സംഘങ്ങളുടെ കരുത്ത് തെളിയട്ടെ വീണ്ടും

Deepthi Vipin lal

രു പ്രദേശത്തെ ജനങ്ങള്‍ക്കും അവിടത്തെ പ്രാദേശിക ഭരണകൂടത്തിനും എന്നും എപ്പോഴും ആശ്രയിക്കാവുന്ന ധനകാര്യ സ്ഥാപനമാണു സഹകരണ സംഘം. കിട്ടുന്നതിനേക്കാള്‍ സമൂഹത്തിനു സസന്തോഷം തിരിച്ചു നല്‍കുന്ന ഉദാരമായ സമീപനമാണു കേരളത്തിലെ സഹകരണ സംഘങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും ഇതു മനസ്സിലാകും. ഈ ജനകീയ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാന്‍ സംസ്ഥാന ഭരണകൂടത്തിനും കഴിയില്ല. വരുംവര്‍ഷങ്ങളിലെ കാര്‍ഷിക പദ്ധതികളുടെ നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്കും സജീവ പങ്കാളിത്തം നല്‍കാനുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ തീരുമാനം ശ്ലാഘനീയമാണ്. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനങ്ങള്‍ അതതിടത്തു കൃഷിക്കുള്ള വഴിയൊരുക്കും. ഇതിനുള്ള കര്‍ഷക കൂട്ടായ്മക്കു വായ്പ നല്‍കുക സംഘങ്ങളായിരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സുഭിക്ഷ കേരളം പദ്ധതിയുടെ വിജയത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയ സംഘങ്ങള്‍ക്കു ലഭിച്ച അംഗീകാരം കൂടിയാണിത്. പുതിയ ചുമതല ഏറ്റെടുക്കുന്നതിലും സംഘങ്ങള്‍ പിന്നോക്കം പോവില്ലെന്നു ഞങ്ങള്‍ക്കു വിശ്വാസമുണ്ട്.

സമൂഹത്തിനു കൊടുത്തതിനൊന്നും ഞങ്ങള്‍ കണക്കു പറയുന്നില്ല. എങ്കിലും, അഞ്ചു വര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയില്‍ വരാതെ പോയ ഒരു കാര്യം ഓര്‍മപ്പെടുത്തേണ്ടതുണ്ട് – സഹകാരികളുടെ തുച്ഛമായ ഓണറേറിയം. ഇന്നത്തെ കാലത്തിനനുസരിച്ച് ഈ തുക കൂട്ടിത്തരാനുള്ള ആവശ്യം അന്യായമാണെന്നു ആരും പറയില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നു സംഘങ്ങളുടെ വളര്‍ച്ചക്കുവേണ്ടി അഹോരാത്രം ഓടിനടക്കുന്ന സഹകാരികള്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിലെ സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ സഹകരണ വകുപ്പിന്റെ അമരക്കാരനായി എത്തിയ മന്ത്രി വി.എന്‍. വാസവനു ‘ മൂന്നാംവഴി ‘ എല്ലാ ആശംസകളും നേരുന്നു. രാഷ്ട്രീയ, സഹകരണ മേഖലകളില്‍ പതിറ്റാണ്ടിലൂടെ നേടിയെടുത്ത അനുഭവ സമ്പത്ത് മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ദിശാബോധവും കരുത്തും നല്‍കുമെന്നുറപ്പാണ്. നമ്മുടെ സഹകരണ മേഖലയെ പുരോഗതിയിലേക്കു നയിക്കാനുള്ള മന്ത്രിയുടെ എല്ലാ ഉദ്യമങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും ഉറപ്പു നല്‍കുന്നു.

– എഡിറ്റര്‍

 

Leave a Reply

Your email address will not be published. Required fields are marked *

Latest News