ഉത്പാദനച്ചെലവ് കൂടി; കര്‍ഷകരെ സഹായിക്കാനാകാതെ ക്ഷീരസംഘങ്ങളും

[mbzauthor]

കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയ്ക്കെല്ലാം വില കുത്തനെ ഉയര്‍ന്നത് സംസ്ഥാനത്ത് ക്ഷീരകകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ക്ഷീരസംഘങ്ങളും എത്തുകയാണ്. പാലിന് വില കൂട്ടി നല്‍കുകയല്ലാതെ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമില്ല. എന്നാല്‍, പാല്‍ വില കൂട്ടാനാവില്ലെന്ന കര്‍ശന നിലപാടിലാണ് സര്‍ക്കാര്‍. കുറഞ്ഞ വിലയ്ക്ക് കാലത്തീറ്റ ഉള്‍പ്പടെ എത്തിക്കാനുള്ള ശ്രമം ക്ഷീരവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ഫലപ്രദമായിട്ടില്ല.

മില്‍മ കവര്‍ പാല്‍ വില ലിറ്ററിന് 48 രൂപ വരെയുണ്ടെങ്കിലും ക്ഷീര കര്‍ഷകന് കിട്ടുന്നത് ശരാശരി 37 രൂപ. ഇപ്പോഴത്തെ വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വില കര്‍ഷകന് അശ്വാസം നല്‍കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും സമ്മതിക്കുന്നു.

പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നല്‍കുന്നതിനുള്ള ചാര്‍ട്ടനുസരിച്ച് കവര്‍ പാലിന് ഈടാക്കുന്നതിനെക്കാള്‍ ഇരുപത് ശതമാനം വരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളില്‍ നിന്ന് കര്‍ഷകന് ലഭിക്കുന്നത്. മില്‍മയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാര്‍ത്ഥങ്ങളുടെ അളവ് (എസ്.എന്‍.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കര്‍ഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എന്‍.എഫോ അല്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും കാലത്തീറ്റയുടെ വിലയും കൂടുതലാണ്. കേരള ഫീഡ്സ് അടക്കമുള്ള സ്ഥാപനങ്ങള്‍ ചോളത്തിനും എണ്ണ നീക്കിയ തവിടിനും വേണ്ടി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോള്‍ ഇവ വലിയ അളവില്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാന്‍ ഗോഡൗണ്‍ സംഭരണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കാത്തതാണ് തീറ്റ വില ഇടക്കിടെ വില വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. എള്ളിന്‍പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 100 -130 രൂപയിലധികം വില വര്‍ദ്ധനവുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാന്‍ കാരണമായി പറയുന്നത്.

പാലിന് കുറഞ്ഞ വിലയാണ് കിട്ടുന്നതെങ്കിലും ഉരുക്കള്‍ക്കുള്ള തീറ്റ നല്‍കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വേനല്‍ തുടങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെ പാല്‍ ഉത്പാദനവും കുറഞ്ഞു. വൈക്കോലിന് വില കൂടിയതോടെ പ്രതിസന്ധി കൂടി. ഇന്ധനവിലയുടെ വര്‍ദ്ധനവാണ് വൈക്കോലിന് വില കൂടാന്‍ കാരണമായത്. ഒരു കെട്ട് വൈക്കോലിന് 10 രൂപ മുതല്‍ 15 രൂപ വരെയാണ് വില കൂടിയത്. കനത്ത മഴയില്‍ തമിഴ്നാട്ടില്‍ വൈക്കോല്‍ വ്യാപകമായി നശിച്ചതുകാരണം വൈക്കോല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

[mbzshare]

Leave a Reply

Your email address will not be published.