ഗ്രാമീണ വായ്പാവിതരണത്തില്‍ വായ്പാസംഘങ്ങളുടെ പങ്ക് കൂട്ടാം
കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹ്രസ്വകാല വായ്പകള്‍
കുറഞ്ഞ പലിശനിരക്കില്‍ നല്‍കി സ്വകാര്യ പണമിടപാടുകാരുടെ
ചൂഷണത്തില്‍നിന്നു ഗ്രാമീണകര്‍ഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ
രൂപവത്കരിക്കപ്പെട്ട പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍
കാര്‍ഷികവായ്പാവിതരണത്തില്‍ ഏറെ പിന്നോട്ടുപോയിരിക്കുന്നതിന്റെ
കാരണം അന്വേഷിക്കുന്ന ലേഖകന്‍ അതിനുള്ള പ്രതിവിധിയും നിര്‍ദേശിക്കുന്നു.
ത്രിതല സഹകരണ വായ്പാസംവിധാനത്തിലെ താഴെത്തട്ടിലുള്ള സ്ഥാപനങ്ങളാണു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍. രാജ്യത്തെ 1,04,266 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ ഏതാണ്ട് 13 കോടി കര്‍ഷകര്‍ അംഗങ്ങളായുണ്ട്. പൊതുമേഖലാ-സ്വകാര്യമേഖലാ വാണിജ്യബാങ്കുകളും ഗ്രാമീണബാങ്കുകളും സഹകരണസ്ഥാപനങ്ങളുംകൂടി വിതരണം ചെയ്യുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ( കെ.സി.സി ) വായ്പയുടെ 41 ശതമാനവും നല്‍കുന്നതു പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളാണ്. മാത്രമല്ല, അവ നല്‍കുന്ന കെ.സി.സി. വായ്പയുടെ 95 ശതമാനവും കൊടുക്കുന്നതു നാമമാത്ര കര്‍ഷകര്‍ക്കാണ്. എന്നാല്‍, രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ 1.55 ശതമാനം മാത്രമുള്ള കേരളത്തിലെ 1620 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു നിക്ഷേപസമാഹരണത്തില്‍ മൊത്തം നിക്ഷേപത്തിന്റെ 69 ശതമാനം സമാഹരിക്കാന്‍ കഴിയുമ്പോള്‍ കാര്‍ഷികവായ്പാവിതരണത്തില്‍ അവ വളരെ പിന്നിലാണ്. 2022 മാര്‍ച്ച് 31 ന് ഇന്ത്യയിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ വിതരണം ചെയ്ത മൊത്തം വായ്പ 1,53,137 കോടി രൂപയാണ്. ഇതില്‍ 88 ശതമാനവും ഹ്രസ്വകാല കാര്‍ഷികവായ്പകളായിരുന്നുവെങ്കില്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു മൊത്തം വായ്പയുടെ 6.6 ശതമാനം മാത്രമേ ഹ്രസ്വകാല കാര്‍ഷികവായ്പയായി നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ഗ്രാമീണകര്‍ഷകര്‍ക്കു കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹ്രസ്വകാല വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ നല്‍കി സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തില്‍നിന്ന് അവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1904 ലെ വായ്പാസഹകരണസംഘനിയമവ്യവസ്ഥയിലൂടെ രൂപവത്കരിക്കപ്പെട്ട പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ കാര്‍ഷികവായ്പാവിതരണത്തില്‍ വളരെയേറെ പിന്നോട്ടുപോയിരിക്കുന്നുവെന്നതു ഗൗരവമായ കാര്യമാണ്.
40 ശ.മാ. വായ്പ
30 ലേക്ക്
ഗ്രാമീണവായ്പാ സംവിധാനത്തിലെ പ്രധാനസ്ഥാപനങ്ങളാണു സഹകരണ വായ്പാസംഘങ്ങള്‍. 2010-20 കാലയളവിലെ ആദ്യപകുതിയില്‍ കേരളത്തിലെ ഗ്രാമീണകുടുംബങ്ങളുടെ കടാവശ്യത്തിന്റെ 40 ശതമാനത്തിനുമേല്‍ സഹകരണ വായ്പാസംഘങ്ങളാണു നിറവേറ്റിയത്. എന്നാല്‍, 2010-20 കാലഘട്ടത്തിന്റെ അവസാനവര്‍ഷങ്ങളില്‍ അതു 33 ശതമാനമായി കുറയുകയുണ്ടായി. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളും ഉള്‍പ്പെടുന്ന സഹകരണ വായ്പാമേഖലയും പൊതുമേഖലാ-സ്വകാര്യമേഖലാ വാണിജ്യബാങ്കുകളും റീജ്യണല്‍ റൂറല്‍ ബാങ്കും ഉള്‍പ്പെടുന്നതാണു കാര്‍ഷികവായ്പാവിതരണത്തിനുള്ള അംഗീകൃത ഏജന്‍സികള്‍. 2010-20 കാലഘട്ടത്തിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്തെ അംഗീകൃത ഏജന്‍സികള്‍ വിതരണം ചെയ്ത മൊത്തം കാര്‍ഷികവായ്പകളുടെ 21 ശതമാനം സഹകരണവായ്പാസംഘങ്ങള്‍ നല്‍കിയതായിരുന്നു. എന്നാല്‍, 2019-20 ല്‍ അതു 16 ശതമാനമായി കുറയുകയാണുണ്ടായത്. സഹകരണമേഖലയിലെ ഹ്രസ്വകാല കാര്‍ഷികവായ്പാവിതരണത്തിനുള്ള പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും അവയുടെ അപക്‌സ് സംഘമായ സംസ്ഥാന സഹകരണ ബാങ്കും ദീര്‍ഘകാല കാര്‍ഷികവായ്പാ വിതരണത്തിനുള്ള പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ അപക്‌സ് സംഘമായ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും കാര്‍ഷികവായ്പാ വിതരണത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ട സ്ഥാപനങ്ങളാണ്. എന്നാല്‍, ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങളാല്‍ കാര്‍ഷിക-കാര്‍ഷികാനുബന്ധ വായ്പാവിതരണത്തില്‍ മുഖ്യപങ്കാളികളാകാന്‍ അവയ്ക്കു സാധിക്കുന്നില്ല.
സഹകരണവായ്പാസംഘങ്ങള്‍ നല്‍കുന്ന വായ്പകളുടെ പലിശനിരക്ക് താരതമ്യേന ഉയര്‍ന്ന നിലവാരത്തിലാണ്. ഓരോ വര്‍ഷവും വിതരണം ചെയ്യുന്ന വായ്പകളുടെ 85 ശതമാനത്തില്‍ അധികവും പത്തു ശതമാനത്തിനുമുകളിലുള്ള ഉയര്‍ന്ന പലിശനിരക്കിലുള്ള വായ്പയാണ്. പത്തു ശതമാനത്തില്‍ താഴെ പലിശനിരക്കിലുള്ള വായ്പകള്‍ മൊത്തം വായ്പകളുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ്. ഓരോ വര്‍ഷവും നബാര്‍ഡ് ഓരോ ജില്ലയ്ക്കുമായി പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ തയാറാക്കാറുണ്ട്. ഓരോ ജില്ലയുടെയും ഹ്രസ്വകാല-ദീര്‍ഘകാല കാര്‍ഷിക-കാര്‍ഷികാനുബന്ധ വായ്പാആവശ്യം പരിഗണിച്ചാണ് ഈ പ്ലാന്‍ നബാര്‍ഡ് തയാറാക്കുന്നത്. വിളരീതി, ഭൂമിഉപയോഗം, ജലവിഭവം, കാര്‍ഷികയന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണു വായ്പാപദ്ധതി നബാര്‍ഡ് തയാറാക്കാറുള്ളത്. ഓരോ ജില്ലയ്ക്കുംവേണ്ടി തയാറാക്കുന്ന പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍പ്രകാരമുള്ള വായ്പാആവശ്യകത വാണിജ്യബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കു വിഭജിച്ചുനല്‍കുമ്പോള്‍ സഹകരണ ബാങ്കുകള്‍ മാത്രമാണു ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നത്. സഹകരണ ബാങ്കുകള്‍ക്കു നല്‍കുന്ന ലക്ഷ്യത്തിന്റെ 60 ശതമാനത്തിനുള്ളിലാണ് അവ കൈവരിക്കാറുള്ളത്. ദീര്‍ഘകാല കാര്‍ഷികവായ്പാവിതരണത്തിനുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും 79 പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളുംകൂടി കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലയ്ക്കാവശ്യമായ വായ്പയുടെ മൂന്നിലൊരു ഭാഗംമാത്രമാണു നല്‍കുന്നത്.
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ മൊത്തം വായ്പയില്‍ 11 ശതമാനമാണു പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു നല്‍കുന്ന ഹ്രസ്വകാല കാര്‍ഷിക പുനര്‍വായ്പാസഹായം. വ്യക്തികള്‍ക്കു നേരിട്ടു നല്‍കുന്ന അഗ്രിക്കള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ മൊത്തം വായ്പയുടെ നാലു ശതമാനം മാത്രമാണ്. ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് 2019 നവംബറില്‍ രൂപവത്കരിച്ചപ്പോള്‍ കര്‍ഷകരുള്‍പ്പെടെയുള്ള പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലെ അംഗങ്ങള്‍ക്കു ജില്ലാ സഹകരണ ബാങ്കിന്റെ മാര്‍ജിന്‍ ഒഴിവാക്കി പരമാവധി കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. അതിനുപരിയായി, സംസ്ഥാന സഹകരണ ബാങ്കും പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുമായി അനാരോഗ്യകരമായ മത്സരം ഉണ്ടാകാതിരിക്കണമെന്നു കേരള ബാങ്കിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആയതിനാലാണു കേരള ബാങ്ക് കര്‍ഷകര്‍ക്കു നേരിട്ടു നല്‍കുന്ന അഗ്രിക്കള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ മൊത്തം വായ്പയുടെ നാലു ശതമാനമായത്.
പുനര്‍വായ്പാ
സഹായം
കാര്‍ഷികവികസനവുമായി ബന്ധപ്പെട്ട് മധ്യകാല-ദീര്‍ഘകാല വായ്പകള്‍ പുനര്‍വായ്പാസഹായമായി നല്‍കുന്നതിനുള്ള ഒരു ഏജന്‍സിയായിട്ട് അഗ്രിക്കള്‍ച്ചറല്‍ റീഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനം 1963 ല്‍ റിസര്‍വ് ബാങ്ക് രൂപവത്കരിച്ചു. 1975 ല്‍ അതിനെ അഗ്രിക്കള്‍ച്ചറല്‍ റീഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നാക്കി. 1982 ല്‍ നബാര്‍ഡ് രൂപീകൃതമായതോടെ റിസര്‍വ് ബാങ്കിന്റെ കീഴിലുണ്ടായിരുന്ന അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും റൂറല്‍ പ്ലാനിങ് ആന്റ് ക്രെഡിറ്റ് സെല്ലിന്റെയും പ്രവര്‍ത്തനങ്ങളും അഗ്രിക്കള്‍ച്ചറല്‍ റീഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളും നബാര്‍ഡ് ഏറ്റെടുത്തു. നബാര്‍ഡിന്റെ ഹ്രസ്വകാല-ദീര്‍ഘകാല പുനര്‍വായ്പാ ചുമതലകള്‍ അതിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൂപ്പര്‍വിഷനാണു കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുടെ നിലവാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പാസഹായത്തിന്റെ തോതു നിര്‍ണയിക്കപ്പെടുന്നത്. കേരള ബാങ്ക് അംഗസംഘങ്ങള്‍ക്കു നല്‍കുന്ന ഹ്രസ്വകാല കാര്‍ഷികവായ്പയുടെ 35 ശതമാനമാണു നബാര്‍ഡില്‍നിന്നു പുനര്‍വായ്പാസഹായമായി ലഭിക്കുന്നത്. അതു 4.5 ശതമാനം പലിശയ്ക്കു നബാര്‍ഡില്‍നിന്നു കിട്ടുമ്പോള്‍ ആ തുകയും കേരള ബാങ്കിന്റെ നിക്ഷേപം ഉപയോഗിച്ചുള്ള ശേഷിക്കുന്ന 65 ശതമാനം വരുന്ന വായ്പയും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു 5.25 ശതമാനം പലിശയ്ക്കാണു നല്‍കുന്നത്. നിക്ഷേപങ്ങള്‍ക്കു ശരാശരി 7.25 ശതമാനം പലിശച്ചെലവുണ്ടാകുന്ന കേരള ബാങ്കിനു പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു സ്വന്തവിഭവങ്ങള്‍ ഉപയോഗിച്ചു നല്‍കുന്ന ഹ്രസ്വകാല കാര്‍ഷികവായ്പയിലൂടെ 5.25 ശതമാനം പലിശ ലഭിക്കുമ്പോള്‍ രണ്ടു ശതമാനം പലിശനഷ്ടം സംഭവിക്കുന്നു. ഈ പലിശനഷ്ടം പരിഹരിക്കാന്‍ 1.5 ശതമാനം ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍ ( പലിശമേലുള്ള ധനസഹായം ) നബാര്‍ഡില്‍നിന്നു ലഭിക്കുമെങ്കിലും പലിശനഷ്ടം പൂര്‍ണമായും ഒഴിവാകുന്നില്ല. എന്നുമാത്രമല്ല, പലിശയിതര പ്രവര്‍ത്തനച്ചെലവുകളും ബാങ്കിനുണ്ടാകുന്നുണ്ട്. നബാര്‍ഡില്‍നിന്നു പുനര്‍വായ്പാസഹായമായി ലഭിക്കുന്ന വിതരണം ചെയ്ത വായ്പയുടെ 35 ശതമാനം വരുന്ന തുകയ്ക്കു 4.5 ശതമാനം പലിശച്ചെലവുണ്ടാകുമ്പോള്‍ ആ പുനര്‍വായ്പത്തുകയും 5.25 ശതമാനം പലിശയ്ക്കു പ്രാഥമികസംഘങ്ങള്‍ക്കു നല്‍കുന്നതിലൂടെ ആ ഭാഗത്തിനു 0.75 ശതമാനം മാര്‍ജിന്‍ ബാങ്കിനു ലഭിക്കുന്നുണ്ട്. ഈ മാര്‍ജിനും നബാര്‍ഡില്‍നിന്നു കിട്ടുന്ന ഇന്ററസ്റ്റ് സബ്‌വെന്‍ഷനും 7.25 ശതമാനം പലിശച്ചെലവു വരുന്ന നിക്ഷേപം 5.25 ശതമാനം പലിശയ്ക്കു നല്‍കുമ്പോഴുണ്ടാകുന്ന പലിശനഷ്ടം പരിഹരിക്കാന്‍ പര്യാപ്തമല്ല.
കേരളത്തിലെ 7600 ല്‍പ്പരം വാണിജ്യബാങ്ക്ശാഖകളിലൂടെ ഏഴു ശതമാനം പലിശയ്ക്കു സ്വര്‍ണഉരുപ്പടികളുടെ ഈടിന്മേല്‍ കാര്‍ഷികവായ്പകള്‍ നല്‍കുന്നുണ്ട്. ഈ വായ്പയെടുക്കുന്നവരുടെ കൃഷി ചെയ്യുന്ന കൈവശഭൂമിയുടെ വിസ്തൃതി തെളിയിക്കുന്ന രേഖ ബാങ്കില്‍ ഹാജരാക്കേണ്ടതില്ല. പണയഉരുപ്പടിയുടെ മൂല്യമനുസരിച്ച് മൂന്നു ലക്ഷം രൂപവരെ സ്വര്‍ണപ്പണയകാര്‍ഷികവായ്പ നല്‍കിവരുന്നു. കൃഷി ചെയ്യുന്ന വിള, അതിന്റെ വായ്പത്തോത്, കൃഷിഭൂമിയുടെ വിസ്തൃതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ അംഗങ്ങള്‍ക്കു ഹ്രസ്വകാല കാര്‍ഷികവായ്പ അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ നല്‍കുന്ന വായ്പ പൂര്‍ണമായും കാര്‍ഷികാവശ്യങ്ങള്‍ക്കുതന്നെ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, വാണിജ്യബാങ്കുകളില്‍നിന്ന് ഏഴു ശതമാനം പലിശയ്ക്കു സ്വര്‍ണപ്പണയ കാര്‍ഷികവായ്പയെടുക്കുന്നയാള്‍ കുടിശ്ശിക വരുത്താതെ കൃത്യമായി വായ്പ തിരിച്ചടച്ചാല്‍ മൂന്നു ശതമാനം ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍ കഴിച്ച് നാലു ശതമാനം പലിശയടച്ചാല്‍ മതിയാകും. വാണിജ്യബാങ്കുകളില്‍നിന്നു നാലു ശതമാനം പലിശയ്ക്കു കിട്ടുന്ന സ്വര്‍ണപ്പണയ കാര്‍ഷികവായ്പകളുടെ പത്തു ശതമാനംപോലും കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നില്ല. ഈ വായ്പകളുടെ നല്ലൊരു ഭാഗവും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ സ്ഥിരനിക്ഷേപം നടത്തി ഒമ്പതു ശതമാനം പലിശവരുമാനമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
കേരള ബാങ്കില്‍നിന്നു 5.25 ശതമാനം പലിശനിരക്കില്‍ ഹ്രസ്വകാല കാര്‍ഷികവായ്പാ പുനര്‍സഹായം വാങ്ങുന്ന പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ ആറു ശതമാനം പലിശയ്ക്കാണ് അവയുടെ അംഗങ്ങള്‍ക്കു നല്‍കുന്നത്. പ്രവര്‍ത്തനഫണ്ടിന്റെ 1.5 ശതമാനത്തിനുമേല്‍ പ്രവര്‍ത്തനച്ചെലവുണ്ടാകുന്ന പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു ഹ്രസ്വകാല കാര്‍ഷികവായ്പയില്‍നിന്നു കിട്ടുന്ന 0.75 ശതമാനം മാര്‍ജിന്‍ അവയുടെ സ്റ്റേഷനറിച്ചെലവുകള്‍പോലും വഹിക്കാന്‍ പര്യാപ്തമല്ല. ഇക്കാരണത്താല്‍ ഹ്രസ്വകാല കാര്‍ഷികവായ്പാവിതരണത്തില്‍ അവയ്ക്കു താല്‍പ്പര്യം കുറവാണ്. മിച്ചനിക്ഷേപമുള്ള പ്രാഥമികസംഘങ്ങള്‍ കേരള ബാങ്കിന്റെ വായ്പാസഹായത്തെ ആശ്രയിക്കാതെ അവയുടെ നിക്ഷേപം ഉപയോഗിച്ച് ആറു ശതമാനം പലിശയ്ക്കു ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ നല്‍കുന്നുണ്ട്. സ്വന്തവിഭവമുപയോഗിച്ച് ഏഴു ശതമാനത്തില്‍ അധികരിക്കാത്ത പലിശനിരക്കില്‍ നല്‍കുന്ന മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ക്കും നബാര്‍ഡിന്റെ 1.5 ശതമാനം ഇന്ററസ്റ്റ് സബ്‌വെന്‍ഷന് അര്‍ഹതയുണ്ട്. എന്നാല്‍, തനതുഫണ്ടുപയോഗിച്ച് ഹ്രസ്വകാല കാര്‍ഷികവായ്പ നല്‍കുന്ന സംഘങ്ങളില്‍ പലതും ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍ വാങ്ങാറില്ല.
മാനദണ്ഡങ്ങള്‍
മാറുന്നില്ല
പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ നിലനില്‍ക്കാനും ക്ലാസ്‌കയറ്റം കിട്ടാനും കാര്‍ഷികവായ്പ ഒരു യോഗ്യതാമാനദണ്ഡമായി ഉള്‍പ്പെടുത്തിയിട്ടില്ല. മാസശരാശരി പ്രവര്‍ത്തനമൂലധനം, മാസശരാശരി നിക്ഷേപം, മാസശരാശരി നില്‍പ്പുവായ്പ, മുതല്‍കുടിശ്ശിക ശതമാനം എന്നീ നിര്‍ബന്ധിതയോഗ്യതകളും ഓഡിറ്റ്ക്ലാസ്, ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ട വര്‍ഷങ്ങള്‍, ലാഭവീതം നല്‍കേണ്ട വര്‍ഷങ്ങള്‍ എന്നീ മാനദണ്ഡങ്ങളിലേതെങ്കിലും രണ്ടെണ്ണവുമാണു നിലവിലെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍. ജീവനക്കാരുടെ എണ്ണം, തസ്തികകള്‍, ശമ്പളസ്‌കെയില്‍ എന്നിവ ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തിലാണു നിര്‍ണയിക്കപ്പെടുന്നത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ നില്‍പ്പുവായ്പകളുടെ 20-25 ശതമാനം കാര്‍ഷിക-കാര്‍ഷികാനുബന്ധ വായ്പകളായിരിക്കണമെന്ന ഒരു നിബന്ധന ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധയോഗ്യതയായി ഉള്‍പ്പെടുത്തിയാല്‍ പ്രാഥമികസംഘങ്ങളിലൂടെയുള്ള കാര്‍ഷികവായ്പ വര്‍ധിക്കുമെന്നതില്‍ സംശയമില്ല. 2010 ല്‍ പ്രാബല്യത്തില്‍വന്ന സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍, കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു ശമ്പളപരിഷ്‌കരണങ്ങള്‍ നടന്നെങ്കിലും, ശരാശരി നില്‍പ്പുവായ്പ എന്ന പ്രധാനമാനദണ്ഡത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കേരള സഹകരണസംഘം ചട്ടം 182 ല്‍ സര്‍ക്കാര്‍ സ്വമേധയാലോ അല്ലെങ്കില്‍ സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദേശാനുസരണമോ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും 2010 നുശേഷം നാലു പ്രാവശ്യം ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ അവലോകനം നടത്തി വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തേണ്ട സമയം കഴിഞ്ഞിട്ടും ഒരിക്കല്‍പ്പോലും അതുണ്ടായില്ല.
സ്വര്‍ണപ്പണയത്തിന്മേല്‍ ഏഴു ശതമാനം പലിശയ്ക്കു വാണിജ്യബാങ്കുകള്‍ ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ നല്‍കുമ്പോള്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ അത് ആറു ശതമാനം പലിശയ്ക്കാണു നല്‍കുന്നത്. കുടിശ്ശിക വരുത്താതെ വായ്പ തിരിച്ചടയ്ക്കുന്ന വാണിജ്യബാങ്കുകളിലെ വായ്പക്കാര്‍ക്കും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലെ വായ്പക്കാര്‍ക്കും മൂന്നു ശതമാനം പലിശറിബേറ്റ് കിട്ടുന്നുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും അവയുടെ ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ ഏഴു ശതമാനം പലിശയ്ക്കു നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന 0.75 ശതമാനം മാര്‍ജിന്‍ 1.75 ശതമാനമായി വര്‍ധിക്കുകയും ഹ്രസ്വകാല കാര്‍ഷികവായ്പാവിതരണത്തില്‍ താല്‍പ്പര്യമുണ്ടാവുകയും ചെയ്യും.
സഹകരണ വായ്പാസംഘങ്ങളുടെ വായ്പകളുടെ പലിശനിരക്ക് താരതമ്യേന ഉയര്‍ന്ന നിലവാരത്തിലായതിനാലാവാം നിക്ഷേപസമാഹരണവുമായി ബന്ധപ്പെട്ട് നിക്ഷേപപ്പലിശ വര്‍ധിപ്പിച്ചപ്പോള്‍ വായ്പകളുടെ പലിശ വര്‍ധിപ്പിക്കാതിരുന്നത്. സംഘങ്ങള്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട മാര്‍ജിന്‍ വായ്പയില്‍നിന്നു കിട്ടുകയും വായ്പകളുടെ പലിശനിരക്ക് വായ്പക്കാര്‍ക്കു സ്വീകാര്യവുമാകാന്‍ വായ്പാവിതരണത്തിനുള്ള വിഭവത്തിന്റെ പലിശച്ചെലവ് കുറയ്ക്കുക എന്നതാണു പ്രായോഗികവും ഗുണകരവുമായിട്ടുള്ള മാര്‍ഗം. കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെയും ഒരു വര്‍ഷത്തിനുള്ളിലുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെയും അനുപാതം വര്‍ധിപ്പിച്ചും ഓരോ വര്‍ഷത്തെയും ലാഭത്തുകയില്‍ നിന്നു പരമാവധി തുക സ്വതന്ത്രകരുതലുകളിലേക്കു മാറ്റിവെച്ചും വായ്പാവിതരണത്തിനുള്ള വിഭവത്തിന്റെ ശരാശരി പലിശച്ചെലവ് കുറയ്ക്കാന്‍ കഴിയും എന്നതിനാല്‍ വായ്പാസംഘങ്ങള്‍ പ്രസ്തുതമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
(മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)
[mbzshare]