വനവിഭവവും ഔഷധ സസ്യങ്ങളും വരുമാനമാക്കി കുറുമ്പ ഗോത്ര സംഘം
ഇക്കഴിഞ്ഞ സഹകരണ എക്‌സ്‌പോയില്‍
ആദ്യമായി സ്റ്റാളൊരുക്കിയ കുറുമ്പ
പട്ടികവര്‍ഗസഹകരണ സംഘത്തിന്
അമ്പതാണ്ട് തികയാന്‍ ഇനി രണ്ടു
വര്‍ഷം കൂടി. കുറുമ്പ ഗോത്രത്തിലെ
1018 പേരാണു സംഘത്തിലെ അംഗങ്ങള്‍.
വനവിഭവം ശേഖരിച്ചുവില്‍ക്കുന്ന സംഘത്തിന്
അഞ്ചു കോടി രൂപയുടെ വിറ്റുവരവുണ്ട്.
വനവിഭവങ്ങള്‍ ശേഖരിച്ചു ജീവിച്ചുകൊണ്ട് അപൂര്‍വമായിമാത്രം കാടിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന കുറുമ്പ ഗോത്രവര്‍ഗക്കാര്‍ക്കു മാത്രമായുള്ള കുറുമ്പ പട്ടികവര്‍ഗ സര്‍വീസ് സഹകരണസംഘം ഇക്കഴിഞ്ഞ ഏപ്രിലില്‍ നഗരത്തിലെത്തി. തങ്ങളുടെ തനത് ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള പത്ത് ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കാണ് അവരെത്തിയത്. എറണാകുളം മറൈന്‍ഡ്രൈവില്‍ സഹകരണവകുപ്പു സംഘടിപ്പിച്ച എക്‌സ്‌പോ 2023 ല്‍ അങ്ങനെ കുറുമ്പഗോത്രക്കാരുടെ സഹകരണസംഘം ആദ്യമായി സ്റ്റാളൊരുക്കി. സൈലന്റ് വാലി തേന്‍, മുളയരി, കുന്തിരിക്കം, റാഗി, കടുക് തുടങ്ങിയ ഉല്‍പ്പന്നങ്ങളായിരുന്നു സംഘത്തിന്റെ പ്രത്യേകത.
രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഒരു ഗോത്രസഹകരണസംഘമാണിത്. 1975 ലാണു സ്ഥാപിച്ചത്. പാലക്കാട് ജില്ലയിലെ പുതൂര്‍ പഞ്ചായത്തു പരിധിയില്‍പ്പെട്ട സംഘമാണിത്. അട്ടപ്പാടി മുക്കാലിയില്‍നിന്നു സൈലന്റ് വാലി റൂട്ടില്‍ നാലു കിലോമീറ്റര്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ ചിണ്ടക്കിയിലാണ് സംഘംഓഫീസ്. ഒരേക്കര്‍ പതിനഞ്ചു സെന്റ് സ്ഥലം ഇവിടെ സംഘത്തിനുണ്ട്. ഓഫീസ്, മൂന്നു ഗോഡൗണുകള്‍, തേന്‍സംസ്‌കരണകേന്ദ്രം, എക്കോഷോപ്പ് എന്നിവയുമുണ്ട്. കൂടാതെ, മുക്കാലിയില്‍ കണ്‍സ്യൂമര്‍സ്റ്റോറും. കുറുമ്പ ഗോത്രത്തിലെ 1018 പേരാണ് അംഗങ്ങള്‍. നാലു ജീവനക്കാരുണ്ട്.
കുറുമ്പഗോത്രക്കാര്‍ തനതുകൃഷിയിലൂടെ ഉണ്ടാക്കുന്ന മുളയരി, കാട്ടുകടുക്, ചാമയരി, റാഗി എന്നിവയും റാഗിപ്പൊടി, താളിയായി ഉപയോഗിക്കാവുന്ന ചീനിക്കാപ്പൊടി, കുന്തിരിക്കം, കാട്ടുതേന്‍ തുടങ്ങിയവയുമാണ് ഇവര്‍ വില്‍ക്കുന്നത്. അട്ടപ്പാടി, ഭവാനി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചുകളില്‍പ്പെട്ട വനങ്ങളില്‍നിന്നാണ് ഇവര്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. ഏറ്റവും ഉള്‍വനത്തില്‍ കഴിയുന്നവരും പുറമെയുള്ളവരുമായി സമ്പര്‍ക്കം തീരെ കുറവുള്ളവരുമാണു കുറുമ്പഗോത്രക്കാര്‍. 1975 ല്‍ കുറുമ്പര്‍ക്കു വരുമാനം കിട്ടാന്‍ വനവിഭവങ്ങളും ഔഷധസസ്യങ്ങളും ശേഖരിച്ചു വില്‍ക്കുന്നതില്‍ സഹായിക്കാനാണു സംഘം സ്ഥാപിച്ചത്. അന്നത്തെ ആദിവാസിക്ഷേമ ഓഫീസറും മുദ്ദമൂപ്പന്‍, മാരിമൂപ്പന്‍, പച്ച മൂപ്പന്‍ തുടങ്ങിയ ഊരുതലവന്‍മാരും ചേര്‍ന്നാണു സംഘം സ്ഥാപിച്ചത്. കുറുമ്പഗോത്രക്കാര്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സംഘം ശേഖരിച്ച് സംസ്ഥാന പട്ടികജാതി-വര്‍ഗ സഹകരണഫെഡറേഷന്‍ മുഖേനയാണു വില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയാണു പ്രധാനമായും വാങ്ങുന്നത്. നാഗാര്‍ജുനയും വൈദ്യരത്‌നവും പോലുള്ള സ്ഥാപനങ്ങളും വാങ്ങുന്നുണ്ട്. ഈ വില്‍പനകള്‍കൊണ്ടു സംഘത്തിനു മെച്ചമുണ്ട്. അഞ്ചു കോടിയോളം രൂപയുടെ വിറ്റുവരവുണ്ട്. ലാഭത്തിന്റെ 25 ശതമാനം അംഗങ്ങള്‍ക്ക് പര്‍ച്ചേസ് ബോണസായി നല്‍കും.
25 ഏക്കറില്‍
ഔഷധസസ്യക്കൃഷി
ഇരുള, മുഡുഗ ഗോത്രങ്ങളില്‍പ്പെട്ടവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളും സംഘം വാങ്ങുന്നുണ്ട്. എന്നാല്‍, സഹകരണസംഘത്തില്‍ കുറുമ്പഗോത്രത്തില്‍പ്പെട്ടവര്‍ മാത്രമാണ് അംഗങ്ങള്‍. ശേഖരിക്കുന്ന വനവിഭവങ്ങള്‍ അതത് ഊരുകളില്‍ത്തന്നെ സൂക്ഷിച്ച് ഉണക്കി നിര്‍ദിഷ്ടവലിപ്പമുള്ള കഷണങ്ങളാക്കിയശേഷം സംഘം ഏര്‍പ്പാടുചെയ്യുന്ന വാഹനത്തില്‍ ശേഖരിച്ച് സംഘംവക ഗോഡൗണുകളില്‍ എത്തിക്കുകയാണു ചെയ്യുക. മുക്കാലിയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു പഴങ്ങളും മറ്റും വില്‍ക്കുന്ന വകയിലും സംഘത്തിനു വരുമാനം കിട്ടുന്നുണ്ട്. സംഘം വനത്തില്‍ പലേടത്തും ചെറിയചെറിയ ഇടങ്ങളിലായി 25 ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യക്കൃഷി നടത്തുന്നുമുണ്ട്. തൃശ്ശൂര്‍ ആസ്ഥാനമായുള്ള സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹായത്തോടെയാണിത്. ഓരില, കുറുന്തോട്ടി, കച്ചോലം, ചെറുതേക്ക്, കാട്ടുതിപ്പലി, ശതാവരി തുടങ്ങിയവയാണു കൃഷി ചെയ്യുന്നത്. കാട്ടുതേനിനു പുറമെ കുന്തിരിക്കം ഉണ്ടാക്കാനുള്ള കൊങ്കല്യവും ശേഖരിക്കും. ഓഫീസിനോടുചേര്‍ന്നു സംഘത്തിനുള്ള ഒരേക്കറില്‍ വാഴ, കമുക് തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.
പ്രസിഡന്റും ഭരണസമിതിയംഗങ്ങളും സാധാരണഅംഗങ്ങളുമൊക്കെത്തന്നെയാണു വനവിഭവങ്ങള്‍ ശേഖരിക്കുന്നതും പൊടിക്കുന്നതും പാക്കു ചെയ്യുന്നതും. കെ.എസ്. മുരുകനാണു പ്രസിഡന്റ്. അദ്ദേഹം പുതൂര്‍ പഞ്ചായത്ത് മുന്‍അംഗമാണ്. മരുതി. സി, മല്ലിക. കെ, ശിവന്‍. പി, കുറുമ്പന്‍ .ബി, നാഗി .കെ, സോമന്‍.എം. എന്നിവരാണു ഭരണസമിതിയംഗങ്ങല്‍. വനംറേഞ്ച് ഓഫീസറും സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടറും ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസറും എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. സിന്ധു. പി. യാണു സെക്രട്ടറി. മുഡുഗ ഗോത്രത്തിലെ അംഗമാണു സിന്ധു.
യാത്രാസൗകര്യം കാര്യമായില്ലാത്ത ഈ മേഖലയിലേക്ക് ഓണക്കാലത്തു കണ്‍സ്യൂമര്‍ഫെഡില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു സംഘം ഇവിടെ വനത്തില്‍ താമസിക്കുന്നവര്‍ക്കായി ഓണച്ചന്ത നടത്താറുണ്ട്. കാട്ടില്‍നിന്നു ശേഖരിക്കുന്ന തേന്‍ സംസ്‌കരിക്കുന്നതിനായി സംയോജിത ഗോത്രവര്‍ഗ വികസനപദ്ധതിപ്രകാരം ലഭിച്ച ധനസഹായംകൊണ്ട് ഓഫീസിനു തൊട്ടടുത്ത് യന്ത്രങ്ങളും മറ്റും സ്ഥാപിച്ച് ഒരു തേന്‍സംസ്‌കരണ യൂണിറ്റ് അടുത്തകാലത്തു തുടങ്ങി. അംഗങ്ങള്‍ മരിച്ചാല്‍ മരണാനന്തരച്ചടങ്ങുകള്‍ക്കായി 2500രൂപ സംഘം ഗ്രാന്റ് നല്‍കാറുണ്ട്. പുറമെയുള്ള ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെറിയ സാമ്പത്തികസഹായങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. അംഗങ്ങള്‍ക്ക് അഞ്ചു ശതമാനം പലിശ നല്‍കുന്ന സേവിംഗ്‌സ്ബാങ്ക് അക്കൗണ്ടും സംഘം ഒരുക്കുന്നുണ്ട്. 10,000രൂപ വരെയുള്ള ചെറുവായ്പകളും നല്‍കും.
വിദ്യാര്‍ഥികള്‍ക്കായി
ഗ്രന്ഥശാല
വനം ബഫര്‍സോണില്‍പ്പെട്ട പ്രദേശമായതിനാല്‍ റോഡു നിര്‍മിക്കാനും മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സങ്ങളുണ്ട്. പട്ടികജാതി-വര്‍ഗ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനര്‍ജനി പദ്ധതി പ്രകാരമുള്ള ധനസഹായമുപയോഗിച്ച് മുക്കാലിയില്‍ ഒരു എക്കോഷോപ്പും അക്ഷയകേന്ദ്രവും ഒരുക്കാന്‍ സംഘത്തിന് ആലോചനയുണ്ട്. ഇതു സ്ഥാപിച്ചാല്‍ അംഗങ്ങള്‍ക്കു തൊഴിലുറപ്പുതൊഴിലിന്റെയും മറ്റും കൂലി ആധാര്‍ബന്ധിതസംവിധാനം വഴി ഇവിടെനിന്നു നല്‍കാനാവുമെന്നു കരുതുന്നു. പുറമെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ചേര്‍ന്നു ഹോസ്റ്റലുകളില്‍ താമസിക്കുന്നവരും പി.എസ്.സി. പരീക്ഷകള്‍ക്കു തയാറെടുക്കുന്നവരും മറ്റുമായ ഗോത്രവിദ്യാര്‍ഥികള്‍ക്കായി ഒരു ഗ്രന്ഥശാല സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. സംയോജിത ഗോത്രവികസനപദ്ധതിഅധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരുടെ കെട്ടിടത്തില്‍ വനവിഭവസംസ്‌കരണകേന്ദ്രം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മികച്ചപ്രവര്‍ത്തനത്തിനു നിരവധി പുരസ്‌കാരങ്ങള്‍ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 18 വര്‍ഷമായി മണ്ണാര്‍ക്കാട് താലൂക്കിലെ മികച്ച പട്ടികവര്‍ഗ സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നു. 2021-22 ല്‍ പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല പട്ടികവര്‍ഗ സഹകരണസംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 2010-11 ലും 11-12 ലും സംസ്ഥാനത്തെ ഏറ്റവും നല്ല പട്ടികവര്‍ഗ സഹകരണസംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
[mbzshare]