ഓണ്‍ലൈന്‍ പേമെന്റ് ആഗ്രിഗേറ്റര്‍മാര്‍ക്കു കര്‍ശന നിബന്ധനകളുമായി ആര്‍.ബി.ഐ
ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കു സൗകര്യമൊരുക്കുന്ന പേമെന്റ് ആഗ്രിഗേറ്റര്‍മാരുടെ (പിഎ)പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കര്‍ശനമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. ഇതുപ്രകാരം ബാങ്കുകള്‍ക്കു പുതുതായി അനുമതി തേടാതെതന്നെ പേമെന്റ് അഗ്രിഗേറ്റര്‍ ബിസിനസ് തുടരാം. ബാങ്കിതരസ്ഥാപനങ്ങള്‍ പുതിയ അനുമതിക്കായി ഡിസംബര്‍ 31നകം റിസര്‍വ് ബാങ്കിന്റെ പോര്‍ട്ടലില്‍ അപേക്ഷിക്കണം. 15കോടിരൂപ അറ്റമൂല്യമുള്ള സ്ഥാപനങ്ങള്‍ക്കേ അപേക്ഷിക്കാനാവു. ഇവയെ മൂന്നായി തിരിച്ചിട്ടുണ്ട്. പിഎ-ഒ, പിഎ-പി്, പിഎ-സിബി എന്നിവയാണിവ. ഉപകരണം സമീപത്തില്ലാതെതന്നെ ഇ-കോമേഴ്‌സ് ഇടപാടുകളും മറ്റ് ഓണ്‍ലൈന്‍ പേമെന്റുകളും ഒരുക്കുന്നവരാണ് പിഎ-ഒ യില്‍ വരിക. പണംകൊടുക്കാനും വാങ്ങാനുമുള്ള ഉപകരണം അടുത്തുതന്നെ സജ്ജമാക്കുന്നവരാണ് പിഎ-പി യില്‍ വരിക. രാജ്യാതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ ഒരുക്കുന്നവരാണ് പിഎ-സിബിയില്‍.
15 കോടി അറ്റമൂല്യമുണ്ടായിരിക്കണം എന്നതിനു പുറമെ, അനുമതി കിട്ടുന്ന സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തിന്റെ ഒടുവില്‍ 25കോടിയുടെ അറ്റമൂല്യം നേടിയിരിക്കണം എന്നുമുണ്ട്. ഈ അറ്റമൂല്യങ്ങള്‍ തുടര്‍ച്ചയായി നിലനിര്‍ത്തുകയും വേണം. വിദേശത്തുനിന്നു നേരിട്ടു നിക്ഷേപം കിട്ടുന്നവ ഫെമ ചട്ടങ്ങള്‍ പാലിക്കണം. അറ്റമൂല്യവ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
താഴെ പറയുന്ന വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഓഫീസറെ വയ്‌ക്കണം.
- തട്ടിപ്പു തടയാന്‍ കര്‍ശനമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കണം.
- പേമെന്റ് സിസ്റ്റം ഓപ്പറേറ്റര്മാര്ക്കുള്ളതുപോലു
ള്ള ഡാറ്റാസ്‌റ്റോറേജ് സംവിധാനം ഉണ്ടായിരിക്കണം. - സൈബര്‍സുരക്ഷാഓഡിറ്റ് അടക്കമുള്ള വാര്‍ഷികഓഡിറ്റ് നടത്തണം
- തങ്ങളുമായി കരാറുള്ള വ്യാപാരികള്‍ക്കുവേണ്ടിയേ ഫണ്ട് അഗ്രിഗേറ്റ് ചെയ്യാവൂ.
- പിഎ ബിസിസ് സ്ഥാപനം മാര്‍ക്കറ്റ് പ്ലേസ് ബിസിനസ് നടത്തരുത്.
- മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കുകള്‍ പാലിക്കണം.
- വ്യാപാരി ഈടാക്കുന്ന വില ഒഴികെയുള്ള നിരക്കുകള്‍ ഇടപാടിനുമുമ്പുതന്നെ വ്യക്തമായി പ്രദര്‍ശിപ്പിക്കണം
- ഒരു പ്രത്യേകപേമെന്റ് രീതിയിലൂടെ ഇത്ര രൂപയുടെ ഇടപാടേ നടത്താവൂ എന്നു പരിധി വയ്‌ക്കരുത്
- കാര്‍ഡില്ലാത്ത ഇടപാടില്‍ ഓഥന്റിക്കേഷനുവേണ്ടി എടിഎം പിന്‍ ഓപ്‌ഷന്‍ നല്‍കരുത്.
- എല്ലാ റീഫണ്ടും ഒറിജിനല്‍ പേമെന്റ് രീതിയില്‍തന്നെ നടത്തണം. (അല്ലെങ്കില്‍ പണമടയ്‌ക്കുന്നയാളുടെ പ്രത്യേകനിര്‍ദേശം വേണം)
- കെവൈസി പ്രകാരമുള്ള കസ്റ്റമര്‍ ഡ്യൂഡിലിജന്‍സ് പാലിക്കണം.
- കേന്ദ്രസാമ്പത്തികരഹസ്യാന്വേ
ഷണയൂണിറ്റില് രജിസ്റ്റര്‍ ചെയ്യുകയും അവര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുകയും വേണം.
മേല്‍പറഞ്ഞവ കൂടാതെ അതിര്‍ത്തികടന്നുള്ള പേമെന്റ് അഗ്രിഗേഷന്‍ ബിസിനസ് നടത്തുന്ന പിഎ-സിബി കളുടെ കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങളുണ്ട്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ഇടപാടുകളുടെ ഫണ്ടുകള്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം, ഫണ്ടുകള്‍ തമ്മില്‍ സമ്മിശ്രണം പാടില്ല തുടങ്ങിയവ അതില്‍ പെടുന്നു. എസ്‌ക്രോ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടും പുതിയ നിര്‍ദേശങ്ങളുണ്ട്. ഉടന്‍ പ്രാബല്യത്തില്‍വരുംവിധമാണു നിര്‍ദേശങ്ങള്‍.
പേമെന്റ് ആഗ്രിഗേറ്റര്‍ ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്കും ബാങ്കിതരസ്ഥാപനങ്ങള്‍ക്കും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന ആധികാരിക ഡീലര്‍ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.