ഒരു മള്‍ട്ടിസ്റ്റേറ്റ് സംഘംകൂടി ലിക്വിഡേഷനിലേക്ക്; 97 സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരായി
ഒരു മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘത്തിനെതിരെ കൂടി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ലിക്വിഡേഷന്‍ നടപടികള്‍ തുടങ്ങി. നിലവില്‍ 97 മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ചത്തേപ്പൂര്‍ എന്‍ക്ലേവിലെ ലസ്റ്റിനെസ് ജന്‍ഹിത് വായ്‌പാസഹകരണസംഘത്തിനെതിരെയാണ് ഒടുവില്‍ ലിക്വിഡേഷന്റെ മുന്നോടിയായുള്ള നോട്ടീസ് ആയിട്ടുള്ളത്. ഈ സംഘം നിക്ഷേപം തിരിച്ചുതരുന്നില്ലെന്നു മധ്യപ്രദേശിലെ സത്യേന്ദ്രചതുര്‍വേദിയില്‍നിന്നു പരാതി കിട്ടി. സംഘത്തിനു നോട്ടീസ് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. നിക്ഷേപം തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നു നിക്ഷേപകര്‍ നല്‍കിയ ഹര്‍ജികളില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍, ഗ്വാളിയോര്‍ ബെഞ്ചുകളും അവരുടെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ക്ക് ഉത്തരവു നല്‍കിയിരുന്നു. ഇതനുസരിച്ച് അടിയന്തരനടപടിയെടുക്കണമെന്നു സംഘത്തിനു നോട്ടീസ് അയച്ചെങ്കിലും അതു കൈപ്പറ്റാതെ മടങ്ങി. നേരിട്ടു ചെന്നപ്പോള്‍ ആ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നു ബോധ്യമായി. വാര്‍ഷികക്കണക്കുകളും സമര്‍പ്പിച്ചിട്ടില്ല. ഇതെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിക്കുമെന്നും എതിര്‍പ്പുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കണമെന്നും മാര്‍ച്ച് 10നു കേന്ദ്രസഹകരണസംഘം രജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ നോട്ടീസ് അപ്‌ലോഡ് ചെയ്‌തിരിക്കയാണ്.
നിക്ഷേപകയ്‌ക്കു 15ദിവസത്തിനകം നിക്ഷേപത്തുക തിരിച്ചുകൊടുക്കണമെന്നു നോയിഡയിലെ ഡയമണ്ട് മള്‍ട്ടിസ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിക്ക് കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ അലോക് അഗര്‍വാള്‍ മാര്‍ച്ച് 10ന് ഉത്തരവു നല്‍കിയിട്ടുണ്ട്. 2017 ഡിസംബര്‍ 15നു സംഘത്തിന്റെ ഡല്‍ഹി സിജിഎച്ച്‌എസ് യോജന പദ്ധതിയില്‍ 105100രൂപ നിക്ഷേപിച്ചിട്ട് 2024 സെപ്‌റ്റംബര്‍ 27നു തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന ദീപജോഷി എന്ന നിക്ഷേപകയുടെ പരാതിയിലാണിത്. പ്രോജക്ടിനാവശ്യമായ ഭൂമികൈമാറ്റസര്‍ട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നായിരുന്നു സംഘത്തിന്റെ ചെയര്‍പേഴ്‌സണിന്റെ മറുപടി. ഇതു കിട്ടുംവരെ നിക്ഷേപകര്‍ക്കു നിക്ഷേപം തുടരുകയോ റീഫണ്ട് തേടുകയോ ചെയ്യാവുന്നതാണെന്നും അറിയിച്ചിരുന്നു. 2025 ജനുവരി 24ന് തനിക്കു റീഫണ്ട് ആണ് ആവശ്യമെന്നു പരാതിക്കാരി ഓംബുഡ്‌സ്‌മാനെ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് ഉത്തരവ്. ഇരുകൂട്ടരുമായുള്ള ഉടമ്പടിയില്‍ പലിശസംബന്ധിച്ചു വ്യവസ്ഥകളുണ്ടെങ്കില്‍ അതും പാലിക്കണമെന്ന് ഉത്തരവിലുണ്ട്.
ഭരണസമിതിയംഗങ്ങള്‍ ഒളിവില്‍പോയ മറ്റൊരു മള്‍ട്ടിസ്‌റ്റേറ്റ് സംഘത്തിന്റെ കാര്യത്തില്‍ പരാതി ലഭിച്ചതും ഇനി പരാതി ലഭിച്ചേക്കാവുന്നതുമായ കേസുകളില്‍ സ്വമേധയാ 15ദിവസത്തിനകം പണം തിരിച്ചു നല്‍കണമെന്ന് ഓംബുഡ്‌സ്‌മാന്‍ മാര്‍ച്ച് ആറിന് ഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിരുന്നു. ന്യൂഡല്‍ഹിയിലെ ദി ഹ്യൂമന്‍ വെല്‍ഫെയര്‍ ക്രെഡിറ്റ് ആന്റ് ത്രിഫ്‌റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിലാണിത്. ദിവസം 100 രൂപവീതം ഒരുകൊല്ലം നിക്ഷേപിച്ച കൃഷന്‍കുമാറിന്റെയും, ദിവസം 500 രൂപവീതം ഒരുകൊല്ലം നിക്ഷേപിച്ച മനോജ്‌കുമാറിന്റെയും, മാസം 45000 രൂപവീതവും 15000 രൂപ വീതവും ഒരുകൊല്ലത്തേക്കു നിക്ഷേപിച്ച രാജീവിന്റെയും, മാസം 900 രൂപവീതം ഏഴുകൊല്ലം നിക്ഷേപിച്ച അഭിഷേകിന്റെയും, 5000 രൂപ ആറുകൊല്ലത്തേക്കു നിക്ഷേപിച്ച ഗുഡിയാദേവിയുടെയും, 30000രൂപ അഞ്ചുകൊല്ലത്തേക്കു നിക്ഷേപിച്ച രാജാറാമിന്റെയും പരാതികളിലാണിത്. കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്. ഭരണസമിതിയംഗങ്ങള്‍ ഒളിവിലാണെങ്കിലും നിയമപരമായ നടപടികളുടെ ഭാഗമായാണു നിര്‍ദേശം നല്‍കിയത്.