പാക്‌സുകളുടെ നിക്ഷേപപ്പലിശ കുറച്ചതില്‍ അതൃപ്‌തി

Moonamvazhi

സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും പലിശനിരക്കു പുതുക്കിയപ്പോള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചതില്‍ സഹകരണമേഖലയിലെ സംഘടനകള്‍ക്ക്‌ അതൃപ്‌തി.മാര്‍ച്ചില്‍ നിക്ഷേപസമാഹരണം സംബന്ധിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്ന സഹകാരികള്‍ക്കു പലിശനിരക്കു സംബന്ധിച്ച 9/2025 സര്‍ക്കുലര്‍ കനത്ത പ്രഹരമാണ്‌ ഏല്‍പിച്ചതെന്നു കേരളസഹകരണഫെഡറേഷന്‍ കുറ്റപ്പെടുത്തി. സഹകരണസംഘങ്ങളിലെ ഹ്രസ്വകാലനിക്ഷേപങ്ങള്‍ക്കു പലിശ കൂട്ടുകയും ഒരുവര്‍ഷ കാലാവധി മുതലുള്ള നിക്ഷേപങ്ങള്‍ക്കു പലിശ കുറയ്‌ക്കുകയും ചെയ്‌തതുവഴി സംഘങ്ങളുടെ പലിശച്ചെലവു വര്‍ധിക്കാനും നിക്ഷേപം വലിയതോതില്‍ പിന്‍വലിക്കപ്പെടാനും ഇടയാകും. അതിനാല്‍ സഹകരണസംഘം രജിസ്‌ട്രാറുടെ 9/25 സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സഹകരണമേഖലയെ തകര്‍ക്കുന്ന നടപടികളില്‍നിന്നും സഹകരണവകുപ്പു പിന്‍മാറണമെന്നും കേരള സഹകരണഫെഡറേഷന്‍ ആവശ്യപ്പെട്ടു.

സ്ഥിരനിക്ഷേപങ്ങള്‍ക്കു കേരളബാങ്കിന്റെ പലിശനിരക്കിനെക്കാള്‍ അരശതമാനം പലിശ കൂടുതല്‍ നല്‍കാന്‍ സഹകരണസംഘങ്ങളെ അനുവദിച്ചിരുന്ന രീതി തുടരേണ്ടതായിരുന്നുവെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ പറഞ്ഞു. റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കു കുറയ്‌ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേരളബാങ്കും നിക്ഷേപപ്പലിശനിരക്കു താഴ്‌ത്തുകയും ചെയ്‌ത സാഹചര്യത്തിലായിരിക്കണം സഹകരണസംഘം രജിസ്‌ട്രാറുടെ സര്‍ക്കുലര്‍. ഹ്രസ്വകാലനിക്ഷേപങ്ങളെക്കാള്‍ ഒരുവര്‍ഷംമുതല്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണു നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ നിര്‍ണായകം. നേരത്തേയുള്ള നിരക്കു നിലനിര്‍ത്തുകയാണു വേണ്ടിയിരുന്നത്‌. ഇക്കാര്യത്തില്‍ സഹകരണമന്ത്രിയുടെയും രജിസ്‌ട്രാറുടെയും ഓഫീസുകളുമായി സംഘടന ആശയവിനിമയം നടത്തിയിട്ടുണ്ട്‌. നിക്ഷേപസമാഹരണയജ്ഞം പ്രഖ്യാപിക്കപ്പെടുമ്പോള്‍ നേരത്തേയുള്ള പലിശനിരക്കു പുനസ്ഥാപിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കുലര്‍ കേരളബാങ്കിനെ സഹായിക്കാനാണെന്നു കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍ സംസ്ഥാനസെക്രട്ടറി സി.എച്ച്‌. മുസ്‌തഫ വിമര്‍ശിച്ചു. കേരളബാങ്ക്‌ പ്രാഥമികസംഘങ്ങളുടെ നിക്ഷേപപ്പലിശനിരക്കിനെക്കാള്‍ പലിശ നിരക്കു കൂട്ടിയപ്പോള്‍ സംഘങ്ങള്‍ എതിര്‍ത്തു. അപ്പോള്‍ പാക്‌സുകളെ കേരളബാങ്കിന്റെ നിക്ഷേപപ്പലിശനനിരക്കിനു തുല്യമായ നിക്ഷേപപ്പലിശ നിരക്ക്‌ നല്‍കാന്‍ അനുവദിച്ചു. പിന്നെ കേരളബാങ്ക്‌ നിക്ഷേപപ്പലിശനിരക്കു കുറച്ചു. ഇപ്പോള്‍പാക്‌സുകളുടെ നിക്ഷേപപ്പലിശനിരക്കു കുറച്ചു കേരളബാങ്കിന്റെ നിരക്കിനു തുല്യമാക്കി. ഇതു കേരളബാങ്കിനെ സഹായിക്കാനല്ലാതെ മറ്റെന്തിനാണ്‌്‌ – അദ്ദേഹം ചോദിച്ചു. നിക്ഷേപസമാഹരണം നടക്കാറുള്ള മാര്‍ച്ചില്‍ നിക്ഷേപപ്പലിശനിരക്കു കാല്‍ശതമാനവും അരശതമാനവുമൊക്കെ കൂട്ടാറാണു പതിവ്‌. അങ്ങനെയിരിക്കെ എട്ടേകാല്‍ശതമാനം പലിശനിരക്ക്‌ എട്ടുശതമാനമായി കുറച്ചതു വിരോധാഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മാര്‍ച്ചില്‍ നിക്ഷേപസമാഹരണം നടക്കേണ്ട സമയത്തു പലിശ നിരക്കു കുറച്ചതു പ്രാഥമികസഹകരണസംഘങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്ഥാനപ്രസിഡന്റ്‌ എം. രാജു പറഞ്ഞു. പ്രാഥമികസംഘങ്ങള്‍ക്കു ഗുണകരമല്ലാത്ത പലിശനിരക്കുനിര്‍ണയം അവയെയല്ല, കേരളബാങ്കിനെ സഹായിക്കുക എന്ന താല്‍പര്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച്‌ നാലിനാണു പുതിയനിരക്കുകള്‍ നിശ്ചയിച്ചുകൊണ്ടുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ സര്‍ക്കുലര്‍ വന്നത്‌. ഹ്രസ്വകാലനിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനയുണ്ടെങ്കിലും ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ 8.25 ശതമാനത്തില്‍നിന്ന്‌ എട്ടുശതമാനമായി കുറയ്‌ക്കുകയും രണ്ടുവര്‍ഷവും അതില്‍കൂടുതലുമുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ എട്ടുശതമാനമായി നിലനിര്‍ത്തുകയുമാണു സര്‍ക്കുലറില്‍ ചെയ്‌തിട്ടുള്ളത്‌. സര്‍ക്കുലര്‍ തിയതി (മാര്‍ച്ച്‌ നാല്‌) മുതല്‍ പുതുക്കിനിശ്ചയിച്ചുകൊണ്ടാണു തീരുമാനം.

Moonamvazhi

Authorize Writer

Moonamvazhi has 228 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News