ജെ.എം. വ്യാസ് സഹകരണസര്‍വകലാശാല വി.സി.
ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലാ ഒഫീഷ്യേറ്റിങ് വൈസ്‌ചാന്‍സലറായി പ്രമുഖഫോറന്‍സിക് ശാസ്‌ത്രജ്ഞനും പത്മശീജേതാവുമായ ഡോ. ജെ.എം. വ്യാസിനെ നിയമിച്ചു. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദേശീയപ്രധാനസ്ഥാപനമായ ദേശീയഫോറന്‍സിക്‌ശാസ്‌ത്രസര്‍വകലാശാലയുടെ (ഗാന്ധിനഗര്‍) സ്ഥാപകവൈസ്‌ചാന്‍സലറാണ്. ഏറെക്കാലം ഗുജറാത്തിലെ ഫോറന്‍സിസ് ശാസ്‌ത്ര ഡയറക്ടറേറ്റിന്റെ ഡയറക്ടറായിരുന്നു. ജയന്ത്‌കുമാര്‍ മഗന്‍ലാല്‍ വ്യാസ് എന്നാണു പൂര്‍ണനാമം. ഗുജറാത്ത് ഫോറന്‍സിക് ശാസ്‌ത്രസര്‍വകലാശാലയാണു ദേശീയഫോറന്‍സിക് ശാസ്‌ത്ര സര്‍വകലാശാലയായത്. ഗുജറാത്ത് ഫോറന്‍സിക് ശാസ്‌ത്രസര്‍വകലാശാലയുടെ ഡയറക്ടര്‍ ജനറലായിരുന്നു വ്യാസ്. രാഷ്ട്രപതിയുടെ മെഡല്‍, മികച്ച ഫോറന്‍സിക് ശാസ്‌ത്രലബോറട്ടറി ഡയറക്ടര്‍ക്കുള്ള പുരസ്‌കാരം, അമിറ്റി സര്‍വകലാശാലയില്‍നിന്നും എഐഐഎംഎസില്‍നിന്നും ഫോറന്‍സിക് രസതന്ത്രത്തിലെ സേവനങ്ങള്‍ക്കു ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഹകരണമേഖലയുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനരംഗങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച ഭരണ-മാനേജ്‌മെന്റ് വൈദഗ്‌ധ്യവും ദീര്‍ഘവീക്ഷണവും സഹകരണസര്‍വകലാശാലയുടെ ഭാവിപ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമെന്നാണു പ്രതീക്ഷ.