തോതു മാത്രം നോക്കി ആശ്വസിക്കാനാവില്ല. വായ്പയില്‍ തിരിച്ചടവുണ്ടാകുന്നില്ല എന്നതു ഗുരുതരമായ സ്ഥിതിയിലേക്കു ബാങ്കുകളെ എത്തിക്കും. ഏതാണ്ട് ആ പ്രതിസന്ധിയുടെ ഘട്ടത്തിലാണു സഹകരണ ബാങ്കുകള്‍. ഇനിയും ഒരു ഒന്നര വര്‍ഷം ഈ നിശ്ചലാവസ്ഥ തുടര്‍ന്നാല്‍ പല സ്ഥാപനങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയുണ്ടാകും. വായ്പയില്‍ തിരിച്ചടവുണ്ടാകാതിരിക്കുമ്പോള്‍ ബാങ്കുകള്‍ക്കു പ്രതിദിനം ഉപയോഗിക്കാവുന്ന പണത്തിന്റെ അളവ് കുറഞ്ഞുവരും. നിക്ഷേപകന്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ പണം തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതി വന്നാല്‍ അതോടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരും. ബാങ്ക് പ്രതിസന്ധിയിലാണെന്നു കാട്ടുതീ പോലെ പരക്കും. കരുവന്നൂരിലും സംഭവിച്ച ഒരു ഘടകം ഇതാണ്. അവിടെ ഒരേ ആള്‍തന്നെ പലയാളുകളുടെ പേരില്‍ കോടികള്‍ വായ്പയായി തരപ്പെടുത്തി. 60 കോടിയോളം രൂപയുടെ ക്രമക്കേട് വായ്പയില്‍ മാത്രം അവിടെ സംഭവിച്ചുവെന്നാണു സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഈ വായ്പകളിലെല്ലാം തിരിച്ചടവ് കൃത്യമായിരുന്നെങ്കില്‍ ഈ കൃത്യം ചെയ്തയാളില്‍ മാത്രം ഒതുങ്ങുന്ന ഒരു ക്രിമിനല്‍ നടപടിയായി ഒതുങ്ങുമായിരുന്നു അത്. വായ്പയില്‍ തിരിച്ചടവില്ലാതായപ്പോള്‍ ബാങ്കിനു കൈകാര്യം ചെയ്യാന്‍ പണമില്ലാതായി. അതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.
തട്ടിപ്പില്ലാത്തതിനാല്‍ മറ്റു സഹകരണ ബാങ്കുകളില്‍ ഇത്തരം ഗുരുതരമായ സ്ഥിതി ഉണ്ടായില്ല എന്നേയുള്ളൂ. പക്ഷേ, തിരിച്ചടവില്ലാതെ കെട്ടിക്കിടക്കുന്ന വായ്പാ കുടിശ്ശിക ഒട്ടേറെയാണ്. കടാശ്വാസ കമ്മീഷനിലൂടെ തീര്‍പ്പാക്കിയ കേസുകളില്‍ സര്‍ക്കാരും വായ്പയിടപാടുകാരനും ബാങ്കിനു പണം നല്‍കിയിട്ടില്ല. കോടികളാണ് ഈ വകയില്‍ സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. പലിശപോലും ഈടാക്കാനാകാത്ത സ്ഥിതിയില്‍ ഇവ കുടുങ്ങിക്കിടക്കുന്നു. കോവിഡിനു ശേഷം സാഹചര്യം പൂര്‍വസ്ഥിതിയിലേക്കു വരുമ്പോള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത ഏറെയാണ്. പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തിയത്, ജോലിയില്ലാതായവരുടെ എണ്ണം കൂടിയത് എന്നിവയെല്ലാം സ്വയം തൊഴില്‍ സാധ്യതകള്‍ക്ക് ആക്കം കൂട്ടും. അത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനു , മറ്റേതെങ്കിലും മേഖലയില്‍ നിക്ഷേപിക്കുന്നതിനു, ഭൂമിയോ വീടോ വാങ്ങുന്നതിനു – അങ്ങനെ പല കാരണങ്ങളാല്‍ നിക്ഷേപം പിന്‍വലിക്കപ്പെടാം. തിരിച്ചടവില്ലാതെ തുടരുകയും നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയും ചെയ്യുന്ന ഘട്ടം ഉണ്ടായാല്‍ ഇപ്പോള്‍ അനുഭവിക്കുന്നതിനേക്കാള്‍ ഭീതിദമായ അവസ്ഥയിലേക്കു സഹകരണ ബാങ്കുകള്‍ എത്തിച്ചേരും.
പ്രവര്‍ത്തന രീതി മാറണം
സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രവര്‍ത്തന രീതി മാറേണ്ട ഘട്ടമാണ് ഇപ്പോഴത്തേത്. വ്യക്തികളും സമൂഹവും നേരിടുന്ന സാമ്പത്തിക ശോഷണം ഇനിയും ഒന്നര വര്‍ഷമെങ്കിലും തുടരുമെന്ന ബോധ്യത്തിലാവണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്. സഹകരണ ബാങ്കുകള്‍ നിലവില്‍ നല്‍കുന്ന വായ്പകളിലേറെയും ഉല്‍പ്പാദനക്ഷമതയില്ലാത്തതാണ്. ഭൂമിയും സ്വര്‍ണവും പണയവസ്തുവാക്കി നല്‍കുന്ന വായ്പകള്‍ തിരിച്ചടവിനു സുരക്ഷ ഉറപ്പാക്കുന്നവയാണെന്നു പറയാം. കോവിഡ് കാലത്തു പണയഭൂമി വില്‍ക്കാന്‍ പോലും ബാങ്കിനു കഴിയാത്ത സ്ഥിതിയാണ്. മാത്രവുമല്ല, ജപ്തി സമ്പ്രദായം സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുമില്ല. അതുകൊണ്ട് സ്വര്‍ണത്തിന്റെ അത്രയും സുരക്ഷിതമല്ല ഭൂമി എന്ന നിലയിലാണു കാര്യങ്ങള്‍. ഇങ്ങനെ എടുക്കുന്ന വായ്പകളൊന്നും ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ക്കല്ല വിനിയോഗിക്കുന്നത്. അതു ബാങ്കുകള്‍ പരിശോധിക്കാറുമില്ല. കാര്‍ഷിക വായ്പപോലും കൃഷിയാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതു പരിമിതമാണെന്നു പരിശോധിച്ചാല്‍ ബോധ്യപ്പെടും. തിരിച്ചടവ് വരുന്നു എന്നതിനാല്‍ ഇതേക്കുറിച്ചൊന്നും പുനപ്പരിശോധനയുടെ ആവശ്യം ബാങ്കുകള്‍ക്കും ഇതുവരെ ഉണ്ടായിരുന്നില്ല.
സഹകരണ ബാങ്കുകള്‍ ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ വരുമാനം ഉറപ്പാക്കുന്ന കാര്യങ്ങള്‍ക്കു വായ്പ നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. തൊഴിലില്ലാത്ത ഒരാള്‍ക്കു 10,000 രൂപ വായ്പ നല്‍കി, നിലക്കടല വില്‍ക്കാനുള്ള ഒരു ചക്രവണ്ടി സംവിധാനം ഒരുക്കി എന്നു കരുതുക. ഒരു ദിവസം അയാള്‍ക്ക് 250 രൂപ വരുമാനമുണ്ടാക്കാനാകുമെങ്കില്‍ 100 രൂപ അതേദിവസം ബാങ്കിനു പിരിച്ചെടുക്കാനാകും. ഇനി മറ്റൊന്ന്. വരുമാനമില്ലാതിരുന്ന ഒരാള്‍ക്കു 150 രൂപ എല്ലാ ദിവസവും ലഭിക്കുന്ന സ്ഥിതിയുണ്ടാവുന്നു. ആ പണം അയാള്‍ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയും ഓട്ടോക്കാരനു നല്‍കിയും ചെലവഴിക്കും. ഇതു സാധാരണക്കാരന്റെ ജീവിതത്തെ ചലിപ്പിക്കുന്ന വിധത്തില്‍ പണം വിനിമയരീതിയെ മാറ്റ ും. കടലക്കച്ചവടത്തിന്റേത് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടി എന്നു മാത്രം. നിലവിലെ പദ്ധതികളുടെ ക്രമീകരണം ഇങ്ങനെയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ‘കെയ്ക്’ ( കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള – CAIK ) എന്ന പദ്ധതി കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ ഉദ്ദേശിച്ചുള്ളതാണ്. സഹകരണ സംഘങ്ങളിലൂടെയും ബാങ്കുകളിലൂടെയുമാണ് ഇതു നടപ്പാക്കുന്നത്.
പരമാവധി നാലു ശതമാനം പലിശയ്ക്കു നബാര്‍ഡ് സഹായത്തോടെ സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ക്കു വായ്പ നല്‍കും. ഈ പണം ഉപയോഗിച്ചാണു കാര്‍ഷികാനന്തര പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. അത്തരം സംരംഭങ്ങള്‍ക്കു വായ്പ നല്‍കുകയും അവര്‍ ഉല്‍പ്പാദിപ്പിച്ച സാധനങ്ങള്‍ക്കു വിപണി ഉറപ്പാക്കുകയും അതില്‍നിന്നുള്ള വരുമാനം കൊണ്ട് വായ്പക്കു തിരിച്ചടവുണ്ടാവുകയും ചെയ്യുന്ന സ്ഥിതിയിലേക്കു നാട് എത്തുമ്പോള്‍ മാത്രമാണു സഹകരണ സ്ഥാപനങ്ങള്‍ക്ക് ആശ്വസിക്കാന്‍ കഴിയുന്ന ഘട്ടമുണ്ടാവുക. നബാര്‍ഡ്, എന്‍.സി.ഡി.സി. എന്നിവ നേരിട്ടും സമാനമായ രീതികളില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളും ശക്തമാകേണ്ടതുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിപണി ഉറപ്പാക്കാനുള്ള ദൗത്യം അവര്‍ക്ക് ഏറ്റെടുക്കാനാവണം. ഈ രീതിയില്‍ പരസ്പര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിധം സഹകരണ മേഖല മാറേണ്ടതുണ്ട്.
വകുപ്പുതലത്തിലും പരിഷ്‌കാരം
കരുവന്നൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും, സഹകരണ മേഖലയില്‍ അനിവാര്യമായ വിധത്തില്‍ പൊതുവേയും , വകുപ്പിലും മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 1981 ലാണ് ഇപ്പോഴത്തെ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചത്. സഹകരണ സംഘങ്ങളുടെ എണ്ണത്തിനും ജോലിഭാരത്തിനും അനുസരിച്ചായിരിക്കും സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക. താലൂക്ക്, ജനറല്‍ വിഭാഗം ഓഫീസുകളിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരെ ഫീല്‍ഡ് ജോലികളില്‍ കാര്യക്ഷമമായി ഉപയോഗിക്കും. ഈ ഘട്ടത്തില്‍ ഒഴിവു വരുന്ന ഓഫീസ് ജീവനക്കാരുടെ ഒഴിവ് നികത്തും. ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. താലൂക്കുതല യൂണിറ്റുകള്‍ സംഘങ്ങളുടെ എണ്ണത്തിനാനുപാതികമായി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സഹകരണ സംഘം ഓഫീസിലെ ഒരുദ്യോഗസ്ഥനെ രണ്ട് വര്‍ഷത്തില്‍ക്കൂടുതല്‍ ഒരു സീറ്റില്‍ നിയോഗിക്കില്ല. വകുപ്പ് ഓഡിറ്റര്‍മാരെ മൂന്നു വര്‍ഷത്തില്‍ കൂടുതലും തുടരാന്‍ അനുവദിക്കില്ല. സഹകരണ വകുപ്പില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സമയ ബന്ധിതമായി നടപ്പാക്കും. സ്ഥലംമാറ്റ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്നതും സഹകരണ വകുപ്പ് പരിഗണിക്കുന്നുണ്ട്. ഭരണ സമിതിയംഗങ്ങള്‍ക്കു രണ്ട് ടേം മാത്രമാക്കാനുള്ള ആലോചനയും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം കൊണ്ടുവരികയാണ്. സംഘങ്ങളുടെ ക്ലാസ് അനുസരിച്ച് ഓഡിറ്റ് ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നതാണു വരാനിരിക്കുന്ന ഒരു മാറ്റം. സംഘങ്ങളില്‍ ഒരാള്‍ മാത്രം ഓഡിറ്റ് നടത്തുന്ന രീതി ഒഴിവാക്കി ടീം ഓഡിറ്റ് കൊണ്ടുവരുമെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ നയിക്കുന്നുതു ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. അക്കൗണ്ടന്റ് ജനറല്‍ വിഭാഗത്തില്‍നിന്ന് ഇത്തരത്തിലുള്ള ഒരുദ്യോഗസ്ഥനെ വിട്ടുകിട്ടാന്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം, സാങ്കേതികമായ മാറ്റവും വരുത്തുന്നുണ്ട്. ഭാവിയില്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഐ.ടി. സംയോജനം നടത്തും. അക്കൗണ്ടിങ്ങിന് ഒരേ രീതി കൊണ്ടുവരും. സഹകരണ സംഘങ്ങളില്‍ നടത്തുന്ന ഓഡിറ്റ് പരിശോധനയില്‍ ക്രിമിനല്‍ സ്വഭാവമുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ മറ്റ് അന്വേഷണ ഏജന്‍സികളെയോ അറിയിച്ച് അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനുള്ള തരത്തില്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തും.
സഹകരണ വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സംവിധാനം നിര്‍ജീവാവസ്ഥയിലാണ് ഇപ്പോള്‍. ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണു സഹകരണ വിജിലന്‍സിന്റെ തലവന്‍. അങ്ങനെയൊരു തലവന്‍ ആ സംവിധാനത്തിന് ഇല്ലാതായിട്ട് വര്‍ഷങ്ങളായി. ഡി.ഐ.ജി.യെ നിയമിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. മൂന്നു മേഖലകളിലായി മൂന്നു ഡി.വൈ.എസ്.പി.മാരാണു വിജിലന്‍സ് സംവിധാനത്തെ നയിക്കുന്നത്. ഇതിനു എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഹകരണ വിജിലന്‍സിനു ലഭിക്കുന്ന പരാതികള്‍ നേരിട്ട് അന്വേഷിക്കാനും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുമുള്ള അധികാരം നല്‍കുന്നതിന് ഇപ്പോഴും എതിര്‍പ്പുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്ന രീതി നിലനിര്‍ത്താനാണു സാധ്യത. വകുപ്പുദ്യോഗസ്ഥരുടെ കൃത്യവിലോപവും നടപടിക്രമങ്ങളിലെ വീഴ്ചയും ഗൗരവമായ കുറ്റമായി കാണുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും. ഇന്‍സ്പെക്ഷന്‍ പെര്‍ഫോമ പരിഷ്‌കരിക്കും. അഴിമതിരഹിതവും സുതാര്യവുമായ ഇടപാടുകളിലൂടെ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടികളാണു സഹകരണ വകുപ്പ് തയാറാക്കുന്നത്. നിയമ ഭേദഗതിയടക്കം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു സഹകരണ വകുപ്പില്‍ നടക്കുന്നത്.
കേന്ദ്രവും നയം മാറ്റുന്നു
സഹകരണ സംഘങ്ങള്‍ക്കു സാമൂഹിക മാറ്റത്തിനു ഗുണകരമാകുന്ന വിധത്തില്‍ ഇടപെടലിന് അവസരം നല്‍കണമെന്ന നിലപാടിലേക്കു കേന്ദ്രസര്‍ക്കാരും മാറുകയാണ്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയില്‍ സഹകരണ സംഘങ്ങളിലൂടെ കൂടുതല്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വായ്പാ സംഘങ്ങള്‍ക്കു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി നല്‍കാനാണു തീരുമാനം. വായ്പാ സഹകരണ സംഘങ്ങള്‍ക്കു നേരിട്ട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ നിലവില്‍ അനുമതി നല്‍കുന്നില്ല. നല്ല സാമ്പത്തിക അടിത്തറയുള്ള സഹകരണ സംഘങ്ങളെ ഇത്തരം മേഖലയില്‍ ഉപയോഗപ്പെടുത്താമെന്നതാണു കേന്ദ്രത്തിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ഇതിനു കൂടുതല്‍ പരിഗണന ലഭിച്ചേക്കും. കേരളത്തില്‍ 1000 കോടിയിലധികം നിക്ഷേപവും മികച്ച പ്രവര്‍ത്തന പരിചയവുമുള്ള സഹകരണ സംഘങ്ങള്‍ക്കും ഇത്തരം പദ്ധതികള്‍ക്കു കേന്ദ്രാനുമതി ലഭിക്കാനിടയുണ്ട്.
മഹാരാഷ്ട്രയിലെ ബുല്‍ഡാന അര്‍ബന്‍ സഹകരണ സംഘം മെഡിക്കല്‍ കോളേജിനുള്ള അപേക്ഷ സര്‍ക്കാരിനു സമര്‍പ്പിച്ചുകഴിഞ്ഞു. ഏഴ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമാണു ബുല്‍ഡാന അര്‍ബന്‍ സംഘം. 9200 കോടി രൂപ നിക്ഷേപവും 15,200 കോടി രൂപയുടെ ബിസിനസ്സുമുള്ള മികച്ച സംഘമാണിത്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മെഡിക്കല്‍ പഠനമെന്ന വാഗ്ദാനമാണു ബുല്‍ധാന സംഘം മുന്നോട്ടുവെച്ചിട്ടുള്ളത്. മികച്ച പ്രവര്‍ത്തനവും മൂലധനശേഷിയുമുള്ള സംഘങ്ങള്‍ അക്കാദമിക-അടിസ്ഥാന സൗകര്യ രംഗത്തു പുതിയ സംരംഭങ്ങള്‍ തുടങ്ങാമെന്ന രീതിയിലേക്കു കേന്ദ്ര സഹകരണ നയം മാറ്റാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. 2002 ലെ കേന്ദ്ര സഹകരണ നയം സമഗ്രമായി പരിഷ്‌കരിക്കും. ഇതിനനുസരിച്ച് പുതിയ നിയമനിര്‍മാണവും മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തില്‍ ആവശ്യമായ ഭേദഗതിയും കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
[mbzshare]