ഒരു മള്‍ടിസ്റ്റേറ്റ്‌സംഘത്തിനു നിക്ഷേപവിലക്ക്‌

Moonamvazhi

മഹാരാഷ്ട്ര നാഗ്‌പൂരിലെ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘമായ നിര്‍മല്‍ ഉജ്വല്‍ വായ്‌പാസഹകരണസംഘത്തെ പുതിയ നിക്ഷേപം സ്വീകരിക്കുന്നതില്‍നിന്ന്‌ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ വിലക്കി. ഉടന്‍ പ്രാബല്യത്തില്‍വരുംവിധമാണ്‌ ഉത്തരവ്‌. അംഗങ്ങളെയും നിക്ഷേപകരെയും ഇക്കാര്യം ഉടന്‍ അറിയിക്കണമെന്നും സംഘത്തിന്റെ വെബ്‌സൈറ്റിലും ഓഫീസുകളിലും പ്രാധാന്യത്തോടെ ഈ അറിയിപ്പ്‌ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്‌.സംഘത്തെപ്പറ്റി പ്രത്യേകാന്വേഷണസംഘം അന്വേഷിച്ചുവരികയാണ്‌. സംഘത്തിന്‍രെ ചില ഭാരവാഹികള്‍ക്കു ക്രമക്കേടുകളില്‍ പ്രഥമദൃഷ്ട്യപങ്കുണ്ടെന്നു 2026 മാര്‍ച്ച്‌ 24നു ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച്‌ നിരീക്ഷിച്ചിരുന്നു.

ജീവനക്കാരുടെ പേരില്‍ വായ്‌പകള്‍ അനുവദിക്കുകയും അതൊക്കെ പിഎന്‍ജി കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിലേക്കു കൈമാറുകയും ചെയ്‌തു, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും വായ്‌പകള്‍ അനുവദിക്കുകയും അവ ഈ സ്ഥാപനത്തിന്റെ പേരിലേക്കു കൈമാറുകയും ചെയ്‌തു, 2020-25കാലത്ത്‌ അനുവദിക്കപ്പെട്ട വന്‍തുകകളുടെ വായ്‌പകള്‍ തിരിച്ചടക്കപ്പെട്ടില്ല, വലിയൊരുതുക അന്നത്തെ സെക്രട്ടറിക്കു വായ്‌പ അനുവദിക്കുകയും തിരിച്ചുപിടിക്കാന്‍ നടപടികള്‍ എടുക്കുന്നതില്‍ വീഴ്‌ച വരുത്തുകയും ചെയ്‌തു, വാര്‍ഷികക്കണക്കുകള്‍ സംഘം സമര്‍പ്പിച്ചില്ല എന്നിവയാണ്‌ ആരോപണങ്ങള്‍.

ഇതിനു സംഘത്തിനു നോട്ടീസ്‌ അയച്ചിരുന്നു. 2026 ഏപ്രില്‍ പതിനാലിനു സംഘം ആരോപണങ്ങള്‍ നിഷേധിച്ചു മറുപടി കൊടുത്തെങ്കിലും തെളിവൊന്നും ഹാജരാക്കിയില്ല. ഏപ്രില്‍ 24നു വാദം കേട്ടു. പിഎന്‍ജി കോര്‍പറേഷനെയും നിര്‍മല്‍ ഫുഡ്‌ പ്രോഡക്ടിനെയും തങ്ങള്‍ അംഗങ്ങളായി ചേര്‍ത്ത്‌ വായ്‌പ നല്‍കിയിരുന്നുവെന്നു സംഘം പ്രതിനിധികള്‍ സമ്മതിച്ചു. ഇതു മള്‍ടിസ്റ്റേറ്റ്‌ സഹകരണസംഘം നിയമത്തിനു വിരുദ്ധമാണ്‌. രേഖകളും തെളിവുകളും പരിശോധി്‌ച്ചപ്പോള്‍ സാമ്പത്തികക്രമക്കേടും തുക വകമാറ്റലും സ്ഥാപനതാല്‍പര്യത്തിനു വിരുദ്ധമായ കാര്യങ്ങളും നിയമവ്യവസ്ഥകളുടെ ലംഘനവും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു രജിസ്‌ട്രാര്‍ വ്യക്തമാക്കി. അതിനാല്‍ തുടര്‍ന്നും നി്‌ഷേപം സ്വീകരിക്കാന്‍ അനുവദിക്കുന്നതു അംഗങ്ങളുടെയും നിക്ഷേപകരുടെയും താല്‍പര്യത്തിനു വിരുദ്ധവും വലിയ സാമ്പത്തികറിസ്‌കും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതുമാണ്‌. അതുകൊണ്ടാണു നിക്ഷേപവിലക്ക്‌.

Moonamvazhi

Authorize Writer

Moonamvazhi has 1092 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!