കോഴിക്കോടിന്റെ പാരമ്പര്യം കാത്ത് മലബാര്‍ ടൂറിസം സൊസൈറ്റി

[mbzauthor]

(2020 ആഗസ്റ്റ് ലക്കം)

യു.പി. അബ്ദുള്‍ മജീദ്

ടൂറിസം പ്രമോഷന്‍ രംഗത്ത് മൂന്നു വര്‍ഷം കൊണ്ട് മികച്ച പ്രവര്‍ത്തനമാണ് മലബാര്‍ ടൂറിസം ആന്റ് ട്രാവലിങ് പ്രമോഷന്‍
സഹകരണ സംഘം നടത്തിയിരിക്കുന്നത്. ചരിത്രപ്പെരുമയുള്ള കോഴിക്കോടിനെ അടുത്തറിയാനുള്ള യാത്രകള്‍ ഒരുക്കുന്ന സൊസൈറ്റി ബേപ്പൂരില്‍ നിന്ന് ഉള്‍ക്കടലിലേക്ക് കപ്പല്‍യാത്രയും നടത്തുന്നുണ്ട്.

അ  തിഥികളെ സന്തോഷത്തോടെ സ്വീകരിക്കുക, അവര്‍ക്ക് മുന്തിയ ഭക്ഷണം വെച്ച് വിളമ്പുക, ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഒരുക്കിക്കൊടുക്കുക, മടങ്ങുമ്പോള്‍ സമ്മാനങ്ങള്‍ കൊടുത്തയക്കുക. സ്‌നേഹവും സൗഹൃദവുമായി ആതിഥേയരുടെ മനസ്സ് കീഴടക്കുന്ന കോഴിക്കോടന്‍ സല്‍ക്കാരത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജഭരണകാലത്ത് കോഴിക്കോട്ട് വന്നു മടങ്ങിയ വിദേശ സഞ്ചാരികള്‍ കോഴിക്കോട്ടുകാരുടെ ആതിഥ്യമര്യാദകളെ പ്രശംസിച്ചെഴുതിയത് ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യവും പൈതൃകവും കാത്ത് സഞ്ചാരികളുടെ സ്വപ്നഭൂമിയെന്ന പേര് നിലനിര്‍ത്താനുള്ള കോഴിക്കോടിന്റെ ശ്രമങ്ങള്‍ ഇപ്പോഴുമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ടൂറിസം ആന്റ് ട്രാവലിങ് പ്രമോഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുറഞ്ഞ കാലം കൊണ്ട് ടൂറിസം രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.

അറബികളും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരുമൊക്കെ കോഴിക്കോട്ടെത്തിയത് കച്ചവടക്കണ്ണോടെയായിരുന്നു. നാടുവാഴികളുടേയും നാട്ടുപ്രമാണിമാരുടേയും ആതിഥ്യം സ്വീകരിച്ചും പിണങ്ങിയപ്പോള്‍ അവരുമായി അങ്കം കുറിച്ചും പോരടിച്ചും വിദേശ ശക്തികള്‍ ആധിപത്യമുറപ്പിച്ച കോഴിക്കോട് അറബിക്കടലിന്റെ തീരത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ നഗരമായി മാറി. വിശാലമായ കടലോരവും പ്രകൃതി കനിഞ്ഞ ഉള്‍നാടന്‍ ഗ്രാമഭംഗിയും സമൃദ്ധിയുടെ പ്രതീകമായ കാര്‍ഷിക മേഖലയും കലയും കരവിരുതും മാറ്റുരക്കുന്ന കുലത്തൊഴിലുകളുമൊക്കെ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിന് സഞ്ചാര ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ പണ്ടുകാലത്തുതന്നെ സഹായമായിട്ടുണ്ട്. പക്ഷേ, പില്‍ക്കാലത്ത് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസന രംഗത്ത് നേട്ടമുണ്ടാക്കാന്‍ കോഴിക്കോടിന് കഴിയാതെ പോയത് ജില്ലയുടെ തന്നെ പിന്നോക്കാവസ്ഥക്ക് കാരണമായി. രാജഭരണത്തിന്റേയും വിദേശാധിപത്യത്തിന്റേയും ശേഷിപ്പുകള്‍ ചരിത്ര സ്മാരകങ്ങളായി നില്‍ക്കുന്ന കോഴിക്കോട്ട് അവയെ പരസ്പരം ബന്ധിപ്പിച്ചും ഹരിത ശാലീനമായ കിഴക്കന്‍ മലയോര ഗ്രാമങ്ങളിലെ മലനിരകളും വെള്ളച്ചാട്ടങ്ങളും കോര്‍ത്തിണക്കിയും പൗരാണികതയും പാരമ്പര്യവും പ്രതിഫലിക്കുന്ന ആരാധനാലയങ്ങളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിയുമുള്ള സമഗ്ര ടൂറിസം മാപ്പ് തയാറാക്കി നഗരത്തിലെത്തുന്ന ആര്‍ക്കും കോഴിക്കോടിനെ അറിയാനുള്ള സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവും എന്ന തിരിച്ചറിവില്‍ നിന്നാണ് 2017 ല്‍ മലബാര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ തുടക്കം. മലബാര്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതുതലമുറക്ക് തൊഴില്‍ നല്‍കാനും ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും നിലവിലുള്ളവ മെച്ചപ്പെടുത്തിയും സഞ്ചാരികളെ സഹായിക്കാനും രംഗത്തിറങ്ങിയപ്പോള്‍ കോഴിക്കോട്ടെത്തുന്ന സഞ്ചാരികളുടെ അത്താണിയായി മാറാന്‍ മൂന്നു വര്‍ഷം കൊണ്ട് സൊസൈറ്റിക്ക് കഴിഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി റിസോര്‍ട്ടുകള്‍ ഒരുക്കിയും കഫേകള്‍ നടത്തിയും ചെറു യാത്രകള്‍ സംഘടിപ്പിച്ചും ചുവടുറപ്പിച്ച ടൂറിസം സൊസൈറ്റി കപ്പല്‍യാത്രയുടെ വരെ സംഘാടകരായപ്പോള്‍ കോഴിക്കോട്ട് വിനോദ സഞ്ചാര മേഖലക്ക് പുതിയ ഉണര്‍വ്വ് ലഭിച്ചു.

കാപ്പാട്

സുരക്ഷിതം, സുനിശ്ചിതം

വിനോദ സഞ്ചാരത്തിനെത്തുന്നവരെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുക എന്ന ചുമതല ഏറ്റെടുത്ത മലബാര്‍ ടൂറിസം സൊസൈറ്റി ടമളല മിറ ടലരൗൃല എന്ന മദ്രാവാക്യം സേവനത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തുന്ന വാഹനം, അവര്‍ക്ക് നല്‍കുന്ന ഭക്ഷണം, താമസ സൗകര്യങ്ങള്‍, ഗൈഡ് സേവനം തുടങ്ങിയവയെല്ലാം സുനിശ്ചിതമായിരിക്കണമെന്നും സഞ്ചാരികള്‍ക്ക് ഒരു പ്രയാസവുമുണ്ടാക്കാത്ത തരത്തിലാവണമെന്നും സൊസൈറ്റിക്ക് നിര്‍ബന്ധമുണ്ട്. ചെറുതും വലുതുമായി യാത്രാ സംഘങ്ങളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുമ്പോള്‍ സുരക്ഷിത യാത്രക്കാണ് പരിഗണന നല്‍കുന്നത്. ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ കേന്ദ്രങ്ങളും കൂട്ടിയിണക്കി സൊസൈറ്റി സംഘടിപ്പിക്കുന്ന ഏകദിന യാത്രകള്‍ക്ക് ധാരാളം പേര്‍ എത്താറുണ്ട്. കാലത്ത് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് കാപ്പാട് ബീച്ച്, തിക്കോടി ലൈറ്റ്ഹൗസ്, കുഞ്ഞാലി മരക്കാര്‍ സ്മാരകം, ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്, വടകര സാന്റ് ബാങ്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് നഗരത്തില്‍ തിരിച്ചെത്തുന്നതാണ് ഒരു യാത്ര. മിനി ഊട്ടി എന്നറിയപ്പെടുന്ന വയലടയില്‍ പോയ ശേഷം കരിയാത്തന്‍ പാറ കണ്ട് കക്കയം മിനി ഹൈഡല്‍ പ്രോജക്ട്, ഡാം സൈറ്റ് എന്നിവ സന്ദര്‍ശിച്ച് പെരുവണ്ണാമൂഴി ഡാം പ്രദേശം ചുറ്റിക്കറങ്ങി തിരിച്ചു പോരുന്ന രണ്ടാമത്തെ യാത്രക്കും ബുക്കിങ് കൂടുതലായിരുന്നു. ജില്ലക്ക് കിഴക്കുള്ള തുഷാരഗിരി, കക്കാടം പൊയില്‍, അരിപ്പാറ വെള്ളച്ചാട്ടങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ചേര്‍ത്തുള്ള മൂന്നാമത്തെ യാത്രക്ക്കൂടി സൊസൈറ്റി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടി പ്രത്യേക വിനോദയാത്ര സംഘടിപ്പിച്ചും ടൂറിസം സൊസൈറ്റി പ്രശംസ പിടിച്ചുപറ്റി. ഗ്രാമങ്ങളില്‍ വേരുകളുള്ള കുടുംബശ്രീ, ജനശ്രീ തുടക്കിയവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ടൂറുകളും ജനകീയമായി.

ബേപ്പൂര്‍

കപ്പല്‍ യാത്ര

കടലും കടലോരവുമൊക്കെ സുപരിചിതമായ കോഴിക്കോട്ടുകാര്‍ക്ക് കപ്പല്‍യാത്ര കൗതുകം തന്നെയാണ്. വാന്‍സണ്‍ ഷിപ്പിങ് കോര്‍പ്പറേഷനുമായി സഹകരിച്ച് മലബാര്‍ ടൂറിസം സൊസൈറ്റി ഏര്‍പ്പെടുത്തിയ ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍യാത്ര കൂടുതല്‍ ആകര്‍ഷിച്ചത് കോഴിക്കോട്ടുകാരെ ത്തന്നെയാണ്. ക്ലിയോപാട്ര എന്നു പേരുള്ള കപ്പലില്‍ ഒരു മണിക്കൂര്‍ നേരം ഉള്‍ക്കടലിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തുന്ന ചിലര്‍ അടുത്ത ട്രിപ്പില്‍ വീണ്ടും യാത്ര ചെയ്യും. 300 രൂപയാണ് കപ്പല്‍ യാത്രക്ക് ഈടാക്കുന്നത്. 100 പേര്‍ക്ക് ഒരു ട്രിപ്പില്‍ യാത്ര ചെയ്യാം. കഴിഞ്ഞ സീസണില്‍ സ്്കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി വന്ന് കപ്പല്‍യാത്ര നടത്തിയത് ടൂറിസം സൊസൈറ്റിയുടെ കടലിനെ അറിയുക എന്ന പദ്ധതിയെ വിജയത്തിലെത്തിച്ചു.

ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍

കോഴിക്കോട് ജില്ലയിലെഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ നാല് കോട്ടേജുകളുടേയും കഫ്തീരിയയുടേയും നടത്തിപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ നിന്ന ്‌സൊസൈറ്റി ഏറ്റെടുത്തിട്ടുണ്ട്. എ. സി /നോണ്‍ എ.സി. മുറികളില്‍ താമസ സൗകര്യത്തിന് പുറമെ ഡോര്‍മെറ്ററിയും മീറ്റിങ്ങ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്തരം സൗകര്യങ്ങള്‍ കുറഞ്ഞ സമയമാണ് ഉപയോഗിക്കുന്നതെങ്കില്‍ ചാര്‍ജ് ആനുപാതികമായി നല്‍കിയാല്‍ മതി. പല സ്വകാര്യ റിസോര്‍ട്ടുകളും ഒരു ദിവസത്തെ വാടക മിനിമം ചാര്‍ജായി വാങ്ങുന്നുണ്ട്. സഞ്ചാരികള്‍ക്ക് നല്ല ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്നുമുണ്ട്. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലും മലബാര്‍ ഹോളിഡെയ്‌സ് റിസോര്‍ട്ട് എന്ന പേരില്‍ 25 പേര്‍ക്ക് താമസ സൗകര്യവും സ്വിമ്മിങ് പൂളുമുണ്ട്. മുടിപ്പിന്‍ വളവുകളും ചെങ്കുത്തായ കയറ്റങ്ങളുമുള്ള റോഡുകളിലൂടെ യാത്ര ചെയ്ത് മാനംമുട്ടി നില്‍ക്കുന്ന മലനിരകളുടെ സൗന്ദര്യവും കോഴിപ്പാറയില്‍ പതഞ്ഞൊഴുകുന്ന കുറാമ്പുഴയും കാണാനെത്തുന്നവര്‍ക്ക് മികച്ച വിശ്രമ സൗകര്യങ്ങളാണ് കക്കാടംപൊയിലില്‍ ടൂറിസം സൊസൈറ്റി ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ബേപ്പൂര്‍ തുറമുഖത്തെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ കഫ്തീരിയയും കംഫര്‍ട്ട് സ്റ്റേഷനും പാര്‍ക്കിങ് സ്ഥലവുമൊക്കെ നടത്തുന്നത് മലബാര്‍ ടൂറിസം സൊസൈറ്റിയാണ്. വാസ്‌കോഡഗാമ കപ്പലിറങ്ങിയ കാപ്പാട് കടലോരത്ത് അടുത്ത കാലത്തായി ടൂറിസം രംഗത്ത് ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതോടെ സീസണില്‍ നല്ല തിരക്കാണ്. കാപ്പാട് ബീച്ച് കഫെ എന്ന പേരില്‍ ലഘുഭക്ഷണവും ഇളനീര്‍, ഐസ്‌ക്രീം പാര്‍ലറുകളും സൊസൈറ്റി ഒരുക്കിയിട്ടുണ്ട്. സൊസൈറ്റിയുടെ സ്റ്റാളുകളില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കേരളീയ രീതിയിലായതിനാല്‍ വിദേശികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

തുഷാരഗിരി

വികസനപദ്ധതികള്‍

പെരുവണ്ണാമൂഴി കേന്ദ്രീകരിച്ച് നല്ലൊരു ടൂറിസം പദ്ധതിക്ക് സൊസൈറ്റി രൂപരേഖ തയാറാക്കി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്വിമ്മിങ് പൂള്‍, ഫാം ടൂറിസം റസ്റ്റോറന്റ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പ്രോജക്ട് . ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് പുതിയ ട്രാവല്‍ – ടൂറിസം പദ്ധതികളും സൊസൈറ്റി നടപ്പാക്കും. കോഴിക്കോട് നഗരത്തില്‍ നടക്കാവിലാണ് മലബാര്‍ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്. കുന്ദമംഗലം പന്തീര്‍പ്പാടത്ത് ആസ്ഥാന ഓഫീസ് പ്രവര്‍ത്തിക്കുന്നു. സൊസൈറ്റിയുടെ എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുണ്ട്.

പ്രമുഖ സഹകാരിയും വേങ്ങേരി അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റുമായ എം. ടി. ദിനേശനാണ് ടൂറിസം സൊസൈറ്റിയുടെ പ്രസിഡന്റ്. ജോര്‍ജ് മേച്ചേരി വൈസ് പ്രസിഡന്റും എം. നീരജാക്ഷന്‍, കെ. നിസാര്‍, കെ. പ്രബീഷ്‌കുമാര്‍, ഒ.കെ. ബൈജു, രമേഷ് ബാബു, എ.വി. പുഷ്പരാജന്‍, വി.എന്‍. ഷാജന്‍, വി.പി. ദുല്‍ഖിഫില്‍ , വി. വാസുദേവന്‍, സി. താജുദ്ദീന്‍, പി. ഭാനുമതി, ജാക്ലിന്‍ ജില്‍സ്, പി. കെ. റീത്ത എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

കൊറോണക്കാലത്തെ പ്രതിസന്ധി ടൂറിസം മേഖലയേയും ബാധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളുടെ കാര്‍മേഘങ്ങള്‍ നീങ്ങി മാനം തെളിയുന്നതോടെ സ്വപ്നഭൂമിയിലേക്ക് സഞ്ചാരികള്‍ വീണ്ടും ഒഴുകിയെത്തും എന്ന പ്രതീക്ഷയില്‍ അണിയറയില്‍ ഒരുങ്ങുകയാണ് വിനോദ സഞ്ചാര രംഗത്ത് വിജയമുദ്രകള്‍ സ്വന്തമാക്കിയ മലബാര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി .

 

[mbzshare]

Leave a Reply

Your email address will not be published.