ഫാമുകള്‍ക്ക് സഹായമുണ്ട്, സഹകരണ സംഘങ്ങള്‍ക്കും പങ്കാളിയാകാം
ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. പാല് ഉല്പാദനം കൂട്ടാനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാനുമുള്ള പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാകും. സഹകരണ സംഘങ്ങള്‍ക്ക് സ്വയം സഹായ-സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത്തരം കൂട്ടായ്മകളിലൂടെ ക്ഷീരമേഖലയിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്താനാകും. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പയുടെ തോത് കൂട്ടാനും ഇതിലൂടെ കഴിയും.
പശുവളര്‍ത്തല്‍ ആദായകരമാക്കാനും അതുവഴി കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള പദ്ധതികളുടെയെല്ലാം ലക്ഷ്യം. മില്‍ക്ക് ഷെഡ് പദ്ധതിയാണ് ഇതില്‍ പ്രധാനം. ഒരുകൂട്ടം ധനസഹായ പദ്ധതികളാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്ന ഒരുകൂടക്കീഴില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഗോധനം, കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കുള്ള സഹായം, കാലിത്തൊഴുത്ത് നിര്‍മ്മിക്കാനുള്ള സഹായം, കറവ യന്ത്രം വാങ്ങാനുള്ള സഹായം, ആവശ്യാധിഷ്ഠിത ധനസഹായങ്ങള്‍ എന്നിവയാണ് മില്‍ക് ഷെഡ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുക.
ഫാം തുടങ്ങാനുള്ള പദ്ധതി രേഖ പരിശോധിച്ച് അതിനുള്ള സാമ്പത്തിക സഹായം സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാകും. സര്‍ക്കാര്‍ സബ്സിഡിയും സംഘങ്ങള്‍ക്ക് നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കി കൊടുക്കാനാകും. ചില സബ്സിഡികള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് മാത്രം നല്കുന്നവയാണ്. ചിലത് വായ്പ അക്കൗണ്ടിലേക്ക് വരവുവെക്കാനാകും. പാല് ഉല്പാദനവും ഫാമില്‍നിന്നുള്ള മറ്റുവരുമാനങ്ങളും ലഭ്യമാകുന്നതുവരെ തിരിച്ചടവിന് ഇളവുനല്‍കാന്‍ ഈ സബ്സിഡി സഹായം സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകും.
ഗോധനം പദ്ധതി കറവ പശുവിനെ വാങ്ങാനുള്ളതാണ്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് എന്നിങ്ങനെ പശുക്കളെ ഈ പദ്ധതി അനുസരിച്ച് വാങ്ങാനാകും. പശുവിന്റെ എണ്ണത്തിന് അനുസരിച്ചാണ് ധനസഹായവും നിശ്ചയിച്ചിട്ടുള്ളത്. ഒരു പശുവിനെ വാങ്ങുന്നതിന് 35,000 രൂപയാണ് സഹായം. രണ്ടാണെങ്കില്‍ 69,000, അഞ്ചിന് 1,84,000,പത്തിന് 3,83,000 എന്നിങ്ങനെ സഹായം ലഭിക്കും. പത്ത് പശുക്കളെ വാങ്ങുന്നതിന് സഹായം നല്‍കുന്നത് പ്രധാനമായും ഫാം തുടങ്ങുന്ന സ്വാശ്രയ ഗ്രൂപ്പുകളെ ഉദ്ദേശിച്ചാണ്. ഇതാണ് സഹകരണ സംഘങ്ങള്‍ക്ക് കൂടുതലായും ഉപയോഗപ്പെടുത്താനാകുക. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പ് രൂപീകരിക്കാമെന്നാണ് എന്‍.സി.ഡി.സി. നിര്‍ദ്ദേശിക്കുന്നത്. ഇതനുസരിച്ചാണെങ്കില്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലെ അഞ്ച് സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങാനുള്ള പദ്ധതിയായി ഇതിനെ അവതരിപ്പിക്കാനാകും.
കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് 5,10 കിടാരികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന് 90,500, 18,1200 എന്ന നിരക്കില്‍ സഹായം ലഭിക്കും. പുതുതായി ഫാം തുടങ്ങുന്ന കര്‍ഷകര്‍ സംരംഭകര്‍, വനിതകള്‍, പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിന് 50,000 രൂപവരെ സഹായം ലഭിക്കും. വനിതകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും തൊഴുത്ത് പൂര്‍ണമായും തകര്ന്നുപോയവര്ക്കുമാണ് മുന്‍ഗണന. കറവ യന്ത്രം വാങ്ങുന്നതിന് വിലയുടെ 50ശതമാനവും പരമാവധി 25,000 രൂപയും സര്‍ക്കാര്‍ നല്‍കും. ആവശ്യാധിഷ്ഠിത സഹായ പദ്ധതിയില്‍ ഫാം നവീകരണം ഉള്‍പ്പടെ ഒന്നിലേറെ ഇനങ്ങള്‍ക്ക് അപേക്ഷിക്കാം. മൊത്തം ചെലവിന്റെ 50ശതമാനം സബ്സിഡിയായി ലഭിക്കും. ഇത് പരമാവധി 50,000 രൂപയായി നിചപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ പദ്ധതി സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളും ലഭ്യമാകും.
[mbzshare]