പള്ളിയാക്കലിന്റെ കൈതകം പൊക്കാളി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ‘കൈതകം’ എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡ് പൊക്കാളി ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്മാന് എം. മെഹബൂബിന് ഉല്‍പ്പന്നങ്ങള്‍ കൈമാറി മുഖ്യമന്ത്രി പിണറായി വിജയന് വിപണനോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായി. കൈതകം പ്രീമിയം ബ്രാന്‍ഡ് പൊക്കാളി അരി കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളില് ലഭ്യമാക്കുന്നതിന് ധാരണപത്രം ചടങ്ങില്‍ ഒപ്പിട്ടു.
പുഴുക്കലരി, പച്ചരി എന്നിവ തവിടുള്ളതും തവിടുനീക്കിയതും, അരിപ്പൊടി, അപ്പപ്പൊടി, അവില് എന്നിങ്ങനെ ഏഴിനങ്ങളാണ് നിലവില്‍ കൈതകം എന്ന പേരില്‍ വിപണിയില്‍ ഇറക്കിയത്. ഏഴിക്കരയ്ക്കുപുറമേ വൈപ്പിന്‍, എടവനക്കാട്, ഞാറക്കല്‍, വരാപ്പുഴ, കോട്ടുവള്ളി എന്നീ പാടശേഖരങ്ങളില്‍നിന്നാണ് പൊക്കാളിനെല്ല് ശേഖരിക്കുന്നത്.
കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം കൈതകം പൊക്കാളി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനായി അരി ഉല്‍പ്പാദന, വിപണന രംഗത്തുള്ള കീര്‍ത്തി നിര്‍മല്‍ കമ്പനിയുടെ എംഡി ജോണ്സണ് വര്‍ഗീസുമായി ബാങ്ക് കരാറില്‍ ഏര്‍പ്പെട്ടു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പി എം ഇസ്മയില്‍, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ബാബു, പള്ളിയാക്കല്‍ ബാങ്ക് ഭരണസമിതി അംഗങ്ങളായ പി എസ് ഷിനോജ്, സെക്രട്ടറി വി വി സനില്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
[mbzshare]