കേരളബാങ്കും സ്‌റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് ഫിന്‍ടെക് ഇന്നൊവേഷന്‍ സോണ്‍ ഒരുക്കാന്‍ ധാരണയായി
കേരളബാങ്കുമായി ബന്ധപ്പെട്ടു സഹകരണബാങ്കിങ്ങില്‍ ഡിജിറ്റനല്‍ നവീകരണത്തിനു ഫിന്‍ടെക് ഇന്നൊവേഷന്‍ സോണ്‍ രൂപവല്‍കരിക്കാന്‍ കേരളബാങ്കും കേരള സ്റ്റാര്‍ട്ട്‌അപ് മിഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളബാങ്കിന്റെ ഐ.ടി. കോണ്‍ക്ലേവിലായിരുന്നു ഇത്. കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളബാങ്കിന്റെ ഐടിസംയോജനത്തെപ്പറ്റിയുള്ള കൈപ്പുസ്‌തകം നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജിക്കു നല്‍കി മുഖ്യമന്ത്രി പ്രകാശമം ചെയ്‌തു. വിവരസാങ്കേതികവിദ്യ അതിവേഗം മാറുമ്പോള്‍ ബാങ്കിങ്ങിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേരളത്തിലെ സ്‌റ്റാര്‍ട്ട്‌അപ്പ് ആവാസവ്യവസ്ഥക്ക് ഇത് അവസരമാക്കിമാറ്റാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോയും കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും ധാരണാപത്രം കൈമാറി. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. വ്യവസായമന്ത്രി പി. രാജീവ്, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വയംസഹായഗ്രൂപ്പുകള്‍ക്കുള്ള മണിപേഴ്‌സ് ഡിജിറ്റല്‍ ആപ്പ്, ഇ-കെവൈസി വഴി അക്കൗണ്ട് തുറക്കാവുന്ന മൈക്രോ എടിഎം എന്നിവ നബാര്‍ഡ് ചെയര്‍മാന്‍ വിതരണം ചെയ്‌തു.
കേരളബാങ്കിന്റെ എറണാകുളം കാക്കനാട്ടുള്ള വിവിരസാങ്കേതികവിദ്യാവിഭാഗത്തില്‍ 1000 ചതുരശ്രഅടി സ്ഥലത്താണു ഫിന്‍ടെക് ഇന്നൊവേഷന്‍ ഹബ്ബ് വരിക. ഇവിടെ മികച്ച ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താന്‍ കോഹോര്‍ട്ട് അടിസ്ഥാനത്തിലുള്ള ഫിന്‍ടെക് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകള്‍ നടത്തും. കേരളബാങ്കിനും സഹകരണബാങ്കിങ്ങിനും പറ്റിയ ഡിജിറ്റല്‍ സൊലൂഷനുകളില്‍ സഹകരിച്ചുള്ള നിര്‍മാണം പ്രോല്‍സാഹിപ്പിക്കും. മെന്റര്‍ഷിപ്പും ഫണ്ടിങ്ങും വിപണീപ്രവേശനവും വഴി ഫിന്‍ടെക് നവീകരണത്തിനുള്ള ആവാസവ്യവസ്ഥ രൂപവല്‍കരിക്കാനാണു ധാരണം. തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രൂഫ് ഓഫ് കണ്‍സെപ്‌റ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ അവസരം നല്‍കല്‍, ബാങ്കിങ്-ഫിനാന്‍സ് മേഖലകളിലെ വിദഗ്‌ധരെക്കൊണ്ടു മെന്റര്‍ഷിപ്പ് നല്‍കല്‍, പരീക്ഷണാടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപഭോക്തൃഅടിത്തറയിലേക്കും അടിസ്ഥാനസൗകര്യങ്ങളിലേക്കും പ്രവേശനം സാധ്യമാക്കല്‍, എന്നൂ കേര്യങ്ങള്‍ കേരള ബാങ്ക് ചെയ്യും. ഇന്നൊവേഷന്‍ ബഹ് സ്ഥാപിച്ച് വിദഗ്‌ധരെയും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നതു സ്റ്റാര്‍ട്ട്‌പ് മിഷന്‍ ആയിരിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍, സാങ്കേതികോപദേശം, നിക്ഷേപകരുമായുള്ള ബന്ധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതും, ഇന്നൊവേഷന്‍ ഗ്രാന്റുകളും സീഡ് വായ്‌പകളും ആഗോളവിപണീപ്രവേശം പോലുള്ള കാര്യങ്ങള്‍ക്കു പിന്‍ബലസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സ്റ്റാര്‍ട്ടപ്പ് മിഷനന്‍ തന്നെ. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളബാങ്ക് വിവരസാങ്കേതികവിദ്യാ ചീഫ് ജനറല്‍ മാനേജരുടെ നേതൃത്വത്തിലല്‍ രണ്ടുസ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാകും. മൂന്നുവര്‍ഷമാണു ധാരണാപത്രത്തിന്റെ കാലാവധി.