ജിഎസ്‌ടി ഇളവ്: മദര്‍ ഡയറി യുഎച്ച്‌ടി പാലിന്റെയും മറ്റും വില കുറച്ചു
ജിഎസ്‌ടി ഇളവുകളെത്തുടര്‍ന്നു ദേശീയക്ഷീരവികസനബോര്‍ഡിനു കീഴിലുള്ള മദര്‍ ഡയറി യുഎച്ച്‌ടി പാലിനും മറ്റും വില കുറച്ചു. ഒരു ലിറ്റര്‍ യുഎച്ച്‌ടി ടോണ്‍ഡ് മില്‍ക്കിന്റെ വില 77 രൂപയില്‍നിന്ന് 75 രൂപയായും 200 ഗ്രാം പനീറിന്റെ വില 95 രൂപയില്‍നിന്നു 92 രൂപയുമായാണു കുറച്ചിരിക്കുന്നത്. പൗച്ചില്‍ കിട്ടുന്ന ഒരു ലിറ്റര്‍ നെയ്യുടെ വില 675രൂപയില്‍നിന്ന് 645 രൂപയായി കുറച്ചു. 100ഗ്രാം വെണ്ണയുടെ വില 62 രൂപയില്‍നിന്ന 58 രൂപയാക്കി. വാനില ഐസ്‌ക്രീമിന്റെ 50 എംഎല്‍ കപ്പിന്റെ വില 10 രൂപയില്‍നിന്ന് ഒമ്പതുരൂപയാക്കി. ഒരു ലിറ്റര്‍ സ്‌ട്രോബറി ക്രഷ് ടബ്ബിന്റെ വില 330 രൂപയില്‍നിന്നു 300 രൂപയാക്കി. 400 ഗ്രാം സഫല്‍ ഫ്രോസണ്‍ ഫ്രഞ്ച് ഫ്രൈസിന് 100 രൂപയില്‍നിന്നു 95 രൂപയാക്കി. 400 ഗ്രാം സഫല്‍ നാരങ്ങാ അച്ചാറിന്റെ വില 130 രൂപയില്‍നിന്നു 120 രൂപയാക്കി. മില്‍ക് ഷേക്കുകള്‍, മലായ് പനീര്‍, ചീസ് ക്യൂബുകള്‍, ചീസ് സ്ലൈസുകള്‍, ചീസ് ബ്ലോക്ക്, ചീസ് സ്‌പ്രെഡ്, ഡൈസ്‌ഡ് മൊസറെല്ല ചീസ്, നെയ്യ് കാര്‍ട്ടണ്‍ പാക്ക്. ടിന്‍ നെയ്, പശുനെയ് പൗച്ച്, പശുനെയ് ജാര്‍, പ്രീമിയം പശുനെയ്, ഐസ് കാന്‍ഡി, ചോക്കോബാര്‍, ചോക്കോ വാനില കോണ്‍, ബട്ടര്‍ സ്‌കോച്ച് കോണ്‍, കസാട്ട, കേസര്‍ പിസ്‌ത കുള്‍ഫി, ഷാഹി മേവാ മലായ് ടബ്, ബട്ടര്‍ സ്‌കോച്ച് കോമ്പോ, സഫല്‍ ഫ്രോസണ്‍ ആലൂ ടിക്കി, സഫല്‍ ഫ്രോസണ്‍ ഹര ഭര കെബാബ്, സഫല്‍ ഫ്രോസണ്‍ നഗ്ഗറ്റ്‌സ്, സഫല്‍ ഫ്രോസണ്‍ ജലപീനോ പോപ്‌സ്, സഫല്‍ ഫ്രോസണ്‍ ക്രിസ്‌പി വെഗ്ഗി ബൈറ്റ്‌സ്, സഫല്‍ ഫ്രോസണ്‍ പിസ്സ പോക്കറ്റ്‌സ്, സഫല്‍ ഫ്രോസണ്‍ മാങ്ങ അച്ചാര്‍,സഫല്‍ ഫ്രോസണ്‍ ചില്ലി പിക്കിള്‍, സഫല്‍ ഫ്രോസണ്‍ തക്കാളി പൂരി, സഫല്‍ ഫ്രോസണ്‍കരിക്കുവെള്ളം, സഫല്‍ മിക്‌സഡ് ഫ്രൂട്ട്‌ജാം എന്നിവയുടെയും വില കുറച്ചിട്ടുണ്ട്.
പാക്കറ്റ് പാലിന് (ഫുള്‍ക്രീം മില്‍ക്കിനും ടോണ്‍ഡ് മില്‍ക്കിനും) നേരത്തേതന്നെ ജിഎസ്‌ടി ഉണ്ടായിരുന്നില്ല.യുഎച്ച്‌ടി മില്‍ക്കിനും പനീറിനും ഉണ്ടായിരുന്ന അഞ്ചുശതമാനം ജിഎസ്‌ടി എടുത്തുകളയുകയാണുണ്ടായത്. നെയ്യ്, വെണ്ണ, ചീസ്, മില്‍ക്കുഷേക്കുകള്‍, ഫ്രോസണ്‍ സ്‌നാക്‌സ്, ജാം, അച്ചാറുകള്‍, പാക്കറ്റിലാക്കിയ കരിക്കുവെള്ളം, തക്കാളിപ്പൂരി എന്നിവയുടെ 12 ശതമാനം ജിഎസ്‌ടി അഞ്ചുശതമാനമാക്കി. ഐസ്‌ക്രീമിന്റെ ജിഎസ്‌ടി 18 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി