മള്‍ടിസ്റ്റേറ്റ് സംഘങ്ങള്‍ സര്‍ക്കാര്‍സ്ഥാപനങ്ങളാണെന്നു തെറ്റിദ്ധരിക്കരുതെന്ന് അറിയിപ്പ്
- കേന്ദ്രസര്‍ക്കാര്‍ എന്ന വാക്ക് ഉപയോഗിക്കാനും നിയന്ത്രണം
- സര്‍ക്കാരിന് ഒരുറപ്പും നല്‍കാനാവില്ല
മള്‍ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ സര്‍ക്കാര്‍സ്ഥാപനങ്ങളാണെന്നു തെറ്റിദ്ധരിക്കരുതെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍. അവ മള്‍ടിസ്റ്റേറ്റ് സഹകരണസംഘംനിയമപ്രകാരം രൂപവല്‍കരിക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍സ്ഥാപനങ്ങളല്ലെന്നും കേന്ദ്രസഹകരണരജിസ്‌ട്രാര്‍ അറിയിച്ചു. പല മള്‍ടിസ്റ്റേറ്റ് സംഘങ്ങളും കേന്ദ്രസര്‍ക്കാര്‍സ്ഥാപനങ്ങളാണെന്നു തോന്നിക്കുന്ന പേരുകളും ചിഹ്നങ്ങളും ആവിഷ്‌കരണങ്ങളും ഉപയോഗിക്കുന്നതിനാലാണ് അറിയിപ്പ്‌്. അംഗങ്ങളും ഡയറക്ടര്‍ബോര്‍ഡുകളുമാണ് അവയെ നിയന്ത്രിക്കുന്നത്. മള്‍ടിസ്‌റ്റേറ്റ് സഹകരണസംഘംനിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്നുവച്ച് അവ സര്‍ക്കാര്‍സ്ഥാപനമാകുന്നില്ല. സര്‍ക്കാരിന്റെ ഒരുതരത്തിലുമുള്ള ഉടമസ്ഥതയോ നിയന്ത്രണമോ ഗ്യാരന്റിയോ സാമ്പത്തികപിന്‍ബലമോ അവയ്‌ക്കില്ല.

കേന്ദ്രസര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തോടെയും അംഗീകാരത്തോടെയും അഫിലിയേഷനോടെയുമാണു പ്രവര്‍ത്തിക്കുന്നതെന്നു സൂചിപ്പിക്കുന്ന സര്‍ക്കാര്‍എംബ്ലമോ മുദ്രയോ പേരോ ചിന്നമോ ഇവ ഉപയോഗിക്കരുത്. ഇന്ത്യാഗവണ്‍മെന്റ്, കേന്ദ്രസര്‍ക്കാര്‍ എന്നീ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു; അല്ലെങ്കില്‍ അങ്ങനെ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട നിയമപ്രകാരം ഔദ്യോഗികമായി ത്തന്നെ അധികാരപ്പെടുത്തപ്പെട്ടിരിക്കണം. നിക്ഷേപകരും ഉപഭോക്താക്കളുമൊക്കെ ഇത്തരം അവയുമായി ഇടപെടുമ്പോള്‍ മതിയായ വിവേകവും ജാഗ്രതയും പുലര്‍ത്തണം. സംഘത്തിന്റെ രജസിട്രേഷനും വിശ്വാസ്യതാകാര്യങ്ങളും ഔദ്യോഗികകേന്ദ്രങ്ങളിലൂടെ പരിശോധിച്ചുറപ്പാക്കണം.സാമ്പത്തികഇടപാടുകളുടെയും ബിസിനസ് ഇടപാടുകളുടെയും കാലാവധികളും വ്യവസ്ഥകളും ശ്രദ്ധിച്ചു മനസ്സിലാക്കണം. എന്നിട്ടു സ്വതന്ത്രമായി വിലയിരുത്തി കാര്യവിവരത്തോടെവേണം തീരുമാനമെടുക്കാന്‍. മള്‍ടിസ്‌റ്റേറ്റ് സംഘങ്ങളുടെ സാമ്പത്തികമികവോ വരുമാനമോ ചുമതലകളോ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഗ്യാരന്റി ചെയ്യുന്നില്ല. സംഘത്തിന്റെ പദവിയെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ നിയനടപടിയെടുക്കുമെന്നും അറിയിപ്പിലുണ്ട്.

