സേവന പാതയില്‍ അത്തോളി സഹകരണ ആശുപത്രി

കൃഷ്ണ ജി.എന്‍.

അര നൂറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്തു സജീവമാണ്
അത്തോളി സഹകരണ ആശുപത്രി.സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്
സേവനം മെച്ചപ്പെടുത്തി മുന്നോട്ടു പോവുകയാണ് ഈ ആശുപത്രി.
വീടുകളിലെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോംകെയര്‍ പദ്ധതി,
ചികിത്സച്ചെലവു കുറയ്ക്കാനുള്ള ഹെല്‍ത്ത് കെയര്‍ പദ്ധതി
എന്നിവ നടപ്പാക്കി ഈ ആശുപത്രി സാമൂഹിക പ്രതിബദ്ധത
തെളിയിക്കുന്നു.

 

സഹകരണാശയം മുറുകെപ്പിടിച്ച് ആരോഗ്യരംഗത്തു ഫലപ്രദമായി ഇടപെട്ടുകൊണ്ട് സാധാരണക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണു കോഴിക്കോട് അത്തോളി സഹകരണാശുപത്രി. അര നൂറ്റാണ്ടുമുമ്പു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയ ഈ ആശുപത്രി ഇടക്കാലത്തെ കിതപ്പുകള്‍ മറികടന്നു കഴിഞ്ഞ ഏതാനും വര്‍ഷമായി ലാഭത്തിലാണ്.

വൈദ്യശാസ്ത്രരംഗത്തെ ചികിത്സ എന്നതു കഴുത്തറപ്പന്‍ മത്സരവും കനത്ത സാമ്പത്തികബാധ്യതയുമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണതത്വത്തില്‍ ഊന്നിനിന്നുകൊണ്ട് സാധാരണ ജനങ്ങള്‍ക്കു ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവില്‍ ഉറപ്പുവരുത്താന്‍ അത്തോളി സഹകരണാശുപത്രിക്കു സാധിക്കുന്നുണ്ടെന്ന് ഇതിന്റെ സാരഥികള്‍ അവകാശപ്പെടുന്നു. പുതിയ കാലത്തു ചികിത്സയുടെ എല്ലാ മേഖലയിലും ആധുനികസൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് ആശുപത്രിയുടെ ലക്ഷ്യം.

വൈദ്യശാസ്ത്ര ബിരുദധാരികള്‍ക്കു സഹകരണമേഖലകളില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിനും ഗ്രാമീണമേഖലകളില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ എത്തിക്കുന്നതിനും രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖ വ്യക്തികളുടെ സഹകരണത്തോടെ എഴുപതുകളില്‍ സഹകരണമേഖലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച സഹകരണ റൂറല്‍ ഡിസ്‌പെന്‍സറികളാണു പിന്നീട് സഹകരണാശുപത്രികളായി ഉയര്‍ത്തപ്പെട്ടത്.

തുടക്കം
1974 ല്‍

1974 ജനുവരി 21 നു രജിസ്റ്റര്‍ ചെയ്യുകയും അതേവര്‍ഷം ഫെബ്രുവരി 16 നു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത അത്തോളി സഹകരണാശുപത്രിയുടെ തുടക്കവും മേല്‍ സൂചിപ്പിച്ച രീതിയില്‍ത്തന്നെയായിരുന്നു. അത്തോളിയിലെ സാമൂഹികപ്രവര്‍ത്തകരായ കേളന്‍ മാസ്റ്റര്‍, മാട്ടാര സൂപ്പി, പി.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൊല്ലോത്ത് സ്വാമി തുടങ്ങിയ ഏതാനും പേരുടെ ശ്രമഫലമായിട്ടാണ് ഈ ആശുപത്രി സ്ഥാപിച്ചത്. ആദ്യകാലത്ത് അത്തോളി കാപ്പില്‍ എന്ന പറമ്പില്‍ കൊല്ലോത്ത് സ്വാമിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 1980 കളില്‍ ആശുപത്രി നിലനില്‍ക്കുന്ന പലിശക്കണ്ടി പറമ്പില്‍ 36 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചു. ഈ കാലഘട്ടങ്ങളില്‍ കേളന്‍ മാസ്റ്റര്‍, കൊടുവാക്കണ്ടി മൊയ്തീന്‍ കോയ, കെ.അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണു ആശുപത്രിയെ നയിച്ചിരുന്നത്.

1998 ആഗസ്റ്റില്‍ എം. മെഹബൂബ് പ്രസിഡന്റായുളള ഭരണസമിതി അധികാരത്തില്‍ വരുകയും ഭൗതികസാഹചര്യങ്ങളുടെ അഭാവവും സാമ്പത്തികപരാധീനതകളും ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടു മുന്നോട്ടു പോവുകയും ചെയ്തു. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി എം. മെഹബൂബായിരുന്നു പ്രസിഡന്റ്. ഈ കാലത്ത് ആശുപത്രിയുടെ സേവനങ്ങള്‍ ഏറെ മെച്ചപ്പെടുത്തി. അതോടൊപ്പം, കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പുതിയ പദ്ധതികളാവിഷ്‌കരിച്ച് ജനങ്ങളെ ആശുപത്രിയോട് അടുപ്പിക്കുകയും നഷ്ടക്കണക്കുകള്‍ പഴങ്കഥയാക്കി മാറ്റുകയും ചെയ്തു. 2010 ല്‍ പുതിയ കെട്ടിടം നിര്‍മിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. കിഴക്കുഭാഗത്തെ ബ്ലോക്കിനു മുകളില്‍ ഒന്നാംനില പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ആശുപത്രിയില്‍ ഇരുപത്തിനാല് മണിക്കൂറും സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത്.

ആശുപത്രി
നവീകരിക്കുന്നു

2018 ല്‍ കെ.കെ. ബാബു മാസ്റ്റര്‍ പ്രസിഡന്റായും എന്‍.കെ. രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റായും പുതിയ ഭരണസമിതി ചുമതലയേറ്റു. ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കുകയും ആശുപത്രി പൂര്‍ണമായും നവീകരിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ഫാര്‍മസി, കാഷ്വാലിറ്റി, റൂമുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സംവിധാനം, ഓണ്‍ലൈന്‍ ബുക്കിംഗ്, ഒഫീഷ്യല്‍ വെബ് സൈറ്റ്, എസ്.എം.എസ്. തുടങ്ങിയ എല്ലാ ആധുനികസംവിധാനങ്ങളും ഇവിടെയുുണ്ട്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനപഥത്തില്‍ മറ്റൊരു നാഴികക്കല്ലാണ്.

പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ചുരുങ്ങിയ ചെലവില്‍ അതു ജനങ്ങള്‍ക്ക് നല്‍കാനും സാധിക്കുന്നുണ്ടെന്നു പ്രസിഡന്റ് വി.പി. ബാലകൃഷ്ണന്‍ പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നാട് വിറങ്ങലിച്ചുനിന്നപ്പോള്‍പ്പോലും ജനങ്ങള്‍ക്കു 24 മണിക്കൂറും സേവനം നല്‍കുകയെന്ന ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ സംഘടിപ്പിക്കുകയും കോവിഡ്‌ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പ് സംവിധാനവും ആശുപത്രിയില്‍ ഒരുക്കുകയും ചെയ്തതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. മറ്റു സഹകരണസംഘങ്ങളുടെ സഹകരണത്തോടെ ഒട്ടേറെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. ഇപ്പോള്‍ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി., കാര്‍ഡിയോളജി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, സ്പീച്ച് ആന്റ് ഹിയറിംഗ, സൈക്കോളജി, ഡയറ്റീഷ്യന്‍, ഡന്റല്‍, ഫിസിയോ തെറാപ്പി വിഭാഗങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓര്‍ത്തോ – ഡെന്റല്‍ വിഭാഗങ്ങളുടെ ആവശ്യപ്രകാരവും രോഗികളുടെ സൗകര്യാര്‍ഥവും ഡിജിറ്റല്‍ എക്‌സ്‌റേ സ്ഥാപിച്ചിട്ടുണ്ട്.

കിടപ്പുരോഗികള്‍ക്ക്
വീട്ടിലെത്തി ചികിത്സ

വീടുകളിലെ കിടപ്പുരോഗികള്‍ക്കു ചികിത്സ നല്‍കുന്നതിന് എ.സി.എച്ച.് ഹോം കെയര്‍ പദ്ധതി, വര്‍ധിച്ചുവരുന്ന ചികിത്സച്ചെലവ് താങ്ങാനാവാതെ പ്രയാസപ്പെടുന്ന രോഗികളെ സഹായിക്കുന്നതിന് എ.സി.എച്ച്. ഹെല്‍ത്ത് കെയര്‍, ഓഹരിയധിഷ്ഠിത ചികിത്സാപദ്ധതി എന്നിവ തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഫറ്റീരിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കുറെക്കൂടി സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കാന്‍ ഭരണസമിതി ആഗ്രഹിക്കുന്നുണ്ട്.

റിട്ട. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി. ബാലകൃഷ്ണന്‍ പ്രസിഡന്റായും എന്‍.കെ. രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റായുമുളള ഭരണ സമിതിയാണു നിലവില്‍ അത്തോളി സഹകരണാശുപത്രിയുടെ ചുക്കാന്‍ പിടിക്കുന്നത്. എം. നൗഫല്‍, മനോജ് പനംകൂറ, സത്യന്‍ മാസ്റ്റര്‍, നൗഷാദ് മനയില്‍, രജിത നാറാണത്ത്, ബേബി ബാബു, ശകുന്തള എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്. എം.കെ. സാദിഖാണു സെക്രട്ടറി.

                                                            (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published. Required fields are marked *

Latest News